മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെ ബജറ്റവതരണത്തില്‍ റെക്കോഡ് ഇട്ടിരിക്കുകയാണ്. തുടര്‍ച്ചയായി ഏഴ് ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോഡാണ് നിര്‍മലാ സീതാരാമന്റെ പേരിനൊപ്പം കുറിച്ചിരിക്കുന്നത്. വാരാനിരിക്കുന്ന ബജറ്റവതരണങ്ങള്‍ കൂടി കഴിയുന്നതോടെ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാതച്ത റെക്കോഡിനുടമായായി നിര്‍മ്മല തുടരും. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന് ചരിത്രം രേഖപ്പെടുത്തും. ഇതിനു മുമ്പ് തുടര്‍ച്ചയായി ആറ് ബജറ്റുകള്‍ അവതരിപ്പിച്ച മൊറാര്‍ജി ദേശായിയുടെ പേരിലായിരുന്ന റെക്കോഡ്.
അതാണ് നിര്‍മല തിരുത്തിയെഴുതിയത്. രാവിലെ 11 മണിക്കാണ് കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചത്. 1959നും 1963നും ഇടയിലായിരുന്നു മൊറാര്‍ജി ദേശായി തുടര്‍ച്ചയായി ആറ് ബജറ്റുകള്‍ അവതരിപ്പിച്ചത്. അഞ്ച് വാര്‍ഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റുമായിരുന്നു ഇത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് (ഇടക്കാല ബജറ്റ്) അവതരിപ്പിച്ചപ്പോള്‍ തന്നെ ഈ നേട്ടത്തിനൊപ്പം നിര്‍മല സീതാരാമന്‍ എത്തിയിരുന്നു. തുടര്‍ച്ചയായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ച മന്‍മോഹന്‍ സിംഗ്, അരുണ്‍ ജെയ്റ്റ്ലി, പി. ചിദംബരം, യശ്വന്ത് സിന്‍ഹ തുടങ്ങിയവരുടെ റെക്കോഡുകള്‍ നേരത്തെ തന്നെ നിര്‍മല മറികടന്നിരുന്നു.
നിര്‍മല സീതാരാമന്‍ 2019 മുതലാണ് ബജറ്റ് അവതരണം തുടങ്ങിയത്. ഇന്നത്തെ കേന്ദ്ര ബജറ്റ് അവതരണം അവരുടെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച റെക്കോഡ് മൊറാര്‍ജി ദേശായിക്ക് തന്നെയാണ്. ആകെ 10 ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. ആദ്യ ബജറ്റ് 1959 – 63 ആറ് ബജറ്റുകള്‍ അവതരിപ്പിച്ച അദ്ദേഹം നാല് വര്‍ഷത്തിന് ശേഷം 1967ല്‍ മറ്റൊരു ഇടക്കാല ബജറ്റും 1967, 1968, 1969, ല്‍ മൂന്ന് സമ്പൂര്‍ണ ബജറ്റുകളും അവതരിപ്പിച്ചു. മൊത്തം 10 ബജറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഒമ്പത് തവണ ബജറ്റ് അവതരിപ്പിച്ച മുന്‍ ധനമന്ത്രി പി ചിദംബരമാണ് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചവരില്‍ രണ്ടാമത്. 1997ല്‍ എച്ച്ഡി ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ചിദംബരം ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്.
2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യു.പി.എ) സര്‍ക്കാരുകളുടെ കാലത്ത്, ആഭ്യന്തര മന്ത്രിയായിരുന്ന മൂന്ന് വര്‍ഷത്തെ കാലയളവ് ഒഴികെയും അദ്ദേഹം ബജറ്റ് അവതരിപ്പിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരിക്കെ എട്ട് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച വനിത ധനമന്ത്രി എന്ന റെക്കോഡ് ഇതിനകം തന്നെ നിര്‍മല സീതാരാമന്റെ പേരിലാണ്. ഇതിനുപുറമെ നിര്‍മല സീതാരാമന്‍ ധനമന്ത്രിയായിരുന്നപ്പോള്‍ ബജറ്റ് അവതരണത്തില്‍ ചില മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. 2019വരെ പരമ്പരാഗതമായി ബജറ്റ് അവതരണത്തിന് ഉപയോഗിച്ചിരുന്ന പെട്ടി മാറ്റിയതും നിര്‍മല സീതാരാമനാണ്.
പിന്നീട് അശോക സ്തംഭം പതിച്ച തുകല്‍ സഞ്ചിയിലാണ് ബജറ്റ് രേഖകളുമായി അവര്‍ പാര്‍ലമെന്റിലേക്കെത്തിയത്. ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയതും നിര്‍മല സീതാരാമനാണ്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരണം രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1:42 വരെ നീണ്ടിരുന്നു. രണ്ട് മണിക്കൂറും 42 മിനിറ്റുമായിരുന്നു ബജറ്റ് അവതരണം. ഇത്തവണ അത്രയും സമയമെടുത്തില്ല. എങ്കിലും വരാനിരിക്കുന്ന നാല് വര്‍ഷത്തെ ബജറ്റ് അവതരണത്തിലൂടെ നിര്‍മ്മല സീതാരാമന്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ബജറ്റവതരിപ്പിച്ച ധനമന്ത്രിയായി മാറുമെന്നുറപ്പാണ്.
CONTENT HIGHLIGHTS;Nirmala Sitharaman’s 7th Budget: Record in Budget?