മലയാളികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. സ്‌നേഹിച്ചു കഴിഞ്ഞാല്‍ പിന്നെ മരണം വരെയും കൂടെയുണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയൊന്നും അത്രയ്ക്ക് ഇഷ്ടപ്പെടാത്തവരാണ് മലയാളികള്‍ പൊതുവേ. എന്നാല്‍, ഇഷ്ടപ്പെട്ടവരെ കളക്ടര്‍ ബ്രോ എന്നും മേയര്‍ ബ്രോ എന്നും കളക്ടര്‍ മാമന്‍ എന്നുമൊക്കെ വിളിച്ച് നെഞ്ചോടു ചേര്‍ത്തു വെയ്ക്കും. അങ്ങനെയൊരു കളക്ടറാണ് കേരളം വിടാനൊരുങ്ങുന്നത്. മൂന്നു വര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ ആന്ധ്രാപ്രദേശിലേക്ക് പോകുന്ന തൃശ്ശൂര്‍ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയെയാണ് മലയാളികള്‍ മനസ്സിലേക്കെടുത്തത്.
മലയാളി സ്‌കൂള്‍ കുട്ടികളുടെ സ്വന്തം കളക്ടര്‍ മാമന്‍. കുട്ടികളെയും നിര്‍ദ്ധനരെയും മുതിര്‍ന്നവരെയും ഒരുപോലെ കരുതലോടെ നോക്കിയ കൃഷ്ണതേജ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്നതിലുപരി പച്ച മനുഷ്യന്‍ കൂടിയാണ്. സാധാരണക്കാരന്റെ വിഷമവും വേദനയും, ഇല്ലായ്മയും നല്ലതുപോലെ മനസ്സിലാക്കി ഇടപെടല്‍ നടത്താന്‍ കഴിഞ്ഞിരുന്ന പച്ച മനുഷ്യന്‍. അതുകൊണ്ടു തന്നെയാണ് തൃശ്ശൂര്‍ ഗഡികള്‍ അദ്ദേഹത്തെ ‘മലയാളിക്കു ഹൃദയം നല്‍കിയ കളക്ടര്‍’ എന്ന്. ആലപ്പുഴയിലും തൃശ്ശൂം അദ്ദേഹം മനുഷ്യര്‍ക്ക് ഉഫകാരം ചെയ്യാന്‍ സമയം കണ്ടെത്തി എന്നതാണ് മറ്റു കളക്ടര്‍മാരില്‍ നിന്നും കൃഷ്ണ തേജയെ മാറ്റി നിര്‍ത്തുന്ന ഘടകം.
ആലപ്പുഴയില്‍ നടപ്പാക്കിയ ‘ഒരു പിടി നന്മ’ പദ്ധതിയുടെ മാതൃക പിന്‍തുടര്‍ന്നാണ് ‘ടുഗെദര്‍ ഫോര്‍ തൃശൂര്‍’ പദ്ധതിക്ക് തറക്കല്ലിട്ടത്. സ്‌പോണ്‍സര്‍മാരെ കണ്ടെത്തി അതിദരിദ്ര കുടുംബങ്ങളിലെ പട്ടിണി മാറ്റാന്‍ ഭക്ഷ്യക്കിറ്റുകള്‍ എത്തിക്കാനുള്ള ശ്രമമായിരുന്നു അത്. തൃശ്ശൂരില്‍ 4,743 അതിദരിദ്ര കുടുംബങ്ങള്‍ ഉണ്ടെന്നു കണ്ടെത്തി. പാവപ്പെട്ടവരെ സഹായിക്കാനും സ്‌നേഹിക്കാനും നമുക്കുചുറ്റും ആളുകളുണ്ട്. അവരെ കണ്ടെത്തുക എന്നത് മാത്രമാണ് ഞാന്‍ ചെയ്ത കര്‍ത്തവ്യം. ഇത്തരം മനോഭാവം കുട്ടികളില്‍ ചെറുപ്പം മുതലേ വളര്‍ത്തി എടുക്കേണ്ടതുണ്ട്.
മറ്റുള്ളവരെ സഹായിക്കുക എന്നത് ഒരു പുണ്യപ്രവൃത്തി കൂടിയാണെന്ന ബോധം കുട്ടികള്‍ക്കുണ്ടാകണം. സ്‌കൂളുകളെയെല്ലാം ഈ പദ്ധതിയുടെ ഭാഗമാക്കിയത് അതുകൊണ്ടാണ്. തുടക്കത്തിലേ 113 സി.ബി.എസ്.ഇ സ്‌കൂളുകള്‍ പദ്ധതി ഏറ്റെടുക്കാന്‍ സന്നദ്ധത കാണിച്ചു എന്നത് വലിയ കാര്യവുമാണ്. മഴ രൗദ്രഭാവത്തിലാകുമ്പോള്‍ തന്നെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന കളക്ടര്‍ മാമനെ തൃശൂരിലെ കുട്ടികള്‍ വല്ലാതെ മിസ്സ് ചെയ്യും. കോവിഡ് എന്ന മഹാമാരി വരുത്തിയ വിനാശം മറക്കാറായിട്ടില്ല. ഈ കാലത്ത് ഉറ്റവരും ഉടയവരും നഷ്ടമായ എത്രയോ കുട്ടികള്‍ക്കാണ് കളക്ടര്‍ മാമന്‍ താങ്ങും തണലുമായത്.
മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെട്ട കുട്ടികളുടെ തുടര്‍പഠനം ജില്ലാ ഭരണകൂടം സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ഏറ്റെടുക്കുകയായിരുന്നു. ആലപ്പുഴയില്‍ നാന്നൂറിലേറെ കുട്ടികള്‍ പദ്ധതിയുടെ തണലില്‍ സുരക്ഷിതരായി. തൃശൂരില്‍ ഇപ്പോള്‍ 609 കുട്ടികളുണ്ട്. പദ്ധതിയുടെ ഉദ്ദേശ്യം മനസ്സിലാക്കി സ്‌പോണ്‍സര്‍മാര്‍ സ്വമേധയാ മുന്നോട്ടുവന്നതാണെന്ന് അറിയുമ്പോള്‍ കരുണയുടെ വെളിച്ചം ഇനിയും കെട്ടു പോയിട്ടില്ലെന്ന് മനസ്സിലാക്കാന്‍ കഴിയും. ജനങ്ങളുമായി ചേര്‍ന്നു നിന്ന്, അവരില്‍ ഒരാളായി പ്രവര്‍ത്തിച്ച്, തൃശൂരില്‍ എല്ലാവരുടെയും പ്രിയപ്പെട്ടവനായിരിക്കെയാണ് വി.ആര്‍.കൃഷ്ണ തേജ ആന്ധ്രപ്രദേശിലേക്ക് ഡപ്യൂട്ടേഷനില്‍ പോകുന്നത്.
കൃഷ്ണതേജ പിറന്ന നാട്ടിലേക്കാണ് പോകുന്നതെങ്കിലും, കേരളത്തെ നെഞ്ചിലേറ്റിയാണ് പോകുന്നത്. പഴയകാല കഥകള്‍ പറയുമ്പോഴും പാവപ്പെട്ടവര്‍ക്കു വേണ്ടി ടുഗെദര്‍ തൃശൂര്‍ ആരംഭിച്ചപ്പോഴും മെഡിക്കല്‍ കോളജില്‍ ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ഇടപെടല്‍ നടത്തിയപ്പോഴുമൊന്നും മലയാളിക്ക് തോന്നിയിട്ടില്ല, കൃഷ്ണതേജ മലയാളിയല്ലെന്ന്. അത്രയും ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്നു അവര്‍ അദ്ദേഹത്തെ. തിരിച്ചും. ഒരു വര്‍ഷം, 3 മാസം, 3 ആഴ്ച, 5 ദിവസം. വി.ആര്‍.കൃഷ്ണതേജ തൃശൂരിന്റെ കലക്ടര്‍ ആയി ചുമതലയില്‍ ഇരുന്നത് അത്രയും കാലമാണ്. ഇതിനിടെ, തൃശ്ശൂരില്‍ നടപ്പാക്കിയ പദ്ധതികളെ കുറിച്ച് ആരൊടെങ്കിലും ചോദിച്ചാല്‍ ഏതു പദ്ധതിയെപ്പറ്റി ആദ്യം പറയണമെന്ന ആശയക്കുഴപ്പത്തിലായിപ്പോകും.
എല്ലാം നടപ്പാക്കിയത് തൃശൂരിന്റെ സഹകരണം കൊണ്ടാണ്. എല്ലാം തന്റെ കര്‍ത്തവ്യവുമാണെന്ന് അദ്ദേഹം പറയുമ്പോള്‍ കായ്ഫളമുള്ള കൊമ്പ് താഴ്ന്നു വരുന്നതു പോലെ തോന്നും. തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് എന്നു പറഞ്ഞാല്‍ അത് മറ്റ് രണ്ടു ജില്ലകളിലെ പാവപ്പെട്ടവര്‍ കൂടി ആശ്രയിക്കുന്ന ആശുപത്രി ആണ്. മെഡിക്കല്‍ കോളജിലെ ആശുപത്രി വികസന സൊസൈറ്റി (എച്ച്.ഡി.എസ്) ഫണ്ട് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കു തന്നെ പ്രയോജനപ്പെടും വിധം വിനിയോഗിക്കാന്‍ സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. പുതിയ 6 ഡയാലിസിസ് യൂണിറ്റ് വാങ്ങാനും സി.ടി സ്‌കാനിങ് മെഷീന്‍, അള്‍ട്രാ സൗണ്ട് സ്‌കാനിങ് യന്ത്രം എന്നിവ വാങ്ങാനും തീരുമാനിച്ചു.
എച്ച്ഡിഎസ് ഫണ്ടില്‍ നിന്ന് 10.17 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയ വിഷയത്തിലും നടപടിക്കായി ഇടപെട്ടിരുന്നു. സ്ഥലംമാറ്റത്തിന്റെ തിരക്കുകള്‍ക്കിടയിലും 2 കുട്ടികള്‍ക്ക് സഹായം നല്‍കാന്‍ മറന്നില്ല. വാഹനാപകടത്തില്‍ രക്ഷിതാക്കള്‍ മരിച്ച 2 ആദിവാസി കുട്ടികള്‍ക്ക് പഠനച്ചെലവു കണ്ടെത്താന്‍ സഹായിക്കണമെന്ന് സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ കലക്ടറോട് അഭ്യര്‍ഥിച്ചിരുന്നു. ഒളരിക്കര നവജ്യോതി ബി.എഡ് കോളജില്‍ ഒരു പരിപാടിക്ക് എത്തിയ കളക്ടര്‍ കൃഷ്ണതേജ ഇക്കാര്യം കോളജ് അധികൃതരെ അറിയിക്കുകയും അവര്‍ അപ്പോള്‍ത്തന്നെ സഹായവാഗ്ദാനം നല്‍കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ സഹായം കൈമാറാന്‍ വൈകി. കോയമ്പത്തൂരില്‍ പഠിക്കുന്ന 7, 5 ക്ലാസ് വിദ്യാര്‍ഥികളായ സഹോദരങ്ങള്‍ മുത്തച്ഛന്‍ പാല്‍തുറൈയ്ക്കും മുത്തശ്ശി ആഷയ്ക്കുമൊപ്പം കളക്ടറേറ്റിലെത്തി. എം.എല്‍.എയും സ്‌കൂള്‍ അധികൃതരുടെയും സാന്നിധ്യത്തില്‍ കലക്ടര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പഠനച്ചെലവ് ഏറ്റെടുക്കുന്നതിനൊപ്പം കുട്ടികളെ ഫോണില്‍ വിളിച്ച് പഠനവിവരങ്ങള്‍ അന്വേഷിക്കുകകൂടി ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ആരാണ് വി.ആര്‍. കൃഷ്ണ തേജ
ആന്ധ്രപ്രദേശിലെ ഗുണ്ടൂരിനടുത്ത് ചിലക്കലുരിപ്പെട്ട സ്വദേശിയാണ് വി.ആര്‍. കൃഷ്ണ തേജ. 2015 ഐ.എ.എസ് ബാച്ച് ആണ്. മൈലാവറപ്പ് കുടുംബം പരമ്പരാഗതമായി സമ്പന്നര്‍. മുതുമുത്തച്ഛനും മുത്തച്ഛനുമൊക്കെ വലിയ ദാനശീലര്‍. ചിലക്കലുരിപ്പെട്ടിലെ മുനിസിപ്പല്‍ ഓഫീസ് ഇവരുടെ പഴയ കുടുംബവീടാണ്. നഗരത്തിലെ ക്ലോക്ക് ടവര്‍ മുത്തച്ഛന്റെ പേരിലും. ദാനധര്‍മ്മങ്ങള്‍ കൂടിയപ്പോള്‍ സമ്പത്ത് കുറഞ്ഞു. അച്ഛന്‍ ശിവാനന്ദകുമാറിനു ചെറുകിട മെഡിക്കല്‍ മൊത്തക്കച്ചവട ബിസിനസായിരുന്നു. സെയ്ന്റ് ചാള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഏഴാം ക്ലാസുവരെ ശരാശരി വിദ്യാര്‍ഥിയായിരുന്നു കൃഷ്ണതേജ. ഈ ഘട്ടത്തിലാണ് ബിസിനസ് തകര്‍ന്നതും കുടുംബം വലിയ സാമ്പത്തിക പ്രയാസത്തില്‍പ്പെട്ടതും. എട്ടാം ക്ലാസിലായപ്പോള്‍ പഠനം നിര്‍ത്തി പണിക്കുപോകാന്‍ ബന്ധുക്കള്‍ ഉപദേശിച്ചു.
അമ്മ ഭുവനേശ്വരി പറഞ്ഞതനുസരിച്ച് ഒരു മരുന്നുകടയില്‍ വൈകിട്ട് ആറുമുതല്‍ ഒമ്പതുവരെ ജോലിക്കു പോയിത്തുടങ്ങി. മൂന്നുവര്‍ഷം ജോലി ചെയ്തു പഠിച്ചിട്ടും എട്ടുമുതല്‍ പത്തുവരെ ക്ലാസുകളില്‍ ഒന്നാമനായി. ഇന്റര്‍മീഡിയറ്റിനും മാറ്റമുണ്ടായില്ല. നസരറാവുപെട്ട കോളേജില്‍ നിന്ന് സ്വര്‍ണമെഡലോടെയാണ് കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനിറിയങ് ബിരുദം നേടിയത്. തുടര്‍ന്ന് പ്രമുഖ ഐ.ടി. സ്ഥാപനത്തില്‍ ജോലി നേടി ഡല്‍ഹിയിലെത്തി. അവിടെ റൂംമേറ്റായിരുന്ന സുഹൃത്ത് ഐ.എ.എസിനു ശ്രമിക്കുകയായിരുന്നു. കോച്ചിങ് സ്ഥാപനത്തിലേക്ക് 30 കിലോമീറ്റര്‍ ദൂരമുണ്ട്. പോയിവരാന്‍ അദ്ദേഹത്തിന് ഒരു കൂട്ടുവേണം. അങ്ങനെയാണ് എന്നെയും നിര്‍ബന്ധിച്ചുചേര്‍ത്തത്.
ഐ.എ.എസിലേക്ക്
ആദ്യവര്‍ഷത്തെ പരീക്ഷയില്‍ തോറ്റു. ജോലി ചെയ്തുകൊണ്ട് ഐ.എ.എസിനു ശ്രമിച്ചിട്ടു കാര്യമില്ലെന്ന് മനസ്സിലായതോടെ 2011ല്‍ ജോലി രാജിവെച്ചു രണ്ടാമതും ശ്രമിച്ചു. അതും പരാജയപ്പെട്ടു. മൂന്നാമതും ശ്രമിച്ചു. അതും പരാജയത്തില്‍ കലാശിച്ചു. ഇതോടെ മനസ്സു മടുത്തെങ്കിലും തനിക്ക് ഐ.എ.എസ്. കിട്ടാത്തത് എന്തുകൊണ്ടാണെന്ന് ആലോചിച്ചു. ഒടുവില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിച്ച് ഒന്നുകൂടി സിവില്‍സര്‍വീസിനു ശ്രമിക്കാന്‍ തീരുമാനിച്ചു. ജ്യോഗ്രഫിയാണ് മെയിനെടുത്തത്. ഹൈദരാബാദിലേക്കു മടങ്ങി. ഒരു നഴ്‌സറി ടീച്ചറിനെ കണ്ടെത്തി ദിവസം രണ്ടുമണിക്കൂര്‍ കൈയക്ഷരം നന്നാക്കാന്‍ മാത്രമായി ശ്രമിച്ചു. ബാലലത എന്നു പേരുള്ള ഒരു സര്‍ക്കാര്‍ ജോലിക്കാരി അവിടെയുണ്ടായിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്ന ഇവര്‍ കുട്ടികള്‍ക്കു ക്ലാസെടുക്കാറുണ്ട്. ഇവരെ സമീപിച്ചു.
എന്റെ എഴുത്തുരീതി നന്നാക്കുകയാണു ലക്ഷ്യം. അവര്‍ ഒരു ഉപാധിവെച്ചു. പുലര്‍ച്ചേ നാലുമുതല്‍ ഏഴുവരെ ക്ലാസ്. ഒരുവര്‍ഷം മുഴുവന്‍. ഒരു മുടക്കവുമില്ല. എന്നെങ്കിലും മുടങ്ങിയാല്‍ അതു അവസാന ക്ലാസായിരിക്കും. ഞാന്‍ ഏറ്റു. മൂന്നരയ്ക്ക് എഴുന്നേല്‍ക്കണം. തലേന്നു വിഷയം പറയും. പഠിച്ചിട്ടുവേണം ചെല്ലാന്‍. 365 ദിവസവും ക്ലാസ് മുടങ്ങിയില്ല. അവസാന ദിവസം അവര്‍ പറഞ്ഞു. ‘ഐ.എ.എസ്. കിട്ടാനുള്ള യോഗ്യതയായിക്കഴിഞ്ഞു.’എന്റെ സംഭാഷണരീതി മെച്ചപ്പെടുത്തുകയായിരുന്നു അടുത്തലക്ഷ്യം. അതിനായി ഹൈദരാബാദില്‍ ആര്‍.സി. റെഡ്ഡി ഐ.എ.എസ്. അക്കാദമിയില്‍ പഠിപ്പിക്കാന്‍ തുടങ്ങി. കമ്യൂണിക്കേഷന്‍ എന്ന ആര്‍ട്ട് പഠിച്ചത് ഇങ്ങനെയാണ്. നാലാംതവണ പരീക്ഷയെഴുതി ജയിച്ചു.
ഇനി ആന്ധ്രാ ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ കൂടെ
കലക്ടര്‍ വി.ആര്‍.കൃഷ്ണതേജയെ കേരള കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്കു മാറ്റിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി. 3 വര്‍ഷത്തെ ഡപ്യൂട്ടേഷനിലാണു മാറ്റം. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍കല്യാണിന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി തസ്തികയില്‍ കൃഷ്ണതേജയെ നിയമിക്കുന്നതിനു മുന്നോടിയായാണ് ഈ മാറ്റം. കേരളത്തില്‍ പ്രളയകാലത്തും കോവിഡ് കാലത്തും കൃഷ്ണതേജ കലക്ടര്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പവന്‍ കല്യാണിന്റെ ഓഫിസിലേക്ക് അദ്ദേഹത്തെ ആവശ്യപ്പെടാന്‍ കാരണം. ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണിനു ഗ്രാമ വികസനം, പഞ്ചായത്തീരാജ് വകുപ്പുകളുടെ ചുമതലയുണ്ട്. തൃശൂരില്‍ സബ് കലക്ടറും ആലപ്പുഴയില്‍ കലക്ടറും ആയ ശേഷമാണു തൃശൂരില്‍ കലക്ടറായി എത്തുന്നത്. ടൂറിസം വകുപ്പ് ഡയറക്ടറും ആയിരുന്നു.
content highlights;Collector who gave heart to Malayali?: Who is V.R. Krishna Teja?