കടലമ്മയുടെ മക്കള്‍ക്ക് പറയാന്‍ കണ്ണീരില്‍ കുതിര്‍ന്ന ജീവിത സാഹചര്യങ്ങളും പട്ടിണിയുടെ വലയില്‍ നെയ്ത ദുരിതാവസ്ഥകളും മാത്രം. ഒരു ദിവസം മീന്‍ ലഭിച്ചില്ലെങ്കില്‍ മത്സ്യത്തൊഴിലാളിയെ പോലും കുറ്റം പറയുന്നവര്‍ കാണുന്നില്ല കടലിനോട് മല്ലിട്ട് കഴിയുന്ന ഈ മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങളെ. ആഗോള കാലാവസ്ഥ വ്യതിയാനത്തില്‍ കടലിലെ മത്സ്യ സമ്പത്തിന് കുറവു വരുന്നതും, പ്രകൃതിക്ഷോഭങ്ങളുടെ നീണ്ടനിരയും ഈ മേഖലയെ നാശത്തിന്റെ വക്കിലേക്ക് കൊണ്ട് എത്തിച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയില്‍ അതിദരിദ്രരുടെ പട്ടികയില്‍ 2737 പേര്‍ മത്സ്യത്തൊഴിലാളികള്‍ എത്തിയത് വലിയൊരു സൂചനയാണ്. കൃത്യമായ തൊഴിലില്ലായ്മയും, ഇതര തൊഴിലുകള്‍ക്ക് ഇവര്‍ ഇന്നു നേരിടുന്ന പരിചയക്കുറവ് ഒരു കാതലായ പ്രശ്‌നമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് മത്സ്യത്തൊഴിലാളി മേഖല എത്തപ്പെട്ടു കഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ 64006 അതിദരിദ്രരില്‍ 2737 പേര്‍ മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നുമാണ്. ഇതില്‍ 2511 പേരെ അതിദരിദ്രാവസ്ഥയില്‍ നിന്നും മോചിപ്പിക്കുന്നതിനായി മൈക്രോപ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട തദ്ദേശ വകുപ്പുകളുടെ പങ്കാളിത്തതോടെ അടിയന്തര കാര്യങ്ങളും ഭക്ഷണം, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഈ പട്ടികയിലെ 156 പേര്‍ മരിക്കുകയുെം 50 പേര്‍ അനര്‍ഹരെന്നും തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തിയെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശ രേഖയുമായി വകുപ്പ് മുന്നോട്ട് പോകുന്നുണ്ട്.
ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാനവരുമാനം, ആരോഗ്യസ്ഥിതി എന്നിവയാണ് അതിദാരിദ്ര്യം രൂക്ഷമാകുന്നതിനു പിന്നിലുള്ള പ്രധാന ഘടകങ്ങളായി പരിഗണിച്ചിട്ടുള്ളത്. അതിദാരിദ്ര്യം നിര്‍ണ്ണയ പ്രക്രിയയിലൂടെ കണ്ടെത്തിയ കുടുംബങ്ങളെയും വ്യക്തികളെയും അതിദരിദ്രാവസ്ഥയില്‍ നിന്നും മോചിപ്പിക്കുന്നതിന് ഓരോ ഗുണഭോക്തൃ കുടുംബത്തിനും സൂക്ഷ്മ തല പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. ഇപ്രകാരം തയ്യാറാക്കിയ മൈക്രോപ്ലാനില്‍ അതിദാരിദ്യം പരിഹരിക്കുന്നതിനുള്ള അതിജീവന ആവശ്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ പരിരക്ഷ, വരുമാനം, വികസനാവശ്യങ്ങള്‍, തുടങ്ങി എല്ലാവിധ ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും വിഭവസമാഹരണ മൈക്രോപ്ലാനില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി ഉള്‍പ്പടെ അതിദരിദ്രരായ ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ യഥാസമയം ലഭ്യമാകുന്നുണ്ട് എന്ന് പരിശോധിച്ച് ആയത് സമയബന്ധിതമായി ലഭ്യമാക്കുന്നില്ലെങ്കില്‍ തദ്ദേശ ഭരണ സ്ഥാപനത്തിന് റിപ്പോര്‍ട്ട് ചെയ്യേണ്ട ചുമതല കുടുംബശ്രീയ്ക്കാണ്. അയല്‍ക്കൂട്ടം മുതല്‍ എ.ഡി.എസ്. സി.ഡി.എസ്, ജില്ലാ മിഷന്‍, സംസ്ഥാന മിഷന്‍ വരെയുള്ള സംഘടനാ സംവിധാനവും ഉദ്യോഗസ്ഥ സംവിധാനവും ഒരുമിച്ച് പ്രവര്‍ത്തിച്ച് അതി ദരിദ്രര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനാണ് ക്യാമ്പയിന്‍.
മത്സ്യത്തൊ ഴിലാളികള്‍ക്കായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെങ്കിലും ദരിദ്രാവസ്ഥ വളരെ പ്രശ്‌നങ്ങള്‍ വിളിച്ചു വരുത്തുന്നു. തൊഴില്‍ നഷ്ടമാണ് മത്സ്യത്തൊഴിലാളികള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയെ പ്രശ്‌നം. അതുകൂടാതെ കടലിലെ മീന്‍ ലഭ്യതക്കുറവ് ഈ മേഖലയെ പിന്നോട്ടടിക്കുന്നു. അതിതീവ്ര ചുഴലിക്കാറ്റുപോലുള്ള കാലാവസ്ഥ മുന്നറിയിപ്പ് മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി തൊഴില്‍ നഷ്ടപ്പെടുകയാണെങ്കില്‍ ആ കാലത്ത് നഷ്ടപ്പെട്ട തൊഴില്‍ ആനുപാതികമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കി വരുന്നുണ്ട്. അതുപോലെ ട്രോളിംഗ് നിരോധന കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവല്‍കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും, അനുബന്ധ തൊഴിലാളികള്‍ക്കും, പീലിംഗ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നുണ്ട്. പഞ്ഞ മാസക്കാലമായ ട്രോള്‍ ബാന്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവല്‍കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്കും, അനുബന്ധ തൊഴിലാളികള്‍ക്കും 4500 രൂപ ധനസഹായം നല്‍കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി നടപ്പിലാക്കുന്നുണ്ട്.
ഇതില്‍ 1500 രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും, 1500 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും, 1500 രൂപ ഗുണഭോക്തൃവിഹിതവുമാണ്. പദ്ധതി പ്രകാരം മേയ് മാസം നല്‍കേണ്ടതായ 1500 രൂപ അനുവദിക്കുകയും ജില്ലകളില്‍ വിതരണം ചെയ്തു വരുകയും ചെയ്തതായി മന്ത്രി അറിയിച്ചു. ബാക്കി തുക ജൂണ്‍, ജൂലൈ മാസങ്ങളിലായി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Survey Conducted by Local Self-Government Department, 2,737 Poor people are from the fishing community.