പകര്‍ച്ച വ്യാധികളും പകര്‍ച്ചപ്പനികളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ ആരോഗ്യ മേഖല കടുത്ത വെല്ലുവിളി നേരിടുകയാണ്. ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വലിയ സാമൂഹ്യ പ്രശ്‌നമായി രോഗങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്. കോളറയും, ഡെങ്കിവും, വൈറല്‍ പനിയും ബാധിച്ചവരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരു ഹോസ്റ്റലില്‍ കോളറ ബാധ റിപ്പോര്‍ട്ടു ചെയ്തതോടെ വലയി ആശങ്കയാണ് ഉയര്‍ന്നത്. ഈ സഹാചര്യത്തില്‍ എന്താണ് കോളറയെന്നും, ഏതുതരം ബാക്ടീരിയയാണ് ഈ രോഗം പടര്‍ത്തുന്നതെന്നും അറിഞ്ഞിരിക്കണം.
വിബ്രിയോ കോളറ എന്ന ഇനം ബാക്ടീരിയ വഴിയുണ്ടാകുന്ന വയറിളക്ക രോഗമാണ് കോളറ. മലിന ജലവും ഭക്ഷണവും വഴി പടരുന്ന രോഗം ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്ന് പടര്‍ന്നു പിടിക്കാനും സാധ്യതയുണ്ട്. രോഗം ബാധിച്ച രോഗിയില്‍ നിന്ന് രോഗലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് പകരാന്‍ സാധ്യതയുള്ള കോളറ രോഗാണുക്കള്‍ ശരീരത്തിലെ ഏതാനും മണിക്കൂറുകള്‍ മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ രോഗം വരും. മിക്കപ്പോഴും ഛര്‍ദ്ദി ഉണ്ടാകുന്ന കോളറയുടെ പ്രധാന ലക്ഷണം പെട്ടെന്നുള്ള വെള്ളം പോലെയുള്ള വയറിളക്കം ആണ്. അതിനാല്‍ തന്നെ പെട്ടെന്ന് രോഗി നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ച്ചയിലേക്കും എത്തിച്ചേരാനും സാധ്യതയുണ്ട്.
രോഗം ബാധിച്ച വ്യക്തിക്ക് ഉടന്‍തന്നെ ആന്റിബയോട്ടിക് ചികിത്സ ആരംഭിക്കുകയാണ് വേണ്ടത്. വയറിളക്കം പിടിപെട്ടാല്‍ തുടക്കത്തില്‍ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കൊടുക്കുകയും ഒ.ആര്‍.എസ് ലായനിയോടൊപ്പം സിങ്ക് ഗുളിക കഴിപ്പിക്കുകയും ചെയ്യണം. അസിത്രോമൈസിന്‍, ഡോക്‌സി സൈക്ലിന്‍ തുടങ്ങിയ മരുന്നുകളും ഫലപ്രദമായവയാണ്. വയറിളക്ക രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുന്ന, അതോടൊപ്പം തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ഭക്ഷണവും വെള്ളവും തുറന്നു വയ്ക്കാതിരിക്കുകയും ചെയ്യുക. ഇതിനോടൊപ്പം നല്ലതുപോലെ വേവിച്ച ഭക്ഷ്യവസ്തുക്കള്‍ മാത്രം ഭക്ഷിക്കാനും ശ്രദ്ധിക്കണം.
കൊഞ്ച്, കക്ക, മീന്‍ എന്നിവ വൃത്തിയായി കഴുകി മാത്രം പാചകം ചെയ്യുന്നതിനും മീനും ഐസ്‌ക്രീമും ഫ്രിഡ്ജില്‍ ഒരുമിച്ച് വെക്കാതിരിക്കാനും ശ്രദ്ധിക്കണം. ശുദ്ധജലത്തില്‍ നല്ലതുപോലെ കഴുകിയതിനു ശേഷം മാത്രം പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിനും സോപ്പ് ഉപയോഗിച്ച് മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും കൈകള്‍ കഴുകുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇതുകൂടാതെ ഛര്‍ദ്ദിയോ വയറിളക്കമോ ഉണ്ടാകുന്ന പക്ഷം ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഈച്ചയും ഈ രോഗം പരത്തുന്നതില്‍ പ്രധാനപങ്ക് വഹികുന്നുണ്ട്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും വരെ കോളറ കാരണമാകുന്നുണ്ട്.
രോഗമുണ്ടാകുന്ന രീതി ?
ആമാശയത്തിലെ അമ്ലത്വത്തെ അതിജീവിച്ച് കുടലില്‍ എത്തുന്ന കോളറ രോഗാണുവിനു കുടല്‍ കോശങ്ങളില്‍ എത്താന്‍ കുടലിലെ കട്ടിയുള്ള കഫപടലത്തെ തുളക്കേണ്ടതുണ്ട്. ഇതിനുവേണ്ടി അവ ഫ്‌ളാഗെല്ല (flagella) എന്ന കോശാവയവം ഉണ്ടാക്കുന്നു. ഈ കോശാവയവത്തിന്റെ സഹായത്തോടു കൂടി രോഗാണു കുടല്‍ കോശങ്ങളില്‍ കടന്ന് കോളറ ടോക്സിന്‍ എന്ന വിഷം(toxin) ഉണ്ടാക്കുന്നു. ഈ വിഷം രോഗിയില്‍ അതിസാരം ഉണ്ടാക്കുകയും ചെയ്യുന്നു. ആറു ഘടകങ്ങള്‍ ചേര്‍ന്ന സങ്കീര്‍ണമായ തന്മാത്രയാണ് കോളറ ടോക്‌സിന്‍. അഞ്ചു B ഘടകങ്ങളും ഒരു A ഘടകവും ഡൈസള്‍ഫൈഡ് ബോണ്ടിനാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ടോക്‌സിന്‍ കുടല്‍ കോശങ്ങളില്‍ നിന്ന് സോഡിയം, പൊട്ടാസിയം, കാര്‍ബനെറ്റ് തുടങ്ങിയ ലവണങ്ങളും വെള്ളവും നഷ്ടമാകാനും ദ്രുതഗതിയിലുള്ള നിര്‍ജ്ജലീകരണത്തിനും കാരണമാകും.
രോഗനിര്‍ണ്ണയം ?
ഏതൊരു രോഗത്തിനും രണ്ടു രീതികളില്‍ ഉള്ള രോഗനിര്‍ണയ ടെസ്റ്റുകള്‍ ഉണ്ടാകാറുണ്ട്. ഒരു കൂട്ടം ആളുകളില്‍ നിന്ന് രോഗിയേയും രോഗമില്ലാത്ത ആളെയും ദ്രുതഗതിയില്‍ തിരിച്ചറിയാനുള്ള ദൃതരോഗ നിര്‍ണയവും (സ്‌ക്രീനിംഗ് ടെസ്റ്റും), രോഗം അതു തന്നെ എന്ന് ഉറപ്പിക്കാനുള്ള കണ്‍ഫര്‍മെഷന്‍ ടെസ്റ്റും, റാപിഡ് ഡിപ്പ് സ്റ്റിക് ടെസ്റ്റ് എന്ന ടെസ്റ്റ് ആണ് കോളറയുടെ ദൃതരോഗനിര്‍ണയ ടെസ്റ്റുകള്‍. മഹാവ്യാധിയുടെ ചുറ്റുപാടില്‍ സാധാരണ രോഗലക്ഷണങ്ങള്‍ കൊണ്ട് മാത്രമോ അല്ലെങ്കില്‍ ദൃതരോഗനിര്‍ണയ ടെസ്റ്റ് കൊണ്ടോ മാത്രമാണ് രോഗനിര്‍ണയം നടത്തുന്നത്. രോഗാണുവിനെ പരീക്ഷണ ശാലയില്‍ വളര്‍ത്തിയാണ് രോഗം ഉറപ്പിക്കുന്നത്. ഇതിനായി രോഗാണുവിനെ രോഗിയുടെ മലത്തില്‍ നിന്നാണ് എടുക്കുന്നത്. ആന്റിബയോടിക് മരുന്ന് നല്‍കുന്നതിനു മുമ്പേ വേണം സാമ്പിള്‍ എടുക്കാന്‍. വിബ്രിയോ കൊളരെ O1 ആണ് ഏറ്റവും കൂടുതല്‍ കോളറ മഹാവ്യാധി ഉണ്ടാക്കുന്ന വര്‍ഗം. അതിനാല്‍ തന്നെ ഒരു മഹാവ്യാധി ഉണ്ടായാല്‍ O1 സിറോഗ്രൂപ്പ് പരിശോധിക്കേണ്ടതാണ്. ഇത് വേര്‍തിരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ O 139 സിറോഗ്രൂപ്പ് പരിശോധിക്കേണ്ടതുമാണ്.
കോളറയുടെ വരവ് ?
1959ല്‍ ആണ് കോളറ ടോക്സിന്‍ എന്ന കോളറാജന്‍ കണ്ടെത്തുന്നത്. എന്നാല്‍, കോളറ ബാക്ടീരിയയെ 1883ല്‍ കണ്ടെത്തിയത് മൈക്രോ ബയോളജി ശാസ്ത്ര ശാഖയുടെ പിതാവായി അറിയപ്പെടുന്ന റോബര്‍ട്ട് കോച്ച് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ്. കോളറ ലോകത്തെമ്പാടും പടരാന്‍ തുടങ്ങിയത് 1816 മുതല്‍ 1826 വരെയുള്ള കാലത്താണ്. 1820ല്‍ ബംഗാളിലാണ് ഇന്ത്യയില്‍ ആദ്യമായി കോളറ റിപ്പോര്‍ട്ട് ചെയ്തത്. ആയിരക്കണക്കിന് ഇന്ത്യന്‍- ബ്രിട്ടിഷ് പട്ടാളക്കാര്‍ രോഗം മൂലം അന്ന്മരിച്ചു. ഇന്റോനേഷ്യയില്‍ അക്കാലത്ത് കോളറ മൂലം മരിച്ചത് ഒരു ലക്ഷം പേരാണ്. ഈജിപ്തില്‍ 1,30,000 പേര്‍ മരിച്ചു. 1851 ആയപ്പോഴേക്കും റഷ്യ, ക്യൂബ, അമേരിക്ക എന്നിവിടങ്ങളിലും കോളറ മൂലം മരണം ഉണ്ടായി. 1920 കളില്‍ റഷ്യയില്‍ ജീവന്‍ പൊലിഞ്ഞത് അഞ്ച് ലക്ഷം പേര്‍ക്കാണ്. രണ്ടായിരത്തില്‍ ലോകാരോഗ്യ സംഘടന 1,40,000 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു. 2010ല്‍ നൈജീരിയയില്‍ 352 പേര്‍ മരിക്കുകയും ചെയ്തു.
തലപൊക്കി വീണ്ടും കോളറ ?
കേരളത്തില്‍ നിന്നു കോളറ രോഗം തുടച്ചുനീക്കപ്പെട്ടു എന്ന അവകാശവാദം ഉണ്ടായിരുന്നെങ്കിലും 2009 മുതല്‍ രോഗം അവിടെവിടെയായി കണ്ടുതുടങ്ങിരുന്നു. 2016ല്‍ പാലക്കാട്ടെ പട്ടഞ്ചേരിയില്‍ മാത്രം 80 പേര്‍ക്കായിരുന്നു രോഗലക്ഷണം. മലപ്പുറത്ത് 25 പേര്‍ക്ക് ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചു. 2013ല്‍ വയനാട്ടിലെ മുട്ടില്‍ പഞ്ചായത്തില്‍ 30 പേര്‍ക്കെങ്കിലും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. പിന്നീട് വ്യാപകമായി കേരളത്തിലെവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കിലും അവിടെവിടങ്ങളിലായി സ്ഥിരീകരിക്കുന്ന അവസ്ഥയുണ്ടായി. മലപ്പുറം ജില്ലയിലെ അഴുക്കു ചാലുകളില്‍നിന്നു ശേഖരിച്ച സാംപിളുകളില്‍ കോളറ പരത്തുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയമുണ്ടെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഫുഡ് ക്വാളിറ്റി അഷ്വറന്‍സ് ലബോറട്ടറിയില്‍ 2016 ജൂലൈയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കുറ്റിപ്പുറത്തെ അഴുക്കുചാലിലെ മലിനജലമാണ് പഠനവിധേയമാക്കിയത്. ഇവിടെ അതിസാരം മൂലം രണ്ട് പേര്‍ മരിച്ചിരുന്നു. അതിനു മുന്‍പ് 2018 ലാണ് ഏറ്റവും ഒടുവിലായി കോളറ കാരണം സംസ്ഥാനത്തൊരു മരണം സംഭവിച്ചത്.
CONTENT HIGHLIGHTS;Take care!! Cholera strikes again: What is cholera?; How is the diagnosis made?