Features

കങ്കണ റണാവത്തിന് ഇതെന്തുപറ്റി ?: “മണ്ഡിയിലെ ജനങ്ങളും ആധാറും” പുതിയ വിവാദം കത്തിക്കയറുന്നു /What’s up with Kangana Ranaut?: ‘Mandi people and Aadhaar’ sparks fresh controversy

വിവാദങ്ങളില്ലാതെ കങ്കണയ്ക്ക് ജീവിക്കാനേ കഴിയില്ലെന്നായിരിക്കുകയാണ്. എത്രയെത്ര വിവാദങ്ങള്‍ താണ്ടിയാണ് അവര്‍ മണ്ഡിയിലെ ജനപ്രതിനിധിയായത്. ഒടുവില്‍ വിമാനത്താവളത്തില്‍ വെച്ച് പൊതിരെ തല്ലും കിട്ടി. എന്നിട്ടും, വിവാദങ്ങള്‍ക്ക് അവധി നല്‍കിയിട്ടില്ലെന്നതാണ് സത്യം. ബോളിവുഡിലെ നടി എന്നതിനപ്പുറം ബി.ജെ.പിയുടെ എം.പി എന്നതിലേക്ക് വളര്‍ന്നതോടെ ജനങ്ങള്‍ക്ക് തന്നെ കാണാന്‍ നിബന്ധനകള്‍ വെച്ചിരിക്കുകയാണ് കങ്കണ റണാവത്. തന്നെ കാണാന്‍ വരുന്ന മണ്ഡലത്തിലെ ജനങ്ങള്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരണമെന്ന് മണ്ഡിയിലെ എം.പിയും നടിയുമായ കങ്കണ റണാവത്തിന്റെ പ്രഖ്യാപം കോളിളക്കം സൃഷ്ടിച്ചു കഴിഞ്ഞിരിക്കുകയാണ്.

വോട്ടു ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് തന്നെ കാണാന്‍ വരുന്നുണ്ടെങ്കില്‍ ആധാര്‍ കാര്‍ഡുമായി വരണമെന്നു പറയുന്നത് എത്ര മോശമായ രീതിയാണെന്നാണ് കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തല്‍. ജനങ്ങളോട് തിരിച്ചറിയല്‍ രേഖ ചോദിക്കുന്ന ജനപ്രതിനിധിയെ എങ്ങനെയാണ് വിശ്വാസത്തിലെടുക്കുകയെന്നും ചോദ്യമുയരുന്നുണ്ട്. എന്നാല്‍, ആധാര്‍ കാര്‍ഡിനൊപ്പം തന്നെ എന്താവശ്യത്തിനാണ് കാണുന്നതെന്ന് എഴുതിയ പേപ്പറുമായി വേണം വരാനെന്നും കങ്കണ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് എം.പിയുടെ നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഹിമാചല്‍ പ്രദേശിലേക്ക് ധാരാളം വിനോദസഞ്ചാരികള്‍ വരാറുണ്ട്. അതിനാല്‍ മണ്ഡിയിലെ ജനങ്ങള്‍ ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടത് അനിവാര്യമാണ്.

എന്താണ് ചെയ്യുന്നതെന്നും എന്തിനാണ് തന്നെ കാണുന്നതെന്നും പേപ്പറില്‍ എഴുതണം. ജനങ്ങള്‍ക്ക് അസൗകര്യം നേരിടേണ്ടി വരാതിരിക്കാനാണ് ഇതെന്നാണ് കങ്കണ നല്‍കുന്ന വിശദീകരണം. തന്റെ ഓഫീസിലേക്ക് ടൂറിസ്റ്റുകളും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരുമായി നിരവധി പേര്‍ വരുന്നതിനാല്‍ മണ്ഡലത്തിലെ സാധാരണക്കാര്‍ വളരെയധികം അസൗകര്യങ്ങള്‍ നേരിടുന്നുവെന്നും കങ്കണ പറയുന്നുണ്ട്. ഹിമാചലിന്റെ വടക്കന്‍ മേഖലയില്‍ നിന്നുള്ള ആളുകള്‍ക്ക് തന്നെ കാണാന്‍ മണാലിയിലെ വീട്ടിലേക്ക് വരാമെന്നും മണ്ഡിയിലുള്ളവര്‍ക്ക് നേരെ തന്റെ ഓഫീസിലേക്ക് വരാമെന്നും കങ്കണ വ്യക്തമാക്കുന്നുണ്ട്. ഈ പ്രസ്താവനയ്ക്കു പിന്നാലെ കടുത്ത വിമര്‍ശനവുമായി മണ്ഡിയില്‍ കങ്കണയ്‌ക്കെതിരെ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് രംഗത്തെത്തിയത്.

തന്നെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരേണ്ടതില്ലെന്ന് വിക്രമാദിത്യ സിംഗ് വ്യക്തമാക്കി. ‘ഞങ്ങള്‍ ജനപ്രതിനിധികളാണ്, അതിനാല്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങളെ കാണേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. അത് ചെറിയ കാര്യമായാലും വലിയ കാര്യമായാലും നയപരമായ കാര്യമായാലും വ്യക്തിപരമായ കാര്യമായാലും കാണാന്‍ തിരിച്ചറിയല്‍ രേഖ ആവശ്യമില്ല. ഒന്നുകാണാന്‍ പേപ്പറുകള്‍ കൊണ്ടുവരാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും വിക്രമാദിത്യ സിംഗ് പറയുന്നു. ആറ് തവണ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വീര്‍ഭദ്ര സിംഗിന്റെ മകനാണ് വിക്രമാദിത്യ സിംഗ്. പഞ്ചായത്ത് തലത്തിലോ നിയമസഭാ മണ്ഡലത്തിലോ ഉള്ള വിഷയങ്ങളേക്കാള്‍ ദേശീയ തലത്തിലുള്ള പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുക എന്നതാണ് എംപി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമെന്ന് കങ്കണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ തന്റെ പരിധിയില്‍ വരുന്ന പ്രശ്‌നങ്ങളുമായി മാത്രം തന്നെ കാണാന്‍ വരാനും കങ്കണ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എം.പിയെന്ന നിലയില്‍ വിശാലമായ വിഷയങ്ങളാണ് താന്‍ കൈകാര്യം ചെയ്യുകയെന്നും കങ്കണ റണാവത്ത് വ്യക്തമാക്കുന്നു. ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കങ്കണ വിവാദങ്ങളില്‍ ചെന്നു ചാടുന്നത് ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം ചണ്ഡീഗഡിലെ ഷഹീദ് ഭഗത് സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കങ്കണ റണാവത്തിനെ സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ കരണത്തടിച്ചിരുന്നു. ഡെല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തിനെതിരേ സംസാരിച്ചതിന്റെ ദേഷ്യമായിരുന്നു മര്‍ദ്ദനത്തിനു പിന്നില്‍.

ഈ കേസില്‍ വാര്‍ത്തകളില്‍ ഇടം നേടിയ സി.ഐഎസ്.എഫ് കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറിനെ കര്‍ണാടകയിലെ ബംഗളൂരുവിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എങ്കിലും, കുല്‍വീന്ദര്‍ കൗറിനെ ഇപ്പോഴും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും സി.ഐ.എസ്.എഫ് വിശദീകരിക്കുന്നുണ്ട്. അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രിലീസ് നീട്ടിവെച്ച കങ്കണ റണാവതിന്റെ എമര്‍ജന്‍സി സെപ്റ്റംബര്‍ 6 ന് റിലീസ് ചെയ്യുകയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. നേരത്തെ ചിത്രം ജൂണ്‍ 14ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിലീസിംഗ് ഡേറ്റ് മാറ്റുകയായിരുന്നു.

നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഇരുണ്ടതുമായ അധ്യായങ്ങളിലൊന്നാണ് അടിയന്തരാവസ്ഥ. ഇതൊരു നിര്‍ണായക കഥയാണ്, എന്റെ സൂപ്പര്‍ പ്രതിഭകളോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സതീഷ് ജി, അനുപം ജി, ശ്രേയസ്, മഹിമ, മിലിന്ദ് എന്നിവരെപ്പോലെ ഈ ക്രിയാത്മകമായ യാത്ര ആരംഭിച്ചതിന്, ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് ഈ അസാധാരണ എപ്പിസോഡ് വലിയ സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നതില്‍ സന്തുഷ്ടയാണെന്നുമാണ് കങ്കണ ഇതേക്കുറിച്ച് പറഞ്ഞത്. ഈ സിനിമ റിലീസാകുന്നതിനു പിന്നാലെ ഉണ്ടാകാന്‍ സാധ്യതയുള്ള വിവാദങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.

2020ല്‍, രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി കങ്കണയെ രാജ്യം ആദരിച്ചിട്ടുണ്ട്. ഫോര്‍ബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയില്‍ ആറ് തവണ ഇടം നേടിയിട്ടുണ്ട്. ബോളിവുഡിലെ സ്വജനപക്ഷപാതം മുതല്‍ ദേശീയ രാഷ്ട്രീയം വരെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാറുള്ള റണാവത്ത് ബോളിവുഡില്‍ തുറന്നുപറയുന്ന വ്യക്തിയാണ്. ഇതാണ് അവരെ വിവാദ നായികയാക്കി മാറ്റിയത്. 1987 മാര്‍ച്ച് 23ന് ഹിമാചല്‍ പ്രദേശിലെ ചെറിയ പട്ടണമായ ഭാംബ്ലയില്‍ ജനിച്ച റണാവത്ത് പതിനാറാം വയസ്സില്‍ ഡല്‍ഹിയിലേക്ക് താമസം മാറുകയും മോഡലിംഗില്‍ ചുരുങ്ങിയ കാലം രംഗത്തിറങ്ങുകയും ചെയ്തു. അഭിനയത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ തീരുമാനിച്ച അവര്‍ തിയേറ്ററില്‍ ചേര്‍ന്നു. അവിടെ നാടക സംവിധായകന്‍ അരവിന്ദ് ഗൗറിന്റെ കീഴില്‍ പരിശീലനം നേടി.

തിയേറ്റര്‍ പ്രേക്ഷകരില്‍ നിന്നുള്ള നല്ല പ്രതികരണത്തെത്തുടര്‍ന്ന്, ബോളിവുഡില്‍ ഒരു കരിയര്‍ തുടരുന്നതിനായി അവര്‍ മുംബൈയിലേക്ക് താമസം മാറ്റുകയും നാല് മാസത്തെ അഭിനയ കോഴ്സിന് ചേരുകയും ചെയ്തു. 2004ല്‍, അനുരാഗ് ബസു സംവിധാനം ചെയ്ത് മഹേഷ് ഭട്ട് നിര്‍മ്മിച്ച റൊമാന്റിക് ത്രില്ലര്‍ ഗ്യാങ്സ്റ്ററിലെ പ്രധാന വേഷത്തിനായി അവര്‍ ഓഡിഷന്‍ നടത്തി. 2006ല്‍ പുറത്തിറങ്ങിയ ചിത്രം നിരൂപകപരവും വാണിജ്യപരവുമായ വിജയം നേടി. 2006നും 2009നും ഇടയില്‍, 35കാരിയായ നടിക്ക് ഫാഷന്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ ഉണ്ടായിരുന്നു, ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെ നേരിടുന്ന ഒരു സൂപ്പര്‍ മോഡല്‍ അഭിനയിച്ചതിന് അവളുടെ ആദ്യത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ഫാഷന്‍.

2011ല്‍, ആനന്ദ് എല്‍ റായിയുടെ തനു വെഡ്സ് മനു എന്ന സിനിമയില്‍, ആര്‍ മാധവനൊപ്പം അഭിനയിച്ച ഒരു റൊമാന്റിക് കോമഡിയില്‍ അവര്‍ അഭിനയിച്ചു. ന്യൂറോട്ടിക് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതിനാല്‍ സ്വന്തം വാക്കുകളില്‍ ഗെയിം മാറ്റി. അവരുടെ 2014ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രം നിരൂപകരില്‍ നിന്ന് ഏകകണ്ഠമായ പ്രശംസ നേടുകയും ബോക്സ് ഓഫീസ് ഹിറ്റായി മാറുകയും ചെയ്തു. ഫിലിംഫെയര്‍ അവാര്‍ഡും മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും അവര്‍ക്ക് ലഭിച്ചു. 2017ല്‍, വിശാല്‍ ഭരദ്വാജിന്റെ റംഗൂണ്‍, ഹന്‍സല്‍ മേത്തയുടെ സിമ്രാന്‍ എന്നിവയില്‍ അഭിനയിച്ചു, ഇവ രണ്ടും വാണിജ്യ വിജയം നേടുന്നതില്‍ പരാജയപ്പെട്ടു.

അടുത്ത കാലത്ത്, 2019ലും 2020ലും പുറത്തിറങ്ങിയ മണികര്‍ണിക ദി ക്വീന്‍ ഓഫ് ഝാന്‍സി, പംഗ എന്നീ ചിത്രങ്ങള്‍ക്ക് നടി റണാവത്ത് തന്റെ നാലാമത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. 2021ല്‍, തലൈവി എന്ന ജീവചരിത്രത്തില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ അവരും അരവിന്ദ് സ്വാമിയും അഭിനേതാവായി മാറിയ ജെ. ജയലളിത, എം.ജി. രാമചന്ദ്രന്‍ എന്നിവരെ അവതരിപ്പിച്ചു.

CONTENT HIGHLIGHTS;What’s up with Kangana Ranaut?: ‘Mandi people and Aadhaar’ sparks fresh controversy