ഈ കാലത്ത് ലോകം മുഴുവൻ പണത്തിന് പിന്നാലെ ഓടുമ്പോൾ പണത്തേക്കാൾ മനുഷ്യത്വത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ചിലരുണ്ട്. അങ്ങനെയൊരു മുഖമാണ് അഞ്ചു രൂപാ ഡോക്ടർ എന്ന് നാട്ടുകാർ വിളിക്കുന്ന ശങ്കർ ഗൗഡ. 35 വർഷമായി തുടരുന്ന സൗജന്യ ചികിത്സ തേടി ദിവസവും അഞ്ഞൂറോളം രോഗികളാണ് എത്തുന്നത്. ഡോ. ഗൗഡയുടെ അഞ്ച് രൂപ ചികിത്സ എന്നാൽ ഒരു സമ്പൂർണ പാക്കേജ് ആണ് . അതിൽ പരിശോധന മാത്രമല്ല , കൗൺസിലിംഗ്, മരുന്നുകൾ നിർദ്ദേശിക്കൽ, കുത്തിവയ്പ്പുകൾ എന്നിവ ഉൾപ്പെടുന്നു. ശിവാലി സ്വദേശിയും ബന്ദിഗൗഡ നിവാസിയുമായ ഡോ.ഗൗഡയ്ക്ക് പ്രിയപ്പെട്ടവരാണ് ജില്ലയിലാകെ . നല്ല ശമ്പളം വാഗ്‌ദാനം ചെയ്‌ത് പല സ്വകാര്യ ആശുപത്രികളും സമീപിച്ചെങ്കിലും അദേഹം ഒരു സ്വകാര്യ ആശുപത്രിയിലും സേവനം അനുഷ്ഠിക്കുകയോ , പൈസ കുറഞ്ഞെന്ന് കരുതി ഫീസ് വർധിപ്പിക്കുകയോ ചെയ്‌തിട്ടില്ല.
മണിപ്പാലിലെ പ്രശസ്തമായ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷം ഡോ. ഗൗഡ മാസ്റ്റേഴ്സ് ഡിപ്ലോമയും ചെയ്തു. ത്വക്ക് രോഗ വിദഗ്ദനായ ഗൗഡ ഒരു കടയുടെ സമീപം ഇരുന്നാണ് രോഗികളെ ചികിത്സിക്കുന്നത്. പൈസയില്ലാതെ ക്ലിനിക്കിൽ എത്തുന്നവരെ നിരാശരായി ഡോക്ടർ മടക്കി അയയ്ക്കാറില്ല. 5 രൂപ നൽകാനില്ലാത്തവർക്ക് കൺസൽറ്റേഷൻ ഫീസ് എഴുതിത്തള്ളാനും ഗൗഡക്ക് മടിയില്ല. രാജ്യത്തെ റോഡരുകിലെ തട്ടുകടകളിൽ പോലും 5 രൂപയ്ക്ക് ചായ കിട്ടാത്ത സാഹചര്യത്തിലാണ് ആയിരങ്ങൾക്ക് 5 രൂപയ്ക്ക് ഗൗഡ കരുണയുടെ ചികിത്സ നൽകുന്നത്. നൂറുകണക്കിനാളുകൾ ചികിത്സ തേടി അലയുമ്പോൾ മാണ്ഡ്യ നഗരത്തിലെ ഗൗഡയ്ക്ക് അരികിലേക്ക് ആർക്കും കടന്നു ചെല്ലാം. എല്ലാവർക്കും സൗജന്യമാണ് സേവനം. എത്തുന്നവർക്ക് പരിശോധന കഴിഞ്ഞ് അഞ്ചുരൂപ നൽകി മടങ്ങാം. ഇനി പൈസ ഇല്ലെങ്കിൽ ഫീസിനെക്കുറിച്ച് ചോദിക്കാനും ചിന്തിക്കാനും ഈ ഡോക്ടറെ കിട്ടില്ല. പാവങ്ങൾക്ക് പൈസ ഇല്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുതെന്നാണ് ഗൗഡയുടെ വാദം.
അദ്ദേഹത്തിന്റെ ജനപ്രീതി കാരണം ദൂരദേശങ്ങളിൽ നിന്ന് ആളുകൾ ചികിത്സയ്ക്കായി അദ്ദേഹത്തിന്റെ അടുക്കൽ എത്തുന്നു.മുൻപ് ഡോക്ടർ തന്റെ ഗ്രാമത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയെത്തി മാണ്ഡ്യ നഗരത്തിൽ പ്രാക്ടീസ് ചെയ്തിരുന്നു. എന്നാൽ ഇതിനിടയിൽ തന്റെ പ്രദേശത്ത് നിന്ന് ധാരാളം ആളുകൾ ചികിത്സയ്ക്കായി നഗരത്തിൽ വരുന്നത് അദ്ദേഹം ശ്രദ്ധിച്ചു . തുടർന്ന് തന്റെ ഗ്രാമത്തിൽ തന്നെ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചു. ചികിത്സയ്ക്ക് പുറമെ ചെറിയ രീതിയിൽ കൃഷിയും ഗൗഡ ചെയ്യുന്നുണ്ട്. സ്വന്തമായി ഒരു വാഹനം പോലുമില്ലാത്തതിനാൽ സർക്കാർ ബസിലാണ് യാത്ര . എല്ലാ ദിവസവും പോലെ ഗൗഡ എത്തിക്കഴിഞ്ഞാൽ മുൻപിൽ ഒരു നീണ്ട നിരയാണ്. രോഗികൾ എത്ര തിങ്ങിനിറഞ്ഞാലും രോഗികളെ മുഴുവൻ കാണാതെ അദ്ദേഹം എഴുന്നേൽക്കാറില്ല. നിങ്ങൾ ഒരു ഡോക്ടറാണെങ്കിൽ സഹാനുഭൂതിയും നിങ്ങളുടെ തൊഴിലിന്റെ ഭാഗമാണ്.