Features

മദ്യം ഫ്‌ളൈറ്റില്‍ കയറ്റുമോ?: കുപ്പിക്കണക്കിന് വാങ്ങുമ്പോള്‍ ഇതൊന്ന് അറിഞ്ഞിക്കണം മദ്യപാനികളേ ?/Can alcohol be carried on the flight?: Drinkers should know this when buying bottles?

ആഗോള മദ്യ ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. മദ്യത്തിന് വില കുറഞ്ഞ സ്ഥലങ്ങളില്‍ നിന്ന് ആഭ്യന്തര വിമാനയാത്രയ്ക്കിടയില്‍ കുപ്പികള്‍ വാങ്ങി കൊണ്ടുവരാമെന്ന് കരുതേണ്ട. അതിനെല്ലാം നിയമങ്ങളുണ്ട്. പ്രത്യേകിച്ച് ആഭ്യന്തര വിമാനങ്ങളില്‍ മദ്യം കൊണ്ടു പോകുന്നതിന് ചില നിബന്ധനകള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം. ഒരു കാര്യം മറന്നു പോകുന്നില്ല. എന്തൊക്കെ നിയമങ്ങള്‍ ഉണ്ടായാലും ഇനിയിപ്പോ പിടിക്കപ്പെട്ടാലും സാരമില്ല, രണ്ടുകുപ്പി കൊണ്ടു വരാന്‍ ശ്രമിക്കുന്ന വിരുതന്‍മാരുമുണ്ട്. അവര്‍ക്കു കൂടി അറിയാന്‍ വേണ്ടിയാണ് പിടിക്കപ്പെട്ടാല്‍, കൊണ്ടുവരുന്ന കുപ്പിയുടെ ഇരട്ടിത്തുക അങ്ങോട്ട് ഫൈനായി കൊടുക്കേണ്ടി വരും. അതുകൊണ്ട് അനുവദനീയമായത് എത്ര കുപ്പിയാണോ അത് കൊണ്ടുവരാന്‍ നോക്കുകയാണ് ബുദ്ധി.

എത്ര കുപ്പി?

ഇന്ത്യയിലെ വ്യോമയാന യാത്രയുടെ റെഗുലേറ്ററി ബോഡിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അടുത്തിടെ ഇത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ആഭ്യന്തര വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് നിശ്ചയിക്കപ്പെട്ട അളവില്‍ മദ്യം കൊണ്ടു പോകാന്‍ അനുവാദമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ചില നിയമങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ട്.

ചെക്ക് ഇന്‍ ബാഗേജില്‍ യാത്രക്കാര്‍ക്ക് അഞ്ച് ലീറ്റര്‍ വരെ മദ്യം കൊണ്ടുപോകാം. എന്നാല്‍, ഈ മദ്യത്തിലെ ആല്‍ക്കഹോള്‍ കണ്ടന്റ് 70 ശതമാനത്തിന് മുകളിലാകാന്‍ പാടില്ല. പ്രായപൂര്‍ത്തിയായ എല്ലാ യാത്രക്കാര്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, മറ്റ് യാത്രക്കാര്‍ക്ക് കൈമാറാന്‍ അനുവാദമില്ല. അതേസമയം, ഹാന്‍ഡ് ബാഗേജില്‍ മദ്യം കൊണ്ടു പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. യാത്രക്കാര്‍ പരിശോധനയ്ക്കു ശേഷമോ അല്ലെങ്കില്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ നിന്നോ ആണ് മദ്യക്കുപ്പി വാങ്ങുന്നതെങ്കില്‍ അതിന്റെ യഥാര്‍ത്ഥ റീട്ടെയില്‍ പാക്കേജിങ്ങിന് ഒപ്പം ആണെങ്കില്‍ വിമാനയാത്രയില്‍ അഞ്ചു ലീറ്റര്‍ വരെ കാബിന്‍ ബാഗേജില്‍ അനുവദിക്കുന്നു. കവര്‍ തുറക്കാനോ മദ്യക്കുപ്പിയുടെ സീല്‍ പൊട്ടിക്കാനോ അനുവാദമില്ല. കാരണം, യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ വച്ച് കൈവശം കരുതിയിരിക്കുന്ന മദ്യം കഴിക്കാന്‍ അനുവാദമില്ല.

ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നാണ് മദ്യം വാങ്ങുന്നു എങ്കില്‍

വിദേശയാത്രയില്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നാണ് മദ്യം വാങ്ങുന്നതെങ്കില്‍ അത് വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവാദമുണ്ട് (2 ലീറ്റര്‍ വരെ). എന്നാല്‍ മദ്യത്തിന്റെ പാക്കറ്റ് തുറക്കാന്‍ അനുവാദമില്ല. വാങ്ങിയപ്പോള്‍ ലഭിച്ച പാക്കേജ് എങ്ങനെയാണോ അതുപോലെ തന്നെ ആയിരിക്കണം വിമാനയാത്രയിലും ഒപ്പം കരുതേണ്ടത്. കൂടാതെ യാത്രക്കാര്‍ അവര്‍ക്കൊപ്പം കരുതിയിരിക്കുന്ന ഹാന്‍ഡ് ബാഗേജില്‍ ഇത് സൂക്ഷിക്കുകയും വേണം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കണം യാത്രക്കാര്‍ യാത്രയില്‍ കൊണ്ടുപോകുന്ന മദ്യം എന്നതും ശ്രദ്ധിക്കേണ്ടതാണ്. യാത്രക്കാര്‍ കൈയില്‍ കരുതിയിരിക്കുന്ന മദ്യക്കുപ്പികള്‍ വിമാനത്തില്‍ വച്ച് തുറക്കാന്‍ പാടുള്ളതല്ല. ഡിജിസിഎ അത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

യാത്രക്കാരന്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍

യാത്രക്കാരന്‍ മദ്യപിച്ചിട്ടുണ്ടെന്നോ അല്ലെങ്കില്‍ മദ്യം സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നോ എയര്‍ലൈന്‍ അധികൃതര്‍ക്ക് സംശയം തോന്നുന്ന സാഹചര്യത്തില്‍ യാത്രക്കാരന്‍ മദ്യം കൈവശം വയ്ക്കുന്നത് നിരസിക്കാനുള്ള എല്ലാ അവകാശവും എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ട്. അത്തരം സാഹചര്യങ്ങളില്‍ യാത്രക്കാരന് ബോര്‍ഡിങ് നിഷേധിക്കുകയോ മദ്യം കണ്ടു കെട്ടുകയോ ചെയ്യാവുന്നതാണ്. അതുകൊണ്ടു തന്നെ യാത്രക്കാര്‍ വിമാനയാത്രയ്ക്കു മുമ്പ് ഇത്തരം നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം, ഇത്തരം നിയമങ്ങളിലെ അറിവില്ലായ്മ കനത്ത പിഴകളിലേക്കോ അല്ലെങ്കില്‍ യാത്രയുടെ കാലതാമസത്തിനോ അതുമല്ലെങ്കില്‍ നിയമപരമായ വലിയ പ്രത്യാഘാതത്തിലേക്കോ നയിച്ചേക്കാം.

വിമാനത്താവളത്തിനുള്ളില്‍ നിന്ന് മദ്യം

യാത്ര ആരംഭിക്കുന്ന സമയത്താണ് വിമാനത്താവളത്തില്‍ നിന്ന് മദ്യം വാങ്ങുന്നതെങ്കില്‍ ലേബല്‍ നന്നായി ശ്രദ്ധിക്കുക. 70 ശതമാനത്തിന് മുകളില്‍ ആല്‍ക്കഹോള്‍ കണ്ടന്റ് ഉള്ള മദ്യമാണെങ്കില്‍ അത് കര്‍ശനമായും വിമാനത്തില്‍ നിരോധിച്ചിട്ടുണ്ട്. കൂടാതെ, ഉപയോഗിച്ചതും തുറന്നതുമായ മദ്യക്കുപ്പികള്‍ യാത്രയില്‍ കൈവശം കരുതുന്നതിനും വിലക്കുണ്ട്. യാത്രയ്ക്കിടയില്‍ കൈവശം കരുതിയിരിക്കുന്ന മദ്യക്കുപ്പി ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഏതായാലും അടുത്ത യാത്ര തുടങ്ങുന്നതിന് മുമ്പ് ഇത്തരം നിയമങ്ങളെക്കുറിച്ചും നിര്‍ദ്ദേശങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കിയിരിക്കണം.

 

CONTENT HIGHLIGHTS;Can alcohol be carried on the flight?: Drinkers should know this when buying bottles?