ഈ നാടൻ മോര് കറിയുടെ രഹസ്യക്കൂട്ട് ട്രൈ ചെയ്തോളൂ
സിംപിളായി ഒരു മോര് കറി തയ്യാറാക്കാം
മോര് കറി
തമിഴ്നാട്ടിലും കേരളത്തിലുമാണ് പ്രധാനമായും മോര് കറി ഒരു വിഭവമായി കണ്ടു വരുന്നത്. വ്യത്യസ്ത ചേരുവകൾ ഉപയോഗിച്ച പല രുചികളിലും പ്രാദേശികമായി മോര് കറി തയ്യാറാക്കാറുണ്ട്. പുളിയും മധുരവും ചേർന്ന ഈ കറി സദ്യകളിൽ ഒഴിച്ചു കൂടാനാകാത്തതാണ്. കാളൻ എന്ന പേരിലും ഇത് അറിയപ്പെടുന്നു. പഴുത്ത പഴം, വെണ്ടയ്ക്ക, കുമ്പളങ്ങ എന്നിവയും തൈരിനൊപ്പം ചേർക്കാറുണ്ട്. കുറച്ചധികം സമയമെടുത്താണ് സാധാരണ ഇതു തയ്യാറാക്കാറുള്ളത്. എന്നാൽ ഇനി വളരെ പെട്ടെന്ന് സിംപിളായി മോര് കറി തയ്യാറാക്കാം അൽപ്പം ജീരകം കൂടി അരച്ചു ചേർത്ത്. ഷാഗി ഉഷകുമാർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ മോര് കറി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
വെളിച്ചെണ്ണ
ജീരകം
വെളുത്തുള്ളി
ഉണക്കമുളക്
തേങ്ങ
ഉപ്പ്
തൈര്
തയ്യാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി ജീരകം, വെളുത്തുള്ളി, ഉണക്കമുളക് എന്നിവ ചേർത്തു വറുത്തെടുക്കുക. ഇതിനോടൊപ്പം തേങ്ങ ചിരകിയതും, ആവശ്യത്തിന് ഉപ്പ്, അൽപ്പം തൈര് എന്നിവ ചേർത്ത് അരച്ചെടുക്കുക. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം വെള്ളത്തിനൊപ്പം അരപ്പു കൂടി ചേർത്തിളക്കി തിളപ്പിക്കുക. കുറച്ച് കടുക്, കറിവേപ്പില, വറ്റൽമുളക് എന്നിവ എണ്ണയിൽ വറുത്തതു കൂടി ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം.
















