അട്ടപ്പാടി പുതൂർ വരഗാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ആളുകളുടെ മൃതദേഹം എടുക്കാൻ അനുവദിക്കാതെ ആദിവാസി ഗോത്ര സമൂഹം അധികൃതർക്ക് മുന്നിൽ സമരം നടത്തി. പ്രദേശത്തേക്ക് നടപ്പാക്കുന്ന കോടികളുടെ പദ്ധതികൾ ആവിഷ്കരിക്കപ്പെടുമ്പോഴും അത് തങ്ങൾക്ക് ഉപകാരപ്പെടുന്നില്ലെന്ന് സമരക്കാർ പറഞ്ഞു. ഇടവാണി ഭാഗത്ത് പുഴ മുറിച്ചുകടന്ന് വീട്ടിലെത്താനുള്ള ശ്രമത്തിനിടെയാണ് ഇടവാണി സ്വദേശികളായ മുരുകനും (29) കൃഷ്ണനും (55) ഒഴുക്കിൽപെട്ട് മരിച്ചത്.
ഇവിടെ പുഴ കടക്കാൻ പാലമുണ്ടായിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു. കോടികൾ മുടക്കി പ്രദേശത്തേക്ക് റോഡ് നിർമിച്ചപ്പോൾ അതിന്റെ ഭാഗമായി പാലം നിർമിക്കാൻ അധികൃതർ അനാസ്ഥ കാണിച്ചു. പുഴക്കുകുറുകെ പാലവും ഇടവാണി, താഴെ ഭൂതയാർ ആദിവാസി ഗ്രാമങ്ങളിൽ വീട് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് ആദിവാസികൾ മൃതദേഹവുമായി സമരം നടത്തിയത്. തുടർന്ന് അട്ടപ്പാടി നോഡൽ ഓഫിസർ കൂടിയായ ഒറ്റപ്പാലം സബ് കലക്ടർ സ്ഥലത്തെത്തി സമരക്കാരുമായി സന്ധി സംഭാഷണം നടത്തി.