സംസ്ഥാനത്ത് കേരളീയം പരിപാടി വീണ്ടും നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ചു നില്‍ക്കുമ്പോള്‍ ആരംഭിച്ച പ്രത്യേക പരിപാടിയായിരുന്നു കേരളീയം. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് ഇത് ആരംംഭിച്ചത്. ഈ വര്‍ഷം ഡിസംബറിലാകും പരിപാടി നടത്തുക. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. ചെലവുകള്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എല്ലാ വര്‍ഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം കേരളീയത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയിരുന്നു.
തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പണം പിരിച്ചായിരുന്നു കേരളീയത്തിന്റെ ഫണ്ട് കണ്ടെത്തിയത്. ഇത്തവണയും അത് തുടരാനാണ് തീരുമാനവും. കേരളത്തില്‍ ഒരു പുതിയ സംവിധാനം നടത്തുമ്പോള്‍, അതിന്റെ ഗുണവും ദോഷവും ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. കാരണം, പണമില്ലാതെ എങ്ങനെ മുന്നോട്ടു പോകുമെന്ന സ്ഥിയിലാണ് കേരളം. ക്ഷേമ പെന്‍ഷനുകള്‍ മുടക്കം വന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ജനങ്ങള്‍ക്ക് ആശങ്ക ഉയര്‍ന്നതാണ്. അതിന് ഇതുവരെ ശമനമുണ്ടായിട്ടില്ല. എന്നാല്‍, ആവശ്യത്തിന് കാര്യങ്ങള്‍ നടത്താന്‍ പണമുണ്ടെന്ന് ധനവകുപ്പ് പറയുമ്പോള്‍ ക്ഷേമ പെന്‍ഷന്റെ കുടിശിക എന്തേ കൊടുത്തു തീര്‍ക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാവുകയാണ്.
മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പിടിച്ചു വെച്ചിരിക്കുന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഈ ഘട്ടങ്ങളിലും മന്ത്രിമാരുടെയും, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെയും ശമ്പള വര്‍ദ്ധന, ചികിത്സാ ചിലവ് എവുതിയെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മുറപോലെ നടക്കുന്നുമുണ്ട്. ഇതിനിടയിലാണ് കേരളീയവും വരുന്നത്. അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യവും പൊതു വിപണിയിലെ വിലക്കയറ്റവും സാധാരണ ജനങ്ങളെ കഷ്ടപ്പെടുത്തുന്നുമുണ്ട്. ആഘോഷങ്ങള്‍ക്കെല്ലാം അവധി നല്‍കിയ സാധാരണ ജനങ്ങള്‍ ജീവിക്കാന്‍ നെട്ടോട്ടമോടുമ്പോഴാണ് സര്‍ക്കാരിന്റെ കേരളീയം വരുന്നത്.
കേരളീയത്തിന് ചെലവ് പ്രതീക്ഷിക്കുന്നത് 50 കോടിയാണ്. പരിപാടിക്കുവേണ്ടിയുള്ള പണം സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുമ്പോള്‍ ഉദ്യോഗസ്ഥരെല്ലാം പിരിവുകാരായി മാറുമെന്നു ചുരുക്കം. കഴിഞ്ഞ വര്‍ഷം കേരളീയത്തിനുവേണ്ടി ആരൊക്കെയാണ് സ്പോണ്‍സര്‍ഷിപ്പ് നല്‍കിയതെന്ന് ഇതുവരെയും സര്‍ക്കാരിന് കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 2023 ലെ കേരളീയം പരിപാടിയുടെ സ്പോണ്‍സര്‍മാര്‍, നല്‍കിയ തുക എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് നിയമസഭയില്‍ നല്‍കിയ ചോദ്യത്തിനാണ് സ്പോണ്‍സര്‍മാരുടെ പേര് വെളിപ്പെടുത്താതെയുള്ള മുഖ്യമന്ത്രിയുടെ മറുപടി.
11,47,12,000 രൂപ പി.ആര്‍.ഡി ഡയറക്ടറുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടില്‍ സ്പോണ്‍സര്‍ഷിപ്പ് തുക ആയി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കേരളീയം പരിപാടിയുടെ സ്പോണ്‍സര്‍ഷിപ്പ് തുക ലഭ്യമായി വരുന്നതേയുള്ളൂ എന്നും അതിനാല്‍ ക്രോഡീകരിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ക്യാപ്സൂള്‍ പ്രതിപക്ഷം തൊണ്ടാതൊടാതെ വിഴുങ്ങിയിട്ടില്ല. 27 കോടിയാണ് സര്‍ക്കാര്‍ കേരളീയം പരിപാടിക്ക് ബജറ്റില്‍ നിന്ന് അനുവദിച്ചത്. ബാക്കി സ്പോണ്‍സര്‍മാരില്‍ നിന്നാണ് പിരിച്ചത്. നികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു പിരിവ്. ക്വാറി മുതലാളിമാരില്‍ നിന്ന് തുടങ്ങി സകല മാഫിയകളുടെ കയ്യില്‍ നിന്നും പിരിവെടുത്തു. പിരിവ് വിവാദമായതോടെ സ്പോണ്‍സര്‍മാരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്ത് വിടുമെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്.
അങ്ങനെ പറഞ്ഞതല്ലാതെ വിവരങ്ങളൊന്നും വിദ്യാഭ്യാസ മന്ത്രി പുറത്തു വിട്ടിട്ടില്ല. ഇത് സംബന്ധിച്ച വിവരവകാശ ചോദ്യത്തിന് ചീഫ് സെക്രട്ടറി മുതല്‍ പിരിവിന് നേതൃത്വം കൊടുത്ത അഡീഷണല്‍ കമ്മീഷണര്‍ വരെ കൃത്യമായ ഉത്തരം നല്‍കിയിട്ടുമില്ല. വിവരങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു മറുപടി. പരിപാടി കഴിഞ്ഞ് 7 മാസമായിട്ടും സ്പോണ്‍സര്‍മാരുടെ വിവരങ്ങള്‍ അറിയില്ല എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ കൈമലര്‍ത്തിയതോടെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്.
എന്താണ് കേരളീയം കൊണ്ട് ഉദ്ദേശിക്കുന്നത് ?
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിങ്ങനെ കേരളം കൈവരിച്ച നേട്ടങ്ങള്‍ അന്താരാഷ്ട്രതലങ്ങളില്‍ വരെ ചര്‍ച്ചയായിട്ടുണ്ട്. ഏതൊരു വികസിത രാജ്യവും കൈവരിക്കുന്നതിന് സമാനമായ നേട്ടങ്ങളാണ് കേരളം അടിസ്ഥാന സൗകര്യ വികസനത്തില്‍ നേടിയെടുത്തിട്ടുള്ളത്. സാമൂഹിക വികാസത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതനവിദ്യ രംഗത്തുമെല്ലാം സംസ്ഥാനം കൈവരിച്ച ഈ നേട്ടങ്ങളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള വേദിയാണ് കേരളീയം. ഒറ്റനോട്ടത്തില്‍ അപാകതകളൊന്നും തന്നെയില്ല എന്നു മാത്രമല്ല ഏതൊരു സംസ്ഥാനവും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുമാണ്. കേരള പിറവി ദിനത്തോടനുബന്ധിച്ചു ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷമായാണ് കേരളീയം വിഭാവനം ചെയ്തിരുന്നത്. ആദ്യ എഡിഷന്‍ 2023 നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടന്നു. ചര്‍ച്ചകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, കച്ചവടവുമെല്ലാം നടന്നു.
പുതിയ തലമുറയുടെ മികവ് ലോകത്തിന് അറിയാനുള്ള അവസരം കൂടിയാണ് ഈ പരിപാടി. നമ്മുടെ സമഗ്രവികസന കാഴ്ചപ്പാടിനെ അത് ഉത്തേജിപ്പിക്കും. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസിത, മധ്യ വരുമാന രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് എത്തുക എന്ന കേരളത്തിന്റെ ലക്ഷ്യത്തിന് അത് ഊര്‍ജ്ജം പകരും. നവകേരള നിര്‍മിതിയുടെ വാതില്‍ തുറക്കുന്ന പല പരിപാടികളുടെയും സമന്വയമാണ് കേരളീയം. ലോകത്തിലെ അത്യപൂര്‍വം ഭാഗങ്ങളിലുള്ള ദേശങ്ങള്‍ക്ക് മാത്രം സാധ്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ നാടാണ് കേരളം. ലോകം ഇത് അറിയേണ്ടതുണ്ട്. കേരളത്തെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ആ ചിന്തകളെ മുന്‍നിര്‍ത്തിയുള്ളതാണ് കേരളീയം. കേരളീയത ഒരു വികാരമാവണം.
കേരളീയം പരിപാടിയുടെ ഭാഗമായി കിഴക്കെ കോട്ട മുതല്‍ കവടിയാര്‍ വരെ 60 വേദികളിലായി 35 ഓളം പ്രദര്‍ശനങ്ങള്‍ നടക്കും. വീഥി മുഴുവന്‍ ദീപങ്ങള്‍ കൊണ്ടു അലങ്കരിക്കും. വിവിധ രംഗങ്ങളിലെ നേട്ടങ്ങള്‍ എടുത്തുകാണിക്കുന്ന സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ആറ് ട്രേഡ് ഫെയറുകള്‍, അഞ്ചു വ്യത്യസ്ത തീമുകളില്‍ ചലച്ചിത്രമേളകള്‍, അഞ്ചു വേദികളില്‍ ഫ്‌ളവര്‍ഷോ, എട്ടു വേദികളില്‍ കലാപരിപാടികള്‍, നിയമസഭയില്‍ അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങിയവ നടത്തും. കേരളീയത്തില്‍ പങ്കെടുക്കാന്‍ അന്തര്‍ദേശീയ, ദേശീയ പ്രമുഖര്‍ എത്തിച്ചേരും. നൊബേല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ വരും. അവര്‍ തിരികെപ്പോയി കേരളത്തെക്കുറിച്ച് എഴുതുകയും പറയുകയും ചെയ്യും.
അത് നമുക്ക് പ്രയോജനപ്പെടും. ലോകം മാറുമ്പോള്‍ നാം മാറേണ്ടതില്ല എന്ന അടഞ്ഞ ചിന്ത പാടില്ല. ലോകത്തിന്റെ എല്ലാ കോണിലേക്കും പടര്‍ന്നുപന്തലിച്ച സമൂഹമായ മലയാളിക്ക് അല്ലാതെ വേറെ ആര്‍ക്കാണ് കേരളം എന്ന വികാരം ഇങ്ങനെ പ്രദര്‍ശിപ്പിക്കാന്‍ കഴിയുക?. മലയാളി സമൂഹം ഭൂഖണ്ഡാന്തരങ്ങളിലേക്ക് വളര്‍ന്നു പന്തലിച്ചു. ലോകമലയാളി എന്ന സങ്കല്പം തന്നെയുണ്ടായി. മലയാളി എത്തിച്ചേര്‍ന്ന നാടുകളിലൊക്കെ അവിടുത്തെ സാമൂഹ്യപുരോഗതിക്കായി പ്രവര്‍ത്തിച്ചു. ഇത് ആ നാടിന് മലയാളികളോട് താല്പര്യം തോന്നാന്‍ ഇടയാക്കിയിട്ടുണ്ടെന്നുമാണ് സംഘാൈടകര്‍ പറയുന്നത്.
കേരളീയം 2023ല്‍ ഉണ്ടായ പിഴവുകള്‍ ?
വനിതകള്‍ ഇല്ലാത്ത വേദി
കൊട്ടിഘോഷിച്ച് നടന്ന ഉദ്ഘാടനചടങ്ങില്‍ തന്നെ വേദിയിലെ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ് അന്ന് തന്നെ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ഇത്രയധികം സ്ത്രീകള്‍ വിജയഗാഥ രചിച്ച, ചരിത്ര നിര്‍മ്മിതിയുടെ ഭാഗമായ ഒരു സംസ്ഥാനത്ത് കേരളീയം പോലൊരു പ്രൗഢഗംഭീര പരിപാടിയുടെ ഉദ്ഘാടന സദസ്സില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറഞ്ഞുപോയത് ഭരണപക്ഷത്തെയോ, അവരെ അനുകൂലിക്കുന്നവരെയോ ഒട്ടും തന്നെ അതിശയിപ്പിച്ചിട്ടില്ല എന്ന് വേണം കരുതാന്‍. എന്തിന് സംസ്ഥാനത്തെ പ്രമുഖ ഫെമിനിസ്റ്റുകള്‍ക്കു പോലും അതില്‍ പ്രശ്‌നമൊന്നും തോന്നിയിട്ടില്ല.
ആദിവാസികളെ മോശപ്പെടുത്തി
കേരളീയം പരിപാടിക്കെതിരെ ഉയര്‍ന്ന മറ്റൊരു വിമര്‍ശനം അതിലെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ്. കേരളത്തിലെ ആദിവാസി ചരിത്രം ലൈവ് മ്യൂസിയത്തിലൂടെ കാണിക്കാന്‍ തയ്യാറാക്കിയ പരിപാടിയാണ് സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനത്തിന് കാരണമായത്. സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള കേരള ഫോക്ലോര്‍ അക്കാദമിയാണ് ‘ആദിമം’ എന്ന പേരില്‍ 5 ആദിവാസി വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ലിവിങ് മ്യൂസിയം തയാറാക്കിയത്. വിവിധ ആദിവാസി വിഭാഗങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രദര്‍ശനത്തില്‍ പരമ്പരാഗതപരമ്പരാഗത വസ്ത്രമണിഞ്ഞ് കെട്ടിയുണ്ടാക്കിയ കുടിലുകള്‍ക്കു മുന്നില്‍ ഇരുന്ന ഇവര്‍ . മ്യൂസിയത്തില്‍ ആളു കൂടുമ്പോള്‍ പരമ്പരാഗത കലാപരിപാടികളും അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇടുക്കി, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍.
എന്നാല്‍ മനുഷ്യരെ തുല്യരായി കാണാതെ ഷോ പീസുകളാക്കിയെന്നാണ് സമൂഹമാധ്യമങ്ങളിലെപ്രധാന വിമര്‍ശനം. സംവിധായിക ലീല സന്തോഷ് ഉള്‍പ്പെയുള്ളവര്‍ ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളത്തിന്റെ ചരിത്രം പറയുന്നതില്‍ നമ്പൂതിരി, നായര്‍, തുടങ്ങി മറ്റ് ഒരു ജാതി മനുഷ്യര്‍ക്കൊന്നും ഇല്ലാത്ത പ്രദര്‍ശന സാധ്യത ആദിവാസികളില്‍ കണ്ടെത്തിയ വിദഗ്ധരെയാണ് ഇക്കാര്യത്തില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടത്. ഗോത്ര കലകള്‍ പരിചയപ്പെടുത്തല്‍ മാത്രമാണ് മ്യൂസിയത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാരും, സംഘാടകരും, ന്യായീകരണ കമ്മിറ്റിക്കാരും നല്‍കിയ വിശദീകരണം.
ഇത് ആദിവാസികളെ അപമാനിക്കലാണെന്ന വാദം സാമൂഹ്യ പ്രവര്‍ത്തകരടക്കം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയിരുന്നു അതിനു പുറമെയാണ് സര്‍ക്കാരിനേയും, സ്തുതിപാഠകരേയും പ്രതിരോധത്തിലാക്കി അന്നത്തെ വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്‍ രംഗത്തുവന്നത്. ആദിവാസികള്‍ ഷോകേസില്‍ വയ്‌ക്കേണ്ടവരല്ലെന്നും, കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കിയതില്‍ എതിര്‍പ്പുണ്ടെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
സാമ്പത്തിക ധൂര്‍ത്ത് ?
മറ്റൊന്ന് പണച്ചെലവാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ, സംസ്ഥാനം കേരളീയം പരിപാടി നടത്തി ധൂര്‍ത്ത് നടത്തുന്നുവെന്ന ആരോപണം നിഷേധിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തന്നെ രംഗത്തു വന്നിരുന്നു. കേരളീയം ധൂര്‍ത്തല്ല. ഭാവിയില്‍ കേരളത്തെ ബ്രാന്‍ഡ് ചെയ്യുന്നതാണെന്നും കേരളത്തിനുവേണ്ടിയുള്ള വലിയ നിക്ഷേപമാണെന്നുമായിരുന്നു ധനമന്ത്രിയുടെ വിശദീകരണം. എന്നാല്‍ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത കടക്കെണിയില്‍ കുടുങ്ങി, ക്ഷേമ പെന്‍ഷനുകള്‍, കുട്ടികളുടെ ഉച്ചഭക്ഷണം, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തുടങ്ങി സകലതും മുടങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്രയും ചെലവ് ഖജനാവിന് താങ്ങാവുന്നതാണോ എന്ന വിമര്‍ശന ചോദ്യങ്ങള്‍ക്ക് കാര്യമായ മറുപടിയൊന്നും സര്‍ക്കാരിന് പറയാനില്ലെന്നതാണ് വാസ്തവം. എന്ത് തരം ബ്രാന്റിംഗ് ആണ് ഇവിടെ നടന്നതെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം ഇല്ല. ഒരു പക്ഷെ വേഷം കെട്ടിച്ച ആദിവാസികളെയാണോ പുതിയ ബ്രാന്റാക്കി മാറ്റിയത് എന്ന് ചോദിക്കേണ്ടിവരും. വിനോദ സഞ്ചാരമേഖലയിലോ, വ്യവസായത്തിലോ അങ്ങനെ ഏത് മേഖലയിലാണ് ബ്രാന്റിംഗ് നടന്നത്.
കേരളീയം കൊണ്ട് എന്തുണ്ടായി ?
ഇതൊരു വലിയ ചോദ്യമാണ്. കേരളത്തെയും അതിന്റെ സംസ്‌ക്കാരത്തെയും ആഗോളതലത്തില്‍ എത്തിച്ചതു വഴി എന്താണ് കേരളത്തിനുണ്ടായ പുരോഗതി എന്ന് വിശദീകരിക്കേണ്ടതുണ്ട്. കേരളം ലോക ഭൂപടത്തില്‍ അതിന്റെ എല്ലാ വിഭവങ്ങളോടും കൂടി നിലനിന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നെങ്കില്‍ ഏതെങ്കിലും ഒരു മേഖലയില്‍ അത് പ്രതിഫലിക്കേണ്ടതായുണ്ട്. ഏത് മേഖലയിലാണ് അതുണ്ടായിരിക്കുന്നത്. സാമ്പത്തിക പരാധീനത ഇപ്പോഴും വിട്ടുമാറാതെ നില്‍ക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ലോകത്തെ പ്രധാന നേതാക്കള്‍ എത്തുമ്പോള്‍ കോളനികളും, ചേരികളും മറച്ചുവെച്ച് സമ്പന്നമാണിവിടമെന്ന് കാണിക്കുന്ന ഗിമ്മിക്കുകള്‍ പോലെ കേരളത്തെയും കാണിക്കുകയാണോ ചെയ്യുന്നത്. സാധാരണക്കാരന്റെ പട്ടിണിയും പരിവട്ടവും മാറ്റലാണോ അതോ, ശവത്തിന് പൗഡറിട്ടു കാണിക്കുന്നതു പോലെ കേരളത്തെ ഉര്‍ത്തിക്കാട്ടുകയാണോ ചെയ്യുന്നത്. ഇത് സാധാരണക്കാരന്റെ ഉള്ളില്‍ നിന്നുയരുന്ന ചോദ്യങ്ങളാണ്. ക്ഷേമ പെന്‍ഷന്‍ മുടക്കമില്ലാതെ കൊടുക്കാന്‍ കഴിയുന്ന, സാധാരണക്കാരനെ വിലക്കയറ്റില്‍ സഹായിക്കുന്ന, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്ന, സമാധാന അന്തരീക്ഷം കാത്തു സൂക്ഷിക്കുന് ഒരു സര്‍ക്കാരിനെയാണ് ആദ്യം സൃഷ്ടിക്കേണ്ടത്. അല്ലാതെ, മുഖംമൂടികളുടെ രാക്ഷസ സ്വഭാമുള്ള രാഷ്ട്രീയ കോമരങ്ങളെയല്ല വേണ്ടത്.
CONTENT HIGHLIGHTS;Kerala Comes Again: Extravagant or Necessary?; Give welfare pensions, government employee benefits, curb inflation: this is what the people are saying