Features

‘പള്ളി’ മുതല്‍ ‘പള്ളി’ വരെ: സുരേഷ് ഗോപി ഇറങ്ങുകയാണ് സ്പിരിച്വല്‍ ടൂറിസവുമായി: വേണോ നമുക്ക് ഇങ്ങനെയൊരു പദ്ധതി ?/From ‘Palli’ to ‘Palli’: Suresh Gopi is coming up with spiritual tourism: Do we need such a project?

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിനോദ സഞ്ചാരത്തിനാണ് ഒരു പഞ്ഞവുമില്ലാത്തത്. മഴക്കാലത്തെ പ്രകൃതി ക്ഷോഭങ്ങള്‍ പോലും വിനോദ സഞ്ചാരത്തിന്റെ ഭാഗമാക്കുന്ന ജനതയായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രകൃതിയും, അന്തരീക്ഷവും കനിഞ്ഞു നല്‍കിയിട്ടുള്ള എല്ലാ വിഭവങ്ങളും കേരളത്തെ ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ മുന്നില്‍ നിര്‍ത്തുന്നുണ്ട്. എന്നാല്‍, വിനോദ സഞ്ചാര മേഖല സര്‍ക്കാരിന്റെ ഒരു പ്രധാന വരുമാന സ്രോതസ്സാണ്. വിനോദ സഞ്ചാര ഇടങ്ങലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ എത്തുമെന്നുറപ്പാണ്.

എന്നാല്‍, അത്തരം അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ കാര്യമായ പുരോഗതി വരുന്നുണ്ടോ എന്നത് സംശയമുണ്ട്. കേരളത്തെയും മറ്റു സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുള്ള ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. അത് എങ്ങനെ സാധ്യമാക്കാമെന്നതിനെ കുറിച്ചുള്ള ആലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിര്‍ദ്ദേശിച്ചിരിക്കുന്ന സ്പിരിച്വല്‍ ടൂറിസം എന്ന ആശയം നേരത്തെ തന്നെ കേരള സര്‍ക്കാര്‍ അഴതരിപ്പിച്ചിട്ടുള്ളതാണ്. ആഭ്യന്തര ടൂറിസത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

കേരളത്തിലെ പ്രധാന ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം സര്‍ക്യൂട്ട്. എന്നാല്‍, അത് ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ലെന്നതാണ് വസ്തുത. ശബരിമലയും, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രവും, ബാമാപ്പള്ളിയും, വെട്ടുകാട് പള്ളിയുമടക്കം കേരളത്തിലെ പ്രഖ്യാതവും പുരാതനവുമായ എല്ലാ ആരാധനാലയങ്ങളും കേന്ദ്രീകരിച്ചായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. ശബരിമലയെ പാക്കേജ് പോലും സ്പിരിച്വല്‍ ടൂറിസത്തിന്റെ ഭാഗമായിരുന്നു. എന്നിട്ടും, പൂര്‍ണ്ണമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന സത്യം നിലനില്‍ക്കെയാണ്.

സുരേഷ്‌ഗോപി പള്ളി മുതല്‍ പള്ളി വരെ എന്ന ആശയത്തിന് തിരികൊളുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിനമു മുമ്പ് സ്വര്‍ണ്ണ കിരീടവും, തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം സ്വര്‍ണ്ണ കൊന്തയും മാതാവിന് കൊടുത്തതിന്റെ മറ്റൊരു തലം ഇതാണെന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. നാഗപട്ടണം വലിയ പള്ളി മുതല്‍ തൃശൂര്‍ ലൂര്‍ദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സര്‍ക്യൂട്ടിനാണ് സുരേഷ് ഗോപി നിര്‍ദ്ദേശം വച്ചിരിക്കുന്നത്.

ടൂറിസം സെക്രട്ടറിയില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടികളിലേക്കു സുരേഷ് ഗോപി പറയുന്നു. വേളാങ്കണ്ണി, ഡിണ്ടിഗല്‍, മംഗളാദേവി, മലയാറ്റൂര്‍ പള്ളി, ഭരണങ്ങാനത്തെ അല്‍ഫോന്‍സാമ്മ കബറിടം, കാലടി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങള്‍ കൂടി ഉള്‍പ്പെടുന്ന സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട് ആണ് മനസ്സിലുള്ളത്. ഇതില്‍ കൊച്ചിയിലെ ജൂതപ്പള്ളി കൂടി ഉള്‍പ്പെടുത്തുന്നതും ആലോചിക്കുന്നുണ്ട്. പദ്ധതികളെപ്പറ്റി പരിധി വിട്ടു കാര്യങ്ങള്‍ പറയരുതെന്നാണു നേതൃത്വത്തില്‍ നിന്നു കിട്ടിയ ഉപദേശം എന്നാണ് സുരേഷ്‌ഗോപി പറയുന്നത്.

അതായത്, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ വളരെ രഹസ്യ സ്വഭാവത്തോടു കൂടിയുള്ളതായിരിക്കണം എന്നര്‍ത്ഥം. ജനങ്ങള്‍ക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും സ്വന്തം മണ്ഡലത്തിനു വേണ്ടിയും പദ്ധതികള്‍ നിര്‍വഹിക്കുമ്പോള്‍ അതിന് എന്തിനാണ് രഹസ്യ സ്വഭാവം. അങ്ങനെ കേന്ദ്രസഹമന്ത്രിയോട് പരിധി വിടരുതെന്ന് പറയുമ്പോള്‍ ക്രിസ്ത്യന്‍ പള്ളികളെ കോര്‍ത്തിണക്കിയുള്ള ഈ ടൂറിസം പദ്ധതിയുടെ പിന്നില്‍ ഒരു രാഷ്ട്രീയ ഉദ്ദേശം കൂടിയുണ്ടെന്ന് പറയാതെ വയ്യ. മണിപ്പൂരും, രാജ്യത്തെ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരേയുള്ള കൊലപാതക പരമ്പരകളും മറച്ചു വെയ്ക്കാനും, ക്രിസ്ത്യന്‍ വിഭാഗത്തെ സന്തോഷിപ്പിക്കാനുമുള്ള പദ്ധതിയല്ലേ ഇതെന്ന് ചിന്തിക്കുന്നവരെ തെറ്റു പറയാനൊക്കില്ല.

പള്ളി മുതല്‍ പള്ളി വരെ വിനോദ സഞ്ചാരം നടത്തുന്നുണ്ടെങ്കില്‍ അതില്‍ ക്രിസ്ത്യന്‍ വിഭാഗക്കാരായിരിക്കും കൂടുതല്‍ ഉണ്ടാവുകയെന്ന് ആര്‍ക്കും മനസ്സിലാകും. അപ്പോള്‍ സുരേഷ്‌ഗോപിയുടെ ഉദ്ദേശം ടൂറിസം പദ്ധതിയിലൂടെ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കല്‍ കൂടിയാവുകയാണ്. കേരളത്തില്‍ വര്‍ഗീയതയുടെ സ്വീകാര്യത വര്‍ദ്ദിച്ചു വരുന്നുണ്ടെന്ന് മനസ്സിലാക്കിയുള്ള ന്യൂനപക്ഷ പ്രീണന നീക്കം കൂടിയാണിത്. പള്ളികളെ കേന്ദ്രീകരിച്ച് സുരേഷ്‌ഗോപിയിലൂടെ ബി.ജെ.പിയാണ് കടന്നു കയറാന്‍ ശ്രമിക്കുന്നത്.

ഒരു വശത്ത് രാജ്യത്താകമാനം ക്രിസ്ത്യാനികളെ ചുട്ടു കരിക്കുമ്പോള്‍ മറു വശത്ത് ക്രിസ്ത്യാനികള്‍ക്കു വേണ്ടി ടൂറിസം പദ്ധതി നടപ്പാക്കുന്ന ഇരട്ടത്താപ്പാണ് ബി.ജെ.പി മുന്നോട്ടു വെക്കുന്നത്. ഇത് കേരളത്തില്‍ വേണോ എന്നതാണ് ചിന്തിക്കേണ്ടത്. ടൂറിസം മേഖലയിലൂടെ സാമ്പത്തിക വരുമാനം വര്‍ദ്ധിക്കുമെന്നതിന് തര്‍ക്കമില്ല. പക്ഷെ, അതിന്റെ ഉദ്ദേശ ലക്ഷ്യം മറ്റൊന്നാണെങ്കില്‍, അത് നാടിന്റെ സമാധാനത്തെ തന്നെ ചോദ്യം ചെയ്യും.

അതുകൊണ്ടു തന്നെ മലയാളികള്‍ ചിന്തിക്കേണ്ട പ്രധാന കാര്യമിതാണ്. പള്ളി മുതല്‍ പള്ളി വരെ എന്ന ടൂറിസം സര്‍ക്യൂട്ട് വേണമോ വേണ്ടയോ എന്നാണ്. സദ് ഉദ്ദേശത്തോടെയുള്ള പദ്ധതിയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നവരാണ് മലയാളികള്‍. എന്നാല്‍, അതിലൂടെ രാഷ്ട്രീയം കടത്താന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി തടയുകയും ചെയ്യും.

 

content highlights; From ‘Palli’ to ‘Palli’: Suresh Gopi is coming up with spiritual tourism: Do we need such a project?