ഒരു രാജ്യത്തെ ജനതയോട് കൊടും ക്രൂരത കാണിക്കുന്ന ഇസ്രയേലിനെതിരേ ജയ് പലസ്തീന്‍ വിളികള്‍ ഉയര്‍ത്തി പ്രതിഷേധം അറിയിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി എം.പി. ഇന്നലെ 18-ാം ലോക്സഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സംഘര്‍ഷഭരിതമായ പശ്ചിമേഷ്യന്‍ രാജ്യത്തിന് ജയ് വിളിച്ചത് പാര്‍ലമെന്റില്‍ ഒച്ചപ്പാടുണ്ടാക്കി. ഒരര്‍ത്ഥത്തില്‍ പാര്‍ലമെന്റിനുള്ളിലെ അംഗങ്ങളെല്ലാം ഞെട്ടിപ്പോയി. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമായതിനാലാണ് എല്ലാവര്‍ക്കും അതൊരു ഷോക്കാവുകയും ചെയ്തു.
‘ജയ് പാലസ്തീന്‍’ എന്നു മാത്രമല്ല, ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന എന്നും മുദ്രാവാക്യം വിളിച്ചാണ് അസദുദ്ദീന്‍ ഒവൈസി ഡയസ് വിട്ടത്. തുടര്‍ന്ന് ചെയര്‍ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. പരാമര്‍ശങ്ങള്‍ രേഖയില്‍ ഉണ്ടാകില്ലെന്നും ചെയര്‍ അംഗങ്ങള്‍ക്ക് ഉറപ്പു നല്‍കി. എന്നാല്‍, താന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്ന് സത്യപ്രതിജ്ഞാ ചടങ്ങു കഴിഞ്ഞ് സഭയില്‍ നിന്ന് ഇറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. തന്റെ മുദ്രാവാക്യങ്ങളെ ന്യായീകരിച്ചെന്നു മാത്രമല്ല, ഇനിയും അതേ നിലപാടു തന്നെയായിരിക്കും തുടരുക എന്നും അദ്ദേഹം പറഞ്ഞു.
‘സത്യപ്രതിജ്ഞ ചെയ്ത മറ്റ് അംഗങ്ങളും ഇതുപോലുള്ള വ്യത്യസ്ത കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതെങ്ങനെ തെറ്റാകും?. ഭരണഘടനയിലെ വ്യവസ്ഥകള്‍ എന്താണ് പറയുന്നത്?. മറ്റുള്ളവര്‍ പറയുന്നത് കൂടി കേള്‍ക്കണം. എനിക്ക് പറയാനുള്ളതാണ് ഞാന്‍ പറഞ്ഞത്. പലസ്തീനിനെക്കുറിച്ച് മഹാത്മാഗാന്ധി എന്താണ് പറഞ്ഞതെന്നു വായിച്ചു നോക്കൂയെന്നും ഒവൈസി പറഞ്ഞു. എന്തിനാണ് പലസ്തീനെ പരാമര്‍ശിച്ചതെന്ന മാധ്യമ പ്രവലര്‍ത്തകരുടെ ചോദ്യത്തിന്, അവര്‍ അടിച്ചമര്‍ത്തപ്പെട്ട ആളുകളാണ്.
അതേസമയം, അസദുദ്ദീന്‍ ഒവൈസി സത്യപ്രതിജ്ഞയ്ക്കു മുമ്പായിരുന്നു ഈ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നതെങ്കില്‍ സഭയ്ക്കുള്ളില്‍ വലിയ ബഹളം ഉണ്ടാകുമായിരുന്നു. സത്യപ്രതിജ്ഞയ്ക്കു തന്നെ വിഘാതം സംഭവിക്കുകയും ചെയ്യുമായിരുന്നു. ഹൈദരാബാദ് സീറ്റില്‍ നിന്ന് അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി ഉറുദുവിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അദ്ദേഹം ഒരു പ്രാര്‍ത്ഥനയും ചൊല്ലി.
സത്യപ്രതിജ്ഞ ചെയ്ത ശേഷമായിുരുന്നു പശ്ചിമേഷ്യന്‍ രാജ്യത്തോടൊപ്പം മുസ്ലീം എന്ന എ.ഐ.എം.ഐ.എമ്മിന്റെ മുദ്രാവാക്യം ഉയര്‍ത്തിയത്. ഇതിനു പുറമെ, അദ്ദേഹം തന്റെ സംസ്ഥാനമായ തെലങ്കാനയെയും, ഭരണഘടനാ ശില്‍പ്പി ഭീംറാവു അംബേദ്കറെയും പ്രശംസിച്ചു. അദ്ദേഹത്തിന്റെ പരാമര്‍ശം ലോവര്‍ ഹൗസില്‍ ബഹളത്തിനിടയാക്കി. സത്യപ്രതിജ്ഞയല്ലാതെ മറ്റൊന്നും രേഖപ്പെടുത്തില്ലെന്ന് ചെയറില്‍ ഉണ്ടായിരുന്ന രാധാമോഹന്‍ സിംഗ് അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി. എന്നിട്ടും കുറച്ചു സമയം ബഹളം തുടര്‍ന്നു.
അതിനുശേഷമാണ് സത്യപ്രതിജ്ഞ പുനരാരംഭിച്ചത്. ഇതിനിടെ പ്രോ-ടേം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബ് ചെയറിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. അംഗങ്ങള്‍ നടത്തുന്ന സത്യപ്രതിജ്ഞയോ സ്ഥിരീകരണമോ മാത്രമാണ് സഭാരേഖയില്‍ ഉണ്ടാവുകയെന്നും പറഞ്ഞു. തുടര്‍ന്ന് പ്രോ-ടേം സ്പീക്കര്‍ സഭയ്ക്ക് റൂളിംഗ് നല്‍കി. ‘സത്യപ്രതിജ്ഞയോ സ്ഥിരീകരണമോ അല്ലാതെ മറ്റൊന്നും അഭ്യര്‍ത്ഥിക്കരുതെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അത് രേഖപ്പെടുത്താന്‍ മാത്രമുള്ളതാണ്. അത് പാലിക്കണം.’ എന്നാണ് മഹ്താബ് പറഞ്ഞത്.
എന്നാല്‍, സഭയ്ക്കുള്ളില്‍ നടത്തിയ പലസ്തീന്‍ പരാമര്‍ശത്തെക്കുറിച്ച് ചില അംഗങ്ങളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. പരാമര്‍ശങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ പരിശോധിക്കുമെന്നും പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച റിജിജു പറഞ്ഞു. ‘ഞങ്ങള്‍ക്ക് പലസ്തീനുമായോ മറ്റേതെങ്കിലും രാജ്യവുമായോ ശത്രുതയില്ല. ഒരേയൊരു പ്രശ്‌നം, സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഏതെങ്കിലും അംഗം മറ്റൊരു രാജ്യത്തെ പുകഴ്ത്തി മുദ്രാവാക്യം ഉയര്‍ത്തുന്നത് ഉചിതമാണോ എന്നതാണ്.
നിയമങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ചില അംഗങ്ങള്‍ വന്ന് സത്യപ്രതിജ്ഞയുടെ അവസാനം പലസ്തീന്‍ മുദ്രാവാക്യം ഉയര്‍ത്തുന്നതിനെക്കുറിച്ച് പരാതിപ്പെട്ടുവെന്നും കേന്ദ്രമന്ത്രി റിജിജു പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി ഒവൈസിയെ പരിഹസിക്കുകയാണ് ചെയ്തത്. ‘ഭാരത് മാതാ കീ ജയ് എന്ന് സത്യപ്രതിജ്ഞ കഴിഞ്ഞു പറയാമോ എന്നായിരുന്നു പരിഹാസം. ഒവൈസിയുടെ പരാമര്‍ശം തികച്ചും തെറ്റാണെന്നും പാര്‍ലമെന്റ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ അദ്ദേഹത്തിന് ‘ഭാരത് മാതാ കീ ജയ്’ എന്ന് പറയാന്‍ കഴിയില്ല. പക്ഷേ അദ്ദേഹത്തിന് പലസ്തീനെ വാഴ്ത്താന്‍ കഴിയും. ഇത്തരക്കാര്‍ ഭരണഘടനയുടെ പേരില്‍ ഭരണഘടനാ വിരുദ്ധ പ്രവൃത്തിയാണ് ചെയ്യുന്നത്. അത് മനസ്സിലാക്കണം,’ ബി.ജെ.പി നേതാവ് അമിത് മാളവ്യ എതിര്‍ത്തു.
ഒവൈസിയെ അയോഗ്യനാക്കാമെന്ന് അമിത് മാളവ്യ എക്‌സില്‍ പോസ്റ്റിട്ടു
‘നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, ഒരു വിദേശ രാഷ്ട്രത്തോട്, അതായത് പലസ്തീനിനോട് ചേര്‍ന്നുനില്‍ക്കുന്നതായി കാണിച്ചതിന്, അസദുദ്ദീന്‍ ഒവൈസിയെ അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കാം.’ ഒരു അംഗത്തെ അയോഗ്യനാക്കുന്നതിനുള്ള ഘടകങ്ങളിലൊന്നായി ‘ഒരു വിദേശ രാജ്യത്തോടുള്ള വിധേയത്വത്തിന്റെ ഏതെങ്കിലും അംഗീകാരമോ അനുസരണമോ’ എന്ന് പറയുന്ന നിയമത്തിന്റെ ക്ലിപ്പ് അദ്ദേഹം പോസ്റ്റ് ചെയ്തു.
ആരാണ് അസദുദ്ദീന്‍ ഒവൈസി
പാര്‍ലമെന്റിലെ നിയുക്ത എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാലസ്തീന് ജയ്വിളിച്ച് ഞെട്ടിച്ച അസദുദ്ദീന്‍ ഉവൈസി ആരാണെന്നാണ് ഇപ്പോള്‍ എല്ലാരും തിരയുന്നത്. ഇതിലും പരസ്യമായി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആര്‍ക്കാണ് സാധിക്കുക എന്നും ജനങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ട്. അറിയാം ആ ജയ് വിളിക്കാരനെ കുറിച്ച്. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി ഹൈദരാബാദില്‍ നിന്നുള്ള ലോക്‌സഭാ എം.പിയാണ്. സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഒവൈസി, നജ്മുന്നിസ ബീഗാം എന്നിവരുടെ മകനായി 1969 മേയ് 13ന് അസദുദ്ദീന്‍ ഉവൈസി ജനിച്ചു.
ഹൈദരാബാദിലെ ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ അബ്ദുള്‍ വാഹിദ് ഉവൈസി മജ്‌ലിസ് -ഇ- ഇത്തിഹാദുല്‍ മുസ്ലിമീനെ 1957 സെപ്റ്റംബര്‍ 18ന് അഖിലേന്ത്യാ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്നാക്കി മാറ്റുകയും ചെയ്തു. പിതാവ് സുല്‍ത്താന്‍ സലാഹുദ്ദീന്‍ 1962ല്‍ ആന്ധ്രാ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സലാഹുദ്ദീന്‍ 1984ല്‍ ആദ്യമായി ഹൈദരാബാദ് നിയോജകമണ്ഡലത്തില്‍ നിന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതല്‍ തിരഞ്ഞെടുപ്പു വരെ അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചു. 2008 ല്‍ സലാഹുദ്ദീന്‍ അന്തരിച്ചു. ഹൈദരാബാദിലെ നിസാം കോളേജില്‍ (ഉസ്മാനിയ യൂണിവേഴ്‌സിറ്റി) നിന്ന് അസദുദ്ദീന്‍ ഒവൈസി ബിരുദം പൂര്‍ത്തിയാക്കി.
1994ല്‍ വിസി ട്രോഫിയില്‍ സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി അണ്ടര്‍ 25 ക്രിക്കറ്റ് ടീമിനെ ഫാസ്റ്റ് ബൗളറായി പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് സൗത്ത് സോണ്‍ യൂണിവേഴ്സിറ്റി ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടു. തൊഴില്‍പരമായി ബാരിസ്റ്ററായ അദ്ദേഹം ലണ്ടനിലെ ലിങ്കണ്‍സ് ഇന്‍ എന്ന കോര്‍ട്ടിലാണ് പഠനം നടത്തിയത്. അസദുദ്ദീന്‍ ഉവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസി തെലുങ്കാന നിയമസഭയിലെ അംഗമാണ്. അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ബുര്‍ഹാനുദ്ദീന്‍ ഉവൈസിയാണ് ഉറുദു പത്രമായ ഇത്തിമാദിന്റെ എഡിറ്ററുമാണദ്ദേഹം.