കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കെല്ലാം ഇപ്പോള്‍ ദോഷകാലമാണെന്നാണ് പ്രശ്‌നം വെച്ച ജ്യോത്സ്യന്‍മാരെല്ലാം പറയുന്നത്. തകിടു ജപിക്കല്‍ തൊട്ട് മുട്ടയില്‍ കൂടോത്രം വരെ നടത്തുന്ന കാലം. ജനാധിപത്യത്തിലൂടെ കാര്യങ്ങള്‍ നടക്കുന്നില്ലെന്നു കണ്ടാല്‍ പിന്നെ, കുട്ടിച്ചാത്തനും, മാടനും മറുതയുമൊക്കെയേ വഴിയുള്ളൂ. ഇതാ സര്‍ക്കാരിന്റെ ഏറ്റവും വലിയ അന്ധവിശ്വാസമായി മാറിയ മന്‍മോഹന്‍ ബഗ്ലാവാണ് മറ്റൊരു വിഷയം. ഇതിപ്പോള്‍ മന്ത്രി സജി ചെറിയാന്‍ എടുത്തിരിക്കുകയാണ്. ഈ സര്‍ക്കാര്‍ ബംഗ്ലാവില്‍ താമിസിക്കുന്നവര്‍ക്ക് നിരന്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനേ നേരമുണ്ടാകൂ എന്നാണ് വെയ്പ്പ്. മന്ത്രിസ്ഥാനം വരെ പോകാനും സാധ്യതയുണ്ടെന്നും സെക്രട്ടേറിയറ്റില്‍ സംസാരമുണ്ട്.
എന്നാല്‍, ഇതൊന്നും തന്നെ ബാധിക്കില്ലെന്നാണ് മന്ത്രി സജി ചെറിയാന്‍ പറയുന്നത്. സജീ ചെറിയാന്‍ ദൈവവിശ്വാസിയാണോ എന്നു ചോദിച്ചാല്‍ മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ സജീ ചെറിയാന്‍ നിലവിളിച്ചത് ഓര്‍ക്കുന്നുണ്ട്. 2018ലെ വെള്ളപ്പൊക്കത്തിലായിരുന്നു സംഭവം. അന്ന് സജി ചെറിയാന്‍ ദൈവത്തെയും ചെകുത്താനെയും കണ്ടിട്ടുണ്ടെന്നുറപ്പാണ്. അന്ന് അദ്ദേഹം സഹായത്തിനായി വിളിച്ച സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം നിഷ്‌ക്രിയമായപ്പോള്‍ പേരറിയാത്ത ദൈവങ്ങളെയെല്ലാം വിളിച്ചെന്നുറപ്പാണ്. അതിന്റെ ബലത്തിലാണ് ഇന്നും സജി ചെറിയാനെന്ന മന്ത്രി കേരളത്തനുണ്ടായത്. അത്രയ്ക്കു ഭീകരമായ സമയത്താണ് മന്ത്രി സജി ചെറിയാന്‍ രക്ഷിക്കണമെന്ന ആവശ്യം മാധ്യമങ്ങളിലൂടെ അറിയിച്ചത്.
അത് മറക്കാനാവില്ല. അതുകൊണ്ട് അതിലും വലിയ ദുരന്തമൊന്നും മന്‍മോഹന്‍ ബഗ്ലാവില്‍ താമസിക്കുന്നതിലൂടെ വരാനില്ലെന്നാണ് സജി ചെറിയാന്‍ പറയുന്നത്. ആ ഒരു ധൈര്യത്തിലാണ് രാശിയില്ലെന്ന പേരുദോഷമുള്ള മന്‍മോഹന്‍ ബംഗ്ലാവിന്റെ നാഥനാകാന്‍ സജി ചെറിയാന്‍ തീരുമാനിച്ചത്. ഇതോടെ വാടക വീട്ടിലുള്ള താമസം എന്നെന്നേയ്ക്കുമായി നിര്‍ത്തി, മന്‍മോഹന്‍ ബംഗ്ലാവിലേക്ക് താമസം മാറ്റിയിരിക്കുകയാണ് സജി ചെറിയാന്‍. ഇതിന് മുമ്പ് ആന്റണി രാജുവിന്റെ ഔദ്യോഗിക വസതിയായിരുന്നു മന്‍മോഹന്‍ ബംഗ്ലാവ്. മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിക്കുന്നവര്‍ ‘അധികം വാഴില്ലെന്നാണ്’ അന്ധവിശ്വാസം.
തൈക്കാട് ഈശ്വരവിലാസം റെസിഡന്റ്‌സ് അസോസിയേഷനിലെ 392-ാം നമ്പര്‍ വീടായിരുന്നു സജി ചെറിയാന്റെ ഔദ്യോഗിക വസതി. 85000 രൂപയായിരുന്നു മാസവാടക. മന്‍മോഹന്‍ ബംഗ്ലാവിലെ ജോലിക്കായി 7 താല്‍ക്കാലിക ജീവനക്കാരെയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരില്‍ തോമസ് ഐസക്ക് മന്‍മോഹന്‍ ബംഗ്ലാവില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ, ഐസക്കിന് 2021ല്‍ സീറ്റ് ലഭിച്ചില്ല. 2021 ല്‍ മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ച ആന്റണി രാജു രണ്ടരവര്‍ഷം കഴിഞ്ഞപ്പോള്‍ രാജി വയ്‌ക്കേണ്ടി വന്നു. പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ രാജി വയ്‌ക്കേണ്ടി വന്ന ബാലകൃഷ്ണപിള്ളയുടെ ഔദ്യോഗിക വസതിയും മന്‍മോഹന്‍ ബംഗ്ലാവ് ആയിരുന്നു.
മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും ഒരു മാസത്തിനുള്ളില്‍ മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. മന്ത്രിയായിരുന്ന മോന്‍സ് ജോസഫിനും മന്ത്രിസ്ഥാനം ഇടയ്ക്കു വെച്ച് ഒഴിയേണ്ടി വന്നിരുന്നു. വി.എസ് അച്യുതചാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണനാണ് മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചത്. കോടിയേരി ബംഗ്ലാവില്‍ താമസം തുടങ്ങിയതിന് പിന്നാലെ വീടിനും ഗേറ്റിനും മാറ്റങ്ങള്‍ വരുത്താന്‍ 17.40 ലക്ഷം രൂപ ചെലവിട്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെ കോടിയേരി മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്നും താമസം സമീപത്തെ ഫ്ളാറ്റിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി ടി.യു കുരുവിള മന്‍മോഹന്‍ ബംഗ്ലാവില്‍ താമസം ആരംഭിച്ചു.
എന്നാല്‍ ഭൂമിയിടപാടിലെ ക്രമക്കേടിന്റെ പേരില്‍ 2007 സെപ്തംബറില്‍ കുരുവിളയ്ക്ക് രാജിവെക്കേണ്ടി വന്നു. പകരം മന്ത്രിയായ മോന്‍സ് ജോസഫിന് ഈ കെട്ടിടം അനുവദിച്ചെങ്കിലും പി.ജെ ജോസഫ് കുറ്റവിമുക്തനായി തിരിച്ചുവന്നതോടെ മന്ത്രി മന്ദിരം മോന്‍സ് ജോസഫിന് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. 2010ല്‍ എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫിലേക്ക് മാറിയ പി.ജെ ജോസഫ് മന്ത്രിപദം രാജിവെച്ച് ബംഗ്ലാവ് ഒഴിഞ്ഞു. 2011ല്‍ മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചത് ആര്യാടന്‍ മുഹമ്മദാണ്. സോളാര്‍ കേസില്‍ നിരവധി ആരോപണങ്ങള്‍ നേരിട്ടെങ്കിലും ആര്യാടന്‍ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും ആര്യാടന്റെ രാഷ്ട്രീയ ജീവിതം അതോടെ അവസാനിച്ചു.
അഞ്ച് വര്‍ഷം പൂര്‍ത്തിയായ ആര്യാടനും തോമസ് ഐസക്കും അടുത്ത തവണ മല്‍സരിച്ചില്ല. ഐസക്കിന് സീറ്റ് പിണറായി നിഷേധിച്ചു. മാത്രമല്ല, പിന്നീട് പത്തനം തിട്ടയില്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായിട്ടും പച്ച തൊട്ടില്ലെന്നതും വസ്തുതയണ്. ഇങ്ങനെ മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചിരുന്നവരെയെല്ലാം തറപറ്റിച്ച ചരിത്രമാണ് ഈ സര്‍ക്കാര്‍ കെട്ടിടത്തിനുള്ളത്. അതുകൊണ്ടുതന്നെ ആരും ഈ ബംഗ്ലാവില്‍ താമസിക്കാന്‍ കൂട്ടാക്കിയില്ല. മുന്‍കാലങ്ങളില്‍ താമസിച്ചിരുന്ന മന്ത്രിമാരുടെ ഇപ്പോഴത്തെ അവസ്ഥയും ഇതിനു പിന്നലുണ്ടെന്ന് പറയാതെ വയ്യ. സമാനമായ രീതിയിലാണ് 13-ാം നമ്പര്‍ സ്‌റ്റേറ്റ് കാറിന്റെ അവസ്ഥയും. ആര്‍ക്കും ഈ നമ്പര്‍ വേണ്ട. രാശിയില്ലാത്ത കാര്‍ ഉപയോഗിച്ചാല്‍ മന്ത്രിസഥാനത്തിനു തന്നെ കോട്ടം തട്ടുമെന്ന ഭയമാണുള്ളത്.
എന്നാല്‍, സി.പി.ഐ മന്ത്രിയായ പി. പ്രസാദിന് ഇത് വിശ്വാസമില്ലായിരുന്നു. പോയാല്‍ ഒരു മന്ത്രിസ്ഥാനമല്ലേ. അതങ്ങു പോട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെ കൃഷിമന്ത്രിയുമായ പി. പ്രസാദിനാണ് 13-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ലഭിച്ചത്. 13-ാം നമ്പര്‍ നല്ലതല്ലെന്ന വിശ്വാസം കാരണം മുന്‍പ് പലരും ഈ നമ്പര്‍ ഒഴിവാക്കിയിരുന്നു. മുന്‍ മന്ത്രി വി.എസ് സുനില്‍ കുമാറും ഈ നമ്പര്‍ ചോദിച്ചു വാങ്ങിയിരുന്നു. വി എസ്.അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എം. ബേബിയും കഴിഞ്ഞ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 13-ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയെന്ന കൗതുകവുമുണ്ട്. ഒന്നാം പിണറായി മന്ത്രിസഭയുടെ തുടക്കത്തില്‍ 13ാം നമ്പര്‍ കാര്‍ ഏറ്റെടുക്കാന്‍ പല മന്ത്രിമാരും മടിച്ചു നിന്നപ്പോള്‍ മന്ത്രി തോമസ് ഐസക് മുന്നോട്ടു വരികയായിരുന്നു.
13-ാം നമ്പരിനെ ഇടതു മന്ത്രിമാര്‍ക്ക് പേടിയാണെന്നു ആരോപിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ, തോമസ് ഐസക്, 13-ാം നമ്പര്‍ കാര്‍ നല്‍കണമെന്നാവശ്യപ്പെടുകയായിരുന്നു. 13ാം നമ്പര്‍ കാറിനായി മുന്‍ മന്ത്രിമാരായ വി എസ്.സുനില്‍കുമാറും, കെ.ടി.ജലീലും മുന്നോട്ടു വന്നെങ്കിലും തോമസ് ഐസക് ഏറ്റെടുത്തു. പക്ഷേ പിന്നീട് ഐസക് നിയമസഭ കണ്ടില്ലെന്നു മാത്രമല്ല, സീറ്റുപോലും കൊടുത്തില്ല. യുഡിഎഫ് മന്ത്രിസഭയിലെ ആരും 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നില്ല. 13-ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയ എം.എം. ബേബി പിന്നീട് കൊല്ലം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതും കൗതുകം.
മന്ത്രിമാരുടെ വസതികള്‍ ?
കെ. രാജന്‍- ഗ്രേസ്, കന്റോണ്‍മെന്റിന് അടുത്ത്, പാളയം
റോഷി അഗസ്റ്റിന്‍- പ്രശാന്ത് -ക്ലിഫ് ഹൗസ് കോമ്പൗണ്ട്,
കെ.കൃഷ്ണന്‍ കുട്ടി-പെരിയാര്‍, ക്ലിഫ് ഹൗസ് കോമ്പൗണ്ട്
എ.കെ ശശീന്ദ്രന്‍-കാവേരി, കന്റോണ്‍മെന്റ്ിന് സമീപം
രാമചന്ദ്രന്‍ കടന്നപ്പള്ളി-തൈക്കാട് ഹൗസ്
സജി ചെറിയാന്‍ -മന്മോഹന്‍ ബംഗ്ലാവ്, വെള്ളയമ്പലം
ജി. ആര്‍ അനില്‍-അജന്ത, രാജ് ഭവന് എതിര്‍വശം
കെ.എന്‍. ബാലഗോപാല്‍-പൗര്‍ണമി-ക്ലിഫ് ഹൗസ് കോമ്പൗണ്ട്
ആര്‍ ബിന്ദു-സാനഡു തൈക്കാട്
ജെ.ചിഞ്ചുറാണി-അശോക, ക്ലിഫ് ഹൗസ് കോമ്പൗണ്ട്
എംഎന്‍ ഗോവിന്ദന്‍-നെസ്റ്റ്-ക്ലിഫ് ഹൗസ് കോമ്പൗണ്ട്
മുഹമ്മദ് റിയാസ്-പമ്പ-ക്ലിഫ് ഹൗസ് കോമ്പൗണ്ട്
പി.പ്രസാദ്-ലിന്‍ഡ് ഹഴസ്റ്റ്- ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍, നന്തന്‍കോട്
കെ.രാധാകൃഷ്ണന്‍-എസന്‍ഡീന്‍-ക്ലിഫ് ഹൗസ് കോംപൗണ്ട്
പി.രാജീവ്-ഉഷസ് -നന്തന്‍കോട്
ഗണേഷ് കുമാര്‍ -കവടിയാര്‍ ഹൗസ്, വെള്ളയമ്പലം
വി.ശിവന്‍കുട്ടി-റോസ് ഹൗസ്, വഴുതയ്ക്കാട്
വി.എന്‍.വാസവന്‍- ഗംഗ, കന്റോണ്‍മെന്റ് ഹൗസ് കോംപൗണ്ട്
വീണ ജോര്‍ജ്-നിള കന്റോണ്‍മെന്റിന് സമീപം
CONTENT HIGHLIGHTS;Minister Saji Cherian’s courage is immense?: Why is the unfortunate government waiting for Poruti in the bungalow?