ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന ‘സത്സംഗം’ (മതസഭ) എന്ന ആള്‍ദൈവ സഭയിലുണ്ടായ തിക്കിലും തിരക്കിലും മരണപ്പെട്ടവരുടെ എണ്ണം കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഇന്ത്യ ഇപ്പോഴും ആള്‍ദൈവങ്ങളുടെ പിടിയില്‍ തന്നെയാണെന്ന് ഉറപ്പിക്കുന്നതാണ് ഈ ദുരന്തം. ജീവിതത്തില്‍ സുഖവും സൗഭാഗ്യങ്ങളും ഉണ്ടാകാന്‍ ആള്‍ദൈവ പ്രീതിക്കായി എത്തിവരാണ് മരണത്തിന്റെ പിടിയിലായത്. എല്ലാ സൗഭാഗ്യങ്ങളും തരാന്‍ കഴിയുന്ന ആള്‍ദൈവത്തിന് ജീവന്‍ തിരിച്ചു നല്‍കാനാവില്ലെന്ന് എന്തുകൊണ്ടാണ് ഭക്തര്‍ക്ക് മനസ്സിലാകാത്തത്.
ദുരന്തംഉണ്ടായതിനു ശേഷം വിശ്വഹരി ഭോലെ ബാബ മുങ്ങിക്കളഞ്ഞു. ദൈവത്തിന് രാജ്യത്തെ നീതിന്യാത്തെ ഇത്രയും ഭയമാണോ?. ദൈവങ്ങള്‍ക്ക് മനുഷ്യരുടെ നിയമങ്ങളില്‍ വിശ്വാസമുണ്ടോ?. കുനിഞ്ഞു കുമ്പിട്ട്, പാദങ്ങളില്‍ മുത്തം വെയ്ക്കുകയും, തലോടുകയും, കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഭക്തലക്ഷങ്ങള്‍ക്കുണ്ടായ ദുരന്തത്തില്‍, അഴര്‍ക്കൊപ്പം നിന്ന് കുറഞ്ഞപക്ഷം രക്ഷാ പ്രവര്‍ത്തകന്റെ റോളെങ്കിലും എടുക്കേണ്ടതല്ലേ ഈ ആള്‍ദൈവം. പക്ഷെ, അങ്ങനെയൊന്നുണ്ടാവില്ലെന്നുറപ്പാണ്. കാരണം, ആള്‍ദൈവം എന്നത്, കെട്ടുമാറാപ്പുകള്‍ മാത്രമാണ്.
തന്റെ സ്വത്വം മറച്ചുവെയ്ക്കാനുള്ള വെറും കെട്ടുകാഴ്ടകള്‍. ഇത്തരം കാഴ്ചകളില്‍ ഭ്രമിച്ചു പോകുന്നവരാണ് പുതുമഴയത്ത് വെളിച്ചത്തിലേക്ക് പറന്നു പോകുന്ന ഈയാംപാറ്റകളെപ്പോലെ മരിച്ചു വീഴുന്നത്. മൂന്നാം നേേരാന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ഇത്തരം കപട ദൈവതുല്യ മനുഷ്യര്‍ സ്വയം ഡിമാന്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ദൈവത്തിന്റെ പ്രതിരൂപങ്ങളായി ഭൂമിയില്‍ മനുഷ്യര്‍ക്കൊപ്പം ജീവിക്കുന്നവരാണ് ആള്‍ദൈവങ്ങളെന്ന പരിവേഷത്തില്‍. ഇവര്‍ക്ക് കണ്‍കെട്ട് വിദ്യമുതല്‍, മാജിക് വരെയും ഹൃദ്ദിസ്ഥമാണ്.
ഭക്തര്‍ക്ക് ഏത് പ്രതിസന്ധി ഘട്ടത്തിലും വരമായും, വിശ്വാസമായും, സമാധാനമായും പ്രത്യക്ഷപ്പെടാന്‍ അഴകാശം സ്ഥാപിക്കുന്ന ആള്‍ദൈവം. ആരാണ് വിശ്വ ഹരി ഭോലെ ബാബ എന്ന ആള്‍ദൈവം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെ കൊലയ്ക്കു കൊടുത്ത ദൈവത്തിന്റെ ദിവ്യ ശക്തി എന്താണ്.
ഭോലെ ബാബ എന്ന ആള്‍ദൈവം
പ്രദേശവാസികള്‍ പറയുന്നതനുസരിച്ച്, സൂരജ് പാല്‍ അല്ലെങ്കില്‍ ഭോലെ ബാബ, അദ്ദേഹത്തിന്റെ അനുയായികള്‍ വിളിക്കുന്നതു പോലെ, കാസ്ഗഞ്ച് ജില്ലയിലെ പട്യാലി പ്രദേശത്തെ ബഹദൂര്‍ നഗര്‍ സ്വദേശിയാണ്. 17 വര്‍ഷം മുമ്പ് സംസ്ഥാന പോലീസിലെ ജോലി ഉപേക്ഷിച്ച് മതപ്രഭാഷകനായി. അദ്ദേഹത്തിന്റെ അനുയായികള്‍ യു.പിക്കപ്പുറം വ്യാപിക്കുമ്പോള്‍, ഭോലെ ബാബയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും പൊതു സമൂഹത്തില്‍ നിന്നും അകലം പാലിച്ചു. 26 വര്‍ഷം മുമ്പ് ഉള്‍വിളി തോന്നി ഭക്തിമാര്‍ഗം സ്വീകരിച്ചുവെന്നും ജോലി ഉപേക്ഷിച്ചുവെന്നുമാണ് ഇയാള്‍ ഭക്തരെ വിശ്വസിപ്പിച്ചിരുന്നത്. ഇന്ത്യയിലുടനീളം പത്ത് ലക്ഷത്തിലധികം അനുയായികള്‍ ഇയാള്‍ക്കുണ്ട്. അനുയായികള്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്ന ഇയാള്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ സ്ഥിരമായി സത്സംഗുകളും സംഘടിപ്പിച്ചിരുന്നു.
ദിവ്യശക്തി ലഭിച്ചതിനു ശേഷം അദ്ദേഹം ആത്മീയ കാര്യങ്ങളില്‍ സജീവമാകാന്‍ തുടങ്ങിയതോടെ ഭോലെ ബാബ പതിയ പ്രശസ്തനാവാന്‍ തുടങ്ങി. എല്ലാ ചൊവ്വാഴ്ചയും അദ്ദേഹം തന്റെ ‘സത്സംഗങ്ങള്‍’ നടത്താറുണ്ടായിരുന്നു. ഹത്രസിന് മുമ്പ്, കഴിഞ്ഞ ആഴ്ച മെയിന്‍പുരി ജില്ലയില്‍ ഒരു പരിപാടി അദ്ദേഹം നടത്തി. 2022 മെയ് മാസത്തില്‍ ഫറൂഖാബാദ് ജില്ലയില്‍ 50 പേര്‍ മാത്രം പങ്കെടുക്കുന്ന ഒരു സത്സംഗത്തിന് അദ്ദേഹം അനുമതി തേടിയത് കൊവിഡ് പാന്‍ഡെമിക് കാലഘട്ടത്തില്‍ വിവാദത്തിലുമായി. എങ്കിലും, സഭ 50,000ത്തിലേറെ അനുയായികളുടെ പിന്‍ബലത്തോടെ വളര്‍ന്നു. ഇത് പ്രാദേശിക ഭരണകൂടത്തിന് വലിയ തലവേദന സൃഷ്ടിക്കുകയും ചെയ്തിരുന്നു.
മറ്റ് ആള്‍ദൈവങ്ങളെ പോലെ അത്ര മോഡേണ്‍ ആയിരുന്നില്ല ഭോലേ ബാബ. സോഷ്യല്‍ മീഡിയയോട് ഇദ്ദേഹം അകലം പാലിച്ചു. അനുയായികളായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന പ്രചാരകര്‍. സാധാരണ ആള്‍ദൈവങ്ങളില്‍ കണ്ടുവരുന്ന വസ്ത്രധാരണ രീതിയും ഭോലേ ബാബ പിന്തുടര്‍ന്നിരുന്നില്ല. കുങ്കുമ വസ്ത്രത്തിന് പകരം വെള്ള സ്യൂട്ടും ടൈയുമായിരുന്നു ഇദ്ദേഹത്തിന്റെ ഇഷ്ടവസ്ത്രം. ചിലപ്പോഴൊക്കെ പൈജാമയിലും കുര്‍ത്തിയിലും പ്രത്യക്ഷപ്പെടും. സത് സംഗുകളില്‍ ലഭിക്കുന്ന സംഭാവനകളൊന്നും സ്വന്തം ആവശ്യങ്ങള്‍ക്കായല്ല, ഭക്തര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നതെന്നായിരുന്നു പ്രഭാഷണങ്ങളില്‍ ഇയാള്‍ ആവര്‍ത്തിച്ചിരുന്നത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഇന്നലെ ഹത്രാസ് പരിപാടിയില്‍ തിരക്കു വര്‍ദ്ദിച്ചതോടെ ജനങ്ങള്‍ വേദിവിടാന്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചു. എന്നാല്‍, പരിപാടിക്കിടയില്‍ വേദി വിടുന്നത് ഭോലെ ബാബയുടെ സേവകര്‍ തടഞ്ഞു. പ്രസംഗകനും പരിവാരവും ആദ്യം വേദി വിട്ടതിനു ശേഷമാണ് ആളുകള്‍ക്ക് പിരിഞ്ഞുപോകാന്‍ അനുമതി നല്‍കിയത്. ഇതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തതും തിക്കിലും തിരക്കിലും കലാശിച്ചതും. ആളുകള്‍ കൂട്ടമായെത്തി പ്രാര്‍ഥന നടത്തുന്ന, ‘സത്സംഗ്’ എന്നറിയപ്പെടുന്ന ഇത്തരം ചടങ്ങുകള്‍ സര്‍വസാധാരണമാണ് യുപിയില്‍. ഹത്‌റാസില്‍ ഇന്നലെ നടന്ന സത്സംഗില്‍ അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുത്തെന്നാണ് ലഭിക്കുന്ന വിവരം. ഈ സമ്മേളനങ്ങളില്‍ ഭക്തര്‍ക്കാവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കും.
ഭോലെ ബാബയുടെ കാല്‍ തൊട്ടുവന്ദിക്കാനായി ഭക്തര്‍ വാഹനത്തിന് പിന്നാലെ ഓടുകയും മറിഞ്ഞു വീഴുകും ചെയ്തിരുന്നു. ഭോലെ ബാബയുടെ ബോഡിഗാര്‍ഡുകള്‍ ആള്‍ക്കൂട്ടത്തെ തള്ളിമാറ്റുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഇത്രയധികം പേരെ ഉള്‍ക്കൊള്ളാനുള്ള വലിപ്പം ചടങ്ങ് നടന്ന വേദിക്കില്ലാതെ പോയതാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ അധികവും. തിരക്കില്‍ നിന്ന് രക്ഷപെട്ട് പുറത്തെത്തിയവര്‍ ബന്ധുക്കളെ അന്വേഷിച്ച് വീണ്ടും അകത്തേക്ക് പോയതും ദുരന്തത്തിന്റെ ആക്കം കൂട്ടി. കുട്ടികളില്‍ മിക്കവരും ഉന്തിലും തള്ളിലും താഴേക്ക് വീഴുകയും ആളുകളുടെ കാലിനടിയില്‍ പെടുകയുമായിരുന്നു.
ദൈവങ്ങള്‍ രക്ഷിക്കാത്ത നാടും കച്ചവടക്കണ്ണും
ഭക്തി ഒരു കച്ചവട തന്ത്രമാണ്. അതുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥനായ ഒരാള്‍ ആ മാര്‍ഗം തിരഞ്ഞെടുത്തത്. ജനങ്ങളെ വേഗത്തില്‍ പറ്റിക്കാന്‍ കഴിയുന്നതും ഭക്തി മാര്‍മാണ്. ഇന്ത്യയിലെ ആത്മീയ മാര്‍ഗങ്ങളെല്ലാം കച്ചവടത്തിന്റെ സാധ്യതകള്‍ തേടുമ്പോള്‍ ഭക്തര്‍ സ്വയം ചെന്നു വീഴുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ വിഷമങ്ങളെയും വേദനകളെയും ഇല്ലായ്മകളെയുമാണ് ആള്‍ദൈവങ്ങള്‍ ചുഷണം ചെയ്യുന്നത്. ഇതിലൂടെ മറ്റുള്ളവരിലേക്ക് തങ്ങളുടെ വ്യക്തിപ്രഭാവം പ്രസരിപ്പിച്ച്, ഭക്തി അടിമയാക്കുന്നു. ഇങ്ങനെയാണ് ചൂഷണം വ്യാപിപ്പിക്കുന്നതും.
CONTENT HIGHLIGHTS; Personal Gods and Commercial Bhakti: Who is Vishwa Hari Bhole Baba?