മുങ്ങി മരണങ്ങള്‍ ആഗോള പ്രശ്‌നമാണ്. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടന മുങ്ങി മരണങ്ങള്‍ കുറയ്ക്കാനുള്ള പദ്ധതിയുമായി ഒരു ദിവസം മാറ്റിവെച്ചതും. ഇതെങ്ങനെ സംഭവിക്കുന്നു. ജീവന്റെ തുടിപ്പുകള്‍ ജലത്തില്‍ നിന്നാണുണ്ടാകുന്നത്, അതേ ജലം ജീവനെടുക്കുന്നതെങ്ങനെ. ആത്മഹത്യകളാണ് ഇതിലേറെയും എന്നറിയുമ്പോള്‍ വീണ്ടും ഞെട്ടലുണ്ടാവുകയാണ്. ഇന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുള്ള അന്താരാഷ്ട മുങ്ങിമരണ പ്രതിരോധ ദിനമാണ്. ഇന്നെങ്കിലും ആരും മുങ്ങിമരിക്കാന്‍ ഇടായാകാതിരിക്കട്ടെയെന്ന് ആഗ്രഹിക്കുകയാണ്. മുങ്ങിമരങ്ങളിലെ കുറിച്ചും ജല സുരക്ഷയെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനും ലോകമെമ്പാടും ആചരിച്ചു വരുന്ന ഈ ദിനാചരണം ആരംഭിച്ചത് 2021 ഏപ്രിലില്‍ യു.എന്‍ ജനറല്‍ അസംബ്ലി പാസ്സാക്കിയ പ്രമേയത്തിലൂടെയാണ്.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടാണ് മുങ്ങിമരണത്തെ ലോകാരോഗ്യ സംഘടന വീക്ഷിക്കുന്നത്. സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 236000 ആളുകള്‍ പ്രതിവര്‍ഷം മുങ്ങിമരിക്കുന്നുണ്ടെന്നാണ്. അതില്‍ 82000 ആളുകള്‍ ഒന്നിനും 14 വയസിനും ഇടയില്‍ പ്രായമുള്ളവര്‍. ഈ മരണങ്ങളില്‍ 50 ശതമാനം സംഭിച്ചിട്ടുള്ളത് 30 വയസിനു താഴെ ഉള്ളവരില്‍ ആണ്. മുങ്ങിമരണം ലോകമെമ്പാടുമുള്ള കുട്ടികളുടെ മരണത്തിന്റെ ആറാമത്തെ പ്രധാന കാരണമായി കണക്കാക്കുകയും ചെയ്യുന്നു. ഇതില്‍ തന്നെ പെണ്‍കുട്ടികളെ അപേക്ഷിച്ചു ആണ്‍കുട്ടികളാണ് കൂടുതലും ഇത്തരത്തിലുള്ള അപകടത്തിന് ഇരയാകുന്നത്. കൂടാതെ അന്താരാഷ്ര തലത്തില്‍ മനപൂര്‍വമല്ലാത്ത അപകടം കൊണ്ടുണ്ടാകുന്ന മരണങ്ങളിലെ രണ്ടാമത്തെ പ്രധാന കാരണമായി കണക്കാക്കുന്നതും മുങ്ങിമരണങ്ങളാണ്.
ലോകത്തു നടക്കുന്ന മുങ്ങിമരണങ്ങളില്‍ 97 ശതമാനവും നടക്കുന്നത് അവികസിതവും താഴ്ന്ന വരുമാനവുള്ള ഏഷ്യന്‍ രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യുറോ കണക്കനുസരിച്ച് 60,000-80,000നും ഇടയില്‍ ആളുകളാണ് മുങ്ങി മരണങ്ങള്‍ക്കു വിധേയരാകുന്നത്. ശരാശരി ദിനം പ്രതി 82 മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ ഗ്രാമപ്രദേശങ്ങളില്‍ 8.1 ശതമാനവും നഗരങ്ങളില്‍ 5.6 ശതമാനവുമാണ്. കേരളത്തില്‍ ദിനം പ്രതി മൂന്നുപേര്‍ മുങ്ങി മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. രാജ്യത്ത് മുങ്ങിമരണങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് കേരളത്തിലാണ്. ഇന്ത്യയില്‍ മണ്‍സൂണ്‍ സീസണ്‍ അപകടനിരക്ക് കൂടുന്ന സമയമാണെങ്കില്‍ കേരളത്തില്‍ വേനല്‍കാലത്തും മഴകാലത്തും അപകടങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു.
ഏകദേശം 4364ഓളം ജീവനുകള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതായത് 2018 മുതല്‍ 2023 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ എല്ലാ ദിവസവും 3 പേര്‍ വീതം മുങ്ങി മരിച്ചതിന് തുല്യമാണിത്. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി, കേരള വാട്ടര്‍ അതോറിട്ടി, ഡാം സേഫ്റ്റി അതോറിട്ടി, തദ്ദശ സ്ഥാപനങ്ങള്‍, കായല്‍ സംരക്ഷണ സേനകള്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ കേരളത്തിലുണ്ടെങ്കിലും മുങ്ങി മരണങ്ങളുടെ തോത് കുറയ്ക്കാന്‍ കഴിയുന്നില്ല എന്നിടത്താണ് പ്രശ്‌നങ്ങള്‍ നില്‍ക്കുന്നത്. ആത്മഹത്യ, വിനോദ സഞ്ചാരം, നീന്തല്‍ അറിയാത്തത് എന്നീ കാരണങ്ങള്‍ മരണത്തിലേക്ക് നയിക്കുന്നുണ്ട്. ഇതില്‍ ബോധപൂര്‍വ്വം ചെയ്യുന്നതാണ് ആത്മഹത്യ. ഇതിനെ ചെറുക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് പോയിരിക്കുന്നു.
രണ്ടാമത്തേത് വിനോദ സഞ്ചാരത്തിന് പോകുന്നവരുടെ മരണങ്ങളാണ്. വെള്ളച്ചാട്ടങ്ങളിലും, വലിയ ആഴമുള്ള നദികളിലും വിനോദ സഞ്ചാരത്തിനു പോകുമ്പോള്‍ അബദ്ധത്തില്‍ കാല്‍വഴുതി വീണുപോകുന്നവരുടെ മരണങ്ങള്‍ ദയനീയമാണ്. മൂന്നമത്തെ കൂട്ടരാണ്, നീന്തല്‍ അറിയാതെ കയത്തില്‍ വീണുപോകുന്നത്. ഇവര്‍ക്ക് നീന്തിക്കയറാന്‍ കഴിയാതെ ആഴങ്ങളില്‍ ജീവന്‍ പൊലിയുന്നുണ്ട്. 2022-23 എന്നീ രണ്ട് വേനല്‍കാലത്തും മുങ്ങിമരിച്ചവരുടെ കണക്കെടുത്താല്‍ അതില്‍ 75 ശതമാനം പേരും വിദ്യാര്‍ഥികളാണ്. ഇതില്‍ തന്നെ 538ഓളം പേര്‍ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ ചെന്ന് അപകടത്തില്‍പെട്ട് മരണമടഞ്ഞവരാണ്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മുങ്ങിമരണങ്ങള്‍ (585) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കുറവ് വയനാടും (89).
2021 വര്‍ഷത്തില്‍ മാത്രം കേരളത്തില്‍ 1102 മുങ്ങിമരണങ്ങള്‍ നടന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. കേരളത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ക്കും വീടിനോടു ചേര്‍ന്ന് കിണര്‍ സൗകര്യമുണ്ടെങ്കിലും മറ്റു ജലാശയങ്ങളുമായി ബന്ധപ്പെട്ടാണ് മുങ്ങിമരണങ്ങള്‍ അധികവും സംഭവിക്കുന്നത്. കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിന്റെ വിലയിരുത്തലുകള്‍ പ്രകാരം മുഖ്യകാരണമായി പറയുന്നത് ജല സുരക്ഷയെ കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മ ആണ്. നീന്തല്‍ അറിയുന്നവരും അപകടങ്ങളില്‍ പെടുന്നതിനു ഇത് കാരണമാകുന്നു. ഓരോ ജലാശയവും വ്യത്യസ്തമാണ്. അതിന്റെ ഒഴുക്ക്, സ്വാഭാവം, ആഴം, പരപ്പ് ഒക്കെ വ്യത്യസപ്പെട്ടിരിക്കും. ഇത് നീന്തല്‍ അറിയുന്ന ആളെയും രക്ഷപെടുത്താന്‍ ഇറങ്ങുന്നവരെയും അപകടത്തില്‍ പെടുത്തും. ചിലപ്പോള്‍, മുങ്ങിമരണത്തിനു മുന്‍പ് ഉണ്ടാകുന്ന വീഴ്ച മൂലവും അപകടങ്ങള്‍ സംഭവിക്കാറുണ്ട്.
ജലാശയത്തെ കുറിച്ചുള്ള മുന്‍ ധാരണ ഇല്ലായ്മ, അപകടസാധ്യത മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാതിരിക്കുക, കുട്ടികള്‍ക്ക് ഇറങ്ങേണ്ട ഭാഗം പ്രതേകം സൂചിപ്പിക്കാതിരിക്കുക, ജലാശയങ്ങളുടെ, അപകടസാധ്യത പ്രദേശങ്ങള്‍ എന്നിവ വേലികെട്ടി തിരിക്കാതിരിക്കുക, ഫ്‌ളോട്ടിങ് ഉപകരണങ്ങളോ ലൈഫ് ഗാര്‍ഡോ ഇല്ലാതിരിക്കുക, ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗംമൂലം അപകടസാധ്യത തിരിച്ചറിയാന്‍ കഴിയാതെ ഇരിക്കുക എന്നിവ ഇതില്‍പ്പെടുന്നു. സ്ത്രീകളുടെ മരണസംഖ്യ കുറയുന്നതിന് കാരണം അവര്‍ ജല സുരക്ഷയെ കുറിച്ച് കൃത്യമായ അറിവുള്ളവരാണ് എന്നതല്ല, മറിച്ച് ആണുങ്ങളെ അപേക്ഷിച്ചു ജലാശയങ്ങള്‍ അത്രത്തോളം സ്ത്രീ സൗഹൃദമല്ല. ആണുങ്ങളുടെ അത്ര സ്വീകാര്യത സ്ത്രീകള്‍ക്ക് ഇല്ല എന്നതാണ്. ഒട്ടുമിക്ക മുങ്ങിമരണങ്ങളും തടയാവുന്നതാണ്. മരണത്തിന്റെ മാനുഷികവും സാമൂഹികവും സാമ്പത്തികവുമായ പൂര്‍ണ്ണമായി പ്രതിരോധിക്കാന്‍ കഴിയുന്ന ഒന്നായി ലോകാരോഗ്യ സംഘടന ചൂണ്ടികാട്ടുന്നുണ്ട്.
മുങ്ങിമരണങ്ങളെ പ്രതിരോധിക്കാന്‍ എന്തെല്ലാം ചെയ്യാം ?
* ജല സുരക്ഷ ഒരു പഠ്യേതര വിഷയമായി ഉള്‍പ്പെടുത്താം
* അപകട സാധ്യത ഒഴിവാക്കുക. മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികളെ വെള്ളക്കെട്ടുകളില്‍ കുളിക്കാന്‍ അനുവദിക്കരുത്
* ദുരന്ത സാധ്യതയുള്ള ജലാശയങ്ങളില്‍ വേലി, മതില്‍കെട്ട്, അപകട സാധ്യത മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാം.
* മറ്റു കായിക വിനോദങ്ങളെപ്പോലെത്തന്നെ കുട്ടികളെ നീന്തല്‍ പ്രധാനമായും പരിശീലിപ്പിക്കു
* ഒപ്പം ജല സമ്പര്‍ക്കം ഒഴിവാക്കേണ്ട സാഹചര്യങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക.
* എത്രയും പെട്ടെന്ന് മറ്റുവരുടെ സഹായം തേടുക, പൊലീസിലോ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരെയോ അറിയിക്കുക
അപകടം അറിയാത്തവര്‍ ?
വെള്ളത്തില്‍ മുങ്ങുന്നവരെ നാല് മിനിട്ടിനുള്ളില്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരണം ഉറപ്പാണ്. സംസ്ഥാനത്ത് പ്രധാനമായും നദി, കുളം, പാറക്കെട്ട് എന്നീ ജലാശയങ്ങളില്‍ വീണാണ് മുങ്ങിമരണങ്ങളിലേറെയും സംഭവിക്കുന്നത്. പലപ്പോഴും വിനോദയാത്ര പോകുന്നവരും മറ്റും മദ്യപിച്ച ശേഷം ജലാശയത്തില്‍ ഇറങ്ങുന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ അപരിചിതമായ സ്ഥലങ്ങളിലും ജലാശയത്തില്‍ ഇറങ്ങുന്നത് അപകടസാധ്യത കൂട്ടും. കൂട്ടുകാര്‍ക്കൊപ്പം വെള്ളത്തില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍, കയത്തില്‍ അകപ്പെട്ട് മരണപ്പെടുന്നു. അപകടം പതിയിരിക്കുന്നത് മനസിലാക്കാത്തതാണ് ദുരന്തത്തിന് ഇടയാക്കുന്നത്. നീന്തല്‍ അറിയാത്തവര്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങളും കൂടുതലാണ്. ശരിയായ പരിശീലനം നേടാതെ നീന്താന്‍ ഇറങ്ങുന്നതാണ് അപകടം വര്‍ദ്ധിപ്പിക്കുന്നത്.
ഒരു വര്‍ഷം മുങ്ങി മരിക്കുന്നത് ആയിരം പേര്‍: മുരളി തുമ്മാരുകുടി
ഒരു വര്‍ഷം കേരളത്തില്‍ ആയിരം പേര്‍ മുങ്ങിമരിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭാ ദുരന്തനിവാരണ വിഭാഗം ചെയര്‍മാന്‍ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചതിന്റെ പശ്ചാത്തലത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പിട്ട പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാവുകയാണ്. 2019ല്‍ കേരളത്തില്‍ 1452 സംഭവങ്ങളിലായി 1490പോരാണ് മുങ്ങി മരിച്ചത്. റോഡ് അപകടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് വെള്ളത്തില്‍ മുങ്ങിയാണ്. ഒരു ദിവസം ശരാശരി മൂന്നില്‍ കൂടുതല്‍ ആളുകള്‍ കേരളത്തില്‍ മുങ്ങി മരിക്കുന്നുണ്ട്. രണ്ടായിരത്തി നാലിലെ സുനാമിയില്‍ കേരളത്തില്‍ മൊത്തം മരിച്ചത് 174 പേരാണ്. അതായത് ഓരോ രണ്ടു മാസത്തിലും കേരളത്തില്‍ ഒരു സുനാമിയുടെ അത്രയും ആളുകള്‍ മുങ്ങി മരിക്കുന്നുണ്ട്. ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍, 2018ല്‍ മരിച്ചത് 480 പേരാണ്. അതായത് ഓരോ നാലു മാസത്തിലും പ്രളയത്തില്‍ മരിച്ചതില്‍ കൂടുതല്‍ ആളുകള്‍ മുങ്ങി മരിക്കുന്നുണ്ട്. എന്നാലും ഈ വിഷയത്തില്‍ കേരളത്തില്‍ വേണ്ടത്ര ശ്രദ്ധ ഇല്ലെന്നും മുരളി തുമ്മാരുകുടി ഫെയ്സ് ബുക്കില്‍ കുറിച്ചു. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
മുങ്ങി മരണങ്ങളെ പറ്റി തന്നെ.
സിനിമ നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു എന്ന വാര്‍ത്ത വായിച്ചു. എത്ര സങ്കടകരമായ വാര്‍ത്ത.
ഈ വര്‍ഷത്തെ ആദ്യത്തെ മുങ്ങി മരണം അല്ല, അവസാനത്തേതും ആവില്ല.
ഒരു വര്‍ഷം കേരളത്തില്‍ എത്ര പേര്‍ മുങ്ങി മരിക്കുന്നുണ്ട് ?
മിക്കവാറും ആഴ്ചയില്‍ ഒന്നോ രണ്ടോ ആളുകള്‍ മുങ്ങി മരിക്കുന്നതായി നമ്മള്‍ വാര്‍ത്ത വായിക്കും. ചിലപ്പോഴെങ്കിലും ഒന്നില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു മരിക്കുന്നതായിട്ടും. പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ ബോട്ടപകടത്തില്‍ പത്തിലധികം പേര്‍ ഒരുമിച്ചു മരിക്കുന്ന അപകടം ഉണ്ടാകും. ഇതാണ് സാധാരണ രീതി. അതുകൊണ്ട് തന്നെ കേരളത്തില്‍ ശരാശരി ഒരു വര്‍ഷം ഇരുന്നൂറ് പേരെങ്കിലും മുങ്ങി മരിക്കുന്നുണ്ടാകും എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. കൃത്യമായി കണക്ക് ഒരിക്കലും കിട്ടിയിരുന്നില്ല.
അങ്ങനെയിരിക്കുമ്പോള്‍ ആണ് ഞാന്‍ ശ്രീ ജേക്കബ് പുന്നൂസ് സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹം ഡി ജി പി ആയിരിക്കുന്ന കാലം. ഞാന്‍ ഈ ചോദ്യം അദ്ദേഹത്തോട് ചോദിച്ചു.
‘മുരളി ചോദിച്ചത് നന്നായി. എല്ലാ വര്‍ഷവും എനിക്ക് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബറോയില്‍ നിന്നും ഒരു റിപ്പോര്‍ട്ട് വരും ‘
Accidental deaths and suicides in India’ എന്നാണിതിന്റെ പേര്. അതില്‍ മുങ്ങി മരണത്തിന്റെ കണക്ക് ഉണ്ട്.
അതിന്റെ ഒരു കോപ്പി എടുത്ത് സാര്‍ എനിക്ക് തന്നു. അത് വായിച്ച ഞാന്‍ ഞെട്ടി.
കേരളത്തില്‍ ഒരു വര്‍ഷം മുങ്ങി മരിക്കുന്നവരുടെ എണ്ണം ഇരുന്നൂറും മുന്നൂറുമൊന്നുമല്ല. ആയിരത്തില്‍ അധികമാണ്. പക്ഷെ മുങ്ങി മരണങ്ങള്‍ മിക്കവാറും ഒറ്റക്കൊറ്റക്കായതിനാല്‍ ലോക്കല്‍ വര്‍ത്തകള്‍ക്കപ്പുറം അത് പോകാറില്ല. അതുകൊണ്ടാണ് ഇത്രമാത്രം മരണങ്ങള്‍ ഉണ്ടാകുന്നത് നമ്മള്‍ ശ്രദ്ധിക്കാത്തത്.
ഉദാഹരണത്തിന് രണ്ടായിരത്തി പത്തൊമ്പതില്‍ കേരളത്തില്‍ ആയിരത്തി നാനൂറ്റി അന്‍പത്തി രണ്ടു സംഭവങ്ങളില്‍ ആയി ആയിരത്തി നാനൂറ്റി തൊണ്ണൂറു പേരാണ് മുങ്ങി മരിച്ചത്.
റോഡ് അപകടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് വെള്ളത്തില്‍ മുങ്ങിയാണ്.
ഒരു ദിവസം ശരാശരി മൂന്നില്‍ കൂടുതല്‍ ആളുകള്‍ കേരളത്തില്‍ മുങ്ങി മരിക്കുന്നുണ്ട്.
രണ്ടായിരത്തി നാലിലെ സുനാമിയില്‍ കേരളത്തില്‍ മൊത്തം മരിച്ചത് നൂറ്റി എഴുപത്തി നാല് പേരാണ്. അതായത് ഓരോ രണ്ടു മാസത്തിലും കേരളത്തില്‍ ഒരു സുനാമിയുടെ അത്രയും ആളുകള്‍ മുങ്ങി മരിക്കുന്നുണ്ട്.
ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍, രണ്ടായിരത്തി പതിനെട്ടില്‍, മരിച്ചത് നാനൂറ്റി എണ്‍പത് പേരാണ്. അതായത് ഓരോ നാലു മാസത്തിലും പ്രളയത്തില്‍ മരിച്ചതില്‍ കൂടുതല്‍ ആളുകള്‍ മുങ്ങി മരിക്കുന്നുണ്ട്.
എന്നാലും ഈ വിഷയത്തില്‍ കേരളത്തില്‍ വേണ്ടത്ര ശ്രദ്ധ ഇല്ല.
റോഡപകടത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ സുരക്ഷക്ക് കമ്മിറ്റികള്‍ ഉണ്ട്, ഫണ്ട് ഉണ്ട്, റോഡ് സേഫ്റ്റി വകുപ്പുണ്ട്, പ്രോഗ്രാമുകള്‍ ഉണ്ട്.
ഇതിന് ഒരു കാരണം ഉണ്ട്.
ഓരോ റോഡപകടത്തിന്റെ കാര്യത്തിലും ഒരു വാഹനം ഉണ്ട്, ഇന്‍ഷുറന്‍സ് ഉണ്ട്, അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ഒരു ഉത്തരവാദി ഉണ്ട്, പണം ഉണ്ട്, കേസ് ഉണ്ട്, കോടതി ഉണ്ട്. നഷ്ടപരിഹാരം ഉണ്ട്.
പക്ഷെ മുങ്ങിമരണത്തിന്റെ കാര്യത്തില്‍ ഇതൊന്നുമില്ല.
പ്രത്യേകം നിയമങ്ങള്‍ ഇല്ല
വകുപ്പില്ല
ഫണ്ടില്ല
കമ്മിറ്റികള്‍ ഇല്ല
ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല
കോടതിയില്ല
നഷ്ടപരിഹാരം ഇല്ല
സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി പല കാമ്പെയിനുകളും നടത്തുന്നുണ്ട്. നീന്തല്‍ പഠിപ്പിക്കാനുളള ശ്രമങ്ങള്‍ ഒറ്റപ്പെട്ടു നടക്കുന്നുമുണ്ട്. പക്ഷെ കൂടുതല്‍ സമഗ്രമായ ഒരു ജലസുരക്ഷാപദ്ധതി വരുന്നത് വരെ, ജനങ്ങളില്‍ ജലസുരക്ഷാബോധം ഉണ്ടാകുന്നത് വരെ
മുങ്ങി മരണങ്ങള്‍ തുടരും.
സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി ഐക്യരാഷ്ട്രസഭയുടെ ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവനാണ്. കേരളത്തിലെ വിവിധ ദുരന്തങ്ങളെ കുറിച്ച് അദ്ദേഹം മുന്‍കൂട്ടി പറയുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം എഴുതുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ ദുരന്തങ്ങളെ അരഗ്രഥിക്കാന്‍ കഴിയുന്നവയാണ്. മുങ്ങി മരണങ്ങളെ കുറിച്ച് ദാഗ്രത വേണമെന്ന് മലപ്പുറം ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓപീസര്‍ ഇ.കെ. അബ്ദുള്‍ സലിമിന്റെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയില്‍ ഇടംപിടിക്കുന്നുണ്ട്. ആ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
മരണത്തിലേക്കുള്ള ആ വഴിയില്‍ നമുക്ക് കാവലാളായി ഇരിയ്ക്കാം
കഴിഞ്ഞയാഴ്ചയിലാണ്. എടവണ്ണ സീതിഹാജി മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജലസുരക്ഷയെക്കുറിച്ച് ഒരു ക്ലാസെടുക്കാന്‍ പോയിരുന്നു.
പതിവുപോലെ മുങ്ങി മരണം സ്വന്തം മുന്നില്‍ കണ്ട ആരെങ്കിലുമുണ്ടോ എന്ന ചോദ്യമുന്നയിച്ചു. പതിവിന് വിരുദ്ധമായി രണ്ട് കൈകള്‍ ഉയര്‍ന്നു വന്നു.ഒരുത്തന്‍ മുങ്ങിത്താണ് പോയവനും മറ്റേത് രക്ഷപ്പെടുത്തിയവനുമാണ്.
മരണം കണ്ട രണ്ടു പേരും ഒരേ ക്ലാസില്‍ തന്നെ.
‘വല്ല അഭിനന്ദനങ്ങളും കിട്ടിയോ നാട്ടുകാരുടെ വക ?’ ഞാന്‍ തമാശയായി ചോദിച്ചു.
‘രണ്ട് വര്‍ഷം മുമ്പാണ്, സ്‌കൂളില്‍ യൂത്ത് ഫെസ്റ്റിവല്‍ നടക്കുന്ന ദിവസം ആരോടും പറയാതെ ഞങ്ങള്‍ മൂന്നുനാല് പേര്‍ കുളത്തില്‍ പോയി ഇറങ്ങിയതാണ്. തെളിഞ്ഞ വെള്ളം കണ്ടപ്പോള്‍ ആഴമില്ലെന്ന് കരുതി നീന്തലറിയാത്തതോര്‍ക്കാതെ ഞാന്‍ എടുത്തു ചാടി. സുഹൃത്ത് എങ്ങനെയോ ഉന്തിത്തള്ളി കരക്കെത്തിച്ചു. അത് കൊണ്ട് ഇപ്പോള്‍ ഈ ക്ലാസിലിരിക്കുന്നു.
അത് കൊണ്ട് സംഭവം വീട്ടില്‍ പോലും ഇതുവരെ പറഞ്ഞിട്ടില്ല. ‘
കുട്ടികള്‍ അങ്ങനെയാണ് അവര്‍ പാത്തും പതുങ്ങിയും ചെന്ന് ആരെയൊക്കെയോ കബളിച്ച് ചെന്ന് മരണക്കയത്തിലേക്ക് ഊളിയിടും.
ആറ് മാസം മുമ്പാണ് .മലപ്പുറം മേല്‍മുറി പൊടിയാട്ടു ക്വാറിയില്‍ പത്ത് വയസ്സില്‍ താഴെ പ്രായമുള്ള രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചത്. ഒരു കല്യാണ നിശ്ചയത്തിന് വന്ന കുട്ടികള്‍ മുക്കാല്‍ കിലോമീറ്ററോളം നടന്ന് ക്വാറിയിലേക്ക് പോയി . വഴിയില്‍ ആരെങ്കിലും ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ !ആരെയും കൂട്ടിന് വിളിക്കാതെ അവര്‍ മരണത്തിന്റെ ആഴങ്ങളിലേക്ക് പോയി.
കഴിഞ്ഞ ഞായറാഴ്ച ചങ്ങരംകുളത്തിനടുത്ത് മൂന്ന് യുവാക്കള്‍ ഒരു കുഞ്ഞു തോണിയില്‍ കോള്‍ പാടത്ത് ‘ ഉല്ലാസയാത്രക്കിറങ്ങിയതായിരുന്നു. മൂന്ന് പേര്‍ക്കും അസ്സലായി നീന്തലറിയാം. പക്ഷേ കടല് പോലെ നീണ്ടു കിടക്കുന്ന പാടത്ത് തോണി മറിഞ്ഞപ്പോള്‍ ഒരാള്‍ക്കേ ജീവിതത്തിലേക്ക് തിരികെ നീന്തിക്കയറാനായുള്ളൂ.
നമുക്ക് ചുറ്റും മുങ്ങിമരണങ്ങളുടെ നിരക്ക് നടുക്കുന്ന വിധം കൂടിവരികയാണ്’.
അപ്രതീക്ഷിതമായുള്ള അപകടങ്ങളല്ല പലപ്പോഴും മുങ്ങി മരണങ്ങള്‍ക്ക് കാരണം.
ചിരിച്ചുല്ലസിച്ച് മരണത്തിലേക്കെങ്ങനെ തുഴയെറിയുന്നു ചിലര്‍.
രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കണ്ണു വെട്ടിച്ചു കൊണ്ട് കുട്ടികള്‍
മരണത്തിന് പിടികൊടുക്കുന്നു.
ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന മരണങ്ങളില്‍ ഒന്നാം സ്ഥാനത്താണ് മുങ്ങിമരണം.
ചെറുപ്പത്തിലേ തന്നെ ശാസ്തീയമായി,
നീന്തല്‍ പരിശീലനത്തിലൂടെയും,
അപകടങ്ങളില്‍ പെടാതിരിക്കാനുള്ള ബോധവല്‍ക്കരണത്തിലൂടെയും അപകട സാഹചര്യങ്ങള്‍ ഒഴിവാക്കി മുതിര്‍ന്നവര്‍ കൂടുതല്‍ ശ്രദ്ധ കുഞ്ഞുങ്ങളില്‍ പതിപ്പിക്കുന്നതിലൂടെയും മുങ്ങിമരണങ്ങള്‍ നമുക്ക് ഒഴിവാക്കാവും.
ഒപ്പം അപകടത്തില്‍ പെട്ടവരെ സ്വയം അപകടത്തില്‍ പെടാതെ രക്ഷിക്കാനും. രക്ഷപ്പെടുത്തിയവര്‍ക്ക് ഹൃദയശ്വാസ പുനരുജ്ജീവനം നല്‍കുന്നതിനുള്ള പരിശീലന പരിപാടികള്‍ വ്യാപകമാക്കിയും മുങ്ങിമരണങ്ങള്‍ നമുക്ക് പ്രതിരോധിക്കാനാവും.
മലപ്പുറം ജില്ലാ ഫയര്‍ & റസ്‌ക്യു സര്‍വീസസും , സിവില്‍ ഡിഫന്‍സും ജില്ലാ ദുരന്തനിവാരണ അതോരിറ്റിയും ചേര്‍ന്ന് അന്താരാഷ്ട്രമുങ്ങിമരണ പ്രതിരോധ ദിനമായ ജൂലായ് 25 ന് മലപ്പുറം ജില്ലയില്‍ മുങ്ങിമരണം തടയുന്നതിനുള്ള ബോധവല്‍ക്കരണ ശ്രമങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനായി വ്യത്യസ്തമായ മല്‍സര പരിപാടികള്‍ സംഘടിപ്പിക്കുന്നു.
മുങ്ങിമരണങ്ങള്‍ വിഷയങ്ങളായ കവിതാരചന, ഉപന്യാസ രചന,ഫോര്‍ട് ഫിലിം എന്നിവയിലാണ് ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് വേറെയും മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഇത് കേവലം ഒരു ദിനാചരണത്തിന്റെ ഭാഗമായ മല്‍സരങ്ങളല്ല.
മുങ്ങിമരണ പ്രതിരോധിക്കാനുള്ള ക്യാംപയിന്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള മഹത്തായ ഒരു പ്രവര്‍ത്തനത്തില്‍ ഭാഗവാക്കാനുള്ള ഒരവസരമാണ്.
മരണത്തിലേക്കുള്ള വഴിയില്‍ കാവലാളായി ഇരിക്കാന്‍ നിങ്ങളെയും ക്ഷണിക്കുകയാണ്.
ഓരോ മനുഷ്യര്‍ക്കും മുങ്ങി മരണത്തിന്റെ തീവ്രത എത്രയാണെന്ന് ബോധ്യമുള്ളതു കൊണ്ടാണ് ഇത്തരം എഴുത്തുകള്‍ ഉണ്ടാകുന്നത്. ജീവന്റെ വിലയേക്കാള്‍ മറ്റെന്താണ് ഈ ഭൂമിയില്‍ ഉള്ളതെന്ന തിരിച്ചറിവു കൂടിയാണിത്. 2019ല്‍ മുങ്ങി മരണങ്ങളെ കുറിച്ച് കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റു വന്നിരുന്നു. മുങ്ങി മരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന തലക്കെട്ടില്‍. മദ്യവും മയക്കു മരുന്നും ഉപയോഗിച്ചിട്ട് ജലാശയങ്ങളില്‍ ഇറങ്ങുന്നവരുടെ ജീവന്‍ ആര്‍ക്കും രക്ഷിക്കാനാവില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ആ പോസ്റ്റ്. പോലീസിന്റെ പേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
മുങ്ങി മരണങ്ങള്‍ആവര്‍ത്തിക്കാതിരിക്കട്ടെ…
ജലാശയങ്ങളാല്‍ സമ്പന്നമായ നമ്മുടെ നാട്ടില്‍ മുങ്ങിമരണങ്ങള്‍ അനുദിനം ആവര്‍ത്തിക്കുകയാണ്. അസ്വാഭാവിക മരണങ്ങളില്‍ റോഡ് അപകടങ്ങള്‍ കഴിഞ്ഞാല്‍ പിന്നിലുള്ളത് മുങ്ങി മരണങ്ങളാണ്. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങിമരണങ്ങള്‍ക്കിരയാകുന്നത്. ജാഗ്രതക്കുറവും സുരക്ഷിതത്വബോധമില്ലായ്മയുമാണ് ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
മുങ്ങി മരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…
ജലസുരക്ഷയെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുക. കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുക. നന്നായി പരിശീലനം നേടിയവരില്‍ നിന്ന് മാത്രം നീന്തല്‍ പഠിക്കുക.
മുതിര്‍ന്നവരില്ലാതെ കുട്ടികളെ വെള്ളത്തില്‍ നീന്താനോ, കുളിക്കാനോ, കളിക്കാനോ പോകാന്‍ അനുവദിക്കരുത്.
വിനോദയാത്രാ വേളകളില്‍ പലപ്പോഴും ആവേശത്തോടെ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ അപകടത്തില്‍പ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിനോദസഞ്ചാര വേളകളില്‍ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതന്നതാണ് ഉചിതം. ലൈഫ് ജാക്കറ്റ്, ടയര്‍ ട്യൂബ്, നീളമുള്ള കയര്‍ എന്നിവ കരുതുക. .
ശരിയായ പരിശീലനം ലഭിച്ചവര്‍ മാത്രം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുക. വെള്ളത്തില്‍ വീണവരെ രക്ഷിക്കാനായി എടുത്തു ചാടി അപകടത്തില്‍പ്പെടാനുള്ള സാധ്യതയും ഉണ്ട്. അതിനാല്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്കായി കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നതാണ് കൂടുതല്‍ സുരക്ഷിതം.
വെള്ളത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് ജാലാശയത്തെക്കുറിച്ചു മനസിലാക്കുന്നത് നന്നായിരിക്കും. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് നല്ലത്. പരിചിതമില്ലാത്ത സ്ഥലങ്ങളില്‍ വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക ചെളിയില്‍ പൂഴ്ന്നു പോകാം, തല പാറയിലോ, മരക്കൊമ്പിലോ പതിച്ചും അപകടമുണ്ടാകാം.
പരിചിതമല്ലാത്ത സ്ഥലങ്ങളില്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ നാട്ടുകാരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുക. നേരം ഇരുട്ടിയ ശേഷവും ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളത്തില്‍ ഇറങ്ങരുത്.
മദ്യലഹരിയില്‍ ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. അസുഖമുള്ളവരോ, മരുന്നുകള്‍ കഴിക്കുന്നവരോ വെള്ളത്തില്‍ വെച്ച് കൂടുതലാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരരോഗികള്‍, ഹൃദ് രോഗികള്‍ ) ഉള്ളവരും പ്രത്യേകം സൂക്ഷിക്കുക. കൂടെയുള്ളവരോട് അത് പ്രത്യേകം പറയുക.
ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ മുങ്ങിമരിച്ചത് 11,947 പേര്‍
കേരളത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മുങ്ങി മരിച്ചത് പന്തീരായിരത്തിനടുത്ത് ആളുകള്‍. ഇതില്‍ ഇരുപത്തി രണ്ടു ശതമാനവും ആത്മഹത്യകളാണ്. തിരുവനന്തപുരം , കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ മുങ്ങിമരണങ്ങളും. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടേതാണ് കണക്ക്. 2687 പേര്‍ ആത്മഹത്യ ചെയ്തവരാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 5247 പേര്‍ മരിച്ചു. ഇതില്‍ ആത്മഹത്യ 1272. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലാണ് കൂടുതല്‍ മുങ്ങി മരണങ്ങളും ആത്മഹത്യകളും. ഏറെയും നദികളിലും തോടുകളിലും വീണുള്ള മരണമാണ് ഏറെയും. കഴിഞ്ഞ വര്‍ഷം മാത്രം ആകെ 1851 പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വെള്ളത്തില്‍ ചാടി ജീവനൊടുക്കിയത് പത്തനംതിട്ടയിലാണ്. 58 പേര്‍. വിവരാവകാശ പ്രവര്‍ത്തകനായ പത്തനംതിട്ട സ്വദേശി മനോജാണ് ക്രൈംറെക്രോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. അശ്രദ്ധയാണ് കൂടുതല്‍ മുങ്ങി മരണങ്ങള്‍ക്കും കാരണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പറയുന്നു. ജലാശയങ്ങളില്‍ വീണുള്ള അപകടങ്ങളില്‍ ഏറെയും ബന്ധുവീടുകളോ സുഹൃത്തുകളുടെ വീടുകളോ സന്ദര്‍ശിക്കുമ്പോഴോ വിനോദ യാത്രകളിലോ ആണ്.
നടന്‍ അനില്‍ നെടുമങ്ങാടിന് നീന്തല്‍ അറിയാമായിരുന്നിട്ടും ?
ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പതിയിരിക്കുന്ന ചതിക്കുഴികള്‍ മനസിലാക്കാതെയാണ് പലരും അപകടത്തിലേക്ക് എടുത്തു ചാടുന്നത്. ജലാശയങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകുന്ന പരിചയ സമ്പന്നരായവര്‍ പോലും പ്രതികൂല കാലാവസ്ഥയില്‍ അപകടത്തില്‍പ്പെടുന്നുണ്ട്. മറഞ്ഞിരിക്കുന്ന കെണികള്‍ കാണാതെയാണ് പലരും അപകടത്തിലേക്ക് ഊഴിയിടുന്നത്. താഴ്ചയും അഗാധങ്ങളിലെ കൊടുംതണുപ്പും മൂലം പലപ്പോഴും രക്ഷാ പ്രവര്‍ത്തനവും ദുഷ്‌കരമാകാറുണ്ട്. കയത്തിലും ചെളി നിറഞ്ഞ ഭാഗങ്ങളിലും അകപ്പെട്ട് തിരികെ കയറാന്‍ കഴിയാതെയാണ് പലരുടെയും ജീവന്‍ നഷ്ടമാകുന്നത്. നീന്തല്‍ അറിയാവുന്നവരുടെയും ജീവന്‍ ഇത്തരത്തില്‍ പൊലിഞ്ഞിട്ടുണ്ട്. 2020ലെ ക്രിസ്തുമസ് ദിനത്തില്‍ സിനിമാ നടന്‍ അനില്‍ നെടുമങ്ങാട് ഇത്തരത്തില്‍ മരണപ്പെട്ടയാളാണ്. ഷൂട്ടിംഗ് ഇല്ലാത്ത ദിവസം തൊടുപുഴയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള മലങ്കര ടൂറിസം ഹബിലെത്തിയ അനിലും രണ്ട് സുഹൃത്തുക്കളും സമീപത്തെ ഒരു ചെറിയ കടവില്‍ കുളിക്കുമ്പോഴായിരുന്നു അപകടം.
നാട്ടുകാരിലൊരാള്‍ മിനിട്ടുകള്‍ക്കകം അനിലിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനിലിന് നന്നായി നീന്തല്‍ അറിയാമായിരുന്നുവെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നു. പല വിധത്തില്‍ പുഴകള്‍ അപകടക്കെണിയാകാം. പല പുഴകളും പുറമേ നിന്നു കാണുമ്പോള്‍ ആഴം കുറഞ്ഞവയായി തോന്നാം. പക്ഷേ, മണലൂറ്റല്‍ മൂലം രൂപപ്പെട്ട കുഴികള്‍ അപകടത്തില്‍പെടുത്താം. ഇത്തരം ഗര്‍ത്തങ്ങളില്‍ കുടുങ്ങിയാല്‍ പിന്നെ രക്ഷയില്ല. വല്ലാത്ത അടിയൊഴുക്കും ഇവിടങ്ങളിലുണ്ടാകും. പുറമെ പുല്ലുവളര്‍ന്നു നില്‍ക്കുന്ന വെള്ളക്കെട്ടുകള്‍ക്ക് ആഴം കുറവാകുമെന്നു കരുതിയിറങ്ങി അപകടത്തില്‍പെടുന്നവരുമേറെയാണ്. പുല്ലിന് താഴെ ആഴക്കയമാണെങ്കില്‍ നീന്തി രക്ഷപ്പെടാന്‍ പോലും കഴിയില്ല. ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കല്‍, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കുന്ന കരിങ്കല്‍ ചീളുകള്‍, കുഴികള്‍ എന്നിവയും അപകടമുണ്ടാക്കും. എത്ര നന്നായി നീന്തല്‍ അറിയാമെങ്കിലും ഇവയെക്കുറിച്ചു ധാരണയില്ലാത്തിടത്ത് ഇറങ്ങരുത്.
കേരളത്തിന് ജലസുരക്ഷാപദ്ധതിയുണ്ടോ?
സംസ്ഥാനത്തിന് ഒരു ജലസുരക്ഷാ പദ്ധതി എത്ര അത്യന്താപേക്ഷിതമാണെന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. നീന്തല്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ഇനിയും വൈകരുത്. വെള്ളത്തില്‍ വീഴുന്നവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. അപകടസ്ഥലത്ത് വെറും കാഴ്ചക്കാരായി നിന്ന് ഫോട്ടോയും വീഡിയോയും എടുക്കുന്നവരായി മാത്രം നമ്മുടെ യുവാക്കള്‍ അധഃപതിക്കരുത്. നാലുവയസിന് മുമ്പ് നീന്തല്‍ പഠിച്ചാല്‍ കുട്ടികളിലെ മുങ്ങി മരണം 80 ശതമാനത്തില്‍ കൂടുതല്‍ കുറയ്ക്കാമെന്നാണ് പഠനങ്ങള്‍. ഒരു വയസില്‍ തന്നെ നീന്തല്‍ പഠിപ്പിക്കാന്‍ കഴിയുമെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം ആറ് വയസിലാണ് മിക്കയിടങ്ങളിലും നീന്തല്‍ പഠിപ്പിക്കാന്‍ തുടങ്ങുന്നത്. കുത്തിയൊലിക്കുന്ന നീരൊഴുക്കുള്ള സ്ഥലങ്ങള്‍, അടിയൊഴുക്കുള്ള സ്ഥലങ്ങള്‍ എന്നിങ്ങനെ എവിടെയെല്ലാം നീന്തരുത് എന്ന് കൂടി പഠിപ്പിക്കണം. മുന്നറിയിപ്പുകള്‍ അനുസരിക്കാനും പ്രത്യേകം പരിശീലനം നല്‍കണം.
CONTENT HIGHLIGHTS;Avoid, Drowning Deaths?: Is Life Worth This Much?; Today is International Drowning Prevention Day