കാര്‍ത്തുമ്പി കുടകളെ പറ്റി കേട്ടിട്ടുണ്ടോ, അതേ നമ്മുടെ കേരളത്തിലെ അട്ടപ്പാടിയിലുള്ള ആദിവാസി സ്ത്രീകള്‍ നിര്‍മ്മിച്ച് ചരിത്രം തിരുത്തിയ ആ കാര്‍ത്തുമ്പി കുടകളെക്കുറിച്ചാണ് പറയുന്നത്. പുറം ലോകവുമായി ഒറ്റപ്പെട്ട് തങ്ങളുടെ ഊരുകളിലെ ജോലിയും നോക്കി ജീവിതം അങ്ങനെ നീട്ടിക്കൊണ്ടു പോയവരുടെ വിജയഗാഥ, അതാണ് കാര്‍ത്തുമ്പി കുടകള്‍. ഇക്കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ‘മന്‍ കി ബാത്തില്‍’ കേരളത്തിലെ ആദിവാസി സ്ത്രീകള്‍ നിര്‍മ്മിച്ച ‘കാര്‍ത്തുമ്പി’ കുടയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. 2014-ല്‍ ആരംഭിച്ച കാര്‍ത്തുമ്പി കുടയെന്ന നമ്മുടെ നാടന്‍ ബ്രാന്‍ഡ് കേരളത്തിലെ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ട് മുന്‍പ് പോഷകക്കുറവ് മൂലമുണ്ടാകുന്ന ശിശു മരണങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സ്ഥലമായിരുന്നു അട്ടപ്പാടി. 2013 ലെ 31 ശിശു മരണങ്ങള്‍ കേരള മനസാക്ഷിയെ ഞെട്ടിച്ചവയായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ അട്ടപ്പാടിയിലെ ജനങ്ങള്‍ക്കു വേണ്ടി നല്‍കി. ശിശു മരണനിരക്ക് കുറച്ചുകൊണ്ടു വരാന്‍ സാധിച്ചെങ്കിലും ഇപ്പോഴും അട്ടപ്പാടി പിന്നോക്കാവസ്ഥയില്‍ തന്നെയാണെന്ന് പറയുന്നതില്‍ തെറ്റില്ല. അട്ടപ്പാടി എന്നും ലോകത്തില്‍ നിന്നും ഒറ്റപ്പെട്ടു നില്‍ക്കുന്നുവെന്ന് പറയുന്നതായിരിക്കും സത്യം. അട്ടപ്പാടി താലൂക്കിന് ഒരു പ്രത്യേകത തന്നെയുണ്ട്, കേരളത്തിലെ പട്ടികവര്‍ഗക്കാര്‍ക്കായിട്ടുള്ള ഏക താലൂക്കെന്ന സവിശേഷത അട്ടപ്പാടിക്ക് സ്വന്തം. നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടും അട്ടപ്പാടിയിലെ പല കാര്യങ്ങളിലെയും പിന്നോക്കാവസ്ഥ നില നിന്നു. എന്നാല്‍ അട്ടപ്പാടിയിലെ സ്ത്രീകളെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതില്‍ കാര്‍ത്തുമ്പി കുടകള്‍ വഹിച്ച പങ്ക് വലുതാണ്.
അട്ടപ്പാടിയിലെ ആദിവാസി കുട്ടികള്‍ക്ക് വേണ്ടി രൂപീകരിച്ച സാംസ്‌കാരിക കൂട്ടായ്മയായിരുന്നു ‘കാര്‍ത്തുമ്പി’. ആ സുന്ദരമായ പേര് കുട നിര്‍മ്മാണത്തിന് വേണ്ടി അവര്‍ സ്വീകരിച്ചു, കുട്ടികളോട് തെല്ലും പരിഭവമില്ലാതെ തന്നെ. 2014ല്‍ ഈ സംരംഭം ആരംഭിച്ചപ്പോള്‍ 50 ഓളം ആദിവാസി സ്ത്രീകള്‍ക്ക് കുട നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിയിരുന്നു. ഇവരില്‍ പത്തുപേര്‍ക്ക് അട്ടപ്പാടിക്ക് പുറത്ത് വിദഗ്ധ പരിശീലനം നല്‍കി. ആദ്യ മൂന്ന് വര്‍ഷങ്ങളില്‍, ദുബായ് ആസ്ഥാനമായുള്ള പീസ് കളക്ടീവ് എന്ന സംഘടന കുട പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കി. 2017ല്‍ സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് 17 ലക്ഷം രൂപ റിവോള്‍വിങ് ഫണ്ടായി നല്‍കി. 2014-ല്‍ 1000 കുടകള്‍ വിറ്റഴിച്ച സംരംഭം 2024-ല്‍ പ്രതിവര്‍ഷം 17,000 കുടകള്‍ വില്‍ക്കുന്ന വലിയൊരു സംരംഭമായി വളര്‍ന്നു. അന്‍പതു പേര്‍ക്ക് പരിശീലനം ലഭിച്ച സ്ഥലത്തു നിന്നും കുട സംരംഭത്തിന് കൈകൊടുക്കാന്‍ നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ പരിശീലനം ലഭിച്ച ആദിവാസി സ്ത്രീകളുടെ എണ്ണം 360 ആയി ഉയര്‍ത്താന്‍ സാധിച്ചു. മികച്ച വരുമാന മാര്‍ഗത്തോടൊപ്പം സ്വയം തൊഴില്‍ നേടി നിരവധിപേരെയാണ് പൊതുജനമധ്യത്തിലേക്ക് കൊണ്ടു വന്നത്.
ഊരുകളില്‍ ഒതുങ്ങിക്കൂടി കഴിഞ്ഞിരുന്ന സ്്ത്രീകള്‍ ഇന്ന് പറയുന്നത് വിജയത്തിന്റെ മധുരം നിറഞ്ഞ കാര്‍ത്തുമ്പി കുടകളുടെ കഥകളാണ്. കുടകള്‍ മാര്‍ക്കറ്റ് പിടിച്ചതോടെ ഇതര ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് ഇറങ്ങാന്‍ പദ്ധതിയുണ്ടെങ്കിലും സര്‍ക്കാരിന്റെ സഹായത്തിന് കാത്തു നില്‍ക്കുകയാണ് ഇവിടുത്തെ സ്ത്രീകളും സൊസൈറ്റിയും. ഇതുവരെ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ നിര്‍മ്മിച്ചത് മൂന്ന് ലക്ഷത്തോളം കുടകളാണ്. ഇവ ഓണ്‍ലൈന്‍ വഴിയും മറ്റു റീട്ടയില്‍ മാര്‍ക്കറ്റുകളിലും വില്‍പ്പന നടത്തുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലാണ് ഇവരില്‍ ഭൂരിഭാഗം സ്ത്രീകളും ജോലി ചെയ്യുന്നത്. സ്ത്രീകള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനാണ് കുട നിര്‍മ്മാണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് സീസണല്‍ ആണ്, ഫെബ്രുവരിയില്‍ തുടങ്ങും. ജൂണോടെ നല്ലൊരു ശതമാനം കുടകളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിക്കും. ആദിവാസി സ്ത്രീകള്‍ക്ക് അവരുടെ ജീവിത നിലവാരവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് വരുമാന സ്രോതസ്സ് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കുട നിര്‍മാണം എന്ന ആശയം ഉയര്‍ന്നുവന്നത്. സാമ്പത്തിക നേട്ടങ്ങളെ മറികടക്കുന്നതാണ് കാര്‍ത്തുമ്പി കുടകളുടെ വിജയം.സ്ത്രീ ശാക്തീകരണം, സാംസ്‌കാരിക പൈതൃകം സംരക്ഷിക്കല്‍, ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളുടെ സംരംഭകത്വ മനോഭാവം എന്നിവ പ്രദര്‍ശിപ്പിക്കുന്ന ഒരു സംരംഭമാണിത്.
പദ്ധതി വിപുലീകരിക്കുമ്പോള്‍, 350-ലധികം സ്ത്രീകള്‍ പരിശീലനം നേടുന്നതോടെ, മഴ സംരക്ഷണം മാത്രമല്ല, അട്ടപ്പാടിക്ക് ശോഭനമായ നാളെയും വാഗ്ദാനം ചെയ്യുന്നു. പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് കേരള സംസ്‌കാരത്തില്‍ കുടകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അവിടെയുള്ള പല ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും പ്രധാന ഭാഗമാണ് കുടകള്‍. എന്നാല്‍ ഞാന്‍ പറയുന്നത് ‘കാര്‍ത്തുമ്പി കുടകളെ’ കുറിച്ചാണ്. ഇവ കേരളത്തിലെ അട്ടപ്പാടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് നല്‍കിയത്. ഇത് രാജ്യവ്യാപകമായി കാര്‍ത്തുമ്പി കുടകള്‍ക്ക് വലിയ പ്രചാരം വര്‍ദ്ധിക്കാന്‍ ഇടയാകുമെന്ന് തമ്പ് എന്ന ആദിവാസി കൂട്ടായ്മ വിലയിരുത്തി. കാർത്തുമ്പി കുടകൾ നിർമ്മിക്കുന്നത് തമ്പ് എന്ന ആദിവാസി കൂട്ടായ്മ വഴിയാണ്.
karthumpi umbrellas that the tribal women of Attapadi