നവകേരളാ ബസിന്റെ ഇപ്പോഴത്തെ അവസ്ഥ അതി ദയനീയമാണ്. ടിക്കറ്റ് വരുമാനത്തിലും, യാത്രക്കാരുടെ കാര്യത്തിലും ഒരുപോലെ പരാജയമായിരിക്കുന്ന ബസിനെ നിലനിര്‍ത്താന്‍ ചില അറ്റകൈ പ്രയോഗങ്ങള്‍ നടത്തണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. നവകേരളാ ബസിന്റെ ബസിന്റെ സമയക്രമം നിശ്ചയിച്ചതില്‍ തന്നെ കള്ളക്കളി ഉണ്ടായിട്ടുണ്ടോ എന്ന സംശയം നേരത്തെ തന്നെ ജീവനക്കാര്‍ ഉന്നയിച്ചിരുന്നതാണ്. എന്നാല്‍, പുതിയൊരു സംരംഭത്തിന് ആദ്യമേ തന്നെ നെഗറ്റീവ് പറയരുതല്ലോ എന്നു കരുതി വാപൊത്തി. പക്ഷെ, ഓട്ടം തുടങ്ങിയപ്പോള്‍ മുതല്‍ സമയം മാറ്റണമെന്ന ആവശ്യവുമായി യാത്രക്കാര്‍ തന്നെ രംഗത്തെത്തി.
വിദ്യാര്‍ത്ഥികള്‍ക്കോ, ഉദ്യോഗസ്ഥര്‍ക്കോ ഈ ബസില്‍ ബംഗളൂരുവില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. തിരിച്ചു വരുന്നവര്‍ക്കും ബുദ്ധിമുട്ടാണ്. അത്രയും അണ്‍ടൈമാണ് നവകേരളാ ബസിന്റെ സമയം. AC ഗരുഡ പ്രീമിയം കോഴിക്കോട് നിന്ന് പുലര്‍ച്ചെ 4 മണിക്ക് പുറപ്പെടുന്ന ബാംഗ്ലൂര്‍ സര്‍വീസ് ബാംഗ്ലൂര്‍ ശാന്തിനഗര്‍ എത്തേണ്ട സമയം 11.30 ആണ്. എന്നാല്‍ സ്ഥിരമായി എത്തുന്നത് 12.45 മുതല്‍ 1.30 വരെയുള്ള സമയത്തിലാണ്. കൂടാതെ സാറ്റ്‌ലൈറ്റ് ബസ്റ്റാന്റില്‍ ആളുകള്‍ ഇറങ്ങിയാല്‍ ബാക്കി വളരെ കുറഞ്ഞ (പത്തില്‍ താഴെ)മാത്രം ആളുകള്‍ ആണ് ശാന്തിനാഗറിലേക്ക് ഉണ്ടാവാറ്. ചിലപ്പോള്‍ ആരും തന്നെ ഉണ്ടാവാറുമില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ശാന്തി നഗര്‍ എത്തിയതിനു ശേഷം ബസ് ക്ലീന്‍ ചെയ്ത് 2.30ന് എടുക്കുകയും വേണം. ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടാതെ തിരിച്ചു പോരേണ്ട അവസ്ഥാണ് ജീവനക്കാര്‍ക്കുള്ളത്. 2.30ന് ശാന്തി നഗര്‍ നിന്ന് എടുക്കുന്ന ബസ് 2.50 ആണ് സാറ്റ്‌ലൈറ്റ് ബസ്റ്റാന്റില്‍ എത്തേണ്ടത്. എന്നാല്‍ എത്തുന്നത് 3 മണി മുതല്‍ 3.30 മണിവരെ എടുക്കാറുണ്ട്. ശാന്തിനഗര്‍-സാറ്റ്‌ലൈറ്റ് ബസ്റ്റാന്റിനിടയില്‍ അത്രയ്ക്കും ബ്ലോക്കുണ്ടാകുന്നുണ്ട്.സാറ്റ്‌ലൈറ്റ് സ്റ്റാന്‍ഡില്‍ നിന്നാണ് കൂടുതല്‍ യാത്രക്കാരുടെയും ബുക്കിംഗ് ഉണ്ടാകുന്നത്. ബസ് സമയത്തിന് എത്താത്തത് കൊണ്ട് ഡ്രൈവര്‍-കണ്ടക്ടര്‍ ജീവനക്കാര്‍ക്ക് നിരന്തരം ഫോണ്‍ കോളിലൂടെ യാത്രക്കാരുടെ ചീത്തയും പുലഭ്യം പറച്ചിലും കേള്‍ക്കേണ്ടി വരികയാണ്.
അതുകൊണ്ട് ഈ സര്‍വീസ് സാറ്റ്‌ലൈറ്റ് ബസ്റ്റാന്റു വരെ പോയ് വരുന്ന സംവിധാനം ആക്കുന്നതാണ് ഉചിതം. ഈ സര്‍വ്വീസ് ശാന്തിനഗറില്‍ പോകേണ്ടി വരുന്നത് ബസ്സിലെ ടോയ്‌ലറ്റ് വേസ്റ്റ് ഒഴിവാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ ഒരു ട്രിപ്പ് പോയി വന്നാലും ഉള്‍കൊള്ളാന്‍ പറ്റിയ വേസ്റ്റ് ടാങ്ക് ഇതിനുണ്ട്. അതിനാല്‍ കോഴിക്കോട് നിന്ന് വേസ്റ്റ് ഒഴിവാക്കിയാല്‍ മതിയാവും. ശാന്തി നഗറില്‍ ദിവസവും വേസ്റ്റ് ഒഴിവാക്കാന്‍ കൊടുക്കുന്ന 200 രൂപ ഒഴിവാക്കാവുന്നതുമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. കൂടാതെ ഈ സര്‍വീസ് സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍ സ്റ്റാന്‍ഡിലും ഭക്ഷണം കഴിക്കാന്‍ ഗുണ്ടല്‍ പേട്ടയിലും നിര്‍ത്തുന്നതിനാല്‍ ബസ്സിലെ ടോയ്‌ലറ്റ് യൂസ് ചെയ്യുന്ന ആളുകള്‍ വളരെ കുറവാണ്.
അതുകൊണ്ട് കൃത്യമായി സര്‍വീസ്, സമയത്ത് ഓപ്പറേറ്റ് ചെയ്യുന്നതിന് വേണ്ടി ബാംഗ്ലൂര്‍ ശാന്തിനഗര്‍ പോകുന്നത് ഒഴിവാക്കി സാറ്റ്‌ലൈറ്റ് ബസ്റ്റാന്റു വരെ ആക്കണം. ഇതോടൊപ്പം യാത്രക്കാരുടെ സൗകര്യം മാനിച്ച് രാവിലെ 4 മണിക്ക് പുറപ്പെടുന്ന സമയം മാറ്റി 6 മണി ആക്കുകയും തിരിച്ചുള്ള സമയം ബാംഗ്ലൂരില്‍ നിന്ന് വൈകുന്നേരം 4.30 ആക്കുകയും ചെയ്യുന്നതും നല്ലതാണെന്ന അഭിപ്രായമാണ് ഉയരുന്നത്. നിലവില്‍ വര്‍ക്കിംഗ് ഡേ ദിവസങ്ങളില്‍ കളക്ഷന്‍ കുറവായത് കൊണ്ട് സര്‍വീസ് ക്യാന്‍സല്‍ ചെയ്യുന്നുണ്ട്. ഇത് വീക്ക് എന്‍ഡ് ആയി ഓടിക്കാവുന്നതാണ്. അല്ലെങ്കില്‍ കോഴിക്കോട് തിരുവനന്തപുരം ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടിക്കാവുന്നതുമാണ്. ഇതിനൊന്നും കഴിഞ്ഞില്ലെങ്കില്‍ KSRTC യുടെ വിജയ പദ്ധതിയായ ബജറ്റ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ വളരെ നന്നാകുമെന്നാണ് അഭിപ്രായം.
കഴിഞ്ഞ ദിവസം നവകേരളാ ബസില്‍ യാത്രചെയ്യാന്‍ ബുക്കിംഗ് ഇല്ലാത്തതിനാല്‍ ഒതുക്കി ഇടുകയാണ് ചെയ്തത്. KSRTCയുടെ നഷ്ടം മാത്രം പുറത്തു പറയുന്ന അധികൃതരും സര്‍ക്കാരും നവകേരളാ ബസിനെ കുറിച്ച് പറഞ്ഞതു കൂടി ഓര്‍ക്കണം. കോടികള്‍ ചെലവാക്കി വാങ്ങിയ ബസിന്റെ ഓട്ടം പരിപൂര്‍ണ്ണ വിജയമാണെന്ന് പറയാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല എന്നതാണ് കഷ്ടം.
.
CONTENT HIGH LIGHTS;Ganesh Kumar Minister should listen to this?: Then Navkerala bus will benefit; (Special Story)