ഇടുക്കി ജില്ലക്ക് സംവിധായകന്‍ ആഷിഖ് അബുവിന്റെ സിനിമയിലൂടെ കിട്ടിയ ഒരു പേരുണ്ട്. ഇടുക്കി ഗോള്‍ഡ്. നീലച്ചടയന്‍ കഞ്ചാവിനെയാണ് ആഷിഖ് അബുവും സിനിമയും ഇടുക്കിയുടെ സ്വര്‍ണ്ണമായി വ്യാഖ്യാനിച്ചത്. എന്നാല്‍, ഇടുക്കിയുടെ തനി തങ്കം, യഥാര്‍ത്ഥ ഇടുക്കി ഗോള്‍ഡ് ഇതാ തൃശ്ശൂര്‍ കളക്ടറായി വരികയാണ്. ജീവിതത്തിന്റെ കയറ്റിറക്കങ്ങളും, കൊടിയ ദാരിദ്ര്യത്തിന്റെ മൂടല്‍മഞ്ഞും താണ്ടി പൂരങ്ങളുടെ നാടിനെ നയിക്കാന്‍ എത്തുകയാണ് അയാള്‍. പേര് അര്‍ജുന്‍ പാണ്ഡ്യന്‍. തമിഴ്ചുവയുള്ള പേരുകാരന്‍ എങ്ങനെ ഇടുക്കിക്കാരനായി എന്നാകും എല്ലാവരുടെയും സംശയം. തമിഴ്‌നാട്ടില്‍ നിന്ന് കുടിയേറിയെത്തിയ കുടുംബത്തിലെ ഏലം കര്‍ഷകന്‍ സി. പാണ്ഡ്യന്റെയും അങ്കണവാടി അധ്യാപിക ഉഷയുടെയും മകനാണ് ഈ മിടുക്കന്‍ കളക്ടര്‍. ആരാണാ മിടുക്കനെന്ന് അതിശയിച്ച് അന്വേഷിക്കുന്നവര്‍ അറിയണം ആ തേയിലത്തോട്ടങ്ങളില്‍ വളര്‍ന്ന കളക്ടറെ കുറിച്ച്.
ഇടുക്കി ഏലപ്പാറ സ്വദേശിയായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ 2017 ബാച്ച് കേരള കേഡര്‍ ഐ.എ.സ് ഉദ്യോഗസ്ഥനാണ്. കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി, ഒറ്റപ്പാലം സബ്കളക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍, പാലക്കാട് മെഡിക്കല്‍ കോളേജ് സ്പെഷ്യല്‍ ഓഫീസര്‍, മാനന്തവാടി സബ്കളക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍, ഡെവല്പ്‌മെന്റ് കമ്മിഷണര്‍ ഇടുക്കി, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമ്മിഷണര്‍, സംസ്ഥാന ലാന്‍ഡ്ബോര്‍ഡ് സെക്രട്ടറി,പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, ലോക കേരള സഭ ഡയറക്ടര്‍ , സാമൂഹിക സന്നദ്ധ സേന ഡയറക്ടര്‍, ഹൗസിംഗ് കമ്മിഷണര്‍, ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി,ലേബര്‍ കമ്മിഷണര്‍, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഔദ്യോഗിക ചുമതലകളിലിരിക്കെ അടിസ്ഥാനവര്‍ഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. ഒറ്റപ്പാലം സബ്കളറായിരിക്കേ റീ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ക്ക് 250ലധികം വീടുകള്‍ വെച്ചു നല്‍കിയ പ്രവര്‍ത്തനങ്ങള്‍, ഒറ്റപ്പാലം നഗര വികസനവുമായി ബന്ധപ്പെട്ട് റോഡ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച്തും, ഒറ്റപ്പാലം താലൂക്ക് ആശുപത്രി വികസനത്തിനും മറ്റുവികസനപ്രവര്‍ത്തനങ്ങള്‍ക്കും ഭൂമി ലഭ്യമാക്കിയ നടപടി. അട്ടപ്പാടി മേഖലയിലെ ഏറ്റവും വിദൂരവും ഒറ്റപ്പെട്ടതുമായ ഊരുകളിലടക്കം നിരന്തരം സന്ദര്‍ശനം നടത്തി അടിസ്ഥാനസൗകര്യങ്ങളായ മൊബൈല്‍ കണക്ടിവിറ്റി, വൈദ്യുതി കണക്ഷന്‍, റോഡ്, കളിസ്ഥലം, തുടങ്ങിയവ ഉറപ്പാകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, പാലക്കാട് ജില്ലാ കോവിഡ് മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ എന്ന നിലയില്‍ നടത്തിയ ഓക്‌സിജന്‍ വാര്‍റൂം, കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവയുടെ ഏകോപനവും നടത്തി.
ലോക്ക് ഡൗണ്‍ സമയത്തു അതിഥി തൊഴിലാളികളുടെ യാത്രയടക്കമുള്ള പ്രശ്‌നങ്ങളിലെ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തി. സംസ്ഥാന ലാന്‍ഡ്‌ബോര്‍ഡ് സെക്രട്ടറിയായിരിക്കെ 60000ത്തി ലധികം പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ എടുത്തു. നൂറ് സീറ്റുകള്‍ ഉറപ്പാക്കി ഇടുക്കി മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ മിഷന്‍ അഫിലിയേഷന്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും കൊക്കയാര്‍ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കോവിഡ് കാലത്തിനു ശേഷമുള്ള ശബരിമല തീര്‍ത്ഥാടനം മികച്ച രീതിയില്‍ സംഘടിപ്പിച്ചതും ഔദ്യോഗിക ജീവിതത്തിലെ പ്രധാന ഇടപെടലുകളാണ്. ഒരു പര്‍വതാരോഹകന്‍ കൂടിയാണ് അര്‍ജ്ജുന്‍ പാണ്ഡ്യന്‍.
ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എല്‍ബ്രസ്,ഹിമാലയസാനുക്കളിലെ നണ്‍, ദ്രൗ പദി കാ ദണ്ട കൊടുമുടികള്‍ എന്നിവ അദ്ദേഹം കീഴടക്കിയിട്ടുണ്ട്. മസൂറിയിലെ ഐ.എ.എസ് പരിശീലനകാലത്ത് മികച്ച സ്‌പോര്‍ട്‌സ്മാന്‍ പുരസ്‌കാരം ലഭിച്ചു. കൊല്ലം ടി.കെ.എം എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിടെക് ബിരുദം കരസ്ഥമാക്കിയ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഇടുക്കി ഏലപ്പാറ സ്വദേശിയാണ്. പാണ്ഡ്യന്‍ ,ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഡോ അനുവാണ് ഭാര്യ. അനുഷയാണ് സഹോദരി.
ഇതിനുമപ്പുറം പഠനകാലത്തെ ദുരിത ജീവിതം പറയുന്ന ഭൂതകാലം കൂടെ ഈ കളക്ടര്‍ക്കുണ്ട്. തേയിലത്തോട്ടങ്ങളിലെ ചാക്ക് ചുമന്നും, ലയങ്ങളിലെ ദുരിത ജീവിതവും ഒരു മനുഷ്യനില്‍ സഹാനുഭൂതിയും, വാശിയും, പഠിത്തംകൊണ്ട് നേടാനുള്ള ഉന്നതിയുമെല്ലാം നിറഞ്ഞ ഭൂതകാലം. പീരുമേട്ടിലെയും കിളിമാനൂരിലെയും സ്‌കൂളിലായിരുന്നു പഠനം. കൊല്ലത്തെ ടി.കെ.എം. എന്‍ജിനിയറിങ് കോളേജിലെ പഠനത്തിനിടെ തന്നെ മിടുക്കനായ ആ വിദ്യാര്‍ഥിയെ തേടി കാമ്പസ് പ്ലേസ്‌മെന്റെത്തി. സിവില്‍ സര്‍വീസിനോട് പെട്ടെന്നുതോന്നിയ ആഗ്രഹവും കഠിനാധ്വാനവും അദ്ദേഹത്തെ ഇടുക്കി ഹൈറേഞ്ചില്‍നിന്നുള്ള ആദ്യ ഐ.എസ്.എസുകാരനാക്കി മാറ്റി. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ എന്‍ജിനിയറായി. എം.ടെക്. ചെയ്യണമെന്നായിരുന്നു ആഗ്രഹം. കൂടെ പഠിച്ചവരില്‍ പലരും എം.ടെക്കിന് ചേര്‍ന്നു. എന്നാല്‍, വീട്ടിലെ സാമ്പത്തികസ്ഥിതി അറിയാമായിരുന്നതിനാല്‍ രണ്ടരവര്‍ഷം എന്‍ജിനിയറായി തുടര്‍ന്നു.
ഹൈറേഞ്ചിലെ സാധാരണ ചെറുപ്പക്കാരെപ്പോലെ തന്നെ ആ ജോലിയെപ്പറ്റി ഒരറിവുമുണ്ടായിരുന്നില്ല. 2015ല്‍ വെറുതെ അന്വേഷിച്ചപ്പോള്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ കോച്ചിങ്ങിനുള്ള പ്രവേശനപ്പരീക്ഷ നടക്കുന്നുവെന്നറിഞ്ഞ് അപേക്ഷിച്ചു. പ്രവേശനവും കിട്ടി. മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണയും കിട്ടി. പഠനത്തിനുള്ള ചെലവായിരുന്നു ബുദ്ധിമുട്ട്. വീട്ടുകാരും ഒപ്പംപഠിച്ചവരും ഒപ്പം ജോലിചെയ്തിരുന്നവരും സാമ്പത്തികമായി സഹായിച്ചു. ഒപ്പം സ്‌കോളര്‍ഷിപ്പും കിട്ടി. അങ്ങനെയാണ് IAS പരിശീലനം തുടങ്ങുന്നത്.
ഒടുവില്‍ ഒരുവീടിന്റെ ഉപയോഗിക്കാത്ത അടുക്കളമുറികിട്ടി. കുറഞ്ഞവാടകയ്ക്കുള്ള ആ അടുക്കളയായിരുന്നു പിന്നീടുള്ള താമസകേന്ദ്രം. ആദ്യ പ്രിലിമിനറി പരീക്ഷയില്‍ത്തന്നെ പാസായി. പക്ഷേ, മെയിന്‍ പരീക്ഷയില്‍ തോറ്റു. വീണ്ടുമെഴുതി. താമസം അപ്പോഴും പഴയ അടുക്കളമുറിയില്‍. 2016ല്‍ 248-ാം റാങ്ക് നേടി, 2017 ബാച്ചിലെ ഐ.എ.എസുകാരനായി. കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഫലമായിരുന്നു ആ മൂന്നക്ഷരം. ഒപ്പം കുടുംബത്തെ കരകയറ്റാനുള്ള പിടിവള്ളിയും. ഐ.എ.എസ് കിട്ടി ഡല്‍ഹിക്ക് പോകുമ്പോള്‍ ആദ്യമായി വിമാനത്തില്‍ കയറി. മസൂറിയിലെ സിവില്‍ സര്‍വീസ് പരിശീലനകാലത്ത് നല്ലൊരു കായികതാരവുമായി. പരിശീലനകാലത്തെ സ്‌പോര്‍ട്‌സ് മീറ്റില്‍ ഓവറോള്‍ ചാമ്പ്യനായി.
CONTENT HIGHLIGHTS;This is the original Idukki ‘Gold’: Who is Arjun Pandian IAS?