ഭരണവിരുദ്ധ വികാരം മാത്രമല്ല, നേതാക്കളുടെ വാക്കും നാക്കും പ്രവൃത്തികളും ഒരുപോലെ പാര്‍ട്ടിക്ക് ദോഷം ചെയ്തുവെന്നാണ് സി.പി.എം ജില്ലാക്കമ്മിറ്റികളുടെ വിലയിരുത്തല്‍. ഉള്‍പാര്‍ട്ടീ ജനാധിപത്യം എന്ന ഇരുമ്പു മറയില്‍ നിന്നും തെറിച്ചു വീഴുന്നതെല്ലാം നേതാക്കള്‍ക്കെതിരേയുള്ള കടുത്ത വിമര്‍ശനങ്ങളും, കെട്ടഴിഞ്ഞ പരാതികളും മാത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയല്ല, അണികളുടെ പ്രധാന പ്രശ്‌നം. നേതാക്കളുടെ പാര്‍ട്ടീവിരുദ്ധ പ്രസ്താവനകളും, പ്രവര്‍ത്തനങ്ങളുമാണ്. തെരഞ്ഞെടുപ്പ് തോല്‍വികള്‍ ഇത് ആദ്യമായല്ല, പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തകരും അഭിമുഖീകരിക്കുന്നത്. തോല്‍വി പോലെത്തന്നെ വിജയങ്ങളും ഉണ്ടായിട്ടുണ്ട്.
അന്നൊക്കെ പാര്‍ട്ടിയുടെ വുപുലീകരണവും, മുന്നോട്ടുള്ള പോക്കും, ഉള്‍പാട്ടീ ശാക്തീകരണവുമൊക്കെ ആയിരുന്നു അണികളുടെ ചര്‍ച്ചാ വിഷയം. വിമര്‍ശനവും സ്വയം വിമര്‍ശനങ്ങളും പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നുണ്ടോ എന്നതു മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ചു നാളുകളിലായി പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും പ്രവൃത്തികളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. അപ്പോഴൊന്നും അണികള്‍ പറയാതിരുന്നത്, അത് പാര്‍ട്ടിയെയോ തെരഞ്ഞെടുപ്പിനെയോ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ്. എന്നാല്‍, തെരഞ്ഞെടുപ്പും തോറ്റു, പാര്‍ട്ടിയും നാണംകെട്ടു നില്‍ക്കുന്ന അവസ്ഥയില്‍ ഇനിയെങ്കിലും പറഞ്ഞില്ലെങ്കില്‍ വലിയ തെറ്റായിപ്പോകുമെന്ന കുറ്റബോധമാണ് അണികള്‍ക്കുള്ളത്.
എറണാകുളം, തൃശൂര്‍, ആലപ്പുഴ, പലാക്കാട് ജില്ലാക്കറ്റികളില്‍ അണികള്‍ നേതാക്കള്‍ക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു. മറ്റു ജില്ലകളിലും സമാനരൂതിയില്‍ തന്നെയാണ് കമ്മിറ്റികളിലെ ചര്‍ച്ചകള്‍. പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റിയില്‍ എകെ. ബാലനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഏറ്റവും ചര്‍ച്ചയായതായിരുന്നു എ.കെ ബാലന്റെ മരപ്പട്ടി, ഈനാംപേച്ചി പരാമര്‍ശം. ചിഹ്നം സംരക്ഷിക്കാന്‍ വോട്ടു പിടിക്കണമെന്ന പരാമര്‍ശം തെറ്റായിപ്പോയെന്നും പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യമാക്കി എന്നുമാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍.
‘തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെച്ച് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കണമെന്നും ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുക എന്നുമാണ് എ.കെ ബാലന്‍ പറഞ്ഞത്.’ ഈ പരാമര്‍ശം പിന്നീട് രാഷ്ട്രീയ എതിരാളികള്‍ സി.പി.എമ്മിനെ പരിഹസിക്കാന്‍ ഉപയോഗിക്കുയായിരുന്നു. എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി ജയരാജനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇ.പി അനാവശ്യ വിവാദമുണ്ടാക്കിയത് തിരിച്ചടിക്കു കാരണമായി.
മുഖ്യമന്ത്രിയുടെ നിലപാടുകളും തോല്‍വിക്കു കാരണമായെന്ന് കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ചാഴികാടനും പ്രതികരിച്ചിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പാലായില്‍ നടന്ന നവ കേരള സദസ്സിലെ ശകാരം അടക്കം തിരിച്ചടിയായി. സി.പി.എം വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാതെ പോയതും അന്വേഷിക്കണം എന്ന ആവശശ്യവും ചാഴിക്കാടന്‍ ഉന്നയിച്ചിട്ടുണ്ട്. നേതാക്കളുടെ അതിരുവിട്ട പ്രസ്താവനകളും, ഇ.പിയുടെ ബി.ജെ.പി നേതാവുമായുള്ള ചായസത്ക്കാരവും പ്രതികൂലമായിട്ടുണ്ടെന്നാണ് ആലപ്പുഴ ജില്ലാക്കമ്മിറ്റിയുടെ വിലയിരുത്തല്‍.
പ്രത്യക്ഷത്തില്‍ എല്ലാവരും ഒന്നിച്ചാണെന്നും തോന്നിക്കുമെങ്കിലും രഹസ്യമായി വ്യത്യസ്ത തലങ്ങളിലാണ് നേതാക്കള്‍ നില്‍ക്കുന്നതെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പിലും മറ്റു പ്രവര്‍ത്തനങ്ങളിലും തിരിച്ചടിയായിട്ടുണ്ട്. അതേ സമയം, തെരഞ്ഞെടുപ്പ് വിമര്‍ശനത്തിന് സംഘടിത സ്വഭാവമുണ്ടെന്നാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആക്ഷേപങ്ങള്‍ക്ക് പാര്‍ട്ടിക്ക് അകത്തോ പുറത്തോ മറുപടി നല്‍കി പ്രശ്നം വഷളാക്കേണ്ടെന്നാണ് നേതൃതലത്തിലെ പൊതുധാരണ. മുഖ്യമന്ത്രിയുടെ ശൈലിക്കും എതിരെ ആദ്യം പുറത്തും പിന്നിട് പാര്‍ട്ടി യോഗങ്ങളിലും വന്ന ചില വിമര്‍ശനങ്ങള്‍ക്ക് ആസൂത്രിതവും സംഘടിതവുമായ സ്വഭാവമുണ്ടെന്നാണ് നേതൃത്വം കരുതുന്നത്.
അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നുണ്ടായ പരസ്യ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി യോഗങ്ങളിലും നേതാക്കള്‍ മുഖം നോക്കാതെ സംസാരിക്കാന്‍ തയ്യാറാവുകയും ചെയ്തു. ആക്ഷേപങ്ങളുടെ എല്ലാം കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാണെന്ന വിമര്‍ശനങ്ങള്‍ക്ക് കേന്ദ്രീകൃത സ്വഭാവം ഉള്ളതിനാല്‍ പരമാവധി മുഖ്യമന്ത്രിയെ പ്രതിരോധിക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചെയ്യുന്നത്. ശൈലീ മാറ്റം ആവശ്യമില്ലെന്ന് മാത്രമല്ല പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നെടുംതൂണാണ് പിണറായി എന്ന് കൂടി എം.വി. ഗോവിന്ദന്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട്. എന്നാല്‍, സി.പി.എമ്മില്‍ തിരുത്തല്‍ വാദത്തിന് ശക്തി കൂടുകയാണ്. കീഴ്ഘടകങ്ങളില്‍ നേതാക്കള്‍ക്കെതിരേയുള്ള ചര്‍ച്ചകള്‍ ശക്തിയാര്‍ജ്ജിക്കുന്നുണ്ട്.
ഏകപക്ഷീയ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നതില്‍ നിന്നും വ്യത്യസ്തമായി പാര്‍ട്ടിക്ക് ഗുണം ചെയ്യുന്ന രീതിയെ മാത്രം നോക്കാന്‍ അണികള്‍ ശ്രമിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ജില്ലാ നേതൃയോഗങ്ങള്‍ക്കും മേഖലാ യോഗങ്ങള്‍ക്കും ശേഷം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിച്ച് തെരഞ്ഞെടുപ്പ് തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനാണ് സിപിഎം ആലോചന. സംസ്ഥാനത്തുയരുന്ന അസാധാരണ ചര്‍ച്ചകളില്‍ കേന്ദ്ര നേതൃത്വം കൈക്കൊള്ളുന്ന നിലപാടും നിര്‍ണ്ണായകമാണ്. എന്നാല്‍, തിരുത്തേണ്ടതുണ്ടെന്നും, തിരുത്താന്‍ തയ്യാറാണെന്നും നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. പക്ഷെ, തിരുത്തല്‍ ആര് തുടങ്ങുമെന്നോ, എവിടുന്നു തുടങ്ങുമെന്നോ ഉള്ള ആശയക്കുഴപ്പം പാര്‍ട്ടിയെ വല്ലാതെ പ്രതിസന്ധിയിലാക്കുന്നുണ്ട്.