നീറ്റ്-യൂജി പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയും തട്ടിപ്പും ഇന്ന് രാജ്യവ്യാപകമായി ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നു. ഇതിനിടയിലും ബീഹാറിലെ നളന്ദയില്‍ അടുത്ത മത്സര പരീക്ഷയ്ക്ക് എങ്ങനെ തട്ടിപ്പ് നടത്താമെന്ന ഗവേഷണം നടത്തുന്ന വലിയൊരു സംഘം പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന് ബീഹാർ പൊലീസ് തന്നെ വ്യക്തമാകകുന്നുണ്ട്. സുമന്‍ സിംഗ് എന്നറിയപ്പെടുന്ന രഞ്ജിത്ത് ഡോണും, സഞ്ജീവ് മുഖിയയും, ദീപക് കുമാറും തട്ടിപ്പിന് നേതൃത്വം നല്‍കുന്നവാരണ്. 2003ല്‍ സുമന്‍ സിംഗ് എന്നറിയപ്പെടുന്ന രഞ്ജിത് ഡോണ്‍ CAT പോലുള്ള വലിയ പരീക്ഷകളുടെ പേപ്പറുകള്‍ ചോര്‍ത്തി കുപ്രസിദ്ധിയാര്‍ജിച്ചിരുന്നു. ഇപ്പോള്‍ സഞ്ജീവ് മുഖിയയാണ് നീറ്റ് പേപ്പര്‍ ചോര്‍ച്ചയുടെ സൂത്രധാരനെന്ന് പറയപ്പെടുന്നു. ഇവര്‍ രണ്ടു പേരും തങ്ങളുടെ കര്‍മ്മ മണ്ഡലമാക്കിയത് നളന്ദയെയാണ്. സഞ്ജീവ് മുഖിയയുടെ കുടുംബം ഉള്‍പ്പടെ നീറ്റ് യുജി പേപ്പര്‍ ചേര്‍ച്ചയില്‍ പങ്കാളികളാണെന്ന് പ്രത്യേക അന്വേഷണ സംഘം ഇഒയു വ്യക്തമാക്കിയിരുന്നു. സഞ്ജീവ് മുഖിയ ഇപ്പോഴും ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.
നീറ്റ്-യുജി പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യ പേപ്പര്‍ വിവാദങ്ങളുടെ പിന്നിലെ പ്രധാനികളില്‍ രഞ്ജിത് ഡോണ്‍ ഉള്‍പ്പെടുന്നതായി ബിഹാര്‍ പൊലീസും പ്രത്യേക അന്വേഷണ സംഘവും വ്യക്തമാക്കിയിരുന്നു. ബീഹാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോള്‍വര്‍ ഗ്യാങുമായി ഏറ്റവും അടുപ്പമുളള വ്യക്തിയാണ് രഞ്ജിത് എന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. യോഗ്യത ഒന്നുമില്ലാത്ത വ്യക്തികള്‍ക്ക് കൃത്യമായി പരീക്ഷ പേപ്പര്‍ ചോര്‍ത്തി നല്‍കിയതുള്‍പ്പെടെ രഞ്ജിത് സഹായിച്ചത് നിരവധി പേരെയാണ്. ഇതില്‍ ഭൂരിഭാഗവും വ്യക്തികളില്‍ നിന്നും വന്‍ തോതില്‍ പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ബാങ്ക് പിഒമാര്‍ അങ്ങനെ നിരവധി പരീക്ഷകളില്‍ വന്‍ ക്രമക്കേട് നടത്തി യോഗ്യതയില്ലാത്ത നിരവധി പേര്‍ക്ക് ജോലി വാങ്ങി നല്‍കിയതായി വിവരം ലഭിച്ചിട്ടുണ്ട്. രഞ്ജിത് ഡോണ്‍ ബിജെപി അടങ്ങുന്ന എന്‍ഡിഎ മുന്നണിയുടെ ഭാഗമായ എല്‍ജെപി ലോക് ജനശക്തി പാര്‍ട്ടിയ്ക്കു വേണ്ടി മത്സരിച്ചിട്ടുണ്ട്. ഇപ്പോള്‍ ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണ് രഞ്ജിത് കാത്ത് സൂക്ഷിക്കുന്നത്. കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം ക്യാറ്റ്, സിബിഎസ്ഇ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍, പിജി മെഡിക്കല്‍ ടെസ്റ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ചോര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ആരാണ് രഞ്ജിത് ഡോണ്‍?
2003-ല്‍ CAT ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലേക്കുള്ള പ്രവേശന പരീക്ഷ നടത്തിയിരുന്നു. ഇതിനായി രാജ്യത്തെ 26 നഗരങ്ങളിലായി 137 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരുന്നുവെങ്കിലും പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് ക്യാറ്റ് പേപ്പര്‍ ചോര്‍ന്നു. പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് CAT പരീക്ഷ റദ്ദാക്കേണ്ടി വന്നു. ഈ പേപ്പര്‍ റദ്ദാക്കിയ CAT കേസിന്റെ അന്വേഷണം അന്ന് സിബിഐക്ക് കൈമാറിയിരുന്നു. CAT പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ രഞ്ജിത്തിന്റെ പങ്കാളിത്തം കൂട്ടാളികള്‍ വെളിപ്പെടുത്തിയതോടെ അയ്യാള്‍ നില്‍ക്കകള്ളിയില്ലാതെ പിടിക്കപ്പെടുകയായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതിന് 1994-ല്‍ ദര്‍ഭംഗ മെഡിക്കല്‍ കോളേജില്‍ നിന്ന് പുറത്താക്കി, അന്നു മുതല്‍ രഞ്ജിത് തന്റെ തട്ടിപ്പുകള്‍ക്ക് തുടക്കമിട്ടു. സിബിഐ അന്വേഷണത്തില്‍ ദേശീയ തലത്തിലുള്ള പേപ്പര്‍ ചോര്‍ച്ച സംഘത്തെ കണ്ടെത്തി, ഇത് രഞ്ജിത് ഡോണടക്കം 18 വ്യക്തികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 409, അഴിമതി നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്തു. അമ്മയ്ക്ക് ഒരു വാനിറ്റി വാന്‍ സമ്മാനിച്ചതും ആയിരക്കണക്കിന് വിലയുള്ള നിത്യോപയോഗ സാധനങ്ങള്‍ സ്വന്തമാക്കിയതും രഞ്ജിത് ഡോണ്‍ ശ്രദ്ധിക്കപ്പെട്ടു. തന്റെ വരുമാനം വെളുപ്പിക്കാന്‍, അദ്ദേഹം ഹിമാചല്‍ പ്രദേശില്‍ നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. കമ്പിനി നഷ്ടത്തിലാണെന്നും അതു വഴി പേപ്പര്‍ ചോര്‍ച്ചയിലെ തുക അയ്യാള്‍ നിയമ വിധേയമാക്കി. രഞ്ജിത് ഡോണിനും മറ്റുള്ളവര്‍ക്കുമെതിരായ കേസ് കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്, എല്ലാ പ്രതികളും നിലവില്‍ ജാമ്യത്തിലാണ്. നീറ്റ് 2024 അഴിമതിയുമായി ബന്ധപ്പെട്ട് വീണ്ടും ബീഹാറിലെ നളന്ദയെ കേന്ദ്രീകരിച്ചു വാര്‍ത്തകള്‍ വന്നതോടെയാണ് രഞ്ജിത് ഡോണിന്റെ പങ്ക് വെളിപ്പെടുന്നത്. നിലവില്‍ നീറ്റ് പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പിടികിട്ടാനുള്ള സഞ്ജീവ് മുഖിയ ഉള്‍പ്പടെയുള്ളവരുമായി രഞ്ജിത്തിന് അടുത്ത ബന്ധമാണ് ഉള്ളത്. സോള്‍വര്‍ ഗ്യാങ്ങിന്റെ തലവന്‍ രവി അത്രിയുമായി രഞ്ജിത്തിന് നേരിട്ടു ബന്ധമുണ്ടെന്ന് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്.
ആദ്യകാല ജീവിതം…
1994-ല്‍ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെ ദര്‍ഭംഗ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ രഞ്ജിത് ഡോണിന്റെ ആദ്യകാല ജീവിതം വിവാദങ്ങളില്‍പ്പെട്ടതാണ്. വളരെ ചെറുപ്പം മുതലേ ബീഹാറിന് പുറത്ത് മത്സര പരീക്ഷ റാക്കറ്റുകളില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം നന്നായി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്, കൂടാതെ മധ്യപ്രദേശിലെ വ്യാപം അഴിമതിയുമായി അദ്ദേഹത്തിന്റെ പേരും ബന്ധപ്പെട്ടിരിക്കുന്നു. 1990-കളില്‍ നടന്ന ഒരു ലോക്സഭാ തെരഞ്ഞെടുപ്പില്‍, ബീഹാറില്‍ നിന്നും മത്സരിച്ച ഒരു പ്രമുഖ രാഷ്ട്രീയക്കാരനു വേണ്ടി ഫണ്ട് ശരിയാക്കി നല്‍കിയത് രഞ്ജിത് ആണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ബന്ധങ്ങള്‍ ഉപയോഗിച്ച് നിരവധി പരീക്ഷാ ക്രമക്കേടുകളാണ് രഞ്ജിത് നടത്തിയത്. ഇവിടുന്നു തുടങ്ങുന്ന രഞ്ജിത് വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. എല്ലാ കാലത്തും രഞ്ജിത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പല ഘട്ടങ്ങളിലായി സംഭവന രീതിയിലും മറ്റു പണം നല്‍കിയിട്ടുണ്ട്. 2005ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നളന്ദ ജില്ലയിലെ ഹില്‍സ സീറ്റിലേക്ക് എല്‍ജെപി അദ്ദേഹത്തിന് ടിക്കറ്റ് നല്‍കുകയും പരാജയം നേരിടുകയും ചെയ്തു. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെഗുസാരായിയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം ജയിലില്‍ കിടന്ന് 67,500 വോട്ടുകള്‍ നേടി. ഭാര്യയും സഹോദരനും അദ്ദേഹത്തിനുവേണ്ടി വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച റാക്കറ്റുകളുടെ പ്രഭവകേന്ദ്രമായി നളന്ദ സ്ഥാപിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്. ഒരു പ്രത്യേക ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്വാധീനമുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി ബെഗുസാരായി മുമ്പ് ഈ കുപ്രസിദ്ധ പദവി വഹിച്ചിരുന്നുവെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വെളിപ്പെടുത്തി. എന്നിരുന്നാലും, സമൂഹത്തിന്റെ മണ്ഡലവല്‍ക്കരണത്തെത്തുടര്‍ന്ന്, ആകസ്മികമായി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വന്തം ജില്ലയായ നളന്ദ കേന്ദ്രമായി മാറി.