അഷ്ടമുടി മലയാളികള്‍ക്ക് എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന കായലാണ്. ഓളപ്പരപ്പില്‍ സൂര്യവെട്ടം തട്ടി വെള്ളിട്ടിലമ്പിട്ടൊഴുകുന്ന അഷ്ടമുടിക്കായലിനെ കുറിച്ച് കവികളും, കഥാകാരന്‍മാരും എത്രയോ എഴുതിയിരിക്കുന്നു. അത്രയേറെ വശ്യ മനോഹരിയാണീ അഷ്ടമുടി. പക്ഷെ, സൗര്യവതിയായ അഷ്ടമുടിക്കായല്‍ രൗദ്രതയുടെ രാക്ഷസ രൂപമെടുക്കൊരു ദിനമുണ്ടായിരുന്നു. 36 വര്‍ഷം മുമ്പ് 105 ജീവനുകള്‍ കവര്‍ന്നെടുത്ത കറുത്ത ദിവസം. 1988 ജൂലൈ 8. അന്നാണ് കേരളത്തെ കരയിച്ച പെരുമണ്‍ ദുരന്തം ഉണ്ടായത്. കേരളം കണ്ട ട്രെയിന്‍ അപകടങ്ങളില്‍ ഏറ്റവും വലിയ ദുരന്തം.
ബാംഗ്ലൂര്‍- കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിന്റെ ആഴങ്ങളിലേക്ക് പതിക്കുകയായിരുന്നു. 105 ജീവനുകളാണ് അന്ന് ജീവശ്വാസം മുറിഞ്ഞ് മരണവെപ്രാളപ്പെട്ടത്. ഒടുവില്‍ ശ്വാസകോശത്തിലേക്ക് കായല്‍ ജലം നിറഞ്ഞുള്ള മരണങ്ങളും. ചലനമറ്റ മനുഷ്യരെ കരയിലേക്ക് എടുക്കുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കു പോലും കരച്ചില്‍ അടക്കാനായില്ലെന്നതാണ് സത്യം. ഇത്ര മനുഷ്യ ജീവനുകള്‍ അപഹിരക്കാന്‍ കാരണമായ ആ ദുരൂഹമായ സത്യം എന്താണെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല. മൂന്നു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അപകട കാരണം ഇപ്പോഴും അഷ്ടമുടിക്കായലിലെ ആഴങ്ങളെ പോലെ നിഗൂഢമാണെന്നു തന്നെ പറയേണ്ടി വരും.
ടൊര്‍ണാടോ ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമായതെന്ന വിശദീകരണം അത്രയക്കു വിശ്വാസയോഗ്യമാണോയെന്ന് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കു പോലും സംശയമാണ്. പക്ഷെ, ഒരു ചെറിയ കാറ്റുപോലും ട്രെയിന്‍ അപകടസമയത്ത് പെരുമണ്ണില്‍ വീശിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഐലന്റ് എക്‌സ്പ്രസിന്റെ എട്ടു ബോഗികളാണ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്. ഉച്ചക്കു 12.56നായിരുന്നു സംഭവം. 81 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ പാലത്തിലെത്തിയപ്പോള്‍ ബോഗികള്‍ കായലിലേക്ക് മറിയുകയായിരുന്നു.
അപകടകാരണം കണ്ടെത്താന്‍ രണ്ട് അന്വേഷണക്കമ്മീഷനെ നിയോഗിച്ചിട്ടും ടൊര്‍ണാഡോ തന്നെയാണ് കാരണമായി കണ്ടെത്തിയത്. ദുരന്തദിനത്തില്‍ കോരിച്ചൊരിയുന്ന മഴയില്‍ പതിവിലും നേരത്തെയാണ് ഐലന്റ് എക്‌സ്പ്രസ് എത്തിയത്. സംഭവ ദിവസം രാവിലെ തന്നെ പെരുമണ്‍ പാലത്തിന് സമീപം വളവുകളില്‍ ട്രെയിന്‍ അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പാളം തെറ്റാതിരിക്കാനായുള്ള പണികള്‍ നടന്നിരുന്നു. ജാക്കിവെച്ച് പാളം ഉയര്‍ത്തിയ ശേഷം മെറ്റല്‍ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്. ഈ സമയം ട്രെയിനുകള്‍ വന്നാല്‍ ജീവനക്കാരന്‍ മുട്ടിനുതാഴെ കൊടി കാണിക്കുകയും ഇതനുസരിച്ച് എഞ്ചിന്‍ ഡ്രൈവര്‍ ട്രെയിനിന്റെ വേഗത പത്ത് കിലോമീറ്ററില്‍ താഴെയായി കുറയ്ക്കുകയും ചെയ്യണമെന്നാണ് നിയമം.
എന്നാല്‍ അപകടസമയം ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അടുത്ത കടയില്‍ പോയിരുന്നു എന്നാണ് പറയപ്പെടുന്നത്. ഐലന്റ് എക്‌സ്പ്രസ് 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക് സ്പീഡ് മീറ്ററില്‍ ഇത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ ട്രെയിന്‍ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങള്‍ അന്നത്തെ തടി സ്ലീപ്പറില്‍ ഉണ്ടായിരുന്നു. നാട്ടുകാരും സന്നദ്ധസംഘടനകളും ജീവന്‍ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പെരുമണ്‍ ദുരന്തത്തില്‍പ്പെട്ട ഒട്ടേറെപ്പേരെ അന്ന് രക്ഷിക്കാന്‍ കഴിഞ്ഞത്. അപകടത്തില്‍പ്പെട്ട ബോഗികള്‍ ഉയര്‍ത്തുന്നതിനുള്ള റെയില്‍വേയുടെ ശ്രമങ്ങള്‍പോലും പരാജയപ്പെടുകയാണുണ്ടായത്.
അപകടം കാണാന്‍ കൊല്ലത്തേക്കൊഴുകിയ ജനങ്ങള്‍ അന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാക്കിയ തടസ്സങ്ങള്‍ ചില്ലറയല്ലായിരുന്നു. ദിനങ്ങള്‍ അഞ്ച് കഴിഞ്ഞിട്ടും വെള്ളത്തിലാണ്ടുപോയ ബോഗികളില്‍ നിന്നും മൃതശരീരങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്രക്ക് ബുദ്ധിമുട്ടായിരുന്നു. ദുരന്തത്തില്‍ മരിച്ച 17 പേര്‍ക്ക് യഥാര്‍ത്ഥ അവകാശികളില്ലെന്ന തൊടുന്യായം പറഞ്ഞ് റെയില്‍വെ അധികാരികള്‍ നഷ്ടപരിഹാരം നല്‍കിയിട്ടുമില്ല. അന്നത്തെ റെയില്‍വെ മന്ത്രി മാധവറാവു സിന്ധ്യ വാഗ്ദാനം ചെയ്ത പാരിതോഷികം ഇനിയും പൂര്‍ണമായും നല്‍കിയിട്ടില്ല എന്നതും മറന്നു പോകരുത്. മരിച്ച മുതിര്‍ന്നവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് 50,000 രൂപയുമായിരുന്നു നഷ്ടപരിഹാരം.
എഞ്ചിന്‍ പെരുമണ്‍ പാലം പിന്നിട്ട് നിമിഷങ്ങള്‍ക്കകം 14 ബോഗികള്‍ അഷ്ടമുടിക്കായലിലേക്ക് പതിക്കുകയായിരുന്നു. അപകടം നടന്നത് ചുഴലിക്കാറ്റുമൂലമാണെന്ന് ഔദ്യോഗിക അന്വേഷണ സംഘം അവകാശപ്പട്ടെങ്കിലും, യഥാര്‍ത്ഥ ദുരന്തകാരണം ഇന്നും അജ്ഞാതമാണ്. റെയില്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ബാംഗ്ലൂരിലെ സേഫ്റ്റി കമ്മീഷണര്‍ സൂര്യനാരായണന്‍ ആദ്യം സൂചിപ്പിച്ചിരുന്നു. പീന്നീട് റയില്‍വേയുടെ മുഖം രക്ഷിക്കാനായി കുറ്റം ചുഴലിക്കാറ്റില്‍ ആരോപിക്കുകയായിരുന്നു. തീവണ്ടിയുടെ 10 ബോഗികളാണ് കായലില്‍ വീണത്. 200ഓളം പേര്‍ക്ക് പരിക്കേറ്റു. ദുരന്തം നടന്ന ദിവസം പാലത്തിലും പാലത്തിനു സമീപത്തും പാളത്തില്‍ ജോലികള്‍ നടക്കുകയായിരുന്നു.
എന്‍ജിന്‍ പാളം തെറ്റിയത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ബോഗികള്‍ കൂട്ടിയിടിച്ച് അഷ്ടമുടിക്കായലിലേക്ക് വീഴുകയാണുണ്ടായതെന്ന് റെയില്‍വേ അധികൃതര്‍ ഒഴികെ ബാക്കിയെല്ലാവരും വിശ്വസിക്കുന്നു. മുന്‍ വ്യോമസേനാ ഉദ്യൊഗസ്ഥനായ സി.എസ്. നായിക് നടത്തിയ അന്വേഷണത്തിലും ടൊര്‍ണാഡോ കാര്യം അടിവരയിട്ടതോടെ പിന്നെ അന്വേഷണമൊന്നും നടന്നില്ല. ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ പോലും വെക്കേണ്ട എന്ന കീഴ്വഴക്കം ഇത് തങ്ങളില്‍ തന്നെ ഒതുക്കിതീര്‍ക്കാന്‍ റെയില്‍വെക്ക് സഹായകമായി. ദുരന്തം നടന്ന സ്ഥലത്ത് റെയില്‍വേ നിര്‍മ്മിച്ച സ്മൃതി മണ്ഡപം വര്‍ഷങ്ങളായി കാടുപിടിച്ച് കിടക്കുകയായിരുന്നു. റെയില്‍വേയുടെ കൈവശമുള്ള ഈഭൂമി തങ്ങള്‍ക്ക് കൈമാറണമെന്ന് സംഘടനകള്‍ പലതവണ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അധികൃതര്‍ ഇതെല്ലാം അവഗണിച്ചു. മാത്രമല്ല വികസനമെന്ന പേരില്‍ അധികൃതര്‍ സ്മൃതി മണ്ഡപം പലതവണ മാറ്റിസ്ഥാപിക്കുകയും ചെയ്തു. റെയില്‍വേ അധികൃതര്‍ പെരുമണ്‍ ദുരന്തത്തെ മറന്നുകഴിഞ്ഞു. ദുരന്തത്തിന്റെ വാര്‍ഷികദിനാചരണങ്ങളില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട ആരും പങ്കെടുക്കാറില്ല എന്നതും നഗ്നസത്യമാണ്.
ദുരന്തം വന്ന വഴി
ബംഗളൂരുവില്‍ നിന്നും കന്യാകുമാരി വരെ പോകുന്ന കെ.കെ. ഐലന്റ് എക്‌സപ്രസ് മഴയെ ഭേദിച്ച് ഓടിക്കൊണ്ടിരിക്കുന്നു. അഷ്ചമുടിക്കായലിനു മുകളിലേക്ക് ട്രെയിന്‍ കയറുമ്പോള്‍ വേഗത 80 കിലോമീറ്റര്‍. തീവണ്ടിയില്‍ കൊല്ലത്തേക്കുള്ള യാത്രക്കാര്‍ വണ്ടിയില്‍ നിന്നും ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമണ്‍ പാലത്തിലേക്ക് കയറിയ ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ്‌നെ കാത്ത് വലിയൊരു ദുരന്തം പതുങ്ങിയിരിപ്പുണ്ടായിരുന്നു എന്ന് ആരും അറിഞ്ഞില്ല. ചിലര്‍ ബെര്‍ത്തുകളില്‍ പാതി മയക്കത്തിലാണ്. ചിലര്‍ ബാഗുകള്‍ ഇറക്കിവെച്ച് ഇറങ്ങാന്‍ തയ്യാറെടുക്കുന്നു. കുട്ടികള്‍ കളിക്കുന്നു. അങ്ങനെ ട്രെയിനിനുള്ളില്‍ എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നു. പെട്ടെന്നാണ് പെരുമണ്‍ പാലത്തില്‍ നിന്നും ബോഗികള്‍ പാളംതെറ്റി അഷ്ടമുടിക്കായലിന്റെ ആഴങ്ങളിലേക്ക് പതിക്കുന്നത്. മഴയായതിനാല്‍ ഷട്ടറുകള്‍ ഇട്ടിരുന്നതു കൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. ഐലന്ഡ് എക്‌സ്പ്രസ് അഷ്ടമുടിക്കായലിന്റെ ആഴങ്ങളിലേക്ക് ഊളിയിടുമ്പോള്‍ കൂടെ നൂറ്റിയഞ്ച് ജീവനുകളും അസ്തമിക്കുകയായിരുന്നു. അതില്‍ കൊല്ലത്ത് ഇറങ്ങാനുള്ളവരും, കന്യാകുമാരിയിലേക്ക് പോയവരും അടക്കം നിരവധിപേരുണ്ടായിരുന്നു. കൊല്ലത്ത് ഇറങ്ങും മുമ്പേ മരണം കൊണ്ടു പോയവര്‍. കന്യാകുമാരി കാണാതെ മരണപ്പെട്ടവര്‍ അങ്ങനെ നിരവധിപേര്‍.
ഓര്‍മ്മ
കൊല്ലം ജില്ലയില്‍ മണ്‍ട്രോ തുരുത്തിനും ശാസ്താംകോട്ടയ്ക്കും ഇടയിലൂടെ തീവണ്ടി പാത കായല്‍ക്കരയില്‍ എത്തുമ്പോള്‍ അവിടെ ഏതാണ്ട് ഒരു ത്രികോണാകൃതിയില്‍ ചുവന്ന നിറത്തില്‍ വെള്ള അക്ഷരങ്ങളില്‍ എഴുതിയ, പൊടിപിടിച്ച് നിലക്കുന്ന ഒരു സ്തൂപം കാണാം. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
‘പെരുമണ്‍
തീവണ്ടി ദുരന്ത
സ്മാരകം
1988 ജൂലൈ 8
ഓര്‍മ്മയ്ക്ക്’.
CONTENT HIGHLIGHTS;Are their souls in the depths of Ashtamudi? : 36 years of Peruman tragedy that brought tears to Kerala; Railway reluctant to remember