തുടര്‍ പരാജയങ്ങളില്‍ നിന്നും ബോക്‌സ് ഓഫീസിലേക്ക് ശക്തമായി തിരികെ വന്നിരിക്കുകയാണ് ആസിഫ് അലി. എന്നും ഫീല്‍ ഗുഡ് സിനിമകള്‍ തന്നിട്ടുള്ള ജിസ് ജോയ്‌ക്കൊപ്പം ഇത്തവണ ട്രാക്കൊന്ന് മാറ്റി ത്രില്ലറുമായാണ് ആസിഫ് എത്തിയത് . ഇവര്‍ക്കൊപ്പം ബിജു മേനോനുമുണ്ടായിരുന്നു ഇത്തവണ. ബൈസിക്കിള്‍ തീവ്‌സിന് ശേഷം മൂവരും ഒരുമിച്ച തലവന്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയമായി മാറി.
പതിനാല് വർഷത്തെ സിനിമാ ജീവിതം കൊണ്ട് തനിക്കായൊരു സ്ഥാനം മലയാള സിനിമയിൽ നേടിയെടുക്കാനും ഒട്ടനവധി വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനും ആസിഫ് അലിക്കായി. ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ ഗംഭീരമായ ഒരു അരങ്ങേറ്റം കിട്ടിയെങ്കിലും പിന്നീടങ്ങോട്ട് ട്രാക്ക് മാറി ഓടിയ കരിയര്‍ ആയിരുന്നു ആസിഫിന്റേത്. ട്രാഫിക്ക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നീ സിനിമകള്‍ മാത്രമാണ് തുടക്കകാലയളവിൽ മികച്ച് നിന്നത്. കൂമനും റോഷാക്കിനും ശേഷം ഒരു മികച്ച വിജയം നേടാൻ ഒരു ആസിഫ് അലി സിനിമയ്ക്കും സാധിച്ചിട്ടില്ല.
മലയാള സിനിമയുടെ ആസ്ഥാന ഫ്രീക്കനായിരുന്നു ഒരു കാലത്ത് ആസിഫ് അലി. തുടക്കകാലത്ത് തന്നെ ലുക്ക് കൊണ്ട് യൂത്തിനിടയിൽ വൻ ഓളം സൃഷ്ടിച്ച യൂത്തൻ. സാൾട്ട് ആൻഡ് പെപ്പർ ലുക്ക് സ്റ്റുഡിയോ ഫേസ് മുതൽ നോട്ട്ബുക്ക്കളിൽ വരെ കത്തി നിന്നകാലമുണ്ടായിരുന്നു. ഒപ്പം ബാച്ചിലർ പാർട്ടിയും ഹണിബീയും ഒക്കെ റിലീസായതോടെ ആസിഫ് അലിയോട് ആളുകൾക്ക് ക്രേസായി. വലത് കൈയിലെ വാച്ചും സ്പൈക്ക് ഹെയർ സ്റ്റൈലും പോണിട്ടയിലും മുതൽ ആസിഫ് ഇടുന്ന മാല വരെ ഒരു കാലത്ത് ട്രെന്റായിരുന്നു.
ഇപ്പോഴിതാ അവതാരകർ ക്ലിക്ക് ബൈറ്റിനായി ചോദ്യങ്ങൾ ചോദിക്കുന്നതിനോടുള്ള തന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആസിഫ് അലി.
സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് താരം സംസാരിച്ചത്. പലപ്പോഴും ചില മീഡിയകൾക്ക് ഇന്റർവ്യു കൊടുത്തില്ലെങ്കിൽ അതിന് അനുസരിച്ചുള്ള തരത്തിൽ ഭീഷണികൾ വരേ ലഭിക്കാറുണ്ടെന്നാണ് ആസിഫ് അലി പറയുന്നത്.
നടനാകും മുമ്പ് അവതാരകനായിരുന്നു ആസിഫ് അലിയും. ഞാൻ സക്സസ്ഫുള്ളായ ഇന്റർവ്യൂവറൊന്നും ആയിരുന്നില്ല. പിന്നെ ഇത് തൽക്കാലത്തേക്കുള്ള എന്റെ ജോലിയാണ്. ഞാൻ ഇത് അല്ല. ഞാൻ ഇത് ചെയ്യേണ്ട ആളല്ല എന്ന ആറ്റിറ്റ്യൂഡ് മനസിൽ കൊണ്ടുനടന്ന് അതുമായി ഇന്റർവ്യൂ എടുക്കാൻ വരുന്ന കുറേ ആളുകളുണ്ട്.
അവർക്ക് ഒരു ഫോർമാറ്റുണ്ട്. ഈ സിനിമയെ പറ്റി, അതിലെ ക്യാരക്ടറിനെ പറ്റി… രസകരമായ സംഭവം എന്തെങ്കിലും ഓർക്കുന്നുണ്ടോ എന്നുള്ള തരത്തിലായിരിക്കും അത്തരക്കാരുടെ ചോദ്യങ്ങൾ. ഒരു പത്ത് ഇന്റർവ്യൂ കണ്ടാൽ ആർക്കും ഇത്തരത്തിൽ ഇന്റർവ്യു ചെയ്യാം. പക്ഷെ ചെയ്യുന്ന കാര്യം പാഷനേറ്റായി ചെയ്യാൻ പറ്റുന്നത് വളരെ കുറച്ച് പേർക്കാണ്. അതുകൊണ്ട് തന്നെ പലരോടും ഇന്റർവ്യു തരില്ലെന്ന് ഞങ്ങൾ പറയാറുണ്ട്. പക്ഷെ ആ സമയത്ത് ഓൺലൈൻ ഭീഷണി വരെ നേരിടേണ്ടി വരും.
ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… റിലീസ് കഴിഞ്ഞാൽ അറിയാലോ… എന്ന ഭീഷണി വരേ ഡയറക്ടായും ഇൻഡയറക്ടായും ഫേസ് ചെയ്യാറുണ്ട്. പിന്നെ ചോദ്യങ്ങൾ ചോദിക്കാനുള്ള സഭ്യമായ രീതിയുണ്ട്. പറയുന്നവരും ചോദിക്കുന്നവരും മാത്രമല്ല ഇന്റർവ്യൂവിന്റെ ഭാഗം. അതുപോലെ ചരിത്രം എന്നിലൂടെ പോലുള്ള ഇന്റർവ്യൂകൾ എന്തോരം ഇൻഫോർമേഷനാണ് നൽകുന്നത്. സാധാരണക്കാരുടെ ക്യൂരിയോസിറ്റിയെ വരെ മീറ്റ് ചെയ്യുന്നതാണ് അത്തരം ഇന്റർവ്യുകൾ.
അതുകൊണ്ട് തന്നെ അതൊക്കെ മനസിൽ വെച്ചാകണം ഓരോ ചോദ്യവും ഓരോ മറുപടിയും. ഇന്റർവ്യു നമ്മൾ വിചാരിക്കുന്നത് പോലൊരു പരിപാടിയല്ല. അതുപോലെ ഒരു അഭിമുഖത്തിൽ ഇരിക്കവെ പണ്ട് ഞാൻ ഇറിറ്റേറ്റഡായ ഒരു ചോദ്യമുണ്ട്. വീണ്ടും ആ വിഷയം എടുത്തിടാൻ വേണ്ടി പറയുന്നതല്ല. ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തരമേതാണ് എന്നതായിരുന്നു അന്ന് ഇന്റർവ്യൂവർ ചോദിച്ചത്.
അത് അറിയാൻ ഒരു വിഭാഗം പ്രേക്ഷകർക്ക് ക്യൂരിയോസിറ്റിയുണ്ടാകും. അതിന് തമാശയുള്ള ഒരു മറുപടി എനിക്ക് പറയാമായിരുന്നു. പക്ഷെ അത്തരം ചോദ്യങ്ങൾ എൻകറേജ് ചെയ്താൽ ഇതിനിടയിൽ നഷ്ടമായി പോകുന്ന കുറേ കാര്യങ്ങളുണ്ടെന്നാണ് ആസിഫ് അലി പറഞ്ഞത്.