കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. കാവേരി നദീ ജല വിഷയത്തിന് 150 വര്‍ഷം പഴക്കമുണ്ടെങ്കിലും തര്‍ക്കം ഉടലെടുത്തത് 1974ലാണ്. തമിഴ്നാടിന്റെ സമ്മതമില്ലാതെ കര്‍ണാടകം വെള്ളം തിരിച്ചുവിടാന്‍ തുടങ്ങിയതോടെയാണ് കര്‍ണാടകവും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജല തര്‍ക്കം ആരംഭിച്ചത്. അഞ്ചു പതിറ്റാണ്ടായി നില നില്‍ക്കുന്ന തര്‍ക്കത്തെത്തുടര്‍ന്ന് നിരവധി അക്രമണങ്ങളും, തീവെയ്പ്പും, വണ്ടി കത്തിക്കലും, ജീവഹാനി ഉള്‍പ്പടെ രാജ്യത്തെ വിറപ്പിച്ച സമര പരമ്പരകളായിരുന്നു ഇരു സംസ്ഥാനങ്ങളിലും അരങ്ങേറിയത്. വീണ്ടും കാവേരി നദീജല തര്‍ക്കത്തിന് കാരണമായേക്കാവുന്ന വിഷയങ്ങള്‍ ഉയര്‍ന്നു വരുന്നു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കാവേരി നദീജലത്തിന്റെ സംസ്ഥാനത്തിന്റെ വിഹിതം വിട്ടുനല്‍കാത്ത കര്‍ണാടക സര്‍ക്കാരിന്റെ നടപടിയെ തമിഴ്‌നാട് വീണ്ടും ശക്തമായി അപലപിച്ചു. ഇന്നലെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം കര്‍ണാടകയുടെ നടപടികളെ ശക്തമായി അപലപിച്ചു. സുപ്രീം കോടതി ഉത്തരവനുസരിച്ച് തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ഉത്തരവിടാന്‍ സിഡബ്ല്യുആര്‍സിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. കാവേരി നദിയില്‍ നിന്ന് ആയിരം ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളത്തിന് പകരം 8,000 ക്യുസെക്സ് വെള്ളം മാത്രമേ തമിഴ്നാട്ടിലേക്ക് വിട്ടുനല്‍കാന്‍ കഴിയൂ എന്ന് കര്‍ണാടക സര്‍ക്കാര്‍ ഞായറാഴ്ച പറഞ്ഞതോടെ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെംഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ബിജെപി നേതാവ് സി ടി രവി, സംസ്ഥാനത്തെ മറ്റ് പ്രമുഖ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത സര്‍വകക്ഷി യോഗത്തിന് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. എല്ലാ ദിവസവും 1 ടിഎംസി വെള്ളം തമിഴ്നാടിന് വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് പ്രധനമായും ഉയര്‍ന്ന അഭിപ്രായം, എല്ലാ ദിവസവും തമിഴ്‌നാട്ടിലേക്ക് 1 ടിഎംസി വെള്ളം വിട്ടുനല്‍കാന്‍ കഴിയാത്തതിനാല്‍ കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും 8,000 ക്യുസെക്സ് വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. കാവേരി നദീതട അണക്കെട്ടുകളില്‍ 63 ശതമാനം വെള്ളമേ ഉള്ളൂവെന്നും ഓരോ ദിവസവും ഒരു ടിഎംസി വെള്ളം വിട്ടുകൊടുക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ടിഎംസി 11,500 ക്യുസെക്സ് വെള്ളത്തിനും 1 ക്യുസെക് യൂണിറ്റ് സെക്കന്‍ഡില്‍ 28.317 ലിറ്റര്‍ ദ്രാവക പ്രവാഹത്തിനും തുല്യമാണ്.
കര്‍ണാടകയുടെ തീരുമാനത്തോട് പ്രതികരിച്ച സ്റ്റാലിന്‍, തീരുമാനം ശക്തമായി അപലപനീയമാണെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പറഞ്ഞു. 2024 ജൂലൈ 15 വരെ കര്‍ണാടകയിലെ നാല് പ്രധാന അണക്കെട്ടുകളിലെ ആകെ സംഭരണം 75.586 ടിഎംസി അടിയാണെങ്കില്‍ തമിഴ്നാട്ടിലെ മേട്ടൂര്‍ റിസര്‍വോയറിലെ ജലനിരപ്പ് 13.808 ടിഎംസി അടി മാത്രമാണെന്നും സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2018 ഫെബ്രുവരിയിലെ സുപ്രീം കോടതി വിധിയില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ പങ്കിടേണ്ട നദീജലത്തിന്റെ അളവും അവ നടപ്പിലാക്കുന്നതിനുള്ള സ്ഥാപന സംവിധാനങ്ങളും വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവനുസരിച്ച്, തമിഴ്നാടിന്റെ മൊത്തത്തിലുള്ള 404.25 ടിഎംസി അടിയില്‍, ബിലിഗുണ്ടുലു എന്ന അന്തര്‍ സംസ്ഥാന പോയിന്റില്‍ പ്രതിമാസ ഷെഡ്യൂള്‍ പ്രകാരം 177.25 ടിഎംസി അടി വിതരണം ചെയ്യുന്നുണ്ടെന്ന് കര്‍ണാടകം ഉറപ്പാക്കണം. 177.25 ടിഎംസി അടിയില്‍, 123.14 ടിഎംസി അടി തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയുടെ സജീവ ഘട്ടമായ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ പുറത്തുവിടും. അതേസമയം കര്‍ണാടകവും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജല തര്‍ക്കത്തില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, പരസ്പര ധാരണയുടെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ സംഭാഷണത്തിനും സഹകരണത്തിനും തുറന്ന മനസാണ് ഉള്ളതെന്ന് വ്യക്തമാക്കി.കര്‍ണാടകയിലെ മണ്‍സൂണ്‍ മഴയുടെ അളവിലും തീവ്രതയിലും ഉണ്ടാകുന്ന ഏതൊരു വ്യതിയാനവും കാവേരി നദീതടത്തിലെ ജലലഭ്യതയെ ബാധിക്കുന്നു. 2023 ലെ മോശം മണ്‍സൂണ്‍ മഴ സംസ്ഥാനത്ത് വരള്‍ച്ച പോലുള്ള അവസ്ഥയിലേക്ക് നയിച്ചു. 2024 മാര്‍ച്ചില്‍ ബെംഗളൂരു നഗരം കടുത്ത ജലക്ഷാമത്തിന്റെ പിടിയിലായി. കര്‍ണാടകയിലുടനീളമുള്ള 7,082 വില്ലേജുകളും 1,193 വാര്‍ഡുകളും വരും മാസങ്ങളില്‍ കുടിവെള്ളക്ഷാമത്തിന് ഇരയാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തി. ബെംഗളൂരു അര്‍ബന്‍ ജില്ലയിലുടനീളമുള്ള 174 വില്ലേജുകളും 120 വാര്‍ഡുകളും ദുര്‍ബലമാണെന്ന് വിലയിരുത്തി.