Features

ഒരുതുള്ളി മദ്യത്തിനായി നെട്ടോട്ടം: അറിഞ്ഞില്ല, ആരും പറഞ്ഞില്ല ഇന്ന് ഡ്രൈ ഡേ എന്ന്; അറിയാമോ ഡ്രൈ ഡേയുടെ ചരിത്രം?

മദ്യപാനികളെ സംബന്ധിച്ച് ഇന്ന് വല്ലാത്തൊരു ദിനമാണ്. ഒരുതുള്ളി മദ്യം പോലും എവിടെയും കിട്ടില്ല. ബുദ്ധിമാന്‍മാരായ മദ്യപാനികള്‍ ഈ ദിവസം മുന്‍കൂട്ടിക്കണ്ട് മദ്യം ആവശ്യത്തിന് സ്റ്റോക്ക് ചെയിതിട്ടുണ്ടാകും. അല്ലാത്തവരെല്ലാം ഇന്നത്തെ ദിവസം നെട്ടോടമോടും. ചിലര്‍ക്ക് കുളിരും വിറയലും വരെയുണ്ടാകും. ചിലര്‍ക്കോ ഹാങ്ഓവര്‍ മാറ്റാന്‍ തുള്ളി കിട്ടാത്തതിന്റെ നിരാശയും. അഘോഷങ്ങള്‍ക്കും കടുത്ത വിഷമങ്ങള്‍ക്കും ഇന്ന് അവധി നല്‍കാനേ നിവൃത്തിയുള്ളൂ. സര്‍ക്കാരിന്റെ ഖജനാവ് നിറയ്ക്കുന്ന പ്രധാന വരുമാനം കൂടിയാണ് മദ്യവില്‍പ്പന. മദ്യ വര്‍ജ്ജനമാണ് സര്‍ക്കാര്‍ നയമെങ്കിലം മറ്രൊരു വശത്തു കൂടി മദ്യഷാപ്പുകള്‍ക്ക് അനുമതി കൊടുക്കുന്നതും നയമാക്കിയിട്ടുണ്ട്.

ഇങ്ങനെ ജനകീയ പങ്കാളിത്തത്തോടെ രണ്ടു നയങ്ങളും നടപ്പാക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നിലാണ് കേരളം. ഇന്ന് അന്താരാഷ്ട്രാ ലഹരിവിരുദ്ധ ദിനമാണ്. അതുകൊണ്ടാണ് ഇന്ന് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം ഇത് മൂന്നാമത്തെ ഡ്രൈ ഡേയാണ്. ജൂണ്‍ ഒന്ന്, 4 തീയതികളിലാണ് കേരളത്തില്‍ സമ്പൂര്‍ണ ഡ്രൈ ഡേ ആചരിച്ചത്. ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും നാലാം തിയതി ലോക് സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആയതിനാലുമാണ് സമ്പൂര്‍ണ മദ്യ നിരോധനം നടന്നത്. തുടര്‍ന്നാണ് ഇന്നും ഡ്രൈ ഡേ പ്രഖ്യാപിച്ചത്. അങ്ങനെ ഈ മാസം മൂന്നു ഡ്രൈഡേയാണ് ഉണ്ടായിരിക്കുന്നത്. സാധാരണ എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാല്‍ മദ്യപാനികള്‍ നേരത്തെ തന്നെ ഡ്രൈ ഡേ തരണം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കും.

എന്നാല്‍, അപ്രതീക്ഷിതമായി വരുന്ന ഇത്തരം ഡ്രൈ ഡേകള്‍ മദ്യപാനികള്‍ക്ക് തലവേദന കൂടിയാണ്. സംസ്ഥാനത്തെ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പന ശാലകളും സ്വകാര്യ ബാറുകളുമെല്ലാം അടഞ്ഞ് കിടക്കുകയാണ്. കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും തുറന്നിട്ടില്ല. ഇന്നലെ രാത്രി ഒമ്പത് മണിക്ക് ബീവറേജസ് കോര്‍പ്പറേഷനുകള്‍ അടച്ചതാണ്. ഇനി നാളെ രാവിലെ 9 മണിക്കേ തുറക്കൂ. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയത്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തില്‍ രണ്ട് ദിവസം മദ്യ നിരോധനമുണ്ടായിരുന്നു. 1987 മുതല്‍ ഐക്യരാഷ്ട്ര സഭയാണ് ജൂണ്‍ 26ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

അതേസമയം, എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന ഉണ്ടായിരുന്നതാണ്. ബിവറേജ് വില്‍പ്പന ശാലകള്‍ ലേലംചെയ്യുക, മൈക്രോവൈനറികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണനയിലുണ്ടായിരുന്നു. സര്‍ക്കാരിന്റെ വരുമാനവര്‍ധനയ്ക്കുള്ള നിര്‍ദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. പിന്നീട് ഇക്കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ സര്‍ക്കാര്‍ പുലിവാലു പിടിച്ചു. തുടര്‍ന്ന് തീരുമാനം തത്ക്കാലം വേണ്ടെന്നു വെയ്ക്കുകയും ചെയ്തിരിക്കുകയാണ്. വര്‍ഷത്തില്‍ 12 ദിവസം മദ്യവില്‍പ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്നായിരുന്നു അന്നത്തെ യോഗം വിലയിരുത്തിയത്.

കൂടാതെ, ഇത് ദേശീയ-അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകുമെന്ന് വിലയിരുത്തി. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഈ നിര്‍ദേശത്തെക്കുറിച്ച് കുറിപ്പ് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ യോഗത്തില്‍ എടുത്ത മറ്റു തീരുമാനങ്ങളെല്ലാം വീര്യം കുറഞ്ഞ മദ്യ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ്. മൈക്രോ വൈനറികള്‍ പ്രോത്സാഹിപ്പിക്കല്‍, മസാലചേര്‍ത്ത വൈനുകള്‍ ഉള്‍പ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കല്‍ എന്നിവയാണ്. ഇതിന്റെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കൃഷിവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. വരുമാനവര്‍ധനയ്ക്കുള്ള ശുപാര്‍ശകളില്‍ വീഞ്ഞുനിര്‍മ്മാണം പ്രോത്സാഹിപ്പിക്കാന്‍ പിന്തുണ നല്‍കണമെന്നാണ് നിര്‍ദേശം.

ഹോര്‍ട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു. കയറ്റുമതിക്കും ചില്ലറ വില്‍പ്പനവിപണികള്‍ക്കുമായി മധുരപലഹാരങ്ങളും കേക്കുകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മദ്യഉത്പന്നങ്ങള്‍ക്കും പ്രോത്സാഹനം നല്‍കാനും, കയറ്റുമതിക്കായി മദ്യം ലേബല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ദേശീയ, അന്തര്‍ദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനഃപരിശോധിക്കാനും തീരുമാനിച്ചിരുന്നു. നികുതിവരുമാനം കൂട്ടാന്‍ നിശ്ചിതയെണ്ണം ചില്ലറ മദ്യവില്‍പ്പനശാലകളുടെ നടത്തിപ്പ് ലേലംചെയ്യാനുള്ള സാധ്യതയും പരിശോധിക്കാന്‍ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, തീരുമാനങ്ങളെല്ലാം പുറത്തു വന്നതോടെ നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. ഇതോടെ ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും തീരുമാനങ്ങളില്‍ നിന്നും പതിയെ തലയൂരാനാണ് ശ്രമം നടത്തിയത്.

ഡ്രൈ ഡേ ചരിത്രം ?

മദ്യ വില്‍പ്പന പൂര്‍ണ്ണമായും ഒഴിവാക്കുന്ന ദിവസമാണ് ഡ്രൈ ഡേ. സംസ്ഥാനത്തെ പ്രധാന ഔദ്യോഗിക പരിപാടി, ഒരു പ്രത്യേക ദിവസം, തിരഞ്ഞെടുപ്പുകള്‍ എന്നിവയ്ക്കു മുന്നോടിയായി കടകളിലും ബാറുകളിലും ക്ലബ്ബുകളിലും മറ്റ് സ്ഥലങ്ങളിലും മദ്യം വില്‍ക്കുന്നത് സര്‍ക്കാര്‍ നിരോധിക്കുന്ന ദിവസങ്ങളാണ് ഡ്രൈ ഡേ ആയി പരിഗണിക്കുന്നത്. ഓരോ 3 മാസത്തിലും ഡ്രൈ ഡേ പട്ടിക സര്‍ക്കാര്‍ പുറത്തുവിടാറുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 നാണ് ഡ്രൈ ഡേ രാജ്യത്ത് ആരംഭിച്ചത്. ഗാന്ധിജിയോടുള്ള ആദരസൂചകമായി മദ്യത്തോടുള്ള അദ്ദേഹത്തിന്റെ നിലപാട് മാനിച്ചും ബോധവല്‍ക്കരണം നടത്താനുമാണ് ഡ്രൈ ഡേ കൊണ്ടുദ്ദേശിക്കുന്നത്. മദ്യവും മയക്കുമരുന്നും വില്‍ക്കുന്നതിനെ മഹാത്മാഗാന്ധി നിശിതമായി എതിര്‍ത്തിരുന്നു

‘മദ്യവും മയക്കുമരുന്നും പലരിലും മലേറിയ പോലുള്ള മാരക രോഗങ്ങളേക്കാള്‍ മോശമായി ബാധിക്കുന്നു. അത് കൂടുതല്‍ ദോഷം ചെയ്യുന്നു. മദ്യം നമ്മുടെ ശരീരത്തിനും ആത്മാവിനും ദോഷം ചെയ്യുന്നു.’ ‘ഗാന്ധിജി എഴുതിയത് ഇങ്ങനെയാണ്. ഇന്ത്യന്‍ ഭരണഘടനയിലും ഇതു സംബന്ധിച്ച് പറയുന്നുണ്ട്. ഭരണഘടനയുടെ 47-ാം അനുച്ഛേദം ഇങ്ങനെ: ‘ജനങ്ങളുടെ പോഷകാഹാര നിലവാരവും ജീവിത നിലവാരവും ഉയര്‍ത്തുന്നത് സംസ്ഥാനത്തിന്റെ പ്രാഥമിക കടമയായി കണ്ട് നിര്‍വഹിക്കണം. ലഹരി പാനീയങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ ഒഴികെയുള്ള ലഹരി മരുന്നുകളുടെ ഉപയോഗം മനുഷ്യര്‍ക്ക് ഹാനികരമായ മറ്റ് മരുന്നുകള്‍ എന്നിവ നിരോധിക്കാന്‍ സംസ്ഥാനം ശ്രമിക്കണം.’

കേരളത്തില്‍ ഡ്രൈ ഡേ വന്ന വഴി ?

എന്നാല്‍ കേരളത്തിലെ ‘ഒന്നാം തീയതി ഡ്രൈ ഡേ’ പ്രാബല്യത്തിലായത് വിചിത്രമെന്ന് പറയാവുന്ന ഒരു കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്. 2003 മാര്‍ച്ച് 14നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. രണ്ടാഴ്ച കഴിഞ്ഞ് ഏപ്രില്‍ ഒന്നിന് മുതല്‍ പ്രാബല്യത്തിലും വന്നു. തികഞ്ഞ ഗാന്ധിയനായ എ.കെ ആന്റണിയായിരുന്നു അന്ന് മുഖ്യമന്ത്രി (2001-04 ). സാധാരണ ഗതിയില്‍ ‘ ഇംഗ്ലീഷ് മാസം’ ഒന്നാം തീയതിയായിരുന്നു സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത്. അന്ന് ഒന്നാം തീയതി ശമ്പളം വാങ്ങുന്നവര്‍ അന്നേ ദിവസം മദ്യത്തിനായി ഏറെ പണം ചെലവഴിക്കുന്നു എന്ന സുപ്രധാന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 2003-2004ലെ മദ്യനയത്തിന്റെ ഭാഗമായി ഒന്നാം തീയതി ഡ്രൈ ഡേ നടപ്പിലാക്കാന്‍ ആന്റണി സര്‍ക്കാര്‍ തീരുമാനിച്ചത്.

അങ്ങനെ സമ്പൂര്‍ണ മദ്യ നിരോധനം ഇല്ലാത്ത രാജ്യത്തെ സംസ്ഥാനങ്ങളില്‍ ഏറ്റവും അധികം ദിവസം മദ്യവില്പനയില്ലാത്ത സംസ്ഥാനമായി കേരളം. 21 വര്‍ഷമായി ഒരു വര്‍ഷം 12 ദിവസം എന്ന കണക്കില്‍ 252 ദിവസം കേരളത്തില്‍ മദ്യം വിറ്റില്ല. ഇതിനൊരു പശ്ചാത്തലമുണ്ട്. ഇരുപത്തെട്ടു വര്‍ഷം മുമ്പ് പാവപ്പെട്ട കുടുംബങ്ങളിലെ കണ്ണീരൊപ്പാന്‍ ചാരായ നിരോധനം നടപ്പാക്കിയതും മദ്യ വിരുദ്ധനായ എ.കെ ആന്റണിയുടെ നേതൃത്വത്തിലെ സര്‍ക്കാര്‍ ആയിരുന്നു. കുടുംബനാഥന്മാര്‍ അന്നന്ന് അധ്വാനിച്ച് കിട്ടുന്ന പണം മുഴുവന്‍ ചാരായ ഷാപ്പുകളില്‍ തീര്‍ക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് 1996 ഏപ്രില്‍ ഒന്നിന് കേരളത്തില്‍ ചാരായം നിരോധിച്ചത്.

എന്നാല്‍ ഈ തീരുമാനം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ കടാക്ഷിച്ചുമില്ല, മദ്യത്തിന് വേണ്ടി പണം ചെലവഴിക്കാത്ത കേരളവും ഉണ്ടായില്ല. മറിച്ച്, മലയാളി വീണ്ടും വാശിയോടെ കുടിച്ചു. വിലകുറഞ്ഞ ചാരായത്തേക്കാള്‍ വിലയേറിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം എന്ന പേരില്‍ സര്‍ക്കാര്‍ തന്നെ വിറ്റഴിച്ച മദ്യം. പിന്നീട് കണ്ടത്, ദേശീയ തലത്തില്‍ മലയാളിയുടെ കുടി ഒന്നാമതായ വാര്‍ത്തകളായിരുന്നു. അങ്ങനെ 2001ല്‍ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തില്‍ വന്ന സര്‍ക്കാര്‍ മദ്യത്തെ കടിഞ്ഞാണിടാന്‍ വീണ്ടും മാര്‍ഗങ്ങള്‍ തേടി. അതിലൊന്നായിരുന്നു ഒന്നാം തീയതിയിലെ കുടി നിര്‍ത്തല്‍. ഈ തീരുമാനത്തെക്കുറിച്ച് ഭിന്നാഭിപ്രായം ഉയര്‍ന്നെങ്കിലും പിന്നീടുവന്ന സര്‍ക്കാരുകളും അത് മാറ്റാന്‍ തയാറായില്ല എന്നതാണ് വസ്തുത.

എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല മദ്യപിക്കുന്നത് എന്നും എല്ലാ ജീവനക്കാര്‍ക്കും ശമ്പളം കിട്ടുന്നത് ഒന്നാം തീയതി അല്ലാ എന്നുമുള്ള വാദങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തിന് തടസ്സമായില്ല. പിന്നീട് വിനോദസഞ്ചാരികള്‍ക്ക് ഈ തീരുമാനം അസൗകര്യമാണ് എന്ന വാദത്തിനാണ് അല്‍പ്പമെങ്കിലും ശക്തി കിട്ടിയത്. എന്നാല്‍, ജനനത്തിനും, മരണത്തിനും മദ്യം സേവിക്കുന്നത് മലയാളികള്‍ക്ക് ഒരു ചടങ്ങായി മാറിക്കഴിഞ്ഞു. മലയാളിയുടെ കുടി ഏതാണ്ട് ലോകപ്രശസ്തമായിക്കഴിഞ്ഞിട്ടുണ്ട്. എന്തായാലും മദ്യം കഴിക്കണമെന്നുളളവര്‍ ഡ്രൈ ഡേയിലും അത് ഏതു വിധേനയും തരപ്പെടുത്തിക്കഴിച്ചിരിക്കുമെന്നതില്‍ തര്‍ക്കമുണ്ടാകില്ല.