പച്ചിലക്കാടുകള്‍ക്കിടയില്‍ പണിതീരാത്ത വെറും കോണ്‍ക്രീറ്റ് കെട്ടിടമായി നില നില്‍ക്കുന്ന ഈ നിര്‍മ്മിതിയില്‍ സ്വന്തമായി ഒന്നു തല ചായ്ക്കാന്‍ സ്വപ്‌നം കണ്ടത് നിരവധി പേരാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടെ പ്രത്യക്ഷ അടയാളമായി വടക്കാഞ്ചേരിയിലെ ചരല്‍പ്പറമ്പില്‍ നില്‍ക്കുന്ന ഈ കോണ്‍ക്രീറ്റ് കെട്ടിങ്ങള്‍ക്ക് പറയാന്‍ ഏറെ കഥകളുണ്ട്. ലൈഫ് മിഷന്‍ വഴി വീട് ലഭിക്കുമായിരുന്ന 140 പേരുടെ സ്വന്തം വീടെന്ന സ്വപ്‌നമാണ് തകര്‍ന്ന് തരിപ്പണമായി പ്രേതാലയം പോലെ നില്‍ക്കുന്നത്. 16 കോടി രൂപയാണ് വടക്കഞ്ചേരിയിലെ ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാനായി സര്‍ക്കാര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയത്. ഒരു ലൈഫ് ഗുണഭോക്താവിനും 500 അടി വാസസ്ഥലമാണ് ചരല്‍പ്പറമ്പിലെ ഫ്‌ളാറ്റുകളില്‍ നല്‍കാന്‍ തീരുമാനമായത്. എല്ലാം ഇന്ന് വെറും കോണ്‍ക്രീറ്റ് കാടുകളായി എന്ന് തകരുമെന്ന സ്ഥിതിയില്‍ നിലനില്‍ക്കുന്നു.
വടക്കാഞ്ചേരിയിലെ ചരല്‍പറമ്പില്‍ 2.18 ഏക്കര്‍ സ്ഥലത്ത് ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ യുഎഇ ആസ്ഥാനമായ റെഡ് ക്രസന്റ് ലൈഫ് മിഷനുമായി കരാര്‍ ഒപ്പിട്ടത് 2019 ലാണ്. ഏകദേശം 140 ഫ്ളാറ്റുകളുടെ നിര്‍മ്മാണം യൂണിറ്റാക് ബില്‍ഡേഴ്സിനെ ഏല്‍പ്പിച്ചു. സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തതോടെ കരാറില്‍ നിന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും യൂണിറ്റാക്ക് പിന്മാറി. ഇന്റര്‍നാഷനല്‍ റെഡ്‌ക്രോസ് സൊസൈറ്റി പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനു ലഭ്യമാക്കിയ ഫണ്ട് ലൈഫ് മിഷനിലേക്കു വഴിതിരിച്ചുവിട്ടാണ് ഫ്‌ളാറ്റ് പണിതത്. സംസ്ഥാനം നേരിട്ടു വിദേശസഹായം സ്വീകരിക്കുന്നതു നിയമവിരുദ്ധമാണെന്നിരിക്കെ തുടക്കം തന്നെ പാളി.
അതിനിടെ, 2018ലെ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി റെഡ്‌ക്രോസ് സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ അവരുടെ ഫണ്ട് ഉഫയോഗിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നുവെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങളെ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര ചോദ്യം ചെയ്തു. നിര്‍മാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്ക അനിലും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഉന്നയിച്ചിരുന്നുവെങ്കിലും വിജിലന്‍സ് റിപ്പോര്‍ട്ട് അത്തരം ആശങ്കകള്‍ തള്ളിക്കളഞ്ഞു. സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തിനിടെ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണം ഏറ്റെടുത്ത സന്തോഷ് ഈപ്പന്റെ അക്കൗണ്ടില്‍നിന്നു പിന്‍വലിച്ചതാണെന്നുകൂടി കണ്ടെത്തിയതോടെ പദ്ധതി അഴിമതിയുടെ കരിനിഴലില്‍ ആയി. അന്വേഷണത്തില്‍ മൊത്തം 5 കോടിയോളം രൂപയുടെ അഴിമതിയാണെന്നും ഇതില്‍ 4 കോടി രൂപയോളം ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നും വന്നതോടെ കേസും കൂട്ടവുമായി പദ്ധതി മുടങ്ങി. ഇതിനോടകം കെട്ടിടങ്ങളുടെ തൂണുകളും 4 നില വീതമുള്ള കോണ്‍ക്രീറ്റും പൂര്‍ത്തിയായി നാലു ഭാഗവും ഭിത്തികെട്ടാന്‍ തുടങ്ങിയിരുന്നു. സെയ്ന്റ് വെഞ്ചേഴ്‌സുമായി സഹകരിച്ച് 5.25 കോടിയില്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയ ഹെല്‍ത്ത്കെയര്‍ സെന്റര്‍ എന്ന ആശുപത്രിക്കെട്ടിടം മാത്രമാണ് ഇന്ന് അവിടെ പൂര്‍ത്തിയായ ഒരു കെട്ടിടമെന്ന് പറയാന്‍ ഉള്ളത്. അതിന്റെ അവസ്ഥ തന്നെ പരിതാപകരമാണ്, ആരക്കയോ ചേര്‍ന്ന് ആ ആശുപത്രക്കെട്ടിടത്തെയും തകര്‍ത്തു.
വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ ചട്ടക്കൂട് തകര്‍ന്ന നിലയിലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കേസ് നിലനില്‍ക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. നിയമക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയില്‍ ഉറപ്പുനല്‍കി.
ഇന്ന് മുക്കാലോളം കാടുമൂടിയതും നിര്‍മ്മാണം പകുതിയാക്കിയതുമായ കെട്ടിടങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. ആളനക്കമില്ലാത്തതിനാല്‍ സാമൂഹിക വിരുദ്ധരുടെ ഒരു പ്രധാന സങ്കേതമാണ് ഈ കെട്ടിടങ്ങള്‍. ചരല്‍ക്കുന്നിലെ ഫ്‌ളാറ്റ് സമുച്ചയത്തിലേക്ക് വാഹനം പോകാന്‍ ഒരു വഴിയുമില്ല. ആകെയുള്ള ഒരു മണ്‍പാത രണ്ടു കിലോമീറ്റര്‍ നീളമുള്ളതാണ്. ഇപ്പോള്‍ കെട്ടിടംപോലും കാണാനാകാത്ത രീതിയില്‍ ചെടികളും മരങ്ങളും വളര്‍ന്നിരിക്കുന്നു. അടിയിലെ നിലയില്‍ ചുറ്റും കാട്ടുപന്നികളുടെയും കുറുക്കന്റെയും മാളങ്ങള്‍. ഇവിടെയൊക്കെ ഒന്നു ശരിയാക്കിയെടുക്കാന്‍ തന്നെ മാസങ്ങള്‍ വേണ്ടി വരുമെന്ന് വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ ഈ കോണ്‍ക്രീറ്റ് കാടുകള്‍ സന്ദര്‍ശിക്കാന്‍ രാഷ്ട്രീയക്കാരോ, പദ്ധതിയെ എതിര്‍ത്തവരോ അനുകൂലിച്ചവരോ ഒന്നും ചരല്‍ക്കുന്നിലെ ഈ കോണ്‍ക്രീറ്റ് അസ്ഥിക്കൂടത്തെ തിരിഞ്ഞു നോക്കുന്നില്ല.
The dream of 140 people was shattered in Wadakkancherry