കേരള ഗവര്‍ണര്‍, ചാന്‍സിലര്‍ അല്ലാത്ത ഏക സര്‍വ്വകലാശാലയില്‍ സര്‍ക്കാര്‍ നിയോഗിച്ച ചാന്‍സിലര്‍ക്ക് മാസ വേതനം 1.75 ലക്ഷം രൂപ വേതനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ ചാന്‍സിലറായ മല്ലികാ സാരാഭായിക്ക് ഓഫീസ് ചെലവിന് 25,000 രൂപയും കൂടി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അനുവദിച്ചിരിക്കുന്നു. ചാന്‍സിലറാകാന്‍ തനിക്ക് ചില്ലിക്കാശു പോലും വേണ്ടെന്ന് പറഞ്ഞ വ്യക്തി കൂടിയാണ് മല്ലിക സാരഭായി. ചാന്‍സിലര്‍ പദവി ഒരു പൈസയുടെ ചിലവുമില്ലാതെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നോക്കിയിരുന്നതാണെന്ന് ഓര്‍ക്കണം.
അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റി മല്ലിക സാരാഭായിയെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഉത്തരമാണ് ഇതിലൂടെ തെളിഞ്ഞത്. ഇതിന് മുന്‍പ് യാത്രച്ചെലവും മറ്റു സൗകര്യവും മാത്രം നല്‍കിയിരുന്നിടത്താണ് പുതിയ സംവിധാനം. സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നു പറഞ്ഞാണ് ഗവര്‍ണ്ണറെ മാറ്റി ഇവരെ ചാന്‍സലറായി നിയമിച്ചത്. ‘എനിക്ക് അഞ്ച് നയാ പൈസ വേണ്ട’ എന്ന് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ വേതനത്തിന് വ്യവസ്ഥയുണ്ടാകണമെന്ന് മാസങ്ങള്‍ക്കു മുമ്പ് സര്‍ക്കാരിനോട് മല്ലിക ആവശ്യപ്പെടുകയും അതിന്‍ പ്രകാരം രജിസ്ട്രാര്‍ക്ക് കത്തു നല്‍കുകയും ചെയ്തു.
ഇതിന്റെ ഭാഗമായാണ് വേതന തീരുമാനം ഉണ്ടായിരിക്കുന്നത്. അങ്ങനെ 1.75 ലക്ഷം ശമ്പളവും ഓഫീസ് ചിലവുകള്‍ക്കായി 25000 രൂപയും എല്ലാ മാസവും അനുവദിച്ചു കൊണ്ട് ഉത്തരവും വന്നു. പണ്ട് രാജ ഭരണകാലത്ത് രാജാവിന്റെ സ്തുതി പാഠകര്‍ക്ക് സമ്മാനക്കിഴി രാജാവ് സമ്മാനമായി നല്‍കുമായിരുന്നു. ഇവിടെ അഞ്ച് പൈസയുടെ ജോലി ചെയ്യാതെ നാടിനോ നാട്ടാര്‍ക്കോ ഒരു പ്രയോജനവും ഇല്ലാതെ സ്തുതി പാടിയതുകൊണ്ടു മാത്രം മല്ലിക സ്വന്തമാക്കിയത് മാസം 2 ലക്ഷം രൂപവച്ചെന്ന ആക്ഷേപമാണ് ഉയരുന്നത്. മുന്‍കാല പ്രാബല്യം ഉള്ളതിനാല്‍ 50 ലക്ഷത്തോളം രൂപ മല്ലികയ്ക്കായി നല്‍കണം എന്ന വസ്തുതയും മറക്കാനാവില്ല.
സര്‍വകലാശാലകളുടെ ചാന്‍സലര്‍സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ കൊണ്ടുവന്നെങ്കിലും രാഷ്ട്രപതിയും അത് തള്ളിയിരുന്നു. ഇതോടെ സര്‍ക്കാര്‍ ശ്രമം പരാജയപ്പെട്ട. മറ്റുസംസ്ഥാനങ്ങളും സമാനനീക്കം നടത്തിയെങ്കിലും അതിനും രാഷ്ട്രപതി അംഗീകാരം നല്‍കിയില്ല. ചാന്‍സലറുടെ ചെലവ് സര്‍വകലാശാലകള്‍ വഹിക്കുമെന്നായിരുന്നു ബില്ലില്‍ പറഞ്ഞിരുന്നത്. കലാമണ്ഡലം കല്പിത സര്‍വകലാശാല ആയതിനാലാണ് മല്ലികാ സാരാഭായിയെ സര്‍ക്കാര്‍ സ്വന്തംനിലയ്ക്ക് ചാന്‍സലറാക്കുകയായിരുന്നു.
യു.ജി.സി ചട്ടപ്രകാരം കല്പിത സര്‍വകലാശാലകളില്‍ അതതു സ്പോണ്‍സറിംഗ് ഏജന്‍സിക്ക് ചാന്‍സലറെ നിയമിക്കാം. കലാമണ്ഡലത്തിന്റെ സ്പോണ്‍സറിംഗ് ഏജന്‍സി കേരള സര്‍ക്കാരാണ്. ഈ പഴുത് ഉപയോഗപ്പെടുത്തിയാണ് മല്ലികയെ നിയമിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോര് രൂക്ഷമായിരിക്കേയാണ് 2022 ഡിസംബറില്‍ കലാമണ്ഡലം കല്‍പിത സര്‍വകലാശാലാ ചാന്‍സലറായി മല്ലികയെ നിയമിച്ചത്. സാമ്പത്തിക ഞെരുക്കവും, പ്രതിസന്ധിയും കണക്കിലെടുത്ത് ട്രഷറി നിയന്ത്രണം വരെ ഏര്‍പ്പെടുത്തിയിരുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രത്തിന്റെ സഹായമോ, കടമെടുപ്പ് പരിധി കൂട്ടുകയോ ചെയ്യാതെ കഷ്ടത്തിലായിരുന്നു.
അതിന്റെ പ്രത്യക്ഷ ഉദാഹരപണമാണ് ക്ഷേമപെന്‍ഷനുകളെല്ലാം മുടങ്ങിയത്. അപ്പോഴും ജനങ്ങള്‍ സഹിച്ചു. എന്നാല്‍, പൊതു വിപണിയിലെ വിലക്കയറ്റം തൊട്ട് സമസ്ത മേഖലയിലും വില കയറുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ധൂര്‍ത്തിന് വിരാമമിടണമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ തന്നെ പറയുകയാണ്. എന്നിട്ടും, ഹെലിക്കോപ്ടര്‍ വാടക തൊട്ട്, ക്ലിഫ് ഹൗസ് നവീകരണം, മന്ത്രിമാരുടെ ചെലവുകള്‍ക്കുള്ള റീഫണ്ടിംഗ് അങ്ങനെ എല്ലാ കാര്യത്തിനും പണമുണ്ട്. ഇപ്പോഴിതാ കല്‍പ്പിത സര്‍വ്വകലാശാല ചാന്‍സിലര്‍ക്ക് വേതനവും. എന്നാല്‍, കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്നു കാണുന്നവര്‍ ഇതു കൂടി അറിയണം. കേരളത്തിന്റെ സ്ഥിതി ഇതാണോ എന്നു പറയണം. മറിച്ചാണെങ്കില്‍ അതും ജനങ്ങളോടു പറയണം.
1. കേരളത്തിന്റെ പൊതു കടം 4 ലക്ഷം കോടി കവിഞ്ഞു
2. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ വേണ്ടി വീണ്ടും കടമെടുക്കുന്നു
3. കെ.ടി.ഡി.സി നഷ്ടത്തില്‍
4. കെ.എസ്.ആര്‍.ടി.സി നഷ്ടത്തില്‍
5. ബീവറേജ് നഷ്ടത്തില്‍
6. ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ല. ഈ പെന്‍ഷന്‍ മുടങ്ങി മരുന്ന് വാങ്ങാന്‍ കഴിയാതെ മരിച്ചവരുമുണ്ട്
7. സര്‍ക്കാര്‍ ജീവനക്കാരുടെ 4 വര്‍ഷത്തെ DA ഇന്നേ വരെ കൊടുത്തിട്ടില്ല
8. സ്‌കൂളിലെ ഉച്ചക്കഞ്ഞി കൊടുക്കാന്‍ പണമില്ല. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ കടം കയറി മുടിഞ്ഞു
9. ആശുപത്രിയിലെ പാല്‍ വിതരണം ചെയ്തതില്‍ കുടിശ്ശിക പാല്‍ വിതരണം മില്‍മ നിര്‍ത്തി
10. ആശുപത്രി രോഗികള്‍ക്കുള്ള ബ്രെഡ് സപ്ലൈ കമ്പനി നിര്‍ത്തി
11. മാവേലി സ്റ്റോറുകളില്‍ 13 തരം സബ്‌സിഡി സാധനങ്ങള്‍ ഇല്ല. തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ട് പട്ടിണിയിലായി
12. റേഷന്‍ കടകള്‍ പൂട്ടേണ്ട വക്കില്‍. ഉപ്പ് തൊട്ട് കര്‍പൂരം വരെ എല്ലാത്തിനും ടാക്‌സും വിലയും കൂടി
13. കറണ്ട് ചാര്‍ജ് എല്ലാ മാസവും കൂട്ടുന്നു
14. ക്ഷേമ പെന്‍ഷന്റെ പേരില്‍ പെട്രോള്‍, ഡീസല്‍, മദ്യത്തിനും 2 രൂപ സെസ്സ് ഏര്‍പ്പെടുത്തി. എന്നിട്ടും ക്ഷേമപെന്‍ഷന്‍ കുടിശിക
15. റോഡ് കുണ്ടും കുളവുമായി. നന്നാക്കാന്‍ പണമില്ല
16. പരീക്ഷ നടത്താന്‍ ചോദ്യപേപ്പര്‍ അച്ചടിക്കാന്‍ പണമില്ല
17. RC ബുക്ക് ലൈസന്‍സ് എന്നിവ അച്ചടിക്കാന്‍ പണമില്ല
ഇങ്ങനെയൊക്കെ പൊതുജനം കഷ്ടപ്പെടുമ്പോഴാണ് സ്തുതി പാടി നടക്കുന്നവര്‍ക്ക് അധികാരവും പണവും നിര്‍ലോഭം നല്‍കുന്നത്. കല്‍പ്പിത സര്‍വ്വകലാശാല ചാന്‍സിലറോട് പറയാനുള്ളത്, മേഡം, നിങ്ങള്‍ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരിയാണ് ലക്ഷക്കണക്കിന് രൂപ മാസ ശമ്പളമായി നേടിയെടുത്തത്. ലക്ഷക്കണക്കിന് പേരുടെ ശാപത്തിന്റെ പണം. ഇതൊന്നും നിലനിലനില്‍ക്കില്ല. പഴമക്കാര്‍ പറയുന്നതുപോലെ ‘വൈദ്യന് കൊടുക്കേണ്ടി വരും’ എന്നാണ് ജനങ്ങള്‍ പറയുന്നത്. ധനമന്ത്രിയോടും ജനങ്ങള്‍ക്ക് പറയാനുള്ളത്, ‘കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി’ അല്ലേ?. ഇനി എത്ര കാലം കൂടി ഇങ്ങനെ വലിക്കും എന്നു മാത്രമേ അറിയേണ്ടതുള്ളൂ?.