Features

ഒച്ചിഴയും പോലെ വന്ദേഭാരത്: കെ-റെയിലിനെ വെട്ടിയ വന്ദേഭാരതിന്റെ വേഗത ഇത്രേയുള്ളോ ?

വേണ്ടത് കെ-റെയിലോ-വന്ദേഭാരതോ ?

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിനെ തകര്‍ത്തു കളഞ്ഞ വന്ദേഭാരത് ട്രെയിനിന്റെ വേഗത എത്രയാണെന്ന് അറിയാമോ. മൂന്നു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്നും-എറണാകുളത്ത് എത്തുമെന്നൊക്കെ മേനി പറഞ്ഞവരെയൊന്നും ഇപ്പോള്‍ കാണാനില്ല. വന്ദേഭാരത് ട്രെയിനിന്റെ വേഗതയില്‍ കള്ളത്തരമുണ്ടോ എന്ന ചോദ്യമാണ് യാത്രക്കാരില്‍ നിന്നും ഉയരുന്നത്. റെയില്‍വേ മന്ത്രാലയം തന്നെ വന്ദേഭാരതിന്റെ വേഗതയെ സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തു വിട്ടതോടെ, കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നു. എല്ലാവരും കൊട്ടിഘോഷിച്ച വന്ദേഭാരതിന്റെ യഥാര്‍ഥ വേഗത എത്രയാണ്. 160 കിലോമീറ്റര്‍ വേഗതയില്‍ വന്ദേഭാരത് ഓടുന്നുവെന്ന് വിശ്വസിച്ചവര്‍ക്കു തെറ്റി.

വിവരാവകാശ രേഖ പ്രകാരം വെറും 80 കിലോമീറ്ററിനു താഴെ മാത്രമാണ് ഈ അത്യാധുനിക ട്രെയിനിന്റെ വേഗത. അതിവേഗത്തിനൊപ്പം അഡംബരവും നിറച്ച് പുത്തന്‍ യാത്രാ സൗകര്യങ്ങളോടും കൂടിയാണ് വന്ദേഭാരത് ട്രാക്കിലിറങ്ങിയത്. എന്നാല്‍, സര്‍വ്വീസ് ആരംഭിച്ച് നാല് വര്‍ഷത്തോളം പിന്നിടുമ്പോഴും യാത്രക്കാര്‍ക്ക് വന്ദേഭാരതിനോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല. സര്‍വ്വീസ് നടത്തുന്ന എല്ലാ റൂട്ടുകളിലും ഇപ്പോഴും വന്‍ ഹിറ്റു തന്നെയാണ്. 160 കിലോമീറ്റര്‍ വേഗത്തില്‍ വരെ വന്ദേഭാരത് ട്രെയിനിന് സഞ്ചരിക്കാനാകുമെന്നത് വസ്തുതയാണ്. പക്ഷെ, ട്രെയിന്‍ ഓടുന്ന ട്രാക്കുകള്‍ ഈ വേഗതയ്ക്കു പറ്റിയതല്ല. ഇന്ത്യയിലെ മിക്ക ട്രാക്കുകളുടെയും സൗകര്യം വെച്ച് ഇത്രയും വേഗം കൈവരിക്കാന്‍ സാധിക്കില്ലെന്ന് റെയില്‍വേ തന്നെ വ്യക്തമാക്കുകയാണ്.

എന്നാല്‍, 100 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗത്തിലെങ്കിലും വന്ദേഭാരത് സഞ്ചരിക്കുമെന്നാണ് യാത്രക്കാര്‍ കരുതിയിരുന്നത്. ഇപ്പോള്‍ വന്ദേഭാരത് ട്രെയിനുകള്‍ സഞ്ചരിക്കുന്ന വേഗതയുടെ ശരാശരി കണക്കുകള്‍ ഇങ്ങനെയാണ് 2020-21 കാലയളവില്‍ വന്ദേഭാരതിന്റെ ശരാശരി വേഗത 84.48 കിലോമീറ്ററായി ചുരുക്കിയിട്ടുണ്ടായിരുന്നു. റെയില്‍വേ മന്ത്രാലയം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023-2024 ആയപ്പോഴേക്കും വേഗത 76.25 കിലോമീറ്റര്‍ ആക്കി വീണ്ടും കുറച്ചിരിക്കുകയാണ്. ട്രാക്കുകളില്‍ നടക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികളാണ് വേഗത കുറയ്ക്കാന്‍ കാരണമായത്. വന്ദേഭാരതിനെ കൂടാതെ രാജ്യത്ത് സര്‍വ്വീസ് നടത്തുന്ന മറ്റു ട്രെയിനുകളുടെയും വേഗത കുറയ്‌ക്കേണ്ടി വന്നിട്ടുണ്ട്.

ഇതു കൂടാതെ, ഭൂമിശാസ്ത്രപരമായ കാരണങ്ങളും, തീവ്രമായ കാലാവസ്ഥാ വ്യതിയാനവും മൂലം ചില റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന വന്ദേഭാരതിന്റെ വേഗതയില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇത് റെയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുംബായ് മുതല്‍ മെഗ്ഡൗണ്‍ വരെ സര്‍വ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളെ ഉദ്ധരിച്ചാണ് ഇക്കാര്യം പറയുന്നത്. കൊങ്കണ്‍പാത ആയതുകൊണ്ടു തന്നെ ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വന്ദേഭാരതിന്റെ പരമാവധി വേഗത 75 കിലോമീറ്ററാണ്. ഈ മേഖലയില്‍ ട്രെയിന്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നത് വലിയ വെല്ലുവിളിയാണ്.

2020-21ല്‍ 84.48 കിലോ മീറ്റര്‍ ആയിരുന്നു
2022-23ല്‍ 81.38 കിലോമീറ്ററായി കുറഞ്ഞു
2023-24ല്‍ 76.25 കിലോമീറ്ററായി വീണ്ടും കുറയുകയാണുണ്ടായതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

2019ല്‍ വന്ദേഭാരത് സര്‍വ്വീസ് ആരംഭിക്കുന്നത്, ഇന്ത്യന്‍ ട്രാക്കുകളില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെട്ടു കൊണ്ടാണ്. എന്നാല്‍, ഡെല്‍ഹി-ആഗ്രാ റൂട്ടില്‍ വന്ദേഭാരതിന്റെ വേഗത 130 കിലോമീറ്ററാണ്. ഇവിടെയല്ലാതെ മറ്റെവിടെയും വന്ദേഭാരതിന് ഇതുവരെ റെയില്‍വേ പറയുന്ന വേഗം കൈവരിക്കാനായിട്ടില്ല. ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനായ ‘ഗതിമാന്‍ എക്‌സ്പ്രസിന്’ 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിനായി 2016ല്‍ വികസിപ്പിച്ചെടുത്ത ചില ട്രാക്കുകള്‍ ഡെല്‍ഹി-ആഗ്രാ റൂട്ടിലുണ്ട്. ഈ മേഖലയില്‍ വന്ദേഭാരത് 160 കിലോമീറ്റര്‍ വേഗത കൈവരിച്ചിട്ടുണ്ടെന്നാണ് റെയില്‍വേ പറയുന്നത്. ഭാവിയില്‍ ട്രാക്കുകള്‍ മികച്ച രീതിയിലായാല്‍ 250 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാനാകുമെന്നും റെയില്‍വേ അവകാശപ്പെടുന്നുണ്ട്.

കേരളം സില്‍വര്‍ ലൈനിന്റെ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചപ്പോഴാണ് വന്ദേഭാരത് നല്‍കി പദ്ധതിയെ അടിച്ചിരുത്തിയത്. അഞ്ചു മണിക്കൂറില്‍ താഴെ സമയത്തില്‍ തിരുവനന്തപുരം-കാസര്‍ഗോഡ് സര്‍വ്വീസായിരുന്നു വിഭാവനം ചെയ്തത്. എന്നാല്‍, വന്ദേഭാരത് കേരളത്തിന്റെ കെ-റെയിനെ അപ്രസക്തമാക്കിക്കളഞ്ഞു. വേഗത്തില്‍ വന്ദേഭാരത് ട്രെയിനുകള്‍ മുമ്പിലായിരിക്കുമെന്നും കേന്ദ്രം അവകാശപ്പെട്ടു. ഇതോടെ സില്‍വര്‍ ലൈന്‍ പാതിവഴിയില്‍ നിന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിച്ചിട്ടില്ല.

വന്ദേഭാരതിന്റെ പ്രത്യേകതകള്‍

ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുള്‍ ഇലക്ട്രിക് ട്രെയിനാണ് ട്രെയിന്‍ 18 എന്നറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ്. മണിക്കൂറില്‍ 180-200 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നാണ് വന്ദേ ഭാരത് എക്സ്പ്രസ്. റെയില്‍വേ സംവിധാനം നവീകരിക്കുന്നതിനും യാത്രക്കാര്‍ക്ക് ലോകോത്തര യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനുമായാണ് റെയില്‍വെ ഇത് വിഭാവവനം ചെയ്തത്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്) രൂപകല്‍പ്പനയും നിര്‍മാണവും. മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയുടെ സാങ്കേതിക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലും അതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനാണ് ട്രെയിനിന് വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന പേര് നല്‍കിയതും.

സുരക്ഷ, കാര്യക്ഷമത, യാത്രക്കാരുടെ സൗകര്യം എന്നിവ ഉറപ്പാക്കാന്‍ ഇത് വിപുലമായ പരിശോധനയ്ക്ക് വിധേയമായി. ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് 2019 ഫെബ്രുവരി 15ന് പ്രധാനമന്ത്രി ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു. വന്ദേ ഭാരത് എക്‌സ്പ്രസ് ആദ്യം ഡല്‍ഹി-വാരാണസി റൂട്ടില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ചു. ഇത് ഈ രണ്ട് പ്രധാന നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും യാത്രക്കാര്‍ക്ക് സുഖകരവും കാര്യക്ഷമവുമായ ഗതാഗത മാര്‍ഗ്ഗം വാഗ്ദാനം ചെയ്യുകയും ചെയ്തു.

വേഗത നിയന്ത്രണങ്ങള്‍

വന്ദേ ഭാരത് എക്സ്പ്രസിന് 183 കിമീ/മണിക്കൂറില്‍ (114 മൈല്‍) വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. ട്രെയിനിന്റെ അനുവദനീയമായ പരമാവധി വേഗത 160 km/h (99 mph) ആണ്. എന്നാല്‍ മിക്ക ഇന്ത്യന്‍ റെയില്‍വേ ട്രാക്കുകള്‍ക്കും മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത താങ്ങാന്‍ കഴിയുന്നില്ല. അനുവദനീയമായ പരമാവധി വേഗത അനുസരിച്ച്, ഗതിമാന്‍ എക്‌സ്പ്രസും ഹസ്രത്ത് നിസാമുദ്ദീന്‍ – റാണി കമലാപതി വന്ദേ ഭാരത് എക്‌സ്പ്രസും ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളാണ്. തുഗ്ലക്കാബാദ്-ആഗ്ര സെഗ്മെന്റിലൂടെ കടന്നുപോകുമ്പോള്‍ ട്രെയിനിന്റെ അനുവദനീയമായ പരമാവധി വേഗത മണിക്കൂറില്‍ 160 കി.മീ. ആണ്.

കേരളത്തിന്റെ സില്‍വര്‍ലൈന്‍ പദ്ധതി

മൂന്നുമണിക്കൂറും അമ്പത്തിനാല് മിനുട്ടും കൊണ്ട് 530 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിനാണ് ഈ പാതയിലൂടെ വിഭാവനം ചെയ്തിട്ടുള്ള സില്‍വര്‍ലൈന്‍(കെ. റെയില്‍). പരമാവധി വേഗത മണിക്കൂറില്‍ 220 കിലോമീറ്ററായിരിക്കും എന്ന് പദ്ധതിരേഖയില്‍ പറയുന്നു. പതിനൊന്ന് സ്റ്റേഷനുകളാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് ആരംഭിച്ച് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി എയര്‍പ്പോര്‍ട്ട്, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെയാണ് ഈ സ്റ്റേഷനുകള്‍. കൊച്ചുവേളി മുതല്‍ തിരൂര്‍വരെ നിലവിലുള്ള റെയില്‍വേ വിന്യാസത്തില്‍ നിന്ന് മാറി പുതിയ വഴിയിലൂടെയും തിരൂര്‍ മുതല്‍ കാസര്‍ഗോഡുവരെ നിലവിലുള്ള വിന്യാസത്തിന് സമാന്തരമായിത്തന്നെയുമാണ് സില്‍വര്‍ ലൈന്‍ ഉദ്ദേശിക്കുന്നത്.

എന്നാല്‍ സ്റ്റേഷനുകള്‍ നിലവിലെ സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്ഥമായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഭൂനിരപ്പില്‍ നിന്നും തൂണുകളില്‍ ഉയര്‍ത്തിയ പാളങ്ങളിലൂടെ 88 കിലോമീറ്റര്‍, ടണലുകളിലൂടെ 12 കിലോമീറ്റര്‍, ഭൂമി വെട്ടിമാറ്റിയും മണ്ണിട്ട് നികത്തിയുമായി 126 കിലോമീറ്റര്‍, പാലങ്ങളിലൂടെ 13 കിലോമീറ്റര്‍ എന്നിങ്ങനേയും ബാക്കി ഭാഗം മണ്ണിട്ടുയര്‍ത്തിയ പാതയിലൂടെയുമാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കുറഞ്ഞത് അര കിലോമീറ്ററില്‍ പാത മുറിച്ചുകടക്കുന്നതിന് ഓവര്‍ബ്രിഡ്ജ്, അണ്ടര്‍പാസ്സേജ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 63941 കോടി രൂപ ചെലവുവരുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 1.435 മീറ്റര്‍ വീതിയുള്ള സ്റ്റാന്‍ഡേര്‍ഡ് ഗേജ് പാതയാണ് നിര്‍മ്മിക്കുന്നത്. 2025ഓടെ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ തുടക്കത്തില്‍ ഒമ്പത് ബോഗികളുള്ള 39 സര്‍വീസുകളാണ് ഉദ്ദേശിക്കുന്നത്.

അതോടൊപ്പം ചരക്കുവണ്ടികള്‍ക്ക് കടന്നുപോകാന്‍ പറ്റുന്ന റോ-റോ സംവിധാനവും ഉദ്ദേശിക്കുന്നു. 675 സീറ്റുകളാണ് തുടക്കത്തില്‍ ഒരു സര്‍വീസില്‍ ലഭ്യമാകുക. 200കിലോമീറ്റര്‍ ശരാശരി യാത്രാദൂരം എന്ന നിലയില്‍ 79934 യാത്രക്കാരാണ് പ്രതിദിനം സില്‍വര്‍ ലൈന്‍ ഉപയോഗിക്കുക എന്നാണ് സില്‍വര്‍ ലൈന്‍ വിശദ പദ്ധതി രേഖയില്‍ കാണുന്നത്.