ലോകപോലീസ് എന്ന അപരനാമമുള്ള അമേരിക്കയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പുകാലമാണ്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പു പോലെയല്ല ഇത്തവണത്തേത്. കുറച്ചധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്. നിലവിലെ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആരംഭിച്ച തെരഞ്ഞെടുപ്പു പ്രക്രിയ പലഘട്ടങ്ങളും കടന്ന് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്, നിലവിലുള്ള വൈസ്പ്രസിഡന്റ് കമല ഹാരിസും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും തമ്മിലുള്ള പോരാട്ടത്തിലാണ്. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്റ് മത്സരത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്.
അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ നിലപാടായിരുന്നു അത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ എത്തിക്കാനുള്ള രാഷ്ട്രീയ നീക്കമായി ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. ഇതൊരു ചരിത്രം കൂടിയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ മാറ്റിയെഴുതാന്‍ പോന്ന ചരിത്രം. കമലാ ഹാരിസ് ജയിച്ചാല്‍ അത് അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ സംഭവമായി മാറും. ലോകശക്തിയായ അമേരിക്കയെ നയിക്കുന്ന ആദ്യ വനിതയായി കമലാ ഹാരിസ് മാറും. ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത ഡൊണാള്‍ഡ് ട്രമ്പിന് വെടിയേറ്റതാണ്. മരണത്തെ തട്ടിത്തെറിപ്പിച്ച ട്രമ്പിന് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കാന്‍ ഈ വെടിവെയ്്പ്പ് കാരണമായി.
അതുവരെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബൈഡന്‍ നിലനിര്‍ത്തിയിരുന്ന മേല്‍ക്കൈ, പതിയ ട്രമ്പിലേക്ക് മാറിയതോടെ ബൈഡന് പരാജയം മണത്തു. ഇതാണ് തന്റെ തൊട്ടു പിന്നില്‍ നിന്ന കമലാ ഹാരിസിനെ മുന്നോട്ടു നിര്‍ത്തി ബൈഡന്‍ പിന്നിലേക്ക് വലിഞ്ഞത്. ഈ പൊളിട്ടിക്കല്‍ സ്ട്രാറ്റജിയോടെ ട്രമ്പിന്റെ മേല്‍ക്കൈ ഇടിയുകയും ചെയ്തു. വനിതാ സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റു കൂടിയാണെന്നതാണ് പ്രത്യേകത. മാത്രമല്ല, ജോ ബൈഡനു പിന്നാലെ നിരവധി ഡെമോക്രാറ്റിക് നേതാക്കളും കമലയക്ക് പിന്തുണയുണ്ട്.
അമേരിക്കയുടെ 49-ാം മത്തെ വൈസ് പ്രസിഡന്റായ കമല അമേരിക്കയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ്. ഒപ്പം ഈ പദവി അലങ്കരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയും കറുത്തവര്‍ഗക്കാരിയുമാണ്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയില്‍ ഒരിക്കല്‍ മാത്രമാണ് അമേരിക്ക കറുത്തവര്‍ഗത്തിലുള്ള പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഒപ്പം പ്രസിഡന്റ് പദവിയിലേക്ക് ഒരു സ്ത്രീയെ എത്തിക്കാനും തയ്യാറായിട്ടില്ല. അമേരിക്കയുടെ ചരിത്രത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വംശീയതയ്ക്ക് മേലുള്ള വിജയം കൂടിയാകും കമല ഹാരിസിലൂടെ ഡെമോക്രാറ്റിക് പാര്‍ട്ടി സൃഷ്ടിക്കുക.
രാഷ്ട്രീയ ജീവിതത്തില്‍ പലവിധ വെല്ലുവിളികള്‍ നേരിട്ട വ്യക്തിയാണ് കമല ഹാരിസ്. 2018ല്‍ ഡൊണാള്‍ഡ് ട്രമ്പ് നാമനിര്‍ദേശം ചെയ്ത സുപ്രീംകോടതി നോമിനി ബ്രെറ്റ് കവനോവിനെതിരെയുള്ള കമലയുടെ ചോദ്യശരങ്ങളെ ലോകം ഉറ്റുനോക്കിയിരുന്നു. കുട്ടികള്‍ സ്‌കൂള്‍ പഠനം ഉപേക്ഷിക്കുന്നതില്‍ രക്ഷിതാക്കള്‍ പിഴ നല്‍കണമെന്ന കമലയുടെ വിചിത്ര നിലപാടും വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ദേശീയതലത്തില്‍ ഗര്‍ഭഛിദ്രത്തിനുള്ള അവകാശത്തിനായി വാദിക്കുന്നതിനൊപ്പം അമേരിക്കയില്‍ ഗര്‍ഭഛിദ്രം പ്രധാന രാഷ്ട്രീയ ചര്‍ച്ചയാക്കിയതും കമലയുടെ നേട്ടമാണ്.
ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ചരിത്രം തിരുത്തിയ വനിത കൂടിയാണ്. അമേരിക്കയുടെ ഉന്നതപദവിയിലേക്ക് ഒരു കറുത്തവര്‍ഗക്കാരിയുടെ പോരാട്ടത്തെ ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുമ്പോള്‍ ആരാധകരില്‍ പലര്‍ക്കും കമല ഒരു പെണ്‍ ബറാക്ക് ഒബാമയാണ്. ഇതിനൊക്കെ മുകളില്‍ കമലാ ഹാരിസ് എന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥയുടെ തായ് വേരുകള്‍ ഇങ്ങ് തമിഴ്‌നാട്ടില്‍ ആണെന്നതാണ്. ഒരു ഇന്ത്യാക്കാരിയുടെ അമേരിക്കന്‍ ആധിപത്യം എന്നു തന്നെ പറയാനാകും.
ലോകത്താകമാനം ഇത്തരം ആധിപത്യങ്ങള്‍ നടക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു ഋഷി സുനകും ഇന്ത്യന്‍ വംശജനാണ്. ലോക ഭൂപടത്തില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്ന കാലഘട്ടമാണിത്. ഋഷി സുനകിന് അടുത്തയിടെ നടന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനം നഷ്ടമായെങ്കിലും പകരം വന്ന ലേബര്‍ പാര്‍ട്ടി നയിക്കുന്ന ഭരണകൂടത്തിലും ഇന്ത്യന്‍ വംശജരുടെ സാന്നിധ്യമുണ്ട്. ഫ്രാന്‍സില്‍ പുതുതായി അധികാരത്തില്‍ എത്തിയ ഇടതുപക്ഷവും ഇന്ത്യയുമായുള്ള സഹകരണം തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനു പിന്നാലെയാണ് കമലാ ഹാരിസും അഭിമാനം ഉയര്‍ത്തുന്നത്. ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വേകളിലും ഡോണാള്‍ഡ് ട്രമ്പിനേക്കാള്‍ ജനപിന്തുണ കമല ഹാരിസിനാണ് ലഭിച്ചിരിക്കുന്നത്. ഇത് ഡെമോക്രാറ്റിക് ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
CONTENT HIGH LIGHTS;Dropped Kamala and locked up Trump?: Will Biden’s ‘back seat drive’ succeed in overcoming the wave of sympathy?