കൊലപാതക രാഷ്ട്രീയത്തില്‍ പേരുകേട്ട സംസ്ഥാനമായി കേരളം മാറിയിട്ട് കാലം കുറേയായി. ഇതില്‍ നിന്നൊരു മാറ്റമുണ്ടായിട്ട് ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ കയറിയതിനവു ശേഷമാണ്. എന്നാല്‍, ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷാഇളവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങള്‍ ഉണ്ടായത്. ഇതിനു പിന്നാലെ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയം ഉന്നയിക്കുകയും സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജയില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്താണ് സര്‍ക്കാര്‍ മുഖം രക്ഷിച്ചത്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കേരളം അവധി നല്‍കിയെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്ന കൊലയാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ എടുക്കുന്നുണ്ടെന്ന ആക്ഷേപമാണ് സജീവമായി ചര്‍ച്ച ചെയ്യുന്നത്. ടി.പി. കൊലപാതകികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനു നീക്കം നടത്തിയ സര്‍ക്കാര്‍ ഇതാ പുതിയൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകികള്‍ക്കു വേണ്ടി ഡെല്‍ഹിയില്‍ നിന്നും ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന വലിയ ക്രിമിനല്‍ ലോയര്‍മാരെ എത്തിച്ചതിന്റെ കണക്കുകള്‍ നിയമസഭയില്‍ നിയമമന്ത്രി പി. രാജീവ് തന്നെ പറഞ്ഞിരിക്കുകയാണ്.
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 2.86 കോടി നല്‍കി ഇവര്‍ക്കു വേണ്ടി വാദിക്കാന്‍ വക്കീലന്‍മാരെ വെച്ചത് പ്രതിപക്ഷവും ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് പാവേെപ്പട്ടവര്‍ക്ക് വീടുവെച്ച് നല്‍കുന്നതിനു വേണ്ടിയുള്ള ലൈഫ് മിഷന്‍ പദ്ധതി വഴി 71 വീടുകള്‍ വെക്കാനുള്ള തുകയാണ് ചെലവഴിച്ചിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകികളെ രക്ഷിക്കാന്‍ ഡല്‍ഹിയില്‍ നിന്നെത്തിയ അഭിഭാഷകര്‍ക്ക് എതക്ര രൂപ നല്‍കിയെന്ന സണ്ണി ജോസഫ് എം.എല്‍.എയുടെ ചോദ്യത്തിനാണ് മറുപടി നല്‍കിയിരിക്കുന്നത്. 2,72,40,000 രൂപ വക്കീല്‍ ഫീസായി നല്‍കിയെന്ന് നിയമ മന്ത്രി പി. രാജീവ് രേഖാ മൂലം നിയമസഭയെ അറിയിക്കുകയായിരുന്നു.
പെരിയ കേസിലെ സി.പി.എം പ്രതികളെ രക്ഷിക്കാന്‍ വേണ്ടി ഡല്‍ഹിയില്‍ നിന്ന് 3 അഭിഭാഷകരെയാണ് ഹൈക്കോടതിയില്‍ എത്തിച്ചത്. സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകരായ മനീന്ദര്‍ സിംഗ്, പ്രഭാസ് രാജ്, രജ്ഞിത് കുമാര്‍ എന്നിവരാണ് കൃപേഷ്, ശരത് ലാല്‍ വധക്കേസ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. 88 ലക്ഷം രൂപ ഇവര്‍ക്ക് ഖജനാവില്‍ നിന്ന് വക്കീല്‍ ഫീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഷുഹൈബ് കൊലപാതക കേസിലെ സി.പി.എം പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ ഹൈക്കോടതിയില്‍ എത്തിച്ചത് വിജയ് ഹന്‍സാരിയ, അമരീന്ദ ശരന്‍ എന്നീ പ്രഗല്‍ഭരായ വക്കീലന്‍മാരെ ആയിരുന്നു. 86 ലക്ഷമായിരുന്നു ഇവരുടെ ഫീസ്.
രാഷ്ട്രിയ കൊലപാതകങ്ങളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് നല്‍കിയ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായത് പ്രഗത്ഭനായ ഹരിന്‍ പി. റാവല്‍ ആയിരുന്നു. 98 ലക്ഷമായിരുന്നു ഫീസ്. ഇവര്‍ക്കെല്ലാം ഫീസിന് പുറമെ യാത്ര ചെലവ്, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും സര്‍ക്കാര്‍ ഖജനാവില്‍ നിന്നായിരുന്നു. വിമാന കൂലിയായി 10,09, 525 രൂപയാണ് ചെലവായത്. താമസത്തിനും ഭക്ഷണത്തിനും 3, 57, 647 രൂപയും ചെലവായി. ആകെ ചെലവായത് 2,86,02,172 രൂപ.
ഇങ്ങനെ കേരളത്തിലെ സാധാരണക്കാരായ, വീടില്ലാത്തവര്‍ക്ക് 71 ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള തുകയാണ് സഖാക്കളെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്ന് അഭിഭാഷകര്‍ക്കായി നല്‍കിയത്. ഒരു ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാന്‍ നല്‍കുന്നത് 4 ലക്ഷം രൂപയാണ്. 9 ലക്ഷം പേരാണ് ലൈഫ് മിഷന്‍ വീട് ലഭിക്കാന്‍ ഇപ്പോഴും കാത്ത് കിടക്കുന്നത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരും രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരും രാഷ്ട്രീയ കൊലയാളികള്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
ഇതേ രീതിയില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ചിലവാക്കിയിരുന്നെങ്കില്‍ ഇടതുപക്ഷം എന്തു നിലപാടായിരിക്കും എടുക്കുക എന്നത് ആലോചിച്ചാല്‍ മതിയാകും. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മാത്രമേ ശിക്ഷാ ഇളവോ, പരോള്‍ ലഭിക്കൂ എന്നിരിക്കെ, എത്ര തവണയാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്. പ്രതികള്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്ന വീഡിയോയും കല്യാണത്തിന് പങ്കെടുക്കുന്ന ഫോട്ടോയു അടക്കം സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. നീതിന്യായത്തെയും നിയമത്തെയും ഇത്രകണ്ട് ഭയപ്പെടാത്ത രാഷ്ട്രീയ കൊലയാളികള്‍ക്കു വേണ്ടി സര്‍ക്കാര്‍ ചെയ്യുന്നത് വിടുപണിയാണെന്നാണ് കെ.കെ രമ എം.എല്‍.എ നിയമസഭയില്‍ പറഞ്ഞത്.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ഓഖിയും, പ്രളയവും, നിപ്പയും, കോവിഡും പിടിപെട്ട് കേരളം നരകിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി അന്നേ രൂക്ഷമായിരുന്നതാണ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമായി. ഈ കാലയളവിലെല്ലാം കൊലയാളികളുടെ ക്ഷേമത്തിനും, കേസ് നടത്തിപ്പിനും വേണ്ടി സര്‍ക്കാര്‍, ഖജനാവില്‍ നിന്നും പണം ചെലവഴിക്കുകയായിരുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
CONTENT HIGHLIGHTS;Leave for political murder means help for political murderers: 2.86 crore fee paid to lawyers who argued the case