ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഒരു വശത്ത് രക്ഷിക്കുകയും മറുവശത്ത് അകാരണമായി ശിക്ഷിക്കുകയും ചെയ്യാന്‍ ശ്രമിക്കുന്നുണ്ടോ എന്ന ആശയക്കുഴപ്പത്തിലാണ് KSRTC ജീവനക്കാര്‍ ഇപ്പോള്‍. ശമ്പളം ഒറ്റത്തവണയായി നല്‍കാന്‍ നടപടി എടുക്കുമെന്ന് മന്ത്രി പറയുന്നത് ജീനക്കാരെ രക്ഷിക്കാന്‍ വേണ്ടിയാണ്. എന്നാല്‍, മറുവശത്ത് ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് ജീവനക്കാരെല്ലാം മദ്യപാനികളണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ശിക്ഷിക്കാന്‍ വേണ്ടിയല്ലേ എന്ന ആശങ്കയും. മദ്യം കൈകൊണ്ടു തൊടാത്തവര്‍ പോലും ബ്രീത്ത് അനലൈസറിന്റെ മുമ്പില്‍ കീഴടങ്ങുകയാണ്.
ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ബ്രീത്ത് അനലൈസര്‍ പ്രത്യേകതകള്‍ കൊണ്ട് അത്യാധുനികമാണ്. മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടിക്കാന്‍ ഇന്ന് രാവിലെ കോതമംഗലം ഡിപ്പോയില്‍ ഒരു സ്‌പെഷ്യല്‍ ഡ്രൈവ് നടന്നു. ബ്രീത്ത് അനലൈസറുമായി KSRTCയിലെ ഇന്‍സ്‌പെക്ടര്‍മാരുടെ സംഘം എത്തി. സര്‍വീസ് പോകാന്‍ എത്തിയ ജീവനക്കാരെ ചെക്ക്‌ചെയ്തു. പാലക്കാട് സര്‍വീസ് പോകാന്‍ വന്ന ജീവനക്കാരെയും ബ്രീത്ത് അനലൈസറില്‍ ഊതിച്ചു. 39 ശതമാനം റീഡിംഗ് കാണിച്ചതോടെ മദ്യം ഉപയോഗിക്കാത്ത കണ്ടക്ടര്‍ ഇതിനെ എതിര്‍ത്തു. വന്ന ഉദ്യോഗസ്ഥരുമായി തര്‍ക്കമായതോടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററെ ബ്രീത്ത് അനലൈസറില്‍ ഊതിക്കാന്‍ ആവശ്യപ്പെട്ടു.
സ്റ്റേഷന്‍ മാസ്റ്റര്‍ ഊതിയപ്പോള്‍ റീഡിംഗ് 40 ശതമാനം കാണിച്ചു. സ്റ്റേഷന്‍മാസ്റ്റര്‍ക്കും റീഡിംഗ് വന്നതോടെ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും സംശയമായി. തുടര്‍ന്ന് സംശ നിവാരണത്തിനായി ഡിപ്പോയിലെ സ്വീപ്പറെക്കൊണ്ട്(വനിത)കൂടി ഊതിച്ചു നോക്കാന്‍ തീരുമാനിച്ചു. സ്വീപ്പര്‍ ഊതിയപ്പോള്‍ റീഡിംഗ് 48 ശതമാനം. ഇതോടെ മെഷീന്‍ തകരാറാണെന്ന് സ്ഥിരീകരിക്കാനായി സ്‌േെപഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറോടും ഊതിനോക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. നിര്‍വാഹമില്ലാതെ, ബ്രീത്ത് അനലൈസര്‍ കൊണ്ട് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥനും ഊതി.
അദ്ദേഹത്തിന്റെ റീഡിംഗ് 45 ശതമാനം കാണിച്ചതോടെ കോതമംഗലം ഡിപ്പോയില്‍ പരിശോധിക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ അടക്കം എല്ലാവരും മദ്യപാനികളാണെന്ന് അത്യാധുനിക ബ്രീത്ത് അനലൈസര്‍ കണ്ടെത്തി. എന്നാലും, അങ്ങനെ വരാന്‍ വഴിയില്ലെന്ന് ഉറപ്പിച്ച് മറ്റൊരു ജീവനക്കാരനെയും ഊതിച്ചു. അയാള്‍ക്കും 35 ശതമാനം റീഡിംഗാണ് കാണിച്ചത്. ഊതിയവരിലും, ഊതിച്ചവരിലും മദ്യപാനികളായി ആരുമില്ലെന്നതാണ് വാസ്തവം. മദ്യപിച്ച ജീവനക്കാരെ ഊതിക്കാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ വളരെ ജാഗ്രതയോയും കരുതലോടും കൂടിയേ വരികയുള്ളൂ എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
മദ്യപിച്ചു കൊണ്ട് ബ്രീത്ത് അനലൈസറുമായി എത്തി, ജീവനക്കാരെ പരിശോധിക്കാന്‍ നിന്നാല്‍ ആ ഉദ്യോഗസ്ഥന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. അതുകൊണ്ട് സല്‍സ്വഭാവികളെ മാതമേ ബ്രീത്ത് അനലൈസറുമായി വിടാറുള്ളൂ. അങ്ങനെ എത്തിയ സല്‍സ്വഭാവിയായ ഉദ്യോഗസ്ഥനു വരെ ബ്രീത്ത് അനലൈസര്‍ നല്‍കിയ റീഡിംഗ് മുഴു കുടിയന്റേതാണ് എന്നതാണ് ഇന്ന് രാവിലെ കോതമംഗലം ഡിപ്പോയില്‍ തെളിഞ്ഞത്.
പിടിക്കപ്പെട്ടവര്‍ എല്ലാരും മദ്യപാനികളോ ?
മദ്യപിക്കാത്തവര്‍ക്കും മദ്യപാനി പട്ടം ചാര്‍ത്തിക്കൊടുക്കുന്ന ബ്രീത്ത് അനലൈസര്‍ മെഷീനുകളെ എങ്ങനെ വിശ്വാസത്തില്‍ എടുക്കണമെന്ന് ചിന്തിക്കേണ്ടതാണ് (മദ്യപിക്കുന്നരും KSRTCയില്‍ ഉണ്ടെന്നത് മറക്കുന്നില്ല). മദ്യപിക്കാത്തവരെ മദ്യപാനികളാക്കി തീര്‍ക്കാന്‍ വേണ്ടി KSRTC ചിലവഴിച്ച തുക 7.60 ലക്ഷം രൂപയാണ്. മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ വെച്ച കണക്കനുസരിച്ച് മദ്യപിച്ച് ജോലിക്കെത്തി പിടിക്കപ്പെട്ടവരുടെ എണ്ണം 319 പേരും. ഇവരില്‍ എത്രപേര്‍ നിരപരാധികള്‍ ആയിരിക്കുമെന്ന് ആര്‍ക്കറിയാം. 2021 ജൂലായ് മുതല്‍ 2024 ജൂണ്‍ വരെയുള്ള കണക്കാണ് നിയമസഭയില്‍ വെച്ചത്. ഇതില്‍ 304 ജീവനക്കാര്‍ മദ്യപിച്ച് ഡ്യൂട്ടി ചെയ്യവേ പിടിക്കപ്പെട്ടവരും, 15 ജീവനക്കാര്‍ മദ്യപിച്ച നിലയില്‍ ഡിപ്പോയിലെ വിശ്രമമുറിയില്‍ നിന്നും കണ്ടെത്തിയതുമാണ് എന്നാണ് മന്ത്രി പറഞ്ഞത്.
ബ്രീത്ത് അനലൈസറുകള്‍ക്ക് ഗുണനിലവാരമുണ്ടോ ?
മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടിക്കാനായി KSRTCയില്‍ 20 ആള്‍ക്കഹോള്‍ ബ്രീത്ത് അനലൈസര്‍ വിത്ത് പ്രിന്റര്‍, ക്യാമറ, ആന്റ് ജി.പി.എസ് സംവിധാനം ഉള്ളത് വാങ്ങിയിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. ഒരെണ്ണത്തിന്റെ വില 38012.52 രൂപയാണ്. 20 എണ്ണത്തിന് 760250.40 രൂപ ചെലവിട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചിട്ടുണ്ട്. 2023-24 കാലഘട്ടത്തിലാണ് ബ്രീത്ത് അനലൈസര്‍ വാങ്ങിയത്. ഇത്രയും സംവിധാനങ്ങളുള്ള ബ്രീത്ത് അനലൈസര്‍ വാങ്ങാന്‍ ടെണ്ടര്‍ വിളിച്ചിരുന്നോ എന്ന ചോദ്യം സാമാന്യ ബുദ്ധിയില്‍ ചോദിക്കുന്ന ജീവനക്കാരുണ്ട്. ആമസോണിലും, പൊതു വിപണിയിലും 15,000 രൂപയില്‍ താഴെ മാത്രം വിലയുള്ള(അതും മാക്‌സിമം) ബ്രീത്ത് അലൈസര്‍ ലഭ്യമാകുമ്പോള്‍ എന്തിനാണ് ഇത്രയം വിലകൂടിയ ബ്രീത്ത് അനലൈസര്‍ വാങ്ങിയതെന്നും ചോദ്യം ഉയരുന്നുണ്ട്.
ജീവനക്കാര്‍ ചോദിക്കുന്നു, മദ്യപാനത്തില്‍ എന്തുകൊണ്ട് കോടതി വിധി പാലിക്കുന്നില്ല
ഒരാള്‍ തലേ ദിവസം മദ്യപിച്ചു എന്ന് വയ്ക്കുക. ഇന്റൊക്‌സിക്കേറ്റഡ് അവസ്ഥയില്‍ ആകണം എങ്കില്‍ മിനിമം 35 ശതമാനം ആല്‍ക്കഹോള്‍ ശരീരത്തില്‍ കാണണം. തലേ ദിവസം കഴിച്ച അളവ് നേരം വെളുത്തു വരുമ്പോള്‍ കുറഞ്ഞു വരുന്നത് കൊണ്ടാണ് 14 ശതമാനവും 15 ശതമാനവുമൊക്കെയായി കാണപ്പെടുന്നത്. രാവിലെ ഒരു പത്ത് മണിക്ക് ഊതിച്ചാല്‍ ചിലപ്പോള്‍ ഒരു ശതമാനം പോലും കണ്ടന്റ് കാണില്ല. അതാണ് പ്രൈവറ്റ് ബസ്സ് ഓണേര്‍ഴ്‌സ് കോടതിയില്‍ പോയി അങ്ങനെ ഒരു വിധി വാങ്ങിയത്. പത്ത് മണിക്ക് ശേഷം ഊതിക്കണമെന്ന്. കോടതിവിധി എല്ലാവര്‍ക്കും ബാധകമാണ്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് അത് ബാധകം തന്നെയാണ്. തീര്‍ച്ചയായും ഊതിക്കേണ്ട സമയം 10 മണിക്ക് ശേഷം തന്നെയാണ് എന്നാണ് ജീവനക്കാര്‍ പ്രതികരിക്കുന്നത്.