ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഇടവേള കഴിഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലുള്ള പോര് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കേരളാ സര്‍വ്വകലാശാല വി.സി നിര്‍ണ്ണയത്തിന് സ്വന്തം നിലയില്‍ ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതോടെയാണ് പോരിന് തുടക്കമിട്ടിരിക്കുന്നത്. ഇതിനെതിരേ ഉന്നത വിദ്യാഭ്യാസമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതികരിക്കുകയും ചെയ്ത്രിക്കുകയാണ്. സര്‍വ്വകലാശാല പ്രതിനിധികളില്ലാതെയാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത്.
ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍വകലാശാല, പ്രതിനിധികളെ നല്‍കിയില്ലെന്നും അതിനാല്‍ മറ്റ് നടപടികളുമായി താന്‍ മുന്നോട്ട് പോകുകയായിരുന്നുവെന്നും ജോലി ചെയ്യുന്നതില്‍ നിന്ന് തടയാനാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കുകയാണ്. ആറ് തവണ കേരളാ സര്‍വകലാശാലയോട് പ്രതിനിധികളെ ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു. പ്രതിനിധികളെ നല്‍കരുതെന്നാണ് സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മാധ്യമങ്ങള്‍ തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്തതതുമാണ്. സിന്‍ഡിക്കറ്റുകള്‍ക്ക് കോടതിയില്‍ പോകാനുള്ള അവകാശം ഉണ്ട്.
ചാന്‍സിലര്‍ക്ക് സേര്‍ച്ച് കമ്മിറ്റിയുമായി മുന്നോട്ട് പോകാനും അവകാശം ഉണ്ട്. എ.ബി.വി.പി ആയതിനാല്‍ മാത്രം ചിലരെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുന്നുവെന്ന ഉന്നതവിദ്യാഭാസ മന്ത്രിയുടെ പ്രതികരണത്തോട് മാത്രം ഗവര്‍ണര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. മന്ത്രി തന്നെയാണ് കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം അലങ്കോലപ്പെടുത്തിയതെന്നും ഗവര്‍ണര്‍ ആരോപിക്കുന്നുണ്ട്. അതേസമയം, വിസി നിയമനത്തിനുള്ള ഗവര്‍ണറുടെ നീക്കം ജനാധിപത്യത്തിന്റെ മീതെയുള്ള കടന്നുകയറ്റമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറയുന്നു.
സര്‍ക്കാര്‍ അതിന്റെ നിയമസാധുത പരിശോധിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നതാണ് ചാന്‍സലറുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളെന്നുമാണ് മന്ത്രി പറയുന്നത്. ക്വാളിറ്റി, മെറിറ്റ് ഒന്നും പരിശോധിക്കാതെയാണ് നോമിനേറ്റ് ചെയ്യുന്നത്. എ.ബി.വി.പി പ്രവര്‍ത്തകര്‍ ആയതുകൊണ്ട് മാത്രം ചില ആളുകളെ നോമിനേറ്റ് ചെയുന്നു. കാവിവല്‍ക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കും.
കേന്ദ്ര സര്‍ക്കാര്‍ കാവിവല്‍ക്കരണത്തിനുള്ള ശ്രമങ്ങളാണ് ഇന്ന് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടത്തികൊണ്ടിരിക്കുന്നത്. നെറ്റ് പരീക്ഷയില്‍ പോലും രാമായണത്തില്‍ നിന്നുള്ള അപ്രസക്ത ഭാഗങ്ങളും പ്രാണപ്രതിഷ്ഠ നടത്തിയ ദിവസം ഒക്കെയാണ് ചോദിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള വേദിയായി ഗവര്‍ണര്‍മാരായിട്ടുള്ള ചാന്‍സലര്‍മാരിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും മന്ത്രി പറയുന്നു.
വരും ദിവസങ്ങളില്‍ കേരളാ സര്‍വ്വകലാശാലയുടെ വി.സി നിയമനവുമായി ഗവര്‍ണര്‍ ഗവര്‍ണറുടെ വഴിക്കും സര്‍ക്കാര്‍ സര്‍ക്കാരിന്റെ വഴിക്കും നീക്കങ്ങള്‍ സജീവമാക്കുമെന്നുറപ്പായി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പൊരിഞ്ഞ പോരാട്ടമായിരുന്നു. സര്‍ക്കാരിന്റെ എല്ലാ പ്രവൃത്തികളെയും ഗവര്‍ണര്‍ നിശിചമായി വിമര്‍ശിക്കുന്നതു വരെ കാര്യങ്ങള്‍ എത്തി. ഇരു കൂട്ടരുടെയും പരസ്പര വിദ്വേഷം നിയമനിര്‍മ്മാണത്തിനു പോലും തടസ്സമായി.
പ്രസിഡന്റിന്റെ അടുത്തുവരെ ബില്ലുകള്‍ എത്തുന്ന ഘട്ടവുമുണ്ടായി. ഇത് സര്‍ക്കാരിനും, ഗവര്‍ണര്‍ക്കും ഒരുപോലെ തിരിച്ചടിയുമായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത് സര്‍ക്കാരിന്റെ ധൂര്‍ത്താണെന്നും ഗവര്‍ണര്‍ പരസ്യമായി പ്രതികരിച്ചു. എസ്.എഫ്.ഐയുമായി തെരുവില്‍ ഏറ്റുമുട്ടിയും ഗവര്‍ണര്‍ സര്‍ക്കാരിനു വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും നേര്‍ക്കുനേര്‍ സംസാരിക്കാന്‍ വിമുഖത കാട്ടിയതും, ഒ.ആര്‍. കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരളം കണ്ടു.
ഗവര്‍ണറുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ സാഹചര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും ഒരു ടേം കൂടി കേന്ദ്രം നല്‍കുമെന്നാണ് സൂചന. എന്നാല്‍, പത്മജാ വേണുഗോപാലിനെ കേരളത്തിന്റെ ഗവര്‍ണറായി കൊണ്ടുവരാനുള്ള നീക്കമുണ്ടെന്നായിരുന്നു ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ നിന്നുള്ള വിശ്വസീനയമായ അറിവ്.
എന്നാല്‍, ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന്‍ സര്‍ക്കാരും തമ്മിലുള്ള പോര് ബി.ജെ.പിക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നുണ്ട്. ആരിഫ് മുഹമ്മദ് ഖാന് വീണ്ടും കേരളാ ഗവര്‍ണറാകുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ സാധിക്കുമെന്നും വിലയിരുത്തുന്നുണ്ട്. ഇത് മുന്‍നിര്‍ത്തിയാകും കേരളാ ഗവര്‍ണറായി വീണ്ടും ആരിഫ് മുഹമ്മദ് ഖാനെ അവരോധിക്കുക എന്നാണ് സൂചന.
content highlight; The problem between Kerala Governor Arif Mohammad Khan and the Kerala government is intensifying. Again the problem is related to appointment of VC