പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്.
തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരെയാണ് കാറിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. ഏകമകൻ ലഹരിക്ക് അടിമ ആയതിൻ്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ മകൻ ചികിത്സയിലാണെന്നും ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും കത്തിൽ പറയുന്നതായാണ് വിവരം. പൊലീസ് ഇടപെട്ട് തുടർചികിത്സ നൽകണമെന്നും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.
വേങ്ങൽ – വേളൂർമുണ്ടകം റോഡിൽ പെട്രോളിങ്ങിന് എത്തിയ തിരുവല്ല എസ്ഐയും സംഘവും വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് കത്തിയെരിയുന്ന നിലയിൽ മാരുതി വാഗണർ കാർ കണ്ടെത്തിയത്. ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് തീ അണച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങി.
റോഡ് വക്കിൽ കാർ പാർക്ക് ചെയ്ത ശേഷം പെട്രോളിയം ഉൽപ്പന്നം കാറിന് ഉള്ളിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് എത്തിയ ഫോറൻസിക് സംഘത്തിൻ്റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ കാർ കത്തിയതിന്റെ യഥാർഥ കാരണം വ്യക്തമാകു എന്ന് പൊലീസ് പറഞ്ഞു.
കാറിൻ്റെ രജിസ്ട്രേഷൻ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് മരിച്ചത് രാജു തോമസും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്.
വിദേശത്ത് ജോലി ചെയ്തിരുന്ന രാജു തോമസ് ഏറെക്കാലമായി ഇപ്പോൾ നാട്ടിലാണ് സ്ഥിരതാമസം .ഏക മകൻ ലഹരിക്ക് അടിമയായതിനാൽ ജീവനൊടുക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പ് പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ തുകലശ്ശേരിയിലെ ഇവരുടെ വീട്ടിൽനിന്ന് കണ്ടെത്തി.