Features

“മൂന്നാം പക്കം” പൊങ്ങി ആകെ അഴുകിയ നിലയില്‍: മാലിന്യത്തില്‍ ഇനിയെന്ത് ? /”Third party” floating and rotting: what’s next in the garbage?

കാത്തിരിപ്പുകള്‍ക്കും തെരച്ചിലുകള്‍ക്കും വിരാമമിട്ടുകൊണ്ട് തമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി എന്‍. ജോയിയുടെ മൃതദേഹം മൂന്നാംപക്കം പൊങ്ങി. മൃതദേഹം ജോയിയുടേതാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ജോയിക്കായി രണ്ടു രാത്രിയും രണ്ടു പകലും നീണ്ട തിരച്ചില്‍ നടത്തിയെങ്കിലും ജോയി ഒഴുകി പോയത് എങ്ങോട്ടെന്ന് ആര്‍ക്കും വ്യക്തമായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിക്കാണ് ജോയിയെ ഒഴുക്കില്‍പ്പെട്ടു കാണാതായത്. ഇന്ന് രാവിലെ 9 മണിയോടെ തകറപറമ്പ് ഭാഗത്താണ് മൃതദേഹം പൊങ്ങിയത്.

തെരച്ചിലിന്റെ മൂന്നാം ദിവസമായ ഇന്ന് നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ രാവിലെ ആരംഭിച്ചിരുന്നു. സോണാര്‍ ഉപയോഗിച്ച് പരിശോധിക്കാനുള്ള നീക്കങ്ങള്‍ നടക്കുമ്പോഴാണ് ആമയിഴഞ്ചാന്‍ തോടിന്റെ മറ്റൊരു വശത്തുനിന്നും മൃതദേഹം കിട്ടുന്നത്. ഫയര്‍ഫോഴ്സും നാവികസേനയും എന്‍.ഡി.ആര്‍.എഫ് ടീൂമും സംയുക്തമായി തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇന്നലെ എന്‍.ഡി.ആര്‍.എഫും, ഫയര്‍ഫോഴ്‌സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. രക്ഷാപ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ജീവന്‍ പണയംവച്ചു മലിനജലത്തില്‍ മുങ്ങിയും നീന്തിയും മാലിന്യങ്ങള്‍ നീക്കിയും തിരച്ചില്‍ നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല.

 

അഗ്‌നിരക്ഷാ സേനയുടെ ഭാഗമായ സ്‌കൂബ ടീം, ദേശീയ ദുരന്തനിവാരണ സേന എന്നിവരടങ്ങിയ രക്ഷാസംഘം പലഘട്ടങ്ങളിലായി റെയില്‍വേ പ്ലാറ്റ്‌ഫോമിനടിയിലെ 120 മീറ്ററോളം നീളമുള്ള ടണലില്‍ എല്ലാ ഭാഗങ്ങളും പരിശോധിച്ചു. അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കാന്‍ ജലസേചനവകുപ്പിന്റെ മോട്ടറുകള്‍ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തും വെള്ളം കെട്ടിനിര്‍ത്തിയ ശേഷം തുറന്നുവിട്ടും ശ്രമം നടത്തി. മാന്‍ഹോളില്‍ ഇറങ്ങി പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച രാത്രി നിര്‍ത്തിവച്ച തിരച്ചില്‍ ഇന്നലെ രാവിലെ ആറരയോടെ പുനരാരംഭിച്ചു. ക്യാമറ ഘടിപ്പിച്ച 2 റോബട്ടുകള്‍ രാവിലെ നടത്തിയ പരിശോധനയില്‍ ജോയിയെ കാണാതായതിനു സമീപം 10 മീറ്ററോളം ഉള്ളില്‍ മനുഷ്യന്റെ കാലുകള്‍ പോലുള്ള ദൃശ്യം കണ്ടു.

ഇത് പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും സ്‌കൂബ സംഘത്തിന്റെ പരിശോധനയില്‍ അതു മനുഷ്യനല്ലെന്നു സ്ഥിരീകരിച്ചു. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഇന്നു രാവിലെ ആറരയോടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. സ്‌കൂബ സംഘവും നാവികസേനാ സംഘത്തിനൊപ്പം തിരച്ചിലിനായുണ്ടായിരുന്നു. സോണാര്‍ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷമാണ് നാവികസേനാ സംഘം തിരച്ചില്‍ ആരംഭിച്ചത്. എത്ര ഇരുട്ടിലും ദൃശ്യങ്ങള്‍ ശേഖരിക്കാനാകും എന്നതാണ് സോണാര്‍ ക്യാമറയുടെ പ്രത്യേകത. നഗരത്തിലെ എല്ലാ മാലിന്യങ്ങളും പേറുന്ന തോടിന്റെ ആഴങ്ങളില്‍ കഴിഞ്ഞ രണ്ടു പകലുകളും മുങ്ങിത്തപ്പിയ റെസ്‌ക്യൂ ടീമിന്റെ പ്രവര്‍ത്തനങ്ങളെല്ലാം വിഫലമായെങ്കിലും അവരെ അഭിനന്ദിക്കാതിരിക്കാനാവില്ല.

 

ദുര്‍ഗന്ധവും, കറുത്തു കലങ്ങിയ മലിന ജലത്തിലും ഒന്നിറങ്ങാന്‍ മടിക്കുന്നവര്‍ക്കിടയിലൂടെ മൂന്നു ദിവസവും സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ‘ബിഗ് സല്യൂട്ട്.’ ആമയിഴഞ്ചാന്‍ തോട്ടില്‍ ശക്തിയായ അടിയൊഴുക്കുണ്ടായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. അതുമല്ലെങ്കില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന തിരച്ചിലിന്റെ ഭാഗമായി മാലിന്യത്തില്‍ തട്ടിനിന്ന ജോയിയുടെ മൃതദേഹം പതിയെ പതിയെ ഒഴുക്കില്‍പ്പെട്ട് തകരപ്പറമ്പ് ഭാഗത്തേക്കു നീങ്ങിപ്പോയതുമാകാം എന്നാണ് അനുമാനം. എന്നാല്‍, ഇന്നലെ സ്‌കൂബാ ഡൈവര്‍മാര്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ടണലിനുള്ളിലേക്ക് പൂര്‍ണ്ണമായി പോകാനായില്ലെന്നത് വസ്തുതയാണ്. അവിടെ ഖരമാലിന്യങ്ങളുടെ കൂമ്പാരമായിരുന്നു.

ഇതിനടിയിലൂടെ എങ്ങനെയാണ് ജോയിലുടെ മൃതദേഹം തകരപ്പറമ്പു വരെയുള്ള 800 മീറ്ററോളം ഒഴുകിപ്പോയി എന്നതാണ് എല്ലാവര്‍ക്കും അതിശയം. അതേസമയം മൃതദേഹം ജോയിയുടേത് തന്നെയെന്ന് പൂര്‍ണമായും സ്ഥിരീകരിക്കുന്നതിനായി ബന്ധുക്കളെ വിളിപ്പിച്ചിട്ടുണ്ട്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം ഒഴുകിപ്പോകുന്നത് രാവിലെ കണ്ടത്. റെയില്‍വേ തുരങ്കത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി മാലിന്യത്തിനടിയില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

എട്ടുമണിയോടെയാണു മൃതദേഹം കണ്ടതെന്നു ശ്രീകണ്‌ഠേശ്വരം കൗണ്‍സിലര്‍ രാജേന്ദ്രന്‍ പറഞ്ഞു. മേയറെയും ഡപ്യൂട്ടി മേയറെയും ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. പിന്നാലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ അറിയിച്ചെന്നും രാജേന്ദ്രന്‍. മൃതദേഹം ജോയിയുടേത് ആണോയെന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിന് അര മണിക്കൂര്‍ വേണമെന്ന് മന്ത്രി കെ. രാജന്‍. ജോയിയുടെ മൃതദേഹം ആണെന്ന് ഉറപ്പിച്ചാല്‍ മാത്രമേ തിരച്ചില്‍ അവസാനിപ്പിക്കുകയുള്ളൂ. ഇപ്പോള്‍ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയതാണെന്നും മന്ത്രി രാജന്‍.

മൃതദേഹം ജോയിയുടേതെന്ന് ഔദ്യോഗികമായി പറയാറായിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. നഗരസഭ ആരോഗ്യ വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരാണ് മൃതദേഹം കണ്ടത്. മൃതദേഹം കമിഴ്ന്നാണു കിടന്നതെന്നും മേയര്‍ പറഞ്ഞു. ജോയിയുടെ ബന്ധുക്കളും ശുചീകരണ തൊഴിലാളികളും വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്താന്‍ നിര്‍ദേശ നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ശാപമോക്ഷം കിട്ടുമോ ഇനിയെങ്കിലും

ആമയിഴഞ്ചാന്‍ തോടിന്റെ യഥാര്‍ത്ഥ സ്ഥിതി എന്താണെന്ന് കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ കൊണ്ട് കേരളം മനസ്സിലാക്കിക്കഴിഞ്ഞു. മാലിന്യങ്ങള്‍ക്കു മീതി ജീവിക്കുന്ന ഒരു ജനതയെന്ന ഖ്യാതിയാണ് തലസ്ഥാന വാസികള്‍ക്ക് ഇപ്പോള്‍. മാലിന്യം നീക്കാന്‍ നഗരസഭയും റെയില്‍വേയും തമ്മില്‍ നടത്തിയ തര്‍ക്കവും ജനം കണ്ടു. ആര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം എന്നതിലാണ് തര്‍ക്കം നടക്കുന്നത്. എന്തായാലും ഇനിയെങ്കിലും ശാപമോക്ഷം കിട്ടുമോ ആമഴിഞ്ചാന്‍ തോടിന് എന്നതാണ് ചോദ്യം. മാലിന്യം പേറുന്ന തോടിനെ ശുചിയാക്കാന്‍ ജനങ്ങള്‍ക്കും കടമയുണ്ട്. വലിച്ചെറിയുന്ന മാലിന്യത്തിന്റെ അളവ് എത്രയാണെന്ന് മൂന്നു ദിവസത്തെ ഭഗീരഥ പ്രയത്‌നം കാട്ടിത്തന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത അത്രയും മാലിന്യം പേറുന്നുണ്ട് ഈ തോട്. നഗരഹസഭയും നഗരവാസികളും മനസ്സുവെച്ചാല്‍ ഈ തോട് സുഗമാമായി ഒഴുകും. മാലിന്യം പേറാതെ.

തര്‍ക്കിച്ച് റെയില്‍വേ എ.ഡി.എമ്മും മേയറും

ആമയിഴഞ്ചാന്‍ ദുരന്തത്തില്‍റെയില്‍വേയും കോര്‍പറേഷനും തമ്മില്‍ രൂക്ഷമായ തര്‍ക്കം. തോട് വൃത്തിയാക്കാത്തതിന്റെ ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്നും, സ്റ്റേഷനിലെ ഭാഗം വൃത്തിയാക്കേണ്ടത് റെയില്‍വേയാണെന്നുമാണ് ഇരുവരുടെയും വാദം. റെയില്‍വേ അസിസ്റ്റന്റ് ഡിവിഷനല്‍ മാനേജരും കോര്‍പറേഷന്‍ മേയറുമാണ് പരസ്പരം പഴിചാരി രംഗത്തു വന്നിരിക്കുന്നത്. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്ന വിഷയത്തില്‍ നഗരസഭയെ കുറ്റപ്പെടുത്തുകയാണ് റെയില്‍വേ എ.ഡി.എം വ.ിജി എം.ആര്‍. 2015, 2018, 2022 വര്‍ഷങ്ങളില്‍ റെയില്‍വേ പാളത്തിന് കീഴെയുള്ള തോടിന്റെ ഭാഗം കോര്‍പറേഷനാണ് വൃത്തിയാക്കിയത്.

എന്നാല്‍ 2023 ഈ പ്രവൃത്തി ചെയ്തത് റെയില്‍വേയാണെന്നും എ.ഡി.എം പറയുന്നു. കോര്‍പറേഷനെ നിരവധി തവണ ഓര്‍മിപ്പിച്ചിട്ടും നടപടിയെടുക്കാതായതോടെയാണ് റെയില്‍വേ കഴിഞ്ഞ വര്‍ഷം തോട് വൃത്തിയാക്കിയത്. ഈ വര്‍ഷം കോര്‍പറേഷനോട് തോട് വൃത്തിയാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഇത് നടപ്പാകാതെ വന്നതോടെയാണ് കരാര്‍ കൊടുത്തതെന്നും എ.ഡി.എം വാദിച്ചു. നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യം അടക്കം ഇതിലൂടെ വരുന്നുണ്ടെന്നും റെയില്‍വേ ആരോപിക്കുന്നു. റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള ഒരു മാലിന്യവും തോട്ടിലേക്ക് ഒഴുക്കുന്നില്ല.

റെയില്‍വേയെ പരിപൂര്‍ണമായി കുറ്റപ്പെടുത്തുകയാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍. തോട് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ട് നഗരസഭ ആര്‍ക്കും കത്ത് കൊടുത്തിട്ടില്ലെന്ന് മേയര്‍ വ്യക്തമാക്കി. റെയില്‍വേയുടെ ഭാഗത്തെ തോട് വൃത്തിയാക്കേണ്ടത് റെയില്‍വേയുടെ ഉത്തരവാദിത്തമാണെന്നും മേയര്‍ പറഞ്ഞു. നിരവധി തവണ ഇത് സംബന്ധിച്ച് റെയില്‍വേയ്ക്ക് കുറിപ്പ് കൊടുത്തിട്ടും നടപടിയെടുത്തില്ലെന്നും യോഗങ്ങളില്‍ ഡി.ആര്‍.എമ്മോ എ.ഡി.ആര്‍.എമ്മോ പങ്കെടുക്കാറില്ലെന്നും മേയര്‍ ആരോപിച്ചു. റെയില്‍വേയുടെ ഡ്രെയിനേജ്, കക്കൂസ് മാലിന്യങ്ങള്‍ തോട്ടിലേക്ക് തുറന്ന് വിട്ടിരിക്കുകയാണെന്നാണ് ആരോപണം. കോര്‍പറേഷന് ഇത് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും നിയമത്തിന്റെ സഹായത്തോടെ ഇതിനെ നേരിടുമെന്നും മേയര്‍ അറിയിച്ചു. മാലിന്യ സംസ്‌കരണം എങ്ങനെ നടത്തുന്നുവെന്ന കാര്യത്തില്‍ രേഖാമൂലം റെയില്‍വേയോട് മറുപടി ആവശ്യപ്പെടുമെന്നും മേയര്‍ അറിയിച്ചിരിക്കുകായാണ്.

സ്‌കൂബാ ഡൈവേഴ്‌സ് നിതാന്ത പരിശ്രമത്തിന്റെ കാവലാള്‍ക്കാര്‍

ജോയിയെ കണ്ടെത്തുന്നത് വരെ വിശ്രമമില്ലാത്ത തെരച്ചിലായിരുന്നു സ്‌കൂബ സംഘം നടത്തിയത്. ‘ഞങ്ങള്‍ ചെയ്യുന്നതിനാണ് പ്രാധാന്യം നല്‍കിയതെന്നും സ്ഥലം ഏതെന്ന് നോക്കിട്ടല്ലെന്ന്’ ജോയിക്കായി തെരച്ചില്‍ നടത്തിയ സ്‌കൂബ സംഘം പറയുന്നു. ജീവന്‍ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് സ്‌കൂബ സംഘം പറയുന്നു. വളരെ ദുഷ്‌കരമായിരുന്നു ദൗത്യം. എന്താണോ ഏറ്റെടുക്കുന്നത് അത് വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യമെന്ന് സ്‌കൂബ സംഘത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എല്ലാവിധ പിന്തുണയും ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചിരുന്നു. മാലിന്യമായിരുന്നു രക്ഷാദൗത്യത്തിന്റെ വെല്ലുവിളി. മുകളിലും താഴെയും മാലിന്യം എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് സ്‌കൂബ സംഘം പറഞ്ഞു.

 

CONTENTHIGHLIGHTS;”Third party” floating and rotting: what’s next in the garbage?