പുരാതന ഭാരതത്തിലെ പ്രശസ്തവും മഹത്തായതുമായ നളന്ദയെന്ന അതിവിശേഷ സര്‍വ്വകലാശാലയെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമാണ്. ബുദ്ധന്റെ കാല്‍ പതിഞ്ഞ് ലോകത്തെ ആദ്യത്തെ ലക്ഷണമൊത്ത സര്‍വ്വകലാശാലകളില്‍ ഒന്നായി വാഴ്ത്തിയിരുന്ന നളന്ദയ്ക്ക് പറയാന്‍ ഏറെ പൗരാണിക ചരിത്രമുണ്ട്. 427 മുതല്‍ 1197 എഡിവരെ ഇന്ത്യയിലെ ബീഹാറിലെ ഒരു പുരാതന ഉന്നത പഠന കേന്ദ്രമായ നളന്ദ ആ പ്രൗഡിയൊക്കെ നഷ്ടപ്പെട്ട് വെറും ഒരു നഗരമായി നിലകൊള്ളുന്നു. ഇന്ന് നളന്ദയെന്നു പേരുകേട്ടാല്‍ ആദ്യം ഓര്‍ത്തു പോകുന്നത് രാജ്യത്തെ പരീക്ഷ തട്ടിപ്പിന്റെ കേന്ദ്രമെന്ന നിലയിലാണ്. അഭിമാനകരമായ പൗരാണിക പാരമ്പര്യത്തില്‍ നിന്നും അപമാനകരമായ പരീക്ഷ തട്ടിപ്പിലേക്ക് നളന്ദ വളര്‍ന്നു പന്തലിച്ച്, ആ ദുഷ്‌പേര് ലഭിച്ചിട്ട് കാല്‍ നൂറ്റാണ്ടായി. ഇന്ന് നീറ്റ് പരീക്ഷയുടെ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറയുകയാണ് നളന്ദ. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍, നളന്ദയുമായി ബന്ധിപ്പിച്ചിട്ടുള്ള പേപ്പര്‍ ചോര്‍ച്ചയുടെ അത്തരം നിരവധി കേസുകള്‍ ഇന്ത്യയില്‍ വെളിച്ചത്തുവന്നിട്ടുണ്ട്. മുഖ്യ സൂത്രധാരന്‍മാരായ രഞ്ജിത് ഡോണിന്റെയും സഞ്ജീവ് മുഖിയയുടെയും കഥ ദേശീയ മാധ്യമങ്ങളില്‍ ഏറെ വാര്‍ത്തയായി. ഇവര്‍ തങ്ങളുടെ തട്ടിപ്പിന്റെ കര്‍മ്മ മേഖലായി തെരഞ്ഞെടുത്തത് ബീഹാറിലെ നളന്ദ ജില്ലയെയാണ്. അത് 2003 ലെ CAT പരീക്ഷയോ 2024 ലെ നീറ്റ് പരീക്ഷയോ ആകട്ടെ. കഴിഞ്ഞ 25 വര്‍ഷമായി രാജ്യത്ത് പേപ്പര്‍ ചോര്‍ച്ച പ്രശ്‌നം ഉയര്‍ന്നുവന്നപ്പോഴെല്ലാം അത് ബീഹാറിലെ നളന്ദയുമായി ബന്ധപ്പെട്ടിരുന്നു.
പൗരണിക പാരമ്പര്യത്തില്‍ നിന്നും കുപ്രസിദ്ധിയിലേക്ക് കുതിച്ച നളന്ദ ഇന്ന് ദേശീയ സംസ്ഥാന പരീക്ഷകളുടെ തട്ടിപ്പ് കേന്ദ്രമാണ്. നിരവധി അയോഗ്യരാണ് തട്ടിപ്പ് സംഘം വഴി നളന്ദയില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങി വിവിധ പരീക്ഷകള്‍ പാസായത്. സ്കൂൾ തല പരീക്ഷ നടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ കയറി കോപ്പിയടിക്കാൻ സഹായിക്കുന്നവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് ബീഹാറിൽ നിന്നുള്ള കാഴ്ചയായിരുന്നു. ഈ വിഷയത്തിൽ സുപ്രീം കോടതി വരെ ഇടപെട്ട് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പ്ലസ് ടൂ തലം മുതല്‍ ദാ ഇപ്പോള്‍ രാജ്യമാകെ ചര്‍ച്ചാ വിഷയമായ നീറ്റ്-യൂജി പരീക്ഷയില്‍ വരെ വന്‍ ക്രമക്കേട് നടത്തുന്ന സംഘമാണ് നളന്ദ കേന്ദ്രീകരിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്. മുന്നാഭായികള്‍ പരീക്ഷകള്‍ ഏറ്റെടുക്കുന്നതുള്‍പ്പടെ നളന്ദയില്‍ പല തരത്തിലുള്ള പരീക്ഷ തട്ടിപ്പുകളാണ് നടക്കുന്നത്. യഥാര്‍ത്ഥ പരീക്ഷാര്‍ത്ഥിക്കു പകരം പ്രോക്‌സികളായ മുന്നാഭായികള്‍ പരീക്ഷ എഴുതുന്ന സംഭവം ബീഹാറില്‍ വ്യാപകമാണ്. നളന്ദയിലെ തട്ടിപ്പ് ഗ്യാങുകളില്‍ ചെന്നുപെട്ടാല്‍ പറയുന്ന പണം നല്‍കിയാല്‍ ഉദ്യോഗം ഉള്‍പ്പടെ ലഭിക്കുമെന്ന് പല സംഭവങ്ങളും തെളിയിക്കുന്നു. സോള്‍വര്‍ ഗ്യാങ്ങുമായി രവി അത്രിയും, മറ്റു തട്ടിപ്പുകാരായ ദീപക് കുമാര്‍, സഞ്ജീവ മുഖിയയും, രഞ്ജിത് ഡോണ്‍ എന്ന സുമന്‍ സിംഗുമൊക്കെ നളന്ദയുടെ പൈതൃക പാരമ്പര്യം നശിപ്പിച്ചവരാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം ഇല്ലാതെ ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ കഴിയില്ലന്നിരിക്കെ ഇപ്പോഴും നളന്ദ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നതിനു കാരണം വലിയൊരു മാഫിയാ സംഘത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടാണ്. ചെറിയ ഡിടിപി കടമുതല്‍ വലിയെ യുപിഎസിസി പരീക്ഷാ പഠന കേന്ദ്രം വരെ നളന്ദയില്‍ നടത്തുന്ന വ്യാപാരം ഞെട്ടിക്കുന്നതാണ്. വിദ്യാഭ്യാസക്കച്ചവടം വലിയതോതില്‍ നളന്ദ കേന്ദ്രീകരിച്ച് വളര്‍ന്നു കഴിഞ്ഞു.
25 വര്‍ഷത്തെ നളന്ദയിലെ പരീക്ഷ തട്ടിപ്പുകള്‍
1. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇന്ത്യയില്‍ നടന്ന പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകളില്‍ പേരുകള്‍ പുറത്തുവന്ന എല്ലാ സൂത്രധാരന്മാരില്‍ 3 പേരും (രഞ്ജിത് ഡോണ്‍, സഞ്ജീവ് മുഖിയ, ദീപക് കുമാര്‍) നളന്ദയില്‍ നിന്നുള്ളവരാണ്. കുറഞ്ഞത് 10 റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പരീക്ഷകളിലെ പേപ്പറുകള്‍ ഇവര്‍ മൂവരും ചോര്‍ത്തിയെന്ന് കൃത്യമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ദീപക് ഇപ്പോഴും റാഞ്ചി പോലീസിന്റെ കസ്റ്റഡിയിലാണ്. 2022 ലെ ജാര്‍ഖണ്ഡ് ജൂനിയര്‍ എഞ്ചിനീയര്‍ പരീക്ഷയുടെ പേപ്പര്‍ ചോര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പേര് അവസാനമായി പ്രത്യക്ഷപ്പെട്ടു.
2. രഞ്ജിത് ഡോണ്‍ ബീഹാറില്‍ ഈ ബിസിനസ് വിപുലപ്പെടുത്തിയിരുന്നു. തന്റെ ജോലി നിര്‍വഹിക്കാന്‍ ഇയാള്‍ നിരവധി സംഘങ്ങളും രൂപീകരിച്ചിരുന്നു. രഞ്ജിത്ത് സിബിഐയുടെ പിടിയിലായതോടെ ഈ ജോലി ഉപേക്ഷിച്ചെങ്കിലും സംഘത്തിലെ പലര്‍ക്കും അതില്‍ നിന്ന് പുറത്തുവരാനായില്ല. രഞ്ജിത് പല പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുന്നെങ്കിലും ബിജെപിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നു. ഇയ്യാള്‍ക്കും നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടെന്ന് ആരോപണം ഉയരുന്നു.
3. 2020 മുതല്‍ നടന്ന മൂന്ന് പ്രധാന പരീക്ഷകളുടെ (ജാര്‍ഖണ്ഡ് ജൂനിയര്‍ എഞ്ചിനീയര്‍, BPSC-TRE, NEET പരീക്ഷ) പേപ്പര്‍ ചോര്‍ച്ച നളന്ദയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. ഈ പരീക്ഷകളുടെ പേപ്പര്‍ ചോര്‍ച്ചയുടെ കേന്ദ്രം നളന്ദയാണെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്.
4. ബിഹാര്‍ പോലീസിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ 5 വര്‍ഷത്തിനിടെ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കിടെ നളന്ദയില്‍ നിന്ന് 50-ലധികം മുന്നാഭായികള്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവരെ പ്രതിനിധീകരിച്ച് പരീക്ഷയെഴുതിയതായി എല്ലാവരും കുറ്റപ്പെടുത്തുന്നു. ഇത്തവണ നീറ്റ് പരീക്ഷയ്ക്കിടെ കതിഹാറിലെ ജവഹര്‍ നവോദയ കേന്ദ്രത്തില്‍ നിന്നാണ് 7 മുന്നാഭായികളെ പിടികൂടിയത്. ഇവരെല്ലാം നളന്ദയിലെ പാവപുരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു.