70-കളില്‍ തൊഴില്‍ രഹിതരായ പല യുവാക്കളുടേയും ഒരു വരുമാന മാര്‍ഗ്ഗമായിരുന്നു ”തവളപിടുത്തം”!
”ഒരു ചണ നൂല്‍ ചാക്ക്, വാടകയ്‌ക്കെടുത്ത ഒരു പെട്രോള്‍മാക്‌സ്.” ഇവയാണ് പണി ആയുധങ്ങൾ..ഒരിടത്തൊരു ഫയൽവാൻ എന്ന സിനിമ തുടങ്ങുന്നത് തന്നെ ഈ തവള പിടിത്തം കാണിച്ചാണ്.
ഇതിനെ കുറിച്ച് ബാലരമയിൽ ഒരു കുട്ടി പാട്ടുണ്ടായിരുന്നു.
പോക്കാൻ തവളെ
മിണ്ടാതിരിയ ടാ
തൊള്ള തുറക്കല്ലേ
അന്തിക്കിങ്ങനെ
തൊള്ള തുറന്നാൽ
എന്താണെന്നല്ലേ?
ചാക്കുമെടുത്ത്
വിളക്കും തൂക്കി
പാർട്ടി വരുന്നുണ്ട്
തൂക്കിയെടുത്താൽ
നിന്നെ വിടില്ലവർ
ചക്കിനകത്താക്കും..
തവളപിടിത്ത കഥ അറിയണ്ടേ? ഒരു രാത്രിയില്‍ 50 തവളയ്ക്ക് മുകളില്‍ എണ്ണമെങ്കിലും ഒരാള്‍ ചാക്കിലാക്കിയിരിക്കും. 40 പൈസ മുതല്‍ 75 പൈസ വരെയായിരുന്നു ഒരു തവളയ്ക്ക് അന്ന് ലഭിച്ചിരുന്ന വില.! ഇത് മാത്രം അല്ല കേട്ടോ ഒരു തവള ഒരു ദിവസം അതിൻ്റെ ശരീരഭാരത്തിൻ്റെ ഇരട്ടിയോളം കീടങ്ങളെ തിന്നിരുന്നു. തവളകൾ കുറഞ്ഞതോടുകൂടി നമ്മുടെ പാടങ്ങളിൽ കീടങ്ങൾ അധികമായി ഈ കീടങ്ങളെ കൊല്ലാൻ കീടനാശിനി അടിക്കേണ്ടതായി വന്നു ഈ കീടനാശിനിയുടെ പേറ്റൻ്റ് വിദേശരാജ്യങ്ങൾക്കായിരുന്നു ഈ കീടനാശിനി അടിച്ചാൽ മനുഷ്യന് വരുന്ന അസുഖങ്ങളുടെ മരുന്നിനുള്ള പാറ്റൻ്റും അവർക്കായിരുന്നു.
ഫലത്തിൽ 75 പൈസ തന്ന് വലിയൊരു മരുന്നു മാർക്കറ്റ് ആണ് അവർ അന്ന് തുറന്നത്. എന്താല്ലേ.. തീർന്നിട്ടില്ല ഇനിയും ഉണ്ട്.
ദളിത് വിഭാഗത്തില്‍പ്പെടുന്ന തമിഴന്‍മാരായ നാടോടികളാണ് ‘തവള പിടുത്ത’ക്കാരായി അറിയപ്പെട്ടിരുന്നത്. അവരില്‍ നിന്ന് ‘തവളവേട്ട’യുടെ ഗുട്ടന്‍സ് മനസ്സിലാക്കിയ നമ്മുടെ യുവാക്കളും ഈ ഫീല്‍ഡിലേക്കിറങ്ങിയതോടെ 70-കളില്‍ കേരളത്തില്‍ തവളപിടുത്തം സജീവമായി. നാട്ടിന്‍ പുറത്തെ വെള്ളം നിറഞ്ഞ വയല്‍ വരമ്പുകളില്‍ കൂടി രാത്രിയുടെ ഇരുട്ടില്‍ രണ്ട് പേരടങ്ങുന്ന സംഘം അങ്ങോട്ടും, ഇങ്ങോട്ടും നീങ്ങുന്നത് അക്കാലത്തെ പതിവ് കാഴ്ചയായിരുന്നു. ഒരാളുടെ കയ്യില്‍ വെളിച്ചത്തിനായുള്ള പെട്രോള്‍മാക്‌സ്. ചുമലില്‍ തൂക്കിയിട്ട ചാക്കുമായി അപരനും. പെട്രോള്‍ മാക്‌സിന്റെ മുകള്‍ ഭാഗം അടച്ചതിനാല്‍ അവരുടെ മുഖം കാണാനാകില്ല. നിഗൂഡതകളുടെ നിഴലുകളായ ഇവരുടെ ‘കുശുകുശുവും, അടക്കം പറച്ചിലു’മെല്ലാം കുട്ടിക്കാലത്ത് വല്ലാത്തൊരു ഭയമായിരുന്നു. തവള പിടുത്തക്കാര്‍ ഏതോ ഭീകരന്‍മാണെന്ന ബോധമായിരുന്നു പൊതുവില്‍ അന്നുണ്ടായിരുന്നത്.
വയലിലും, കുളത്തിലും സംഗീതക്കച്ചേരിയുമായി തവളകള്‍ രാത്രിയെ കാമിക്കുമ്പോള്‍, പതുങ്ങിയെത്തുന്ന തവള പിടുത്തക്കാര്‍ ഇരുട്ടിനേയും തവളകളേയും പരാജയപ്പെടുത്തും. തവളയുടെ അടുത്തേക്ക് പെട്രോമാക്‌സ് സാവകാശം അടുപ്പിച്ച് പിടിക്കും. വെളിച്ചത്തിന്റെ പ്രസരിപ്പില്‍ തവളയുടെ കണ്ണുകള്‍ തിളങ്ങുന്നതിനിടെ, അവയുടെ അരക്കെട്ടില്‍ ഒരാളുടെ ശക്തമായ പിടി വീഴും. തുടര്‍ന്ന് ചുരുട്ടിപ്പിടിച്ച ചാക്ക് നിവര്‍ത്തി അതിനുളളിലേയക്ക് തവളയെ ഒരേറ്. തീര്‍ന്നു കാര്യം. അതോടെ 75 പൈസ ചാക്കിനുള്ളിലായി. ഇടത്തരം മേല്‍ത്തരം തവളകളെ മാത്രമേ പിടികൂടുകയുള്ളൂ. ‘പോക്‌സോ പ്രായക്കാരെ’ പിടിക്കില്ല. അന്നും പോക്സോ കേസ് ഉണ്ടോ പോലും..അറിയില്ല വളരട്ടെ എന്നാലേ 75പൈസ ആവു.. അങ്ങനെ അവര്‍ക്ക് പ്രായപൂര്‍ത്തിയാകാനുള്ള സമയം അനുവദിക്കും.
ചാക്കും, പെട്രോള്‍ മാക്‌സുമായി തവള വേട്ടയ്ക്കിറങ്ങിയാല്‍, ഭൂമിയില്‍ മനുഷ്യരുണ്ട് എന്ന ചിന്ത പോലും പാടില്ല. ഉച്ചത്തില്‍ സംസാരിക്കരുത്.
തികഞ്ഞ നിശബ്ദതയാണ് തവള പിടുത്ത തൊഴിലിന്റെ ഭാഷ. ഈ തൊഴിലിന് വേണ്ട അടിസ്ഥാന യോഗ്യതകള്‍ വേറേയുമുണ്ട്. മറ്റുള്ളവന്റെ വേലി പൊളിച്ചോ, പാടത്തും, തോട്ടിലും നൂണ്ടും, നൂഴുഞ്ഞുകേറ്റം നടത്തിയും രാത്രിയില്‍ നിര്‍ഭയം സഞ്ചരിക്കാനുള്ള ധൈര്യം ഉണ്ടായിരിക്കണം. ‘പ്രേതസങ്കല്‍പ്പം, സര്‍പ്പഭീതി’ എന്നിവ ഒട്ടും പാടില്ല. ഏകാഗ്രതയും, സൂക്ഷ്മതയും ഉണ്ടാവുക കൂടി ചെയ്താല്‍ ഏതൊരാള്‍ക്കും ഒരു നല്ല ‘തവളപിടുത്ത’ക്കാരനാകാം. ചാക്കുമായി ഇറങ്ങിത്തിരിച്ചാല്‍ പിന്നെ, ഒരു ലക്ഷ്യമേ പാടുള്ളൂ. തവള മാത്രം.
തവള ശേഖരണത്തിനുള്ള ചാക്ക് ചണ നിര്‍മ്മിതമായിരിക്കണം. ചാക്കിനുള്ളിലെ ബന്ധനത്തില്‍ ആകാവുന്നത്ര തരത്തില്‍ തവളകള്‍ പ്രതിഷേധിക്കും. തവളകളുടെ ട്രിപ്പീസും, ഹൈജമ്പും, ലോംഗ്ജമ്പുമെല്ലാം ചാക്കിനുള്ളില്‍ അരങ്ങേറും. ഇക്കാരണത്താല്‍ ചാക്ക് പൊട്ടിപ്പോകാതിരിക്കാനുള്ള മുന്‍ കരുതല്‍ തവള പിടുത്തക്കാര്‍ കൈ കൊള്ളും. ചാക്കിനകത്ത് അകപ്പെട്ടാല്‍ തവള സംഗീതം ഒരു തരം മോങ്ങലായാണ് പിന്നീട് ശ്രവ്യമാവുക. പിടിയിലാകാത്ത തവളകളുടെ സംഗീതം വയലില്‍ നിന്നും, ചാക്കിലായ തവളകളുടെ മോങ്ങല്‍ അതിനുള്ളില്‍ നിന്നും തുടര്‍ന്നു കൊണ്ടിരിക്കെ, തവള പിടുത്തക്കാര്‍ വരുമാന ഗണിതത്തില്‍ തല പുകയുകയാവും. ഈ ജോലിയെക്കുറിച്ച് ആരും പുറത്ത് പറയില്ല. തവളപിടുത്തം എന്ന കാററഗറി പുറത്തറിയുന്നത് കുറച്ചിലാണ്. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ പലരും രഹസ്യമായി ഈ തൊഴിലില്‍ ഏര്‍പ്പിട്ടിരുന്നു എന്നതാണ് വസ്തുത. രാത്രിയിലെ മുഖം വേറെ. പകല്‍ മുഖം വേറെ.
കരയിലും, വെള്ളത്തിലുമായി ജീവിക്കുന്ന ഉഭയ ജീവികളായ മൂവ്വായിരത്തോളം സ്പീഷീസ് തവളകളെ ലോകത്ത് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ തവളകളും ഭക്ഷ്യ യോഗ്യമല്ല.
തവള ഇറച്ചിയുടെ പ്രോസസിംഗ് ലളിതമാണ്. തവളയുടെ അരക്കെട്ടിന് താഴെയാണ് ഭക്ഷ്യ യോഗ്യമായ ഭാഗം. ഒറ്റവെട്ടിന് അരക്കെട്ട് വേറെ. തലഭാഗം വേറെ. പിന്നീട് തൊലിയുരിഞ്ഞാല്‍ പ്രത്യക്ഷമാവുന്ന വെളുത്തു തുടുത്ത മാംസമാണ് സായിപ്പിന് പ്രിയം. തുടയില്‍ നിന്ന് കാല്‍ വിരല്‍ വരെ നീണ്ട് കിടക്കുന്ന ഞരമ്പ് (ബലമില്ലാത്ത അസ്ഥി) ഊരി മാറ്റണം. ഈ ഞരമ്പ് അകത്തായാല്‍ അപകടമാണത്രേ. തവളക്കാല്‍ വേര്‍ തിരിച്ചെടുത്ത് ഐസ് ക്യൂബ് നിറച്ച പെട്ടിയില്‍ പായ്ക്ക് ചെയ്ത് മദിരാശിയിലേക്കാണ് അന്ന് കേറ്റിയിരുന്നത്. അവിടെ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നുവത്രെ. കേരളത്തില്‍ 200 ഇനത്തിലുള്ള തവളകളുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ”ലിത്തോബേറ്റ്‌സ് കാറ്റസ് ബീയനസ്സ്” എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന പച്ചത്തവളകളെ ‘ബുള്‍ഫ്രോഗ്’ എന്നാണ് സായിപ്പന്‍മാര്‍ വിളിച്ചിരുന്നത്. ഏറെ രുചികരമാണത്രേ ഇതിന്റെ മാംസം. ഇതിന് നല്ല ഡിമാന്റുമുണ്ടായിരുന്നു. പര്‍പ്പിള്‍ തവള, മലബാര്‍ ടോറന്‍ തവള, ഗ്ലൈഡിങ് തവള തുടങ്ങിയ ഇനങ്ങളേയും നമ്മുടെ നാട്ടില്‍ കണ്ടു വരുന്നു.
വംശ നാശ ഭീഷണിയില്‍ നിന്ന് തവളകളെ സംരക്ഷിക്കുവാനായി 1982-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമം കൊണ്ട് വന്നതോടെ, തവള പിടുത്തവും സംസ്‌ക്കരണവും നിരോധിച്ചു.