മദ്യ നിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് വേണ്ടതെന്ന് പറഞ്ഞിരുന്ന വീരന്‍മാരായ സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യം ഉടന്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ്. കുടിയന്‍മാരുടെ സന്തോഷമാണ് സര്‍ക്കാരിന്റെ ഖജനാവ് ഇനി നിറയ്ക്കാന്‍ പോകുന്നത്. വീര്യം കുറഞ്ഞ മദ്യമായതു കൊണ്ട് ഒന്നും രണ്ടും പെഗ്ഗില്‍ നിര്‍ത്താന്‍ മദ്യപാനികള്‍ തയ്യാറാകില്ലെന്നുറപ്പാണ്. അപ്പോള്‍, കൈയ്യിലെ കാശെല്ലാം തീരുന്നതു വരെ വയറുനിറയെ കുടിച്ചാലേ ഫിറ്റാകൂ. വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യാന്‍ തീരുമാനിക്കുന്നതു തന്നെ വരുമാനം പ്രതീക്ഷിച്ചാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇതും ഒരു പോംവഴിയാണെന്ന കണക്കു കൂട്ടലുമുണ്ട്. ഇതനുസരിച്ചാണ് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ രേഖാ മൂലം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബക്കാര്‍ഡി ബ്രീസര്‍, ബക്കാര്‍ഡി പ്ലസ് എന്നീ ലഹരി പാനിയങ്ങള്‍ വില്‍പന നടത്തുന്നതിന് അപേക്ഷ ലഭിച്ചുവെന്നാണ് മന്ത്രിയുടെ മറുപടി. 2022-23 വര്‍ഷത്തെ മദ്യനയ പ്രകാരം 0.5 v/v ശതമാനം മുതല്‍ 20 v/v ശതമാനം വരെ ആള്‍ക്കഹോള്‍ സ്‌ട്രെങ്ത് അടങ്ങിയിട്ടുള്ള മദ്യം വിപണനം നടത്താമെന്ന് വിദേശമദ്യ ചട്ടത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.
വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ബക്കാര്‍ഡി ബ്രീസറില്‍ 4.8 ശതമാനവും ബക്കാര്‍ഡി പ്ലസില്‍ 8 ശതമാനം ആള്‍ക്കഹോളുമാണ് അടങ്ങിയിരിക്കുന്നത്. അബ്കാരി നിയമ ഭേദഗതി നടത്തിയപ്പോള്‍ അന്ന് എക്സൈസ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദന്‍ പറഞ്ഞത് സംസ്ഥാനത്ത് കൃഷിക്കാരെ സഹായിക്കുന്നതിനായി പഴച്ചാറുകളില്‍ നിന്നു വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കുമെന്നായിരുന്നു. കൂടാതെ, വന്‍കിട മദ്യമുതലാളിമാരെ അകറ്റി നിര്‍ത്തിക്കൊണ്ട് പ്രാദേശികാടിസ്ഥാനത്തില്‍ തൊഴിലും വരുമാനവും ലക്ഷ്യംവെച്ചുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത് എന്നുമായിരുന്നു.
എന്നാല്‍, പുതിയ എക്‌സൈസ് മന്ത്രി എത്തിയതോടെ പദ്ധതിയുടെ രൂപവും ഭാവവും മാറിയിരിക്കുകയാണ്. ഇപ്പോള്‍ ഈ പദ്ധതിയുടെ പിന്നിലുള്ളത് വന്‍കിട മദ്യ രാജാക്കന്‍മാരും. മാഫിയകളുമാണെന്ന് പറയാതെ വയ്യ. അതേസമയം, ബക്കാര്‍ഡിയുടെ ഡീലര്‍ഷിപ്പ് നേടിയെടുക്കാന്‍ അണിയറയില്‍ തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. മന്ത്രിയുടെ അടുത്ത സുഹൃത്തും ഡീലര്‍ഷിപ്പ് ലഭിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇയാള്‍ക്കു തന്നെ ഇത് ലഭിക്കുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
വീര്യം കുറഞ്ഞ മദ്യവില്‍പ്പനക്ക് ആദ്യം സര്‍ക്കാരിന് പ്രപ്രോസല്‍ അയച്ചിരിക്കുന്നത് ബകാര്‍ഡി ഇന്ത്യ ലിമിറ്റഡ് എന്ന മദ്യ കമ്പനിയാണ്. ബകാര്‍ഡിക്ക് പിന്നാലെ രാജ്യത്തെ മറ്റ് മദ്യക്കമ്പനികളും സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞമാസം നാലാം തീയതിയാണ് ബകാര്‍ഡി സര്‍ക്കാരിന് പ്രപോസല്‍ സമര്‍പ്പിച്ചിരുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള ശുപാര്‍ശക്ക് വിസമ്മതിച്ച നികുതി വകുപ്പ് കമ്മിഷണര്‍ അവധിയില്‍ പ്രവേശിച്ചയുടനെ എബ്രഹാം റെന്‍ ഐ.ആര്‍.എസിന് അധിക ചുമതല നല്‍കിയാണ് നീക്കം ശക്തമാക്കിയത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ബ്രൂവറി ഡിസ്റ്റിലറി കൊണ്ട് വരാനുള്ള നീക്കം നടത്തിയിരുന്നു. എന്നാല്‍, പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ ആ പദ്ധതി തന്നെ വേറെ പേരില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കമാണ് ദുരൂഹം. ബാറുകളില്‍ നിന്നുള്ള നികുതി പിരിവിലും ധനവകുപ്പും ധനമന്ത്രിയും ദയനീയ പരാജയിരിക്കുകയാണ്. 2015ല്‍ ലഭിച്ച നികുതി പോലും 801 ബാറുകള്‍ ഉണ്ടായിട്ടും കിട്ടുന്ന നികുതി കേവലം 500 കോടിയില്‍ താഴെ മാത്രമാണെന്നാണ് കണക്കുകള്‍.
നിലവിലുള്ള മദ്യത്തിന് ഒരു ഫുള്‍ ബോട്ടില്‍ 400 രൂപക് മുകളില്‍ ഉള്ളതിന് 251 ശതമാനവും 400 രൂപയില്‍ താഴെ ഉള്ളതിന് 241 ശതമാനവുമാണ് നികുതി നിരക്ക്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിരക്ക് പരമാവധി കുറയ്ക്കണമെന്ന് ഡിസ്റ്റിലറികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് നികുതി കമ്മീഷണറോട് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞത്. ഐ.ടി പാര്‍ക്കുകളിലും മറ്റും ജോലി ചെയ്യുന്ന വനിതകളെയും വിദേശികളെയും ലക്ഷ്യമിട്ടാണ് നികുതി കുറക്കാന്‍ സര്‍ക്കാര്‍ നീക്കം. എന്നാല്‍, നികുതി കുറച്ച് വില കുറയുന്നതോടെ വീര്യം കുറഞ്ഞ മദ്യത്തിലേക്ക് ആളുകള്‍ ചേക്കേറുകയും ഇതിന്റെ മറവില്‍ നികുതി വെട്ടിച്ച് മദ്യവില്‍പ്പന വ്യാപകമാവുകയും ചെയ്യുമെന്ന ആശങ്കയുണ്ട്.
ഇതിലൂടെയുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. നിലവില്‍ മുംബൈ ഡല്‍ഹി ബാംഗളൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും ഇത്തരം മദ്യം ലഭ്യമാണെങ്കിലും ഇന്ത്യയില്‍ വെറെ ഒരു സംസ്ഥാനത്തും വ്യത്യസ്ത നികുതി നിരക്ക് ഈടാക്കുന്നില്ല. ഇടതില്ലെങ്കില്‍ ഇന്ത്യ ഇല്ലെന്നു പറയുന്ന അണികളെല്ലാം വീര്യം കുറഞ്ഞ മദ്യം സേവിക്കാന്‍ തയ്യാറായിരിക്കാനാണ് സര്‍ക്കാര്‍ പരോക്ഷമായി പറയുന്നത്. സര്‍ക്കാരിനെ സഹായിക്കേണ്ടത്, പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂടെ കടമയാണ്. അതുകൊണ്ട് വീര്യം കുറഞ്ഞ മദ്യം കഴിക്കേണ്ടത് അത്യാവശ്യമാണെന്ന് കൂടി പാര്‍ട്ടി ക്ലാസ്സെടുക്കാന്‍ തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.