കബളിപ്പിക്കപ്പെട്ടത് പതിനായിരകണക്കിന് ആളുകള്‍. കാര്യം ആളുകള്‍ മനസിലാക്കും മുമ്പ് ശൂന്യതയില്‍ മാഞ്ഞ മായാജാലക്കാരി. ഇരുട്ടില്‍ത്തപ്പി അധികൃതരും. ഒടുവില്‍ തലയ്ക്ക് കോടികള്‍. ഭാവിയുടെ വാഗ്ദാനമായാണ് ക്രിപ്‌റ്റോ കറന്‍സികള്‍ അറിയപ്പെടുന്നത്. ഒരു പ്രമുഖ രാജ്യത്തിന്റെയും, കേന്ദ്ര ബാങ്കിന്റെയോ പിന്തുണ കൂടാതെ അതിവേഗം പ്രശസ്തിയാര്‍ജിക്കാന്‍ ഈ ടെക്‌നോളജിക്കു സാധിച്ചു. കോടീശ്വരന്‍മാരെ സൃഷ്ടിക്കുന്നതിനൊപ്പം വിവാദ നായകന്‍മാരെതും, നായികമാരെതും സൃഷ്ടിക്കാന്‍ ക്രിപ്‌റ്റോയ്ക്കായി. പണം ലഭിച്ചവരേക്കാള്‍ കൂടുതല്‍ പോയവരാണെന്നു പറയേണ്ട അവസ്ഥയുമുണ്ട്.
ക്രിപ്‌റ്റോ വിപണികളില്‍ നിക്ഷേപകര്‍ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് ‘ക്രിപ്‌റ്റോ ക്വീന്‍’ പോലുള്ള വമ്പന്‍ സ്രാവുകളാണ്. ക്രിപ്‌റ്റോ ക്വീന്‍ എന്നു വിളിപ്പേരുള്ള റുജ ഇഗ്നാറ്റോവയെ പറ്റിയാണ് പറഞ്ഞുവരുന്നത്. യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഇവളുടെ തലയ്ക്ക് 4- 5 മില്യണ്‍ ഡോളറാണ് വിലയിട്ടിരിക്കുന്നത്. അതായത് ഏകദേശം 41,72,41,250 രൂപ. അപ്പോള്‍ പിന്നെ ആള്‍ നിസാരക്കാരിയല്ലെന്നു മനസിലായിക്കാണുമല്ലോ?
എഫ്ബിഐ തേടുന്ന ഏറ്റവും വലിയ 10 ക്രിമിനലുകളില്‍ ഒരാളാണ് ഇന്ന് ഇവള്‍. ഒരു കാലത്ത് ഒരു ക്രിപ്റ്റോകറന്‍സി കമ്പനിയുടെ മേധാവിയായിരുന്നു ഇഗ്നാറ്റോവ. തന്റെ കമ്പനിയായ OneCoin വഴി 4 ബില്യണ്‍ ഡോളറിലധികം തട്ടിപ്പ് നടത്തിയെന്നാണു കണ്ടെത്തല്‍. അങ്ങനെ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലും കയറിപ്പറ്റി.
2014 ലാണ് ഇഗ്നാറ്റോവ, സ്വയം വികസിപ്പിച്ചെടുത്ത ക്രിപ്റ്റോകറന്‍സിയായ OneCoin ഉപയോഗിച്ച് വിപണികളില്‍ കളിച്ചത്. ബിറ്റ്‌കോയിനായിരുന്നു അന്നത്തെ പ്രധാന എതിരാളി. വളരെ കുറഞ്ഞ സമയം കൊണ്ട് യുഎസ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 3 ദശലക്ഷം വ്യക്തികളില്‍ നിന്ന് നിക്ഷേപം നേടാന്‍ അവള്‍ക്കു സാധിച്ചു.
എന്നാല്‍ നിക്ഷേപകരും, വിപണികളും കാര്യം മനസിലാക്കുന്നതിനു മുമ്പ് ഇഗ്നാറ്റോവ പണിപറ്റിച്ചു. 2017-ല്‍ ഗ്രീസില്‍ നിന്ന് അവള്‍ അതിവിദഗ്ധമായി അപ്രത്യക്ഷയായി. തുടര്‍ന്ന് യുഎസ് അധികൃതര്‍ അവളെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചു. 2014 മുതല്‍ 2016 വരെ ബള്‍ഗേറിയന്‍ മാഫിയയുമായി സഹകരിച്ചാണ് ഇഗ്നാറ്റോവ വന്‍ തട്ടിപ്പ് പദ്ധതി ആസൂത്രണം ചെയ്തതെന്നു ആരോപിക്കപ്പെടുന്നു.
ശതകോടിക്കണക്കിന് ഡോളര്‍ കബളിപ്പിച്ചതു കൂടാതെ, കൂട്ടാളികള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ വാഗ്ാദനം ചെയ്തതായും, സാമ്പത്തിക ക്രമക്കേട് നടത്തിയതായും ആരോപണങ്ങളുണ്ട്. ആദ്യകാല നിക്ഷേപകര്‍ക്ക് പുതിയ നിക്ഷേപകരെ റിക്രൂട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മണിചെയിന്‍ മാതൃകയാണ് അവള്‍ പ്രധാനമായും പിന്തുടര്‍ന്നത്. ആദ്യകാല നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അവള്‍ ചെറിയ ആദായവും നല്‍കിയിരുന്നു.
മികച്ച പഠനവും, തൊഴില്‍ പരിചയവുമുള്ള വ്യക്തിയാണ് ഇഗ്നാറ്റോവ എന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ അനുഭവസമ്പത്ത് ആളുകളെ കൈയ്യിലെടുക്കാന്‍ അവള്‍ വിനിയോഗിച്ചു. അപ്രത്യക്ഷമായതിനു ശേഷം ഇഗ്നാറ്റോവയെ പറ്റി യാതൊരു വിവരവും അധികൃതര്‍ക്കില്ല. ഒരുപക്ഷെ അവള്‍ രൂപമാറ്റത്തിനു വിധേയമായിരിക്കാമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് തലയ്ക്ക് കോടികള്‍ പ്രഖ്യാപിച്ചത്.