കൊടിക്കുന്നില്‍ സുരേഷ് എം.പിയെ പ്രോടേം സ്പീക്കറാക്കിയില്ലെന്ന് പരാതി പറഞ്ഞ അതേ മുഖ്യമന്ത്രിയാണ് പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള മന്ത്രി ഒ.ആര്‍. കേളുവിന് ദേവസ്വം വകുപ്പ് നല്‍കാതെ ഇരുത്തിയത്. ഡെല്‍ഹിയില്‍ അങ്ങനെയും കേരളത്തില്‍ ഇങ്ങനെയും ആണെന്ന് ചിന്തിപ്പിക്കുകയാണ് ഈ സംഭവം. ഇടതുപക്ഷത്തു നിന്നും പട്ടിക വര്‍ഗ വിഭാഗത്തിലുള്ള ആദ്യത്തെ മന്ത്രിയാണ് കേളു. കേരളത്തിന്റെ ചരിത്രമാണിത്. എന്നിട്ടുപോലും ദേവസ്വം വകുപ്പ് കേളുവിനു കൊടുക്കാതിരിക്കാന്‍ നോക്കിയത് കേരളത്തിലെ ജാതി കോമരങ്ങളെ ഭയന്നിട്ടാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. രണ്ടു ദിവസം മാത്രം ആയുസുള്ള ലോക്‌സഭാ പ്രോ ടേം സ്പീക്കര്‍ പദവിയിലേക്ക് കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കാത്തത് സംഘപരിവാറിന്റെ സവര്‍ണപ്രീണനമാണെന്നായിരുന്നു കേരള സര്‍ക്കാരിന്റെ പ്രതിഷേധത്തിനു കാരണം.
ഡെല്‍ഹിയില്‍ ഉണ്ടായ ആ നടപടിയില്‍ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് കേരളത്തില്‍ ഒ.ആര്‍. കേളുവിന് ദേവസ്വം വകുപ്പ് നല്‍കാതിരുന്നതെന്നും വിസ്മരിക്കാന്‍ കഴിയില്ല. ദേവസ്വം വകുപ്പ് നല്‍കാത്തത് സവര്‍ണ പ്രീണനത്തിനു വേണ്ടി ആയുന്നില്ലേ. പട്ടിക വര്‍ഗക്കാരന്‍ ദേവസ്വം വകുപ്പ് മന്ത്രിയായാല്‍ കേരളത്തില്‍ എന്തു സംഭവിക്കുമെന്ന് മനസ്സിലാക്കാമായിരുന്നു. പട്ടികജാതിക്കാരനായ കെ. രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നല്‍കിയപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ കേരളം മറന്നിട്ടില്ല.
പ്രസാദം എറിഞ്ഞു കൊടുക്കുന്നതുവരെ നവോത്ഥാന കേരളം കണ്ടതാണ്. ബി.ജെ.പിയുടെയും നരേന്ദ്രമോദിയുടെയും സവര്‍ണ പ്രീണനം മനസ്സിലാക്കാന്‍ കഴിയും. വര്‍ഗീയ രാഷ്ട്രീയം പരസ്യമായി ഉയര്‍ത്തിപ്പിക്കുന്നവരാണ് അവര്‍. എന്നാല്‍, കേരളാ സര്‍ക്കാരോ ഇടതുപക്ഷമോ അങ്ങനെയല്ല. എന്നിട്ടും. കേളുവിനെ തഴഞ്ഞു. ഇത് സവര്‍ണ വര്‍ഗീയതയുടെ മറ്റൊരു മഖമായി മാത്രമാണ് കാണാന്‍ സാധിക്കുന്നത്.
ഇതിനെതിരേ ആദിവാസി ഗോത്ര മഹാസഭാ നേതാവ് ഗീതാനന്ദനും രംഗത്തു വന്നിരുന്നു. രണ്ടു ദിവസത്തേക്കു മാത്രം കൊടുക്കുന്നില്‍ സുരേഷിനോട് തോന്നിയ സ്‌നേഹം രണ്ടു വര്‍ഷത്തോളം മന്ത്രിയായിരിക്കുന്ന കേളുവിനോട് തോന്നാത്തതാണ് യഥാര്‍ത്ഥ സവര്‍ണ വര്‍ഗീയത. ഗോത്രവര്‍ഗക്കാരനായ ഒ.ആര്‍.കേളു ദേവസ്വം മന്ത്രിയായിരിക്കാന്‍ യോഗ്യനല്ല എന്ന് തീരുമാനിച്ച അതേ മുഖ്യമന്ത്രിയാണ് കൊടിക്കുന്നിലിന്റെ രണ്ടു ദിവസത്തെയോര്‍ത്ത് വിഷമിച്ചത്.
രണ്ടുതവണ വീതം എം.എല്‍.എമാരായ വി.എന്‍. വാസവനും ഒ.ആര്‍. കേളുവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് സി.പി.എം വ്യക്തമാക്കണം. അര്‍ഹിക്കുന്ന സ്ഥാനമാണോ കേളുവിന് നല്‍കിയത്, അതോ ഭിക്ഷയാണോ. അര്‍ഹിക്കുന്ന സ്ഥാനമായിരുന്നുവെങ്കില്‍, കെ. രാധാകൃഷ്ണന്‍ നോക്കിയിരുന്ന എല്ലാ വകുപ്പുകളും കേളുവിനു നല്‍കിയേനെ. ഒരു കാര്യം മറക്കാന്‍ കഴിയില്ല.
ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ തുടര്‍ച്ചയായി രണ്ടുതവണ രാഷ്ട്രപതി ആക്കിയതാണ് ബി.ജെ.പി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വനിതയെ രാഷ്ട്രപതിയാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്തവരാണ് ഇടതുപക്ഷം. അവരാണ് കൊടിക്കുന്നിലിനെ രണ്ടുദിവസം ചെയറില്‍ ഇരുത്താത്തത് ദളിത് അവകാശലംഘനമെന്ന് വാദിച്ചതെന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു. അയിത്തവും തൊട്ടുകൂടായ്മയുമൊക്കെ പേടിച്ചാണോ കേളുവിന്റെ കൈയില്‍ ദേവസ്വം കൊടുക്കാതിരുന്നത് എന്നു ചിന്തിക്കുന്നവരെ തെറ്റു പറയാനൊക്കില്ല.
ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണെന്ന് പ്രസംഗിച്ച് കൈയടി നേടിയ മുഖ്യമന്ത്രി തന്നെയാണ് ഇപ്പോഴും കേരളം ഭരിക്കുന്നത്. രണ്ടാം നവോത്ഥാനമെന്ന സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന വ്യക്തി. വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയില്‍ നിന്നും ആരംഭിച്ച സമരം പോയ പോക്ക് മറക്കാനാവുമോ. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനായി എന്തൊക്കെയാണ് ചെയ്തത്. ഒടുവില്‍ കോടതിവിധി നടപ്പാക്കിയോ. പകരം എന്തു സംഭവിച്ചു. ഇപ്പോള്‍ എന്താണ് ശബരിമലയിലെ അവസ്ഥ. പരിശോദിക്കപ്പെടേണ്ട കാര്യമല്ലേ.
എന്നിട്ടും, ധീരമായൊരു ഇടപെടലാണ് ഇടതുപക്ഷവും മുഖ്യമന്ത്രിയും കാണിച്ചത്. ദേവസ്വം വകുപ്പ് കെ. രാധാകൃഷ്ണനെ ഏല്‍പ്പിച്ചു. എന്നാല്‍, അതിന്റെ തുടര്‍ച്ചയെന്നോണം ഒരു ആദിവാസി ദേവസ്വം വകുപ്പ് മന്ത്രിയായിരുന്നുവെങ്കില്‍ അത് തീര്‍ച്ചയായും കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ നാഴികകല്ലാകുമായിരുന്നു. കേളുവിന്റെ മുന്‍ഗാമികളെ ചരിത്രത്തില്‍ തിരഞ്ഞാലും കിട്ടില്ലായിരുന്നു. സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷ ഹാന്‍ഡിലുകള്‍ക്ക് ആവേശവും രോമാഞ്ചവും കൊണ്ട് പോസ്റ്റുകളെഴുതാമായിരുന്നു. പാര്‍ട്ടിക്കാര്‍ക്ക് നെഞ്ചു വിരിച്ച് നില്‍ക്കാമായിരുന്നു.
ആചാരങ്ങള്‍ ലംഘിക്കാനുള്ളതല്ല, അവ പാലിക്കാനുള്ളതാണ് എന്നാണോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിക്കുന്നത്?. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് സുപ്രധാന വകുപ്പ് തന്നെയാണ്. ആ സമൂഹങ്ങളുടെ ഉന്നമനം അടിസ്ഥാനമാക്കി നോക്കിയാല്‍. എന്നാല്‍ അതേ വിഭാഗങ്ങളില്‍ നിന്നൊരാള്‍ അതിനപ്പുറത്തേക്കൊരു വകുപ്പിലേക്ക് പോകാതിരിക്കുന്നതിന് കാരണമെന്തായിരിക്കും?. എ.കെ ബാലന്‍ വൈദ്യുതി വകുപ്പ് ഭരിച്ച ഒറ്റപ്പെട്ട സംഭംവം വിസ്മരിക്കുന്നില്ല.
രാധാകൃഷ്ണന്‍ വീണ്ടും മന്ത്രിസഭയില്‍ വന്നപ്പോള്‍, അത്രയും മുതിര്‍ന്നൊരു നേതാവും പാര്‍ലമെന്റേറിയനുമായ വ്യക്തിക്ക് വീണ്ടും കൊടുത്തത് പിന്നാക്ക ക്ഷേമം തന്നെയായിരുന്നു. കൂട്ടത്തില്‍ ദേവസ്വം കൂടി കൊടുത്ത് ‘വിപ്ലവവും’ സൃഷ്ടിച്ചു മാത്രം. അപ്പോഴും തദ്ദേശമോ, ടൂറിസമോ, വ്യവസായമോ, പൊതുമരാമത്തോ ഒന്നും കൊടുത്ത് കൂടുതല്‍ പുരോഗമനത്തിലേക്ക് പോകാന്‍ സിപിഎം തയ്യാറായില്ല. പാര്‍ട്ടിയിലും സഭയിലും ജൂനിയറായവര്‍ക്കായിരുന്നു കൂടുതല്‍ മേന്മയുള്ള വകുപ്പുകള്‍.
രാധാകൃഷ്ണനെ പോലെ ജനകീയനായൊരു നേതാവിന് എന്തുകൊണ്ട് മറ്റ് സുപ്രധാന വകുപ്പുകള്‍ കൊടുത്തില്ലെന്ന ചോദ്യം, ചോദ്യമായി തന്നെ അവശേഷിക്കുന്നുണ്ട്. ഇതേ അവസ്ഥ തന്നെയാണ് കേളുവിനെയും പിന്തുടരുന്നത്. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയതു പോലെയാണ് പട്ടികജാതി പട്ടിക വര്‍ഗ വിഭാതത്തിന്റെ കേരളത്തിലെ അവസ്ഥ. അത് മാറുന്നില്ല, ഡെല്‍ഹിയിലും കേരളത്തിലും.