Features

ആക്ഷന്‍ ഹീറോ ‘കേന്ദ്രമന്ത്രി’ BJPക്ക് തലവേദനയാകുമോ ?: പണം വാങ്ങി ഉദ്ഘാടനത്തിനു പോകാമോ?

മലയാള സിനിമയുടെ ആക്ഷന്‍ ഹീറോയായ കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി ‘വലിയ തലവേദന’ ആകുമോ എന്ന ഉള്‍ഭയം പിടികൂടിയിരിക്കുകയാണ് ബി.ജെ.പിക്കും മോദി സര്‍ക്കരിനും. കേരളത്തില്‍ സുരേഷ്‌ഗോപി അല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലാത്ത സ്ഥിതിയില്‍ ‘ചുമക്കുക’ എന്നല്ലാതെ മറ്രൊരു ഓപ്ഷനുമില്ലാത്തും തലവേദന തന്നെയാണ്. സുരേഷ്‌ഗോപി എന്തൊക്കെ വിളിച്ചു പറയും, എങ്ങനെയൊക്കെ ഇടപെടുമെന്നത് പ്രവചിക്കാന്‍ കൂടി കഴിയാത്ത അവസ്ഥ. ബി.ജെ.പി കേരള ഘടകം സുരേഷ്‌ഗോപിക്കു മുമ്പില്‍ ഇപ്പോള്‍ നിഷ്പ്രഭവമായിരിക്കുകയാണ്. കാരണം, രാഷ്ട്രീയപരമായും, പാര്‍ലമെന്ററി പരമായും ബി.ജെ.പി തോറ്റ് നില്‍ക്കുമ്പോള്‍, ആ മാനക്കേട് മാറ്റിയത് സുരേഷ്‌ഗോപിയാണ്.

അതുകൊണ്ട് കയ്ച്ചിട്ട് ഇറക്കാനും, മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത സ്ഥിതിയിലായിരിക്കുകയാണ്. ഇപ്പോള്‍, മന്ത്രി പദവി ഏറ്റെടുത്താലും അഭിനയം തുടരുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ, ‘ഉദ്ഘാടനത്തിനെത്തുക എം.പി ആയിട്ടായിരിക്കില്ല, സിനിമാ നടനായിട്ടായിരിക്കുമെന്നും, അതിനുള്ള പണം വാങ്ങുമെന്നുമുള്ള’ സുരേഷ് ഗോപിയുടെ പുതിയ പ്രതികരണവും ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. തൃശൂര്‍ എം.പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി ഇങ്ങനെ പ്രസംഗിച്ചത് ശരിയായില്ല എന്ന നിലപാടിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനുള്ളത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗമായിരുന്നു കൊണ്ട് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താന്‍ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് നേതൃത്വത്തെ ആശയക്കുഴപ്പത്തില്‍ ആക്കിയിരിക്കുന്നത്. തന്റെ സിനിമാ അഭിനയം തുടരും എന്ന പ്രഖ്യാപനമാണ് കേന്ദ്ര മന്ത്രിസ്ഥാനം പോലും ലഭിക്കാതെ പോയത്. മാത്രമല്ല, സഹമന്ത്രി സ്ഥാനത്ത് സ്വതന്ത്ര ചുമതല പോലും നല്‍കാതെ സുരേഷ് ഗോപി ഒതുക്കപ്പെടാന്‍ കാരണമാവുകയും ചെയ്തു. അതു കൊണ്ടു തന്നെ ഇപ്പോഴത്തെ പുതിയ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി എന്ത് നിലപാടാണ് സുരേഷ് ഗോപിയുടെ കാര്യത്തില്‍ സ്വീകരിക്കുക എന്നതാണ് ബി.ജെ.പി അണികളും ഉറ്റുനോക്കുന്നത്.

എന്നാല്‍, കേരളത്തിലെ ഏക എം.പി എന്ന ഒറ്റ കാരണത്താല്‍ സുരേഷ് ഗോപിയെ ശാസിക്കാന്‍ പോലും ബി.ജെ.പി നേതൃത്വത്തിന് കഴിയില്ല. തല്‍ക്കാലം ഇതെല്ലാം സഹിക്കുക മാത്രമാണ് ബി.ജെ.പി നേതൃത്വത്തിനു മുന്നിലുള്ള ഏക മാര്‍ഗം. അതേസമയം, പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സുരേഷ് ഗോപിയോട് പ്രസംഗിക്കുമ്പോഴും പെരുമാറുമ്പോഴും പക്വത കാണിക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് നിര്‍ദ്ദേശം നല്‍കുമെന്നാണ് സൂചന. കേന്ദ്രമന്ത്രിമാര്‍ക്കും ബി.ജെ.പി എം.പിമാര്‍ക്കും പൊതുവായൊരു പെരുമാറ്റചട്ടം തന്നെ കൊണ്ടു വരാന്‍ നീക്കമുണ്ടെന്നും സൂചനയുണ്ട്. പെരുമാറ്റച്ചട്ടത്തില്‍ കേന്ദ്ര മന്ത്രിമാര്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് പോകരുതെന്നോ, അഥവാ പോയാല്‍ അതിനായി പണം വാങ്ങാന്‍ പാടില്ലന്നുമുള്ള കര്‍ശന നിലപാട് മോദി സ്വീകരിക്കാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെയൊരു പെരുമാറ്റച്ചട്ടം കൊണ്ടുവന്നാല്‍, മോദി സര്‍ക്കാരിലെ നിരവധി താരങ്ങള്‍ക്കൊപ്പം സുരേഷ് ഗോപിയും വെട്ടിലാകും.

ബി.ജെ.പിയെ വെട്ടിലാക്കി സുരേഷ് ഗോപി നടത്തിയ പ്രസംഗം

”ഞാന്‍ ഇനിയും സിനിമ ചെയ്യും. എന്റെ സിനിമകളില്‍ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതല്‍ എട്ടു ശതമാനം. അതു നല്‍കാനേ എനിക്ക് അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കണ്ടേ. അങ്ങനെ വരുന്ന കാശ് ഇനി വ്യക്തികള്‍ക്കല്ല കൊടുക്കുന്നത്. പ്രധാനമായിട്ടും ജനങ്ങള്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് അതു വന്നിരിക്കും. അതിനു പിരിവും ഉണ്ടാകില്ല. ഒരു കാര്യം ഞാന്‍ ഉറപ്പു തരാം. പിരിവുണ്ടാകും. ഏതെങ്കിലും പരിപാടിക്കു പോകുമ്പോള്‍, എംപിയേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് വിചാരിക്കുകയേ വേണ്ട, അവിടെ സിനിമാ നടനായിട്ടേ വരു. അതിനു യോഗ്യമായ ശമ്പളം എന്റെ സഹപ്രവര്‍ത്തകര്‍ വാങ്ങുന്ന തരത്തില്‍ വാങ്ങിയേ ഞാന്‍ പോകൂ. അതില്‍നിന്ന് നയാ പൈസ ഞാന്‍ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്കു പോകും അതു ഞാന്‍ നേരത്തേ സൂചിപ്പിച്ച കാര്യങ്ങള്‍ക്കായി ഉപയോഗിക്കും. ഇനിയിപ്പോള്‍ ആക്രമണം വരാന്‍ പോകുന്നത് ആ രീതിക്കൊക്കെയാണ്. അത് ഞാന്‍ ഇപ്പോഴേ അങ്ങ് പിരിവെട്ടി നല്ല കപ്ലിങ് ഇട്ട് അടച്ചുകൊടുത്തിരിക്കുകയാണ്. ഇനി അങ്ങനെ തന്നെയാണ്. തൃശൂരിലെ ജനങ്ങളാണ് ഒരു ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നതെങ്കില്‍ നിങ്ങളുടെയൊന്നും ഉപദേശം ആവശ്യമില്ല. കൃത്യമായിത്തന്നെ നിര്‍വഹണം നടത്തിയിരിക്കും. അതിനുള്ള ചങ്കൂറ്റം ഉണ്ടെന്ന് നേരത്തേ തെളിയിച്ചതാണ്. പറഞ്ഞതൊന്നും വെറുതെ പറഞ്ഞതല്ല. ഈശ്വരന്‍ അനുഗ്രഹിച്ചാല്‍ അതുക്കും മേലെ ചെയ്തിരിക്കും’.

കേന്ദ്രമന്ത്രിക്ക് പണം വാങ്ങി ഉദ്ഘാടനം നടത്താമോ ?

‘നിയമത്തേക്കാള്‍ കൂടുതല്‍ അത് നൈതികമായ സംഗതിയാണ്. സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവര്‍ക്ക് പണം വാങ്ങാം. പക്ഷെ സെലിബ്രിറ്റി, പൊതുജന സേവകന്‍ കൂടിയാകുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. ഒരു പൊതുപരിപാടിക്ക് പണം വാങ്ങുമെന്നല്ലല്ലോ സുരേഷ് ഗോപി പറഞ്ഞത്. ഉദ്ഘാടനത്തിന് വാങ്ങും എന്നല്ലേ. ഉദ്ഘാടനത്തിന് സുരേഷ് ഗോപി എന്ന താരമായിട്ടായിരിക്കുമല്ലോ അദ്ദേഹം പോകുക. പാലം ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോഴോ, സര്‍ക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോഴോ പണം വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അത് സാധ്യവുമല്ല. ഒരു സ്വര്‍ണക്കട ഉദ്ഘാടനം ചെയ്യാന്‍ എംപിയായി പോകേണ്ട കാര്യമില്ല സുരേഷ് ഗോപിയായി പോയാല്‍ മതിയല്ലോ? ഏത് ഉദ്ഘാടനത്തിന്റെ കാര്യമാണ് താന്‍ ഉദ്ദേശിച്ചതെന്നതില്‍ സുരേഷ് ഗോപി വ്യക്തത വരുത്തിയാല്‍ മതി.’ മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ.ജയകുമാര്‍ പറയുന്നു.
”വാണിജ്യപരമായ സംരംഭങ്ങളുമായി ബന്ധപ്പെട്ടായിരിക്കാം സുരേഷ് ഗോപി അങ്ങനെ പറഞ്ഞിരിക്കുക. പൊതുപരിപാടികളില്‍ എംപിയായി പങ്കെടുക്കുന്നതിനെ കുറിച്ചായിരിക്കില്ല. വാണിജ്യപരമായ സംരംഭങ്ങളുടെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ഒരു താരമായി ക്ഷണിക്കുമ്പോള്‍ അതിന് പണം നല്‍കണമെന്നാണ് അദ്ദേഹം പറഞ്ഞത്. എംപിയായിരിക്കേ അത്തരം ഉദ്ഘാടനത്തിന് പോകുന്നതിന് വിലക്ക് ഇല്ല. ഒരു താരമെന്ന നിലയില്‍ വ്യക്തിക്ക് തീരുമാനിക്കാം. ഔദ്യോഗിക ചടങ്ങാണെങ്കില്‍ തീര്‍ച്ചയായും അങ്ങനെ പറയാന്‍ സാധിക്കില്ല.’ സുപ്രീംകോടതി അഭിഭാഷകന്‍ എം.ആര്‍ അഭിലാഷ് പറഞ്ഞു.
സംഭവം ചര്‍ച്ചയായതോടെ ഇക്കാര്യത്തില്‍ സുരേഷ് ഗോപി തന്നെ കഴിഞ്ഞ ദിവസം വ്യക്തത വരുത്തിയിരുന്നു. ”വാണിജ്യസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനു പോകുന്നതിന് പണം വാങ്ങിക്കുമെന്നാണ് പറഞ്ഞത്. സിനിമയിലെ സഹപ്രവര്‍ത്തകര്‍ ചെയ്യുന്നതുപോലെ തന്നെ ‘തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് ഗോപി പറഞ്ഞു. തൃശുരിലെ ഏങ്ങണ്ടിയൂരില്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകവേയാണ് ഉദ്ഘാടനങ്ങള്‍ക്കെത്തുക താരമായിട്ടായിരിക്കുമെന്നും അതിനു പണം വാങ്ങുമെന്നും പ്രസംഗിച്ചത്. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ സുരേഷ് ഗോപി തന്നെ വ്യക്തത വരുത്തുകയും ചെയ്തു.

കേരളത്തില്‍ അക്കൗണ്ട് തുറന്നതിന്റെ സന്തോഷമല്ല ബി.ജെ.പിക്കുള്ളത്. അക്കൗണ്ട് തുറന്ന സുരേഷ്‌ഗോപിയെയും കൊണ്ട് മുന്നോട്ടു പോകുന്ന അവസ്ഥയോര്‍ത്താണ് വിഷമം. പാര്‍ട്ടിക്കതീതനായി നീങ്ങുന്ന പ്രവണതയാണ് സുരേഷ്‌ഗോപിക്കുള്ളത്. തനിക്ക് മത്സരിക്കാന്‍ ഒരു പാര്‍ട്ടി വേണമായിരുന്നു. അതാണ് ബി.ജെ.പി. അല്ലാതെ പാര്‍ട്ടിയില്‍ അണികളെ എത്തിക്കുന്നതിനോ, പാര്‍ട്ടി പരിപാടികളില്‍ ഇടപെടാനോ ഒന്നിനും സുരേഷ്‌ഗോപിക്ക് താല്‍പ്പര്യമില്ല. നരേന്ദ്രമോദിയുമായി നേരിട്ടുള്ള ഇടപെടലുകള്‍ കൊണ്ട് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് എത്തിയതാണ് സുരേഷ്‌ഗോപി.

പാര്‍ട്ടിയെ വളര്‍ത്താന്‍ ഒന്നും ചെയ്തില്ലെങ്കില്‍പ്പോലും നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ സുരേഷ്‌ഗോപി ബി.ജെ.പി കേരള ഘടകത്തിന് ഒരാശ്വാസമാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ സമരങ്ങളിലോ, തെരഞ്ഞെടുപ്പ് പ്രചാരകനോ ആകാന്‍ സുരേഷ്‌ഗോപി തയ്യാറുമല്ല. എന്നാല്‍, തന്റെ വഴിയിലൂടെ സഞ്ചരിക്കുമ്പോഴും ബി.ജെ.പി ലേബല്‍ ഉയര്‍ത്തിപ്പിടിക്കുകയും വേണം. ഈ ആറ്റിറ്റിയൂഡിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ബി.ജെ.പി കേരളാ ഘടകവും, സുരേഷ്‌ഗോപിയും തമ്മില്‍ വൈകാതെ ഇടയുമെന്നുറപ്പാണ്.

 

CONTENT HIGHLIGHTS;Will action hero ‘Kendra Minister’ become a headache for BJP?: Can he take money and go to inauguration?