നീറ്റ്- യുജി 2024 ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹദൂര്‍ഗഡ് ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളിനെ ചുറ്റിപ്പറ്റി വലിയ ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഇവിടെ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനവും നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിരുന്നു. അഞ്ഞൂറിലധികം വിദ്യാര്‍ഥികളാണ് ഈ കേന്ദ്രത്തില്‍ നിന്നും പരീക്ഷ എഴുതിയത്. അവരില്‍ ആറ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 720 ല്‍ 720 മാര്‍ക്ക് ലഭിച്ചു അതായത് മുഴുവന്‍ മാര്‍ക്കും. ഇതുകൂടാതെ, രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 718, 719 മാര്‍ക്ക് വീതം ലഭിച്ചു. ഗ്രേസ് മാര്‍ക്കാണ് ലഭിച്ചതെന്ന് പറയുമ്പോഴും കണക്കിലെ പൊരുത്തക്കേട് വലിയ ആശയക്കുഴപ്പവും, അതിനൊപ്പം ദുരൂഹതകളും വര്‍ധിപ്പിക്കുന്നതായി ആരോപണങ്ങള്‍ ഉയരുന്നു. ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളില്‍ നിന്നുമാണ് ഹരിയാനയിലെ ഗ്രേസ് മാര്‍ക്ക് വിവാദം ഉണ്ടായതെന്ന് നാഷ്ണല്‍ ടെസ്റ്റിങ് എജന്‍സി എന്‍ടിഎ വ്യക്തമാക്കിയത്. ഈ സ്‌കൂളിലെ സെന്ററില്‍ പരീക്ഷ തുടങ്ങാന്‍ വൈകിയതാണ് ഗ്രേസ് മാര്‍ക്ക് ഉള്‍പ്പടെ നല്‍കാന്‍ എന്‍ടിഎയ്ക്കു പ്രേരണയായത്. വിവാദം കത്തിപ്പടര്‍ന്നതോടെ ഇവിടെ നിന്നും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഗ്രേസ് മാര്‍ക്ക് റദ്ദാക്കുകയായിരുന്നു.
എന്നാല്‍ പുതുതായി വന്നിരിക്കുന്ന വാര്‍ത്തകളില്‍ ഉള്‍പ്പടെ നീറ്റ്-യുജി പരീക്ഷയിലെ ഏറ്റവും വലിയ ക്രമക്കേടുകളുടെ കേന്ദ്രം ഹരിയാനയിലെ ജജ്ജാറിലെ ബഹദൂര്‍ഗഡിലെ ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളെന്നാണ് ആരോപണം. പരീക്ഷ കുഭകോണവും, ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമുള്‍പ്പടെ കേന്ദ്ര സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കുമ്പോള്‍ ഇവിടെ ഹരിയാനയില്‍ ഒരു സ്‌കൂള്‍ തങ്ങള്‍ക്ക് തോന്നും പോലെ ദേശീയ പരീക്ഷകള്‍ അട്ടിമറിക്കുന്നതായി നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പു ലഭിച്ചിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ല. കാരണം പകല്‍ പോലെ വ്യക്തമാണ്, ബിജെപിക്കും അതു പോലെ ആര്‍എസ്എസിനും ഒരു പോലെ വേണ്ടപ്പെട്ടവരുടെ വിദ്യാഭ്യാസ സ്ഥാപനമാണ് ഹരിയാനയിലെ ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളെന്ന് വ്യക്തമായി കഴിഞ്ഞു. രാജ്യ ഭരണസിരാ കേന്ദ്രമായ ഡല്‍ഹിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഈ പരീക്ഷാകേന്ദ്രം. ഇവിടെ നടക്കുന്നത് വിദ്യാഭ്യാസ കച്ചവടവും കുംഭകോണമുള്‍പ്പടെ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്നുവെന്നതാണെന്ന് ഇപ്പോള്‍ ഉയരുന്ന ആരോപണം.
ഹര്‍ദയാല്‍ സ്‌കൂളും ചരിത്രവും
ഹര്‍ദയാല്‍ സ്‌കൂളിന്റെ വെബ്‌സൈറ്റ് പ്രകാരം 1995 ലാണ് ഇത് സ്ഥാപിതമായത്. അനുരാധ യാദവാണ് സ്‌കൂളിന്റെ പ്രസിഡന്റ്. ബഹദൂര്‍ഗഡില്‍ ഇവരുടെ കുടുംബത്തിന് കാര്യമായ സ്വാധീനമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അനുരാധ യാദവിന്റെ അനന്തരവന്‍ ശേഖര്‍ യാദവ് ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ജജ്ജാര്‍ ജില്ല പ്രസിഡന്റാണ്. റോഹ്തക്കില്‍ നിന്നുള്ള മുന്‍ ബിജെപി എംപി അരവിന്ദ് ശര്‍മ്മയുമായി അടുത്ത ബന്ധമാണ് ഇയ്യാള്‍ സൂക്ഷിക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശേഖര്‍ അരവിന്ദ് ശര്‍മയ്ക്കുവേണ്ടി പ്രചാരണം നടത്തിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ശേഖര്‍ യാദവ് തയ്യാറാപ്പെടുപ്പ് നടത്തുന്നതായി നാട്ടുകാര്‍ തന്നെ പറയുന്നു.
‘സംഘടനയ്ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, ഞാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. നീറ്റ് അരോപണവുമായി ബന്ധപ്പെട്ട് ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളിന്റെ പങ്കാളിത്തത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്‌കൂള്‍ ഞങ്ങളുടെ കുടുംബത്തിന്റേതാണ്, പക്ഷേ ഞാന്‍ സ്‌കൂളിന്റെ ഭാഗമല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഞങ്ങളുടെ കുടുംബത്തിന് നിരവധി ബിസിനസുകളുണ്ട്. പക്ഷെ എനിക്ക് സ്‌കൂളില്‍ ഒരു റോളുമില്ലെന്ന് വ്യക്തമാക്കി. ശേഖര്‍ യാദവിന്റെ ഭാര്യ നേഹ യാദവും ബിജെപിയുമായി ബന്ധമുള്ളയാളാണ്. അവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലപ്പോഴും പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ട്. 2022-ല്‍, ബഹദൂര്‍ഗഡ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി താനെന്ന് വിളിക്കുന്ന ലഘുലേഖകള്‍ നേഹ വിതരണം ചെയ്തു, കൂടാതെ ബിജെപിയുടെ നയങ്ങളും നേട്ടങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ക്ക് ബിജെപിയില്‍ നിന്ന് ടിക്കറ്റ് ലഭിച്ചില്ല.
ജജ്ജാര്‍ പരീക്ഷാ കേന്ദ്രം തട്ടിപ്പിന്റെ ആസ്ഥാനമോ?
2024ലെ നീറ്റ് പരീക്ഷ ആദ്യമായിട്ടാണ് ജജ്ജാറില്‍ നടത്തി. ഹര്‍ദയാല്‍ പബ്ലിക് സ്‌കൂള്‍, വിജയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്ആര്‍ സെഞ്ച്വറി പബ്ലിക് സ്‌കൂള്‍ എന്നിവയായിരുന്നു ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍. എസ്.ആര്‍.സെഞ്ച്വറി സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ സുഗമമായി നടന്നു. എന്നിരുന്നാലും, ഹര്‍ദയാല്‍, വിജയ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതില്‍ നിന്ന് വ്യത്യസ്തമായ ചോദ്യപേപ്പറുകള്‍ നല്‍കി. നീറ്റ് പോലുള്ള പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ പൊതുമേഖലാ ബാങ്കുകളില്‍ സുരക്ഷയ്ക്കായി സൂക്ഷിക്കാറുണ്ട്. ജജ്ജാറിലെ കേന്ദ്രങ്ങള്‍ക്കായി രണ്ട് സെറ്റ് ചോദ്യപേപ്പറുകളാണ് ഉണ്ടായിരുന്നത്. ഒന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലും മറ്റൊന്ന് കാനറ ബാങ്ക് ശാഖയിലുമാണ് സൂക്ഷിച്ചിരുന്നത്.
പരീക്ഷാ കേന്ദ്രങ്ങളില്‍ സാധാരണയായി രണ്ട് സെറ്റ് ചോദ്യപേപ്പറുകള്‍ കൈയില്‍ സൂക്ഷിക്കുന്നു – പേപ്പര്‍ ചോര്‍ച്ചയുണ്ടായാല്‍ ഉപയോഗിക്കുന്ന ഒരു ബാക്കപ്പ് ഉള്‍പ്പെടെ. എന്നാല്‍ ഈ രണ്ട് കേന്ദ്രങ്ങളിലും രണ്ട് സെറ്റുകളുടെയും ചോദ്യപേപ്പറുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തിരുന്നു. പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷാ കേന്ദ്രം ഉദ്യോഗസ്ഥര്‍ എസ്ബിഐ ബാങ്ക് സെറ്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിന്ന് തിരികെ വാങ്ങുകയും പകരം കാനറ ബാങ്ക് സെറ്റ് മുഴുവന്‍ നല്‍കുകയും ചെയ്തു. അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ – ഈ രണ്ട് കേന്ദ്രങ്ങള്‍ ഒഴികെ – ഉദ്യോഗാര്‍ത്ഥികള്‍ എസ്ബിഐ സെറ്റ് ചോദ്യപേപ്പറുകള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു. ഇതാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലേക്ക് കൊണ്ട് ചെന്നെത്തിച്ച ആദ്യ സംഭവമായി വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചത്. ചോദ്യ പേപ്പര്‍ വിതരണത്തിലെ പിഴവുമൂലം ഏറെ സമയം പാഴായതായി വിദ്യാര്‍ഥികള്‍ പറയുന്നു. എസ്ബിഐ ചോദ്യപേപ്പറിനേക്കാള്‍ കാനറ ബാങ്ക് ചോദ്യപേപ്പര്‍ ബുദ്ധിമുട്ടേറിയതാണെന്നും വിദ്യാര്‍ഥികള്‍ അവകാശപ്പെട്ടു.
ഗ്രേസ് മാര്‍ക്ക് നല്‍കിയത് എന്തിന്?
സാധാരണയായി ഒന്നോ രണ്ടോ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ നീറ്റ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടാനാകൂ. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ച ഒരേയൊരു വര്‍ഷം 2021 ആയിരുന്നു. എന്നാല്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ, ഈ വര്‍ഷം, ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷയെഴുതിയ ആറ് പേര്‍ മുഴുവന്‍ മാര്‍ക്കും നേടി, രണ്ട് വിദ്യാര്‍ത്ഥികള്‍ 719 ഉം 718 ഉം മാര്‍ക്ക് വീതം നേടി. രാജ്യത്തുടനീളമുള്ള മൊത്തം 1,563 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സമയനഷ്ടത്തിന് ഗ്രേസ് മാര്‍ക്ക് നല്‍കി. ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ ആറ് പേര്‍ക്കും 719, 718 മാര്‍ക്ക് ലഭിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയത് ശ്രദ്ധേയമാണ്. ഇതോടെ അവരുടെ മാര്‍ക്കുകള്‍ മാക്‌സിമം സ്‌കോറായി 720 കടന്നു.
ഹര്‍ദയാല്‍, വിജയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സമയം നഷ്ടമായെന്നും എന്നാല്‍ ഹര്‍ദയാല്‍ സ്‌കൂളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു . എന്നിരുന്നാലും, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യ സമയം നഷ്ടപ്പെട്ടിട്ടും എല്ലാ ഹര്‍ദയാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയിയതുമില്ല. എന്നാല്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്ന് എന്‍ടിഎ പറയുന്നു. ഒരു കേന്ദ്രത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമയനഷ്ടം സംഭവിച്ചുവെന്ന് എന്‍ടിഎ അറിഞ്ഞപ്പോള്‍, എന്തുകൊണ്ട് എല്ലാ കുട്ടികളോടും തുല്യമായി പെരുമാറിയില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരു പോലെ ചോദിക്കുന്നു. അധ്യാപകര്‍ക്കും ഹര്‍ദയാല്‍ സ്‌കൂളിനെക്കുറിച്ച് വിഭിന്നാഭിപ്രായമാണ് ഉള്ളത്. രാജ്യമൊട്ടാകെ നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ആരോപണങ്ങളും സംശയങ്ങളും നിലനില്‍ക്കുമ്പോള്‍ എന്തുകൊണ്ട് ഹരിയാനയിലെ ഹര്‍ദയാല്‍ സ്‌കൂളിനെക്കുറിച്ചും മേയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയെക്കുറിച്ചും ഒരു പരാതിയും സമീപത്തെ പൊലീസിന് ലഭിച്ചിട്ടില്ല. അഥവാ ലഭിച്ചെങ്കിലും ഭരണ സ്വാധീനം ഉപയോഗിച്ച് അത് മറച്ചുവെയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.