“പണ്ട് പണ്ട് ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ് ഒരു സായാഹ്നത്തിൽ രണ്ട് ജീവബിന്ദുക്കൾ നടക്കാനിറങ്ങി”
ഖസാക്കിന്റെ ഇതിഹാസം പോലെയോ അതിനേക്കാളോ ഭാഷയിലും പ്രമേയത്തിലും ഔന്നത്യത്തിൽ നിൽക്കുന്ന ഒരു നോവൽ എഴുതാൻ ഒ.വി.വിജയൻ ഉൾപ്പെടെ ഒരു നോവലിസ്റ്റിനും സാധിച്ചിട്ടില്ലെന്ന് സാഹിത്യനിരൂപകർ സാക്ഷ്യം ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ ഖസാക്ക് മലയാളനോവൽ സാഹിത്യചരിത്രത്തിന്റെ മാസ്റ്റർപീസായി നിലകൊള്ളുന്നു.
മലയാളം സാഹിത്യത്തിലേക്ക് ഇതിഹാസം തന്നെ നൽകിയ ഇതിഹാസനായകന്റെ ജന്മദിനമാണ്. അതെ മാറ്റാരുമല്ല ഖസാക്കിന്റെ ഇതിഹാസത്തിന്റെ പടച്ചോൻ ഒ വി വിജയന്റെ.
മലയാളത്തിൽ ആധുനിക സാഹിത്യത്തിന് അടിത്തറ പാകിയ എഴുത്തുകാരനാണ് ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ.വി. വിജയൻ. കാർട്ടൂണിസ്റ്റ് ചെറുകഥാകൃത്ത് നോവലിസ്റ്റ് ഒപ്പം പത്രപ്രവർത്തകനും കോളമെഴുത്ത് മുതലായ വിവിധ മേഖലകളിൽ പ്രവർത്തിച്ചു. 1930 ജൂലൈ 2 ന് പാലക്കാട് വിളയന്‍ചാത്തനൂരില്‍ ഒ.വി.വിജയന്റെ ജനനം.
അച്ഛൻ വേലുക്കുട്ടി, അമ്മ കമലാക്ഷിയമ്മ. ചെന്നൈ പ്രസിഡന്‍സി കോളജില്‍നിന്ന് ഇംഗ്ലിഷ് എം.എ. കുറച്ചുകാലം കോളജില്‍ അദ്ധ്യാപകന്‍. പിന്നീട് ശങ്കേഴ്‌സ് വീക്ക്‌ലി, പെട്രിയറ്റ്, ദ സ്റ്റേറ്റ്‌സ്മാന്‍ എന്നീ ആനുകാലികങ്ങളില്‍ പത്രപ്രവര്‍ത്തകന്‍. ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു. കലാകൗമുദിയിൽ ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം എന്ന കാർട്ടൂൺ പരമ്പരയും മലയാളനാട് വാരികയിൽ ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലന പരമ്പരയും മാതൃഭൂമി ഇന്ത്യാ ടുഡേ എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമാണ്. 1975 ൽ ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നിശിതമായ വിമർശനം എഴുത്തിലൂടെയും കാർട്ടൂണുകളിലൂടെയും ആവിഷ്കരിച്ച ഇന്ത്യൻ എഴുത്തുകാരിൽ ഒരാൾ വിജയനാണ്. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം ഇതിനു തെളിവാണ്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉൾക്കാഴ്ചയോടെ ദീർഘദർശനം ചെയ്ത ധർമ്മപുരാണം എന്ന നോവൽ വിജയനെ മലയാളത്തിലെ എഴുത്തുകാരിൽ ശ്രദ്ധേയനാക്കി. നോവലുകളും കഥകളും സ്വയം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.
നോവല്‍, കഥ, ലേഖനം, കാര്‍ട്ടൂണ്‍ തുടങ്ങിയ വിഭാഗങ്ങളിലായി 30 കൃതികള്‍. 1990-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; സാഹിത്യ അക്കാദമി അവാര്‍ഡ്, 1991-ല്‍ വയലാര്‍ അവാര്‍ഡ് (ഗുരുസാഗരം), 1992-ല്‍ മുട്ടത്തു വര്‍ക്കി അവാര്‍ഡ് (ഖസാക്കിന്റെ ഇതിഹാസം), 1999-ല്‍ എം.പി. പോള്‍ അവാര്‍ഡ് (തലമുറകള്‍) എന്നീ പുരസ്‌കാരങ്ങള്‍. 2001-ല്‍ കേരള ഗവണ്മെന്റിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം. 2003-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.
ഭാര്യ ഡോക്ടർ തെരേസ ഗബ്രിയേൽ ഹൈദരാബാദ് സ്വദേശിയാണ്. പ്രശസ്ത കവയിത്രിയും ഗാനരചയിതാവുമായ ഒ.വി. ഉഷ, ഒ.വി വിജയന്റെ ഇളയ സഹോദരിയാണ്. അവസാനക്കാലത്ത് പാർക്കിൻസൺസ് രോഗം ബാധിച്ചിരുന്ന വിജയൻ 2005 മാര്‍ച്ച് 30-ന് അന്തരിച്ചു.
പ്രധാന കൃതികള്‍ : നോവല്‍ / ധര്‍മ്മപുരാണം, ഗുരുസാഗരം, തലമുറകള്‍, ഖസാക്കിന്റെ ഇതിഹാസം, മധുരം ഗായതി, പ്രവാചകന്റെ വഴി.
Content highlight : O v vijayan story