Features

ആഡംബരത്തിന്റെ അവസാന വാക്ക്; ആരാണ് ഡാൻ ബിൽസേറിയൻ | The Last Word in Luxury; Who is Dan Bilzerian?

ആഡംബരത്തിനൊരു അവസാന വാക്കുണ്ടെങ്കിൽ അതാണ് ഡാൻ ബിൽസേറിയൻ . അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് വരുന്ന ലോകപ്രശസ്ത മുതലാളി, നടൻ, ചൂതാട്ടക്കാരൻ ഇവയൊക്കെയാണ് ഡാൻ ബിൽസേറിയൻ. ഹോളിവുഡ് സുന്ദരിമാരുടെയും പ്രമുഖ മോഡലുകളുടെയും കൂട്ടുകാരൻ, യുഎസിലേയും അർമേനിയയിലെയും യുവാക്കളുടെ ആരാധനാ പുരുഷൻ, ഇൻസ്റ്റഗ്രാം കിങ്…. വിശേഷണങ്ങൾ ഇനിയുമുണ്ട് ഡാൻ ബിൽസേറിയന് . പക്ഷേ, അദ്ദേഹത്തിന്റെ വലിയ ജനപ്രീതിയുടെ പിന്നിലെ യഥാർത്ഥ കാരണം സോഷ്യൽ മീഡിയയാണ്. ഇൻസ്റ്റഗ്രാമിൽ 33 മില്യൻ ഫ്ലോളോവേഴ്സ് ഡാനിന് ഉണ്ട്. മരിക്കുന്നതിനു മുൻപ് ഡാനിനെപ്പോലെ ഒരു ദിവസമെങ്കിലും ജീവിക്കണമെന്ന് ആഗ്രഹിക്കാത്ത യുവാക്കൾ അമേരിക്കയിലില്ല എന്ന് പ്രമുഖ അമേരിക്കൻ ഫാഷൻ മാഗസിൻ ഒരിക്കൽ എഴുതിയിട്ടുണ്ട്.

സ്വന്തമായി കപ്പലുകള്‍, പ്രൈവറ്റ് ജെറ്റ്, ബീച്ചിലേക്ക് തുറന്നു കിടക്കുന്ന എണ്ണമറ്റ കൊട്ടാരങ്ങൾ, ചുറ്റിലും എപ്പോഴും പത്തിൽ കുറയാതെ സുന്ദരിമാർ, എണ്ണിയാലൊടുങ്ങാത്ത ബാങ്ക് ബാലൻസ്… ഒരു അതിമാനുഷ കഥ കേൾക്കുന്ന അമ്പരപ്പോടെയല്ലാതെ ഡാനിന്റെ ജീവിതത്തെക്കുറിച്ച് കേൾക്കാനാകില്ല. ഡാൻ ബിൽസേറിയന്റെ മൊത്തം ആസ്തിയെക്കുറിച്ച് നിരവധി ചർച്ചകൾ നടക്കുന്നുണ്ട് . . ട്വിറ്ററിലെ ബ്ലഫ് മാഗസിൻ ഏറ്റവും രസകരമായ പോക്കർ കളിക്കാരിൽ ഒരാളായി ഡാൻ ബിൽസേറിയനെ തിരഞ്ഞെടുത്തിരുന്നു, ഈ നാമനിർദ്ദേശം അദ്ദേഹത്തെ മാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ ആകർഷിച്ചു. അതിൽ പിന്നെ യുഎസിലെ ചൂതാട്ടക്കാരുടെ പേടിസ്വപ്നമായി ആ പേര് വളർന്നു. പണമെറിഞ്ഞ് പണം വാരി ഡ‍ാൻ അവിടെ രാജാവായി വിലസി.

യുഎസിലെ പ്രമുഖ കോർപറേറ്റ് റൈഡറായ പോൾ ബിൽസേറിയന്റെയും ടെറി സ്റ്റെഫിന്റെയും മൂത്ത മകനായി ജനിച്ച ഡാനിന് ചെറുപ്പത്തിൽ ഒരു നേവൽ ഓഫിസറാകാനായിരുന്നു ഇഷ്ടം. നേവൽ ബേസിൽ ഗ്രാജ്വേഷൻ കോഴ്സിനായി ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. പിന്നീട് അനുജൻ ആഡത്തിനൊപ്പം ഗാംബ്ലിങ്ങും പോക്കറും കളിക്കുന്നതിലായി ശ്രദ്ധ. 2009 ഓടെ പ്രഫഷനല്‍ പോക്കർ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായി ഡാൻ മാറി. ഡാൻ തീരുമാനിക്കുന്നതാണ് അയാളുടെ ജീവിതത്തിലെ നിയമങ്ങൾ. അതുകൊണ്ടുതന്നെ നിരവധി കേസുകളും പേരിലുണ്ട് . സിനിമ അഭിനയത്തോടു പണ്ടേ ആസക്തിയുണ്ടായിരുന്ന ഡാൻ 2014ൽ പുറത്തിറങ്ങിയ ‘ലോൺ സർവൈവർ’ എന്ന ചിത്രത്തിൽ ഒരു വേഷത്തിനായി നിർമാതാക്കൾക്ക് ഒരു മില്യൻ ഡോളർ നൽകി. 8 മിനിറ്റ് സ്ക്രീൻ പ്രസൻസും 80 വാക്കുകളിൽ കുറയാത്ത സംഭാഷണവും വേണമെന്നായിരുന്നു ആവശ്യം. എന്നാൽ പടം ഇറങ്ങിയപ്പോൾ ഡാനിനെ സ്ക്രീനിൽ കാണിച്ചത് ഒരു മിനിറ്റിൽ താഴെ മാത്രം. ഇതിൽ പ്രതിഷേധിച്ച് ഡാൻ നിർമാതാക്കൾക്കെതിരെ വഞ്ചനക്കുറ്റത്തിനു കേസുകൊടുത്തു.

തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓർമകൾ ഒരു പുസ്തകമാക്കാനുള്ള ഡാനിന്റെ ശ്രമങ്ങളും വിവാദമായിരിക്കുകയാണ്. ലൈംഗികതയും ലഹരിയും ചൂതാട്ടവും മുഖ്യ വിഷയങ്ങളാകുന്ന ഓർമക്കുറിപ്പ് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുമെന്നും ഇത് പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടികാട്ടി പ്രസ്സിലെ ജീവനക്കാർ പ്രതിഷേധിക്കുകയും വിട്ടു നിൽക്കുകയും ചെയ്തതോടെ അച്ചടി മുടങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ. നഗ്നരും അർധ നഗ്നരുമായ മോഡലുകളുടെ നിരവധി ചിത്രങ്ങളും പുസ്തകത്തിലുണ്ട്. മറ്റൊരു ഷിഫ്റ്റിലെ ജീവനക്കാരെ ഉപയോഗിച്ച് പുസ്തകം അച്ചടിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രസ്സ് മാനേജർ . മയക്കുമരുന്നുകൾ ഡാനിന് എന്നുമൊരു ദൗർബല്യമായിരുന്നു. അതിന്റെ അമിതോപയോഗവും ചിട്ടയില്ലാത്ത ജീവിതരീതിയും ഡാനിന് പല ആരോഗ്യ പ്രശ്നങ്ങളും നൽകിയിട്ടുണ്ട്. യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 25 വയസ്സിനുള്ളിൽ ഡാൻ രണ്ടുതവണ ഹൃദയാഘാതം നേരിട്ടു.മദ്യത്തിൽ കുളിക്കുക, സ്വന്തം കാറുകൾ വെടിവച്ചു തകർക്കുക, ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവർക്ക് മത്സരങ്ങളിലൂടെ പണം നൽകുക എന്നിങ്ങനെ ചിന്തിക്കാന്‍ പോലുമാകാത്ത കാര്യങ്ങൾ ചെയ്യുന്നതിലാണ് അയാൾ രസം കണ്ടെത്തുന്നത്. സിനിമകളിലെ കാസനോവമാർ പോലും ഡാനിനു മുമ്പിൽ നിഷ്പ്രഭരാകും. അത്യാഡംബര ജീവിതശൈലി തുടർന്ന് ഇപ്പോഴും അമേരിക്കയിലെ യുവാക്കളുടെ സ്വപ്ന നായകനായി ഡാൻ ജീവിതം ആഘോഷമാക്കുകയാണ്