Features

‘NO’ ക്ഷേമ പെന്‍ഷന്‍, ഹെലിക്കോപ്ടര്‍ വാടക ‘YES’: എല്ലാ നിയന്ത്രണവും ജനങ്ങള്‍ക്കു മാത്രം, സര്‍ക്കാരിനില്ല; ട്രഷറി നിയന്ത്രണം പിന്‍വലിച്ചത് ഹെലിക്കോപ്ടര്‍ വാടക നല്‍കാന്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ മേയ്മാസം 25 മുതല്‍ 5000 രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ പാസാക്കുന്നതിന് ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന കര്‍ഷന നിര്‍ദ്ദേശം നിലനില്‍ക്കുകയായിരുന്നു. എന്നാല്‍, ഇന്നലെ ആ നിര്‍ദ്ദേശം പിന്‍വലിക്കുകയും മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി വാടകയ്‌ക്കെടുത്ത ഹെലിക്കോപ്ടറിന്റെ വാടക ഇനത്തില്‍ വന്ന 2.40 കോടിരൂപയുടെ ബില്ല് പാസാക്കുകയും ചെയ്തിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഹെലിക്കോപ്ടര്‍ വാടക നല്‍കാന്‍ ഒരു മടിയും കാട്ടാത്ത ധനവകുപ്പ്, സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകള്‍ ഒന്നും പാസാക്കുന്നില്ല എന്നതാണ് വസ്തുത.

കഴിഞ്ഞ മാസം വരെ 5 ലക്ഷം രൂപയുടെ ബില്ലുകള്‍ മാറുന്നതിന് തടസ്സമോ നിയന്ത്രണമോ ഇല്ലാതിരുന്നതാണ്. എന്നാല്‍, പെട്ടെന്നാണ് 5 ലക്ഷം എന്നത് വെറും 5000 രൂപയിലേക്ക് എത്തിയതും, കടുത്ത നിയന്ത്രണം ട്രഷറി ഏര്‍പ്പെടുത്തിയതും. ഇത്രയും കുറഞ്ഞ തുക മാത്രം മാറാന്‍ കഴിയുന്ന അവസ്ഥയിലേക്ക് ട്രഷറി എത്തിയെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ചിത്രം വളരെ മോശമാണെന്ന് മനസ്സിലാക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഇന്നലെ ട്രഷറി നിയന്ത്രണം എടുത്തു മാറ്റിയത്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കഴിഞ്ഞ ദിവസം കേന്ദ്രധമന്ത്രാലയം വിളിച്ചു ചേര്‍ത്ത പ്രീ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

കേരളത്തെ പ്രത്യേകമായി പരിഗണിക്കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉന്നയിച്ചു. കേന്ദ്രബജറ്റില്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. പ്രീ ബജറ്റ് ചര്‍ച്ചയില്‍ ആവശ്യം ഉന്നയിച്ചതല്ലാതെ, കേരളത്തിന് കേന്ദ്രത്തില്‍ നിന്നും പ്രത്യേക ഫണ്ടോ, കടമെടുക്കാനുള്ള അനുമതിയോ ലഭിച്ചിരുന്നില്ല എന്നാണ് സൂചന. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ട്രഷറി നിയന്ത്രണം എടുത്തു മാറ്റിയതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചോദിക്കുന്നത്. 5000 രൂപയില്‍ നിന്നും 25 ലക്ഷത്തിലേക്കാണ് നിയന്ത്രണം ഉയര്‍ത്തിയിരിക്കുന്നത്.

25 ലക്ഷം വരെയുള്ള ബില്ലുകള്‍ പാസാക്കാമെന്നാണ് ധനമന്ത്രി പറയുന്നത്. ഇത്രപെട്ടെന്ന് ഖജനാവില്‍ പണം എവിടുന്ന് എത്തിയെന്നാണ് സംശയം. സപ്ലൈകോയില്‍ അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം തൊട്ട്, ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയതു വരെ ദാരിദ്ര്യത്തിന്റെ ചുമടുതാങ്ങി നില്‍ക്കുന്ന സാധാരണ മനുഷ്യരെ എല്ലാം കബളിപ്പിച്ചാണ് ഇപ്പോള്‍ ഹെലിക്കോപ്ടര്‍ വാടക നല്‍കാന്‍ കോടികള്‍ അനുവദിച്ചിരിക്കുന്നത്. അപ്പോള്‍ ട്രഷറി നിയന്ത്രണം എന്നത് വെറും പറ്റിക്കല്‍ മാത്രമായിരുന്നോ എന്നും സാധാരണക്കാര്‍ ചോദിക്കുന്നു. ചീഫ് സെക്രട്ടറി വി. വേണു ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നാണ് അറിയിച്ചിരുന്നത്.

ഈ ഘട്ടത്തിലെല്ലാം, മന്ത്രിമാരുടെയും, മുന്‍ മന്ത്രിമാരുടെയും ആവശ്യങ്ങള്‍ക്ക് പണം അനുവദിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ധനവകുപ്പ് ചെയ്തിട്ടില്ല എന്നതാണ് വസ്തുത. ഹെലികോപ്റ്ററിന്റെ മൂന്ന് മാസത്തെ വാടക ആവശ്യപ്പെട്ട് മേയ് 6ന് സംസ്ഥാന പോലിസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പണം അടിയന്തിരമായി അനുവദിക്കാന്‍ മെയ് 15ന് മുഖ്യമന്ത്രി കെ.എന്‍. ബാലഗോപാലിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അധിക ഫണ്ട് അനുവദിച്ചത്. 2.40 കോടി രൂപയാണ് മൂന്നു മാസത്തെ വാടകയായി അനുവദിച്ചിരിക്കുന്നത്.

ഈ മാസം 22നാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ അടക്കം കുടിശിക ആയിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിനായി കോടികള്‍ ചെലവഴിക്കുന്നത്. സര്‍ക്കാരിന്റെ മുന്‍ഗണന എന്തിലാണെന്ന് മനസ്സിലാക്കാനുള്ള അവസരം കൂടിയാണിതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഡല്‍ഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷനില്‍ നിന്ന് കേരളാ പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഉപയോഗിക്കുന്നത്.

25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷംരൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 90,000 രൂപയുമാണ് ഹെലികോപ്റ്റര്‍ വാടക. സാമ്പത്തിക പ്രയാസത്തിനിടെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാവോയിസ്റ്റ് ഭീഷണി, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പോലീസിന്റെ ആവശ്യങ്ങള്‍ക്കായാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതെന്നാണ് സര്‍ക്കാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്. അതേസമയം, മുന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ത്വക്ക് ചികില്‍സക്ക് ചെലവായ തുക ഈ മാസം 15 ന് അനുവദിച്ചിരുന്നു. 13,281 രൂപയാണ് അനുവദിച്ചത്.

കഴിഞ്ഞ ജനുവരി 23ന് ചികില്‍സക്ക് ചെലവായ പണം ലഭിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. മന്ത്രി ഡോ. ആര്‍. ബിന്ദുവിനും ചികില്‍സക്ക് ചെലവായ 29,158 രൂപ അനുവദിച്ച് ഈ മാസം 15ന് ഉത്തരവിറക്കിയിരുന്നു. ഇതോടൊപ്പമാണ് മന്ത്രി ബിന്ദുവിന്റെ മകന്റെ ചികില്‍സക്ക് ചെലവായ തുകയും അനുവദിച്ചു നല്‍കിയത്. 38,372 രൂപയാണ് അനുവദിച്ചത്. മന്ത്രിക്കും കുടുംബത്തിനും ചികില്‍സ ചെലവ് സര്‍ക്കാരില്‍ നിന്ന് നല്‍കാമെന്നാണ് ചട്ടം. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ചികില്‍സ. തിരുവനതപുരത്തെ ഡോ. യോഗിരാജ് സെന്റര്‍ ഫോര്‍ ഡെര്‍മറ്റോളജിയിലായിരുന്നു ണ് ആന്റണി രാജു ചികില്‍സ തേടിയത്.