വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒരു വര്‍ഷത്തേക്ക് ബിയര്‍, വൈന്‍ പാര്‍ലര്‍ അനുവദിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ഇത്തരത്തിലുള്ള ലൈസന്‍സിന് അപേക്ഷ ലഭിച്ചിട്ടില്ലെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയിരിക്കുകയാണ്. ഇനി ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്തുവെന്ന പരാതി പ്രതിപക്ഷത്തിന് ഉന്നയിക്കാനാവില്ല. കാരണം, ടൂറിസം മേഖലയില്‍ മദ്യം അനുവദിക്കാമെന്ന് എക്‌സൈസ് മന്ത്രിതന്നെ പറഞ്ഞിരിക്കുന്നു. അതും നിയന്ത്രിത കാലയളവില്‍ മാത്രം. വിനോദ സഞ്ചാരികള്‍ കൂടുതലായി വരുന്ന ഇടങ്ങളില്‍ വിനോദ സഞ്ചാര സീസണ്‍ അനുസരിച്ച് റെസ്‌റ്റോറന്റുകളില്‍ ബിയര്‍ വൈന്‍ വില്‍പ്പന നല്‍കും.
സംസ്ഥാന സര്‍ക്കാര്‍ ടൂറിസം മേഖലകളായി അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും സംസ്ഥാന ടൂറിസം വകുപ്പ് നല്‍കുന്ന ക്ലാസിഫിക്കേഷന്‍ ലഭിച്ചിട്ടുളളതുമായ റസ്റ്ററന്റുകള്‍ക്കും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഒരു സ്റ്റാറും അതിനു മുകളിലും ക്ലാസിഫിക്കേഷന്‍ ലഭിച്ചിട്ടുളളതുമായ ഹോട്ടലുകള്‍ക്കും പാദവാര്‍ഷിക അടിസ്ഥാനത്തില്‍ ഇത്തരം ലൈസന്‍സ് അനുവദിക്കുന്നതിനു 2023-24 വര്‍ഷത്തെ അബ്കാരി നയത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ലൈസന്‍സുകള്‍ക്ക് അപേക്ഷ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വിദേശ വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന ടൂറിസം കേന്ദ്രങ്ങളില്‍ മദ്യത്തിന്റെ ലഭ്യത ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. ഇത്തരം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ചെറുതും വലുതുമായ റസ്റ്ററന്റുകളില്‍ വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യംവച്ച് അനധികൃത മദ്യവില്‍പന നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു തടയുന്നതിനായി നടത്തുന്ന പരിശോധനകളും നിയമപരമായ തുടര്‍നടപടികളും പലപ്പോഴും വിദേശ വിനോദസഞ്ചാരികള്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
ഇത്തരം മേഖലകളില്‍ വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ മദ്യം വിപണനം ചെയ്യാന്‍ കഴിയാത്തതാണ് നിയമവിരുദ്ധ പ്രവണതകള്‍ക്ക് കാരണമാകുന്നത്. ഇതിന് ഒരു ശാശ്വത പരിഹാരം എന്ന നിലയിലാണ് വിദേശ വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റുകള്‍ക്ക് വിനോദസഞ്ചാരികള്‍ എത്തുന്ന കാലയളവിലേക്ക് ബിയര്‍, വൈന്‍ ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ഒരിടവേളയ്ക്കു ശേഷമാണ് വീണ്ടും മദ്യവും, വിനോദ സഞ്ചാരവും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നത്. വിനോദ സഞ്ചാരം മദ്യസേവയാണോ എന്നതാണ് പ്രധാന ചോദ്യം. വിനോദ സഞ്ചാരത്തില്‍ മദ്യം എന്ന ഉത്പ്പന്നം എങ്ങനെയാണ് ബന്ധപ്പെട്ടു കിടക്കുന്നത്.
സ്വദേശികളായ വിനോദ സഞ്ചാരികളാണ് ഇപ്പോള്‍ വിദേശ വിനോദ സഞ്ചാരികളേക്കാള്‍ കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത്. വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്ന ഇടങ്ങളില്‍ മുന്‍കാലങ്ങളിലും മദ്യ വില്‍പ്പന നടത്തുന്നുണ്ട്. എന്നാല്‍, ആഭ്യന്തര ടൂറിസ്റ്റുകളെ തൃപ്തിപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തം. വിദേശികളേക്കാള്‍ കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത് ആഭ്യന്തര ടൂറിസ്റ്റുകളാണ്. ഇത് മുന്നില്‍ക്കണ്ടാണ് എക്‌സൈസ് വകുപ്പിന്റെ പുതിയ നീക്കം.
പക്ഷെ, ടൂറിസ്റ്റ് പ്ലേസുകളില്‍ മദ്യം ലഭിക്കുമെന്ന ഘട്ടം വരുമ്പോള്‍ നിരത്തുകളില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നത് പ്രതികൂലമായി ബാധിച്ചേക്കാം. വിനോദ സഞ്ചാരത്തിനിടയിലെ മദ്യപാനം എത്രത്തോളം പ്രകൃതിക്ക് ചേരുമെന്നതും ചോദ്യമായി ഉയരുന്നുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മദ്യവില്‍പ്പനയെ എതിര്‍ക്കുന്നുമുണ്ട്.
CONTENT HIGHLIGHTS;What between Tourism Department and Excise Department? : Is it better to allow beer and wine parlors in tourist destinations during the period of arrival of tourists?