Features

സ്വപ്‌ന തീരത്തേക്ക് അടുത്ത് സാന്‍ ഫെര്‍ണാണ്ടോ; വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലിന് സേഫ് ബെര്‍ത്തിങ്, യാഥാര്‍ത്ഥ്യമാകുന്നത് പതിറ്റാണ്ടുകളുടെ സ്വപ്നം-San Fernando was the first cargo ship to arrive at Vizhinjam port

വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ ചരക്ക് കപ്പല്‍ വ്യാഴാഴ്ച രാവിലെ ഒന്‍പതര മണിയോടെ ബെര്‍ത്തിലേക്ക് അടുത്തതോടെ പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വികസന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്. പ്രതിസന്ധികളും പ്രക്ഷോഭങ്ങളും പ്രകൃതി ദുരന്തങ്ങളും മൂലം തടസം നേരിട്ട പദ്ധതി നിര്‍മ്മാണം തുടങ്ങി പത്തു വര്‍ഷത്തിനുള്ളിലാണ് ആദ്യ ഘട്ട പൂര്‍ത്തീകരണം നടത്തിയത്. ട്രെയില്‍ റണ്ണിനായി എത്തിയ ആദ്യ ചരക്ക് കപ്പലിനുള്ള ഔദ്യോഗിക സ്വീകരണം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നാളെ നല്‍കും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കും. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, വിശിഷ്ട വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. രാവിലെ ഒന്‍പതരയോടെ വിഴിഞ്ഞം തുറമുഖ വാര്‍ഫിലേക്ക് സേഫ് ബെര്‍ത്തിങ്ങ് നടത്തിയ സാന്‍ ഫെര്‍ണാണ്ടോയ്ക്ക് ഒരുക്കിയത് വമ്പന്‍ സ്വീകരണമായിരുന്നു. കപ്പലില്‍ നിന്നും ചരക്കുകള്‍ ഇറക്കുന്ന പ്രവര്‍ത്തികള്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആരംഭിച്ചു. നാളെത്തെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം കണ്ടയിനറുകള്‍ ഇറക്കിയശേഷം കപ്പല്‍ തുറമുഖം വിടും.

പ്രതിസന്ധകളെ തരണം ചെയ്ത വിഴിഞ്ഞത്തിന് ഇനിയും കടക്കാന്‍ കടമ്പകള്‍

നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ച സര്‍ക്കാരിന്റെ സമീപനമാണ് രാജ്യത്തെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നിനെ യാഥാര്‍ത്ഥ്യത്തിന്റെ കരയിലേക്ക് അടുപ്പിച്ചത്. കപ്പല്‍ വന്നതുകൊണ്ട് അവസാനിക്കുന്നില്ല സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍. അടിസ്ഥാന സൗകര്യ വികസനത്തില്‍ വിഴിഞ്ഞം തുറമുഖം ഇപ്പോഴും ഏറെ പിന്നിലാണ്. ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായതിനാല്‍ ആദ്യ ഘട്ടത്തില്‍ മദര്‍ഷിപ്പുകളില്‍ നിന്നും ചെറു കപ്പലിലേക്ക് ചരക്കുകള്‍ കയറ്റിറക്കുന്ന പ്രവര്‍ത്തികളാണ് ചെയ്യുക. എന്നാലും വരും വര്‍ഷങ്ങളില്‍ തുറമുഖത്തിന്റെ നാല്‍പത് ശതമാനം ചരക്ക് കൈമാറ്റം റോഡ്-റെയില്‍ മാര്‍ഗമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പോര്‍ട്ട് കണക്ടിവിറ്റി റോഡ് പോലും പൂര്‍ത്തികരിക്കാത്തതാണ് നിലവില്‍ വിഴിഞ്ഞം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്. ചരക്കുകള്‍ സൂക്ഷിക്കാനായി വെയര്‍ഹൗസുകളും, വലിയ യാര്‍ഡുകളും സര്‍ക്കാര്‍ തലത്തില്‍ ഒരുക്കാത്തതും വെല്ലുവിളിയാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. വിഴിഞ്ഞത്തു നിന്നും ആരംഭിച്ച് ബലരാമപുരം കാട്ടാക്കട വെമ്പായം വഴി നാവായിക്കുളത്ത് എത്തിച്ചേരുന്ന ഔട്ടര്‍ റിംഗ് റോഡിന്റെ നിര്‍മ്മാണ് ആരംഭിച്ച് ഒന്നരവര്‍ഷത്തിനുള്ളില്‍ ആദ്യ ഘട്ടമെങ്കിലും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും. ലോജിസ്റ്റിക് ഹബ്ബുകളും തുറുമുഖാനുബന്ധ വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തീകരിക്കേണ്ടത് അത്യാവശ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ വിവിധ പദ്ധതികള്‍ എത്രയും വേഗം തുടക്കമിട്ട് യുദ്ധക്കാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചാല്‍ സംസ്ഥാനത്തും അതു പോലെ തിരുവനന്തപുരം കേന്ദ്രീകരിച്ചും എത്താന്‍ പോകുന്നത് കോടിക്കണിക്കിന് രൂപയുടെ വികസന പ്രവര്‍ത്തികളാണ്. അതിനോടൊപ്പം ലക്ഷക്കണക്കിന് തൊഴില്‍ സാധ്യതകളും.

സ്വപ്‌നങ്ങള്‍ നിറച്ച കണ്ടയിനറുകളുമായി സാന്‍ ഫെര്‍ണാണ്ടോ

ഇന്നലെ അര്‍ദ്ധരാത്രിയോടെ വിഴിഞ്ഞം തുറമഖത്തിന്റെ പുറം കടലില്‍ നങ്കുരമിട്ട സാന്‍ ഫെര്‍ണാണ്ടോ കൊണ്ടു വന്നത് വെറും ചരക്കുകള്‍ മാത്രമല്ല. പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന സ്വപ്‌നവും കൂടിയായിരുന്നു. രാവിലെയോടെ തന്നെ ബെര്‍ത്തിലേക്ക് അടുക്കാനുള്ള എല്ലാ ക്ലിയറന്‍സും സാന്‍ ഫെര്‍ണാണ്ടോയ്ക്ക ലഭിച്ചു. തുടര്‍ന്ന് വിഴിഞ്ഞം തുറമുഖത്ത് നിന്നും ടഗ് ബോട്ടുകളായ ഓഷ്യന്‍ പ്രസ്റ്റീജും രണ്ടു ഡോള്‍ഫിന്‍ സീരിയസ് ടഗ് ബോട്ടുകളും സാന്‍ ഫെര്‍മാണ്ടോയെ സ്വീകരിക്കാന്‍ പുറം കടലിലേക്ക് എത്തി. വിഴിഞ്ഞത്തു നിന്നും എത്തിയ് നാവികള്‍ കപ്പലിന്റെ ചുമതല ഏറ്റടുത്തതോടെ രാവിലെ എഴരയോടെ കപ്പല്‍ ബെര്‍ത്തിലേക്ക് പതിയെ എത്തി, കൂടെ താങ്ങ് നല്‍കി അദാനിയുടെ ടഗ് ബോട്ടുകളും. കൃത്യം രാവിലെ ഒന്‍പതരയോടെ തുറമുഖ വാര്‍ഫിലേക്ക് സേഫ് ബെര്‍ത്തിങ്ങ് നടത്തിയ സാന്‍ ഫെര്‍ണാണ്ടോ. ടഗ് ബോട്ടുകളുടെ നേതൃത്വത്തില്‍ വാട്ടര്‍ സല്യൂട്ടും കൂറ്റന്‍ കപ്പലിന് നല്‍കി.

തുറമുഖ വാര്‍ഫില്‍ വെച്ച് മന്ത്രി വി.എന്‍. വാസവന്‍, ജി.ആര്‍. അനില്‍, വിന്‍സെന്റ് എംഎല്‍എ, വിസില്‍ കമ്പിനി അധികൃതര്‍, അദാനി പോര്‍ട്ട് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് കപ്പലിന് സ്വീകരണം നല്‍കുകയും. ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഭാഗമായി മധുരം നല്‍കുകയും ചെയ്തു. 2000 ത്തിലധികം കണ്ടയിനറുകളുമായി എത്തിയ സാന്‍ ഫെര്‍ണാണ്ടോയെന്ന കൂറ്റന്‍ കപ്പലില്‍ നിന്നും 1930 കണ്ടയിനറുകള്‍ തുറമുഖത്ത് ഇറക്കുമെന്നാണ് വിവരം. ഉച്ചയ്ക്ക ഒരു മണിയോടെ കപ്പലില്‍ നിന്നും ആദ്യ കണ്ടയിനര്‍ നീക്കം നത്തുമെന്ന് അദാനി പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പിനിയായ ഡെന്‍മാര്‍ക്കിലെ മെര്‍സ്‌കിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് സെന്‍ ഫെര്‍ണാണ്ടോ. വിഴിഞ്ഞത്തേക്ക് എത്തിയ ആദ്യ കപ്പലിനെ വരവേല്‍ക്കാന്‍ ജനപ്രതിനിധികള്‍ക്കും തുറമുഖ- അദാനി ഉദ്യോഗസ്ഥര്‍ക്കൊപ്പം നാട്ടുകാരും പങ്കാളികളായി. ആഴിമല ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും വാദ്യഘോഷങ്ങളും കപ്പല്‍ എത്തിയ നേരത്ത് നടന്നു. കപ്പലിനെ കാണാനായി അഴിമല തൊട്ട് വിഴിഞ്ഞം ലൈറ്റ് ഹൈസ് വരെ ജനങ്ങള്‍ നിരന്നു.

അത്യാധുനിക സംവിധാനങ്ങളുമായി വിഴിഞ്ഞം

പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായാണ് വിഴിഞ്ഞം തുറമുഖത്താണ് ട്രയല്‍ റണ്‍ തുടങ്ങുന്നത്. ആദ്യമെത്തുന്ന കപ്പലില്‍നിന്നുള്ള 2000 കണ്ടെയ്നറുകള്‍ വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്‌നര്‍ നീക്കങ്ങള്‍ക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനവും കപ്പല്‍ പ്രയോജനപ്പെടുത്തും. വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്യും മുന്‍പ് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കം സര്‍വ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പിക്കാനാണ് മദര്‍ഷിപ്പ് എത്തിച്ചത്. 23 ക്രെയിനുകള്‍ കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ച സോഫ്റ്റ്വെയറില്‍ പ്രവര്‍ത്തിക്കുന്ന നാവിഗേഷന്‍ സെന്റര്‍ ഇത് നിയന്ത്രിക്കും. വിമാനത്താവളങ്ങളിലെ എയര്‍ട്രാഫിക് കണ്‍ട്രോളിന് സമാനമാണിത്. കപ്പല്‍ നങ്കൂരമിടുന്നതും കാര്‍ഗോ ഇറക്കുന്നതുമെല്ലാം നിയന്ത്രിക്കുന്നത് ഈ സെന്ററാണ്. അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന നിലയിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്. പൂര്‍ണമായും ഓട്ട മേറ്റഡ് സംവിധാനത്തിലാണു വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്നത്. ഇതിനായി 24 മണി ക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം പൂര്‍ണ സജ്ജമായി. ആദ്യ ചരക്കു കപ്പലില്‍നിന്നു ‘ഷിപ് ടു ഷോര്‍ ക്രെയിനുകള്‍’ ഉയര്‍ത്തുന്ന കണ്ടെയ്‌നറുകള്‍ ഇന്റര്‍ ട്രാന്‍സിസ്റ്റ് വെഹിക്കിളു കള്‍(ഐടിവി) വഴി ട്രെയിലറുകളിലേക്ക് എത്തും. ഈ ടയറുകള്‍ നിശ്ചിത ട്രാക്കിലൂടെ നീങ്ങി യാര്‍ഡ് ക്രെയിനുകള്‍ക്ക് അരികില്‍ എത്തിച്ചേരും. യാര്‍ഡ് ക്രെയിന്‍ ഇവയെ ഉയര്‍ത്തി നിശ്ചിത സ്ഥാനത്ത് എത്തിക്കും. ഇതിനായി 28 ട്രെയിലറുകള്‍ സജ്ജമാക്കി.

ആദ്യ ഘട്ടത്തില്‍ കണ്ടെയിനറുകള്‍ ഇറക്കുന്നതിനു ഷിപ് ടു ഷോര്‍ ക്രെയിനുകളാവും. 8 എസ്ടിഎസ് ക്രെയിനുകള്‍ ഇതി നായി സജ്ജീകരിച്ചിട്ടുണ്ട്. കപ്പലുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ മുഴുവന്‍ എസ്ടിഎസുകളെയും ദൗത്യത്തിനായി ഉപയോഗിക്കും. ഒരേസമയം 35,000 കണ്ടയിനയറുകള്‍ സൂക്ഷിക്കാനുള്ള യാര്‍ഡ് സംവിധാനമാണ് സജ്ജമായത്. നാളെ ഇറക്കുന്നത് 2,000 കണ്ടെയ്നറുകള്‍ മാത്രം. വാണിജ്യ കപ്പലുകള്‍ കൈകാര്യം ചെ യ്യുന്നതിനുള്ള എന്‍.എസ്.പി.സി. ക്ലിയറന്‍സ്, ഐ.എസ്.പി.എ സ്. കോഡ്, സുരക്ഷയ്ക്കായി പോര്‍ട്ട് ഫെസിലിറ്റി ഇന്റര്‍നാഷണല്‍ കോഡ് എന്നിവ ലഭിച്ചുകഴിഞ്ഞു. വെള്ളിയാഴ്ച നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിനു വമ്പന്‍ ജനാവലിയെ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.വമ്പന്‍ സുര ക്ഷാസന്നാഹങ്ങളാണ് വിഴിഞ്ഞത്ത് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക് ഡേറ്റ ഇന്റര്‍ചേഞ്ച് അംഗീകാരം, കസ്റ്റോഡിയന്‍ കോഡ് അംഗീകാരം, ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് ക്ലിയറന്‍സ് എന്നിവ ലഭിച്ചാലുടന്‍ തുറമുഖം കമ്മിഷന്‍ ചെയ്യാമെന്ന് തുറമുഖ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.