ഓപ്പറേഷൻ ചിറ്റൂർ പുഴ’ ഭംഗിയായി പൂർത്തിയാക്കി.മൂന്നു പുരുഷൻമാരും ഒരു വൃദ്ധയായ സ്ത്രീയുമാണ് ഉച്ചയോടെ ചിറ്റൂർ പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങിയിത്. മൂലത്തറ റെഗുലേറ്റർ തുറന്നതോടെ ചിറ്റൂർ പുഴയിലെ വെള്ളം ഉയരുകയായിരുന്നു.ഇതോടെയാണ് അപകടം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയ്ക്കൊപ്പം രക്ഷാ ദൗത്യത്തിൽ പങ്കാളികളായി. വസ്ത്രം കഴുകാനാണ് കർണാടക മൈസൂരു സ്വദേശികളായ 4 പേരും പുഴയിലിറങ്ങിയത്. പ്രദേശത്ത് പാചക ജോലിക്കും നിർമാണ ജോലിക്കും വേണ്ടിയാണു മൈസൂരുവിൽ നിന്ന് ഇവർ ചിറ്റൂരിലെത്തിയത്.
ശക്തമായ നീരൊഴുക്കുള്ള പുഴയിലേക്ക് ഇറങ്ങിയ അഗ്നിരക്ഷാ സംഘം കയർ കെട്ടിയ ശേഷമാണ് ഓരോരുത്തരെയായി കരയ്ക്കെത്തിച്ചത്. ലൈഫ് ജാക്കറ്റ് ധരിപ്പിച്ച ശേഷം ആദ്യം കൂട്ടത്തിലെ യുവാവിനെ കരയിലെത്തിച്ചു. പിന്നാലെ കൂട്ടത്തിലെ വൃദ്ധയായ സ്ത്രീയെയും എത്തിച്ചു. ഇതിനിടെ പുഴയിലെ നീരൊഴുക്ക് വീണ്ടും വർധിച്ചത് ആശങ്കയ്ക്ക് ഇടയാക്കി.
ഒട്ടും വൈകാതെ കൂട്ടത്തിലെ വൃദ്ധനെയും കരയ്ക്കെത്തിച്ചതോടെ കരയിൽ നിന്നവരുടെ മുഖത്ത് ആശ്വാസം പടർന്നു. കൂട്ടത്തിലുണ്ടായിരുന്ന അവസാനത്തെ പുരുഷനെയും കരയ്ക്കെത്തിച്ച് ദൗത്യസംഘം ‘ഓപ്പറേഷൻ ചിറ്റൂർ പുഴ’ ഭംഗിയായി പൂർത്തിയാക്കി. സംഭവമറിഞ്ഞ് വൈദ്യുതി മന്ത്രി കെ.കൃഷ്ണണൻകുട്ടിയും സ്ഥലത്തെത്തിയിരുന്നു. മന്ത്രി നേരിട്ടാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. രക്ഷാ പ്രവർത്തക സംഘത്തിലെ ബാക്കിയുള്ളവർ കൂടി കരയിലേക്ക് എത്തിയതോടെ കരയിൽ നിന്നവർ കയ്യടിച്ച് അവരെ സ്വീകരിച്ചു.
രക്ഷാപ്രവർത്തകരോട് ഇവർ നന്ദി പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് അംഗീകാരം നൽകാൻ മുഖ്യമന്ത്രിയോട് ഉടൻ ശുപാർശ ചെയ്യുമെന്നും മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അഗ്നിരക്ഷാ സംഘത്തെ അനുമോദിച്ച ശേഷമാണു മന്ത്രി മടങ്ങിയത്. അതേസമയം തങ്ങളുടെ ഡ്യൂട്ടിയാണ് നിർവഹിച്ചതെന്ന് അഗ്നിരക്ഷാ സംഘാംഗങ്ങൾ പ്രതികരിച്ചു. ചിറ്റൂർ അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജി.മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചിറ്റൂർ പുഴയിൽ ഇന്നു നടന്ന രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.
Content highlight : Operation Chittoor river