Features

ശോഭയെ ഭയന്ന് സുരേന്ദ്രന്‍: വയനാട് വിട്ട് ഓടേണ്ടി വരുമോ?; ബി.ജെ.പിയില്‍ സംഭവിക്കുന്നതെന്ത്?

ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ശീതസമരം മറനീക്കി പുറത്തു വന്നതോടെ ശോഭാ സുരേന്ദ്രനും, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. വയനാട് ലോക്‌സഭാ മണ്ഡലം വിട്ട് രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക് പോയതോടെയാണ് ബി.ജെ.പിയിലെ നേതൃത്വപ്പോരിന് വഴിയൊരുങ്ങിയിരിക്കുന്നത്. വയനാട് ഉപതെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വനിത കൂടി ആയതോടെയാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായതും. രാഹുല്‍ഗാന്ധിക്കെതിരേ മത്സരിച്ചത് കെ. സുരേന്ദ്രനായിരുന്നു. എന്നാലിപ്പോള്‍ പ്രയങ്കാഗാന്ധിക്കെതിരേ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് ബി.ജെ.പി അണികള്‍ ആവശ്യപ്പെടുന്നത്.

ബി.ജെ.പിയില്‍ ഇപ്പോള്‍ തീപ്പൊരി വനിതാ സ്ഥാനാര്‍ത്ഥിയായി ശോഭാസുരേന്ദ്രനെ കടത്തിവെട്ടാന്‍ മറ്റൊരാളില്ല. ഇത് മുന്നില്‍ക്കണ്ടാണ് അണികള്‍ വനിതാ സ്ഥാനാര്‍ത്ഥിക്കായി നീക്കം നടത്തുന്നത്. എന്നാല്‍, കെ. സുരേന്ദ്രന്‍ വയനാട് വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്ന് സൂചനയുണ്ട്. എല്ലാം കേന്ദ്രത്തില്‍ നിന്നും തീരുമാനിക്കുമെന്ന് നേരത്തെ തന്നെ സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഡെല്‍ഹിയില്‍ നിന്നും എന്തും തീരുമാനമായിരിക്കും വരുന്നതെന്ന ആശങ്കയിലാണ് അണികള്‍. മത്സരിച്ച മണ്ഡലത്തിലെല്ലാം വോട്ടുകള്‍ നിരന്തരം കൂട്ടി മുന്നേറുന്ന ശോഭ സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനാണ് ഇപ്പോള്‍ ശരിക്കും വെല്ലുവിളി ഉയര്‍ത്തുന്നത്.

പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്‌സഭ മണ്ഡലത്തിലും പാലക്കാട് നിയമസഭ മണ്ഡലത്തിലുമാണ് ശോഭ സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരിക്കുന്നത്. വയനാട്ടില്‍ ശോഭ മത്സരിച്ച് കൂടുതല്‍ വോട്ടു നേടിയാല്‍ അത് സുരേന്ദ്രന് നാണക്കേടാകും. കേരളത്തില്‍ തനിക്ക് സുരേന്ദ്രനേക്കാള്‍ സ്വീകാര്യതയും സ്വാധീനവും ഉണ്ടെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താനും ഇതിലൂടെ സാധിക്കും. ഈ അപകടം മുന്നില്‍ കണ്ട് ശോഭ സുരേന്ദ്രനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആക്കാതിരിക്കാനുള്ള ശ്രമം സുരേന്ദ്രന്‍ വിഭാഗം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ പ്രിയങ്ക ഗാന്ധിക്ക് എതിരായി ഒരു വനിത തന്നെ മത്സരിക്കട്ടെ എന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചാല്‍ സംസ്ഥാന നേതൃത്വത്തിന്റെ സകല കണക്കുകൂട്ടലുകളും പാളുമെന്നുറപ്പാണ്.

അതേസമയം, വയനാടിനേക്കാള്‍ ബി.ജെ.പി പ്രധാനമായി കാണുന്ന മത്സരം പാലക്കാടാണ്. വയനാട്ടില്‍ ആര് മത്സരിച്ചാലും വോട്ടു കൂട്ടാം എന്നല്ലാതെ, മൂന്നാംസ്ഥാനത്താണ് ബി.ജെ.പി. പക്ഷെ, പാലക്കാട്ടെ ചിത്രം അതല്ല. അവിടെ വിജയ സാധ്യത കൂടുതലാണ്. വിജയിച്ചാല്‍ നേമം ആവര്‍ത്തിക്കും. 2019ല്‍ 3,859 വോട്ടുകള്‍ക്ക് മാത്രമാണ് മണ്ഡലം ബി.ജെ.പിയെ കൈവിട്ടത്. ഇപ്പോള്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുകണക്ക് അനുസരിച്ച് 9,707 വോട്ടിന്റെ ലീഡ് പാലക്കാട് നിയമസഭ മണ്ഡലത്തില്‍ യു.ഡി.എഫിന് ഉണ്ടെങ്കിലും ഒന്ന് ആഞ്ഞ് പിടിച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. കഴിഞ്ഞതവണ ബി.ജെ.പി വിജയിക്കുമെന്ന അവസ്ഥയില്‍ ഇടതുപക്ഷ വോട്ടുകള്‍ പോലും ഷാഫി പറമ്പിലിന് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ അത്തരം ഒരു വോട്ട് ഷിഫ്റ്റിംഗ് നടക്കില്ലന്നുമാണ് ബി.ജെ.പി കരുതുന്നത്.

മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതും ശോഭ സുരേന്ദ്രനെ പോലെയുള്ള സ്ഥാനാര്‍ത്ഥികളെയാണ്. ശോഭയുടെ പേര് വയനാടിനു പുറമെ പാലക്കാട്ടും ഉയര്‍ന്നുവരുന്നത് സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദന ആയിരിക്കുകയാണ്. മുന്‍പ് മത്സരിച്ച സി. കൃഷ്ണകുമാറോ കെ. സുരേന്ദ്രനോ പാലക്കാട് മത്സരിക്കണമെന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ താല്‍പ്പര്യം. എന്നാല്‍, പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ശോഭയുടെ ഗ്രാഫ് ഇവര്‍ക്കു മീതെ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ശോഭയെ കേന്ദ്ര നേതൃത്വം പരിഗണിക്കാനുള്ള സാധ്യതകൂടുതലാണ്. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവച്ചതിനാല്‍ ശോഭക്ക് വയനാടോ പാലക്കാടോ നറുക്കു വീഴും.

മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ടുവിഹിതം വര്‍ധിപ്പിച്ചതും ശോഭ സുരേന്ദ്രന് അനുകൂലമായ ഘടകമാണ്. ഷാഫി പറമ്പില്‍ വടകരയില്‍നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ. ശ്രീധരനിലൂടെ ബി.ജെ.പി ഉയര്‍ത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പാലക്കാട് മണ്ഡലത്തില്‍ ഷാഫി വിജയിച്ചത്. ഇത്തവണ ശോഭാ സുരേന്ദ്രന്‍ മത്സരിച്ചാല്‍ യു.ഡി.എഫിന് കടുത്ത വെല്ലുവിളിയാകുമെന്നുറപ്പാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലും ശോഭ കഴിവു പ്രകടിപ്പിച്ചു. ശബരിമല വിഷയം കത്തിനില്‍ക്കുന്ന കാലമായതിനാല്‍ വോട്ടുവിഹിതത്തിലും വലിയ വര്‍ധനയുണ്ടാക്കി. മുന്‍ തിരഞ്ഞെടുപ്പില്‍ എസ്. ഗിരിജകുമാരി നേടിയ 90,528 വോട്ടുകള്‍, ശോഭ 2,48,081 വോട്ടായാണ് ഒറ്റയടിക്ക് ഉയര്‍ത്തിയത്.

ശോഭ മുന്‍പ് തുടങ്ങിവെച്ച മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണ് ഇത്തവണ വി. മുരളീധരന് ആറ്റിങ്ങലില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതും. ഇത്തവണ ആലപ്പുഴയില്‍ കെ.എസ്.രാധാകൃഷ്ണന്‍ നേടിയ 1.87 ലക്ഷം വോട്ടിനെ ഒറ്റയടിക്ക് 2.99 ലക്ഷത്തിനു മുകളില്‍ എത്തിച്ചാണ് ശോഭാ സുരേന്ദ്രന്‍ തന്റെ സാന്നിധ്യം അരക്കിട്ടുറപ്പിട്ടത്. എന്‍.ഡി.എയ്ക്ക് വലിയ സ്വാധീനമില്ലെന്ന് കരുതിയ മണ്ഡലത്തില്‍ ഈ മുന്നേറ്റം എതിരാളികളെ ഞെട്ടിച്ചു കളഞ്ഞു. വോട്ടുവിഹിതം 17.24 ശതമാനത്തില്‍ നിന്നും 28.3 ശതമാനമായാണ് മാറ്റാന്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയെന്ന പേരും ശോഭയ്ക്കുണ്ടായി. ഈ കണക്കുകളിലെസ്വീകാര്യതയാണ് വയനാട്ടിലേക്കും പാലക്കാട്ടേക്കും ശോഭയുടെ പേര് പരിഗണിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ നിര്‍ബന്ധിതമാക്കുന്നത്. പാലക്കാട് ശോഭ സുരേന്ദ്രന്‍ മത്സരിച്ചാല്‍ നേമത്ത് ഇടതുപക്ഷം പൂട്ടിച്ച നിയമസഭയിലെ അക്കൗണ്ട് ഉപതിരഞ്ഞെടുപ്പില്‍ തുറക്കാന്‍ കഴിയുമെന്നാണ് ആര്‍.എസ്.എസ് നേതൃത്വവും കരുതുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത് എത്തിയിരിക്കുന്നത് ബി.ജെ.പിയാണ്. 9 നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്. സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ ശോഭ സുരേന്ദ്രന്‍ വരാതിരിക്കാന്‍ ചരട് വലിക്കുന്ന നേതാക്കള്‍ക്ക് ഉപതിരഞ്ഞെടുപ്പിലും അവര്‍ സ്ഥാനാര്‍ത്ഥി ആകാതിരിക്കേണ്ടത് നിലനില്‍പ്പിനു തന്നെ അനിവാര്യമാണ്. അതിനായുള്ള ശ്രമങ്ങളാണ് അണിയറയില്‍ ഇപ്പോള്‍ ഊര്‍ജ്ജിതമായി നടക്കുന്നത്. ഇക്കാര്യത്തില്‍ കെ. സുരേന്ദ്രനും വി. മുരളീധരനും ഒറ്റക്കെട്ടായാണ് നീങ്ങുന്നത്.

content highlights: Sobha Surendran and K. in the state BJP. The dispute between Surendran for the Wayanad seat is intensifying