ഒരാളോട് ദേഷ്യം തോന്നുക സ്വാഭാവികം. പക്ഷെ അത് വൈരാഗ്യമാക്കി മാറ്റി അയാളെ ഒരു എയ്ഡ്‌സ് (HIV) രോഗിയാക്കി ചിത്രീകരിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതു വരെ ആ ദേഷ്യം വളര്‍ത്തിയെടുക്കുന്നത് മാനസിക രോഗമാണെന്നേ പറയാന്‍ കഴിയൂ. അത്തരം മാനസിക രോഗിയായി മാറിയ KSRTCയിലെ ഉദ്യോഗസ്ഥര്‍ ഒന്നര വര്‍ഷം മുമ്പ് ഒരു ജീവനക്കാരനെതിരേ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ശമ്പളംപോലും നേരേ ചൊവ്വേ കിട്ടാത്ത KSRTCയില്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്ക് കുറവൊന്നുമില്ലെന്നാണ് ഈ റിപ്പോര്‍ട്ട് കാണിക്കുന്നത്. വൈരാഗ്യം മനസ്സില്‍ സൂക്ഷിച്ച് പക തീര്‍ക്കുന്നവര്‍ വാഴുന്ന ഇടമാണ് KSRTC എന്നുകൂടി തെളിയിച്ചിരിക്കുകയാണ്.
അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോള്‍ തെളിവുകളോടെ പുറത്തു വന്നിരിക്കുന്നത്. KSRTC യിലെ ഒരു ജീവനക്കാരന് എയ്ഡ്സ് രോഗമുണ്ടെന്ന് വസ്തുതാ വിരുദ്ധമായി എഴുതിയ റിപ്പോര്‍ട്ട് വിവരാവകാശം വഴി നേടിയിരിക്കുകയാണ് ജീവനക്കാരന്‍. സ്ഥിരമായി രക്തദാനം ചെയ്യുന്ന ജീവനക്കാരനെതിരേയാണ് ഹീനമായ രീതിയില്‍ വ്യക്തിഹത്യ നടത്തിക്കൊണ്ട് തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ ബി, രാജേന്ദ്രനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേ ജിപ്പോയിലെ രണ്ടാശ്രേണിയില്‍ ഉള്‍പ്പെട്ട കണ്ടക്ടര്‍ എം. വള്ളിയപ്പ ഗണേശിനെതിരേയാണ് റിപ്പോര്‍ട്ട്. സ്ഥിരമായി രക്തദാനം നടത്തുന്ന വ്യക്തി കൂടിയാണ് ഈ ജീവനക്കാരന്‍. രക്തദാനം നടത്തിയാല്‍ കാഷ്വല്‍ ലീവ് അനുവദിക്കുന്ന ചട്ടം KSRTCയിലുണ്ട്. ഇതനുസരിച്ച് കാഷ്വല്‍ ലീവിന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് സംഭവങ്ങള്‍ക്ക് തുടക്കം.
കാഷ്വല്‍ ലീവ് അനുവദിക്കാതിരിക്കാന്‍ കീഴ് വഴക്കമില്ലാത്ത അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എ.റ്റി.ഒ ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് വസ്തുതാ വിവര ശേഖരണം നടത്തി ബി. രാജേന്ദ്രന്‍ വസ്തുതകള്‍ക്ക് വിരുദ്ധമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജേന്ദ്രന്‍ എ.റ്റി.ഒയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് KSRTC എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (വിജിലന്‍സ്)ക്ക് ഫോര്‍വേഡ് ചെയ്തു കൊണ്ട് എ.റ്റി.ഒ റിപ്പോര്‍ട്ടിന്‍മേല്‍ കൗണ്ടര്‍ സൈന്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ട്, KSRTC വിജിലന്‍സിനു കിട്ടിയിട്ടില്ലെന്നും, ഇതുവരെ ആ റിപ്പോര്‍ട്ടിന്‍മേല്‍ അന്വേഷണം ഉണ്ടായിട്ടില്ലെന്നും ജീവനക്കാരന്‍ പറയുന്നു. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ കുത്തി നിറച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് എങ്ങോട്ടു പോയെന്ന് ആര്‍ക്കും അരിവില്ലെന്ന് വിവരാവകാശ രേഖയിലൂടെ തെളിയുകയും ചെയ്തു.
സിറ്റി ഡിപ്പോയില്‍ നിന്നുമാണ് രേഖയുടെ പകര്‍പ്പുകള്‍ ലഭിച്ചിരിക്കുന്നത്. HIV ബാധയുണ്ടെന്ന് ബലമായ സംശയം ജനിപ്പിക്കുന്ന തരത്തില്‍ വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയതിനു ശേഷവും ജീവനക്കാരന്‍ രണ്ടു തവണ രക്ടദാനം നടത്തുകയും ചെയ്തിട്ടുണ്ട്. താന്‍ ഇതുവരെ 9 തവണ രക്തദാനം നടത്തിയിട്ടുണ്ടെന്നും സന്നദ്ധ രക്തദാതാവാണെന്നും വള്ളിയപ്പ ഗണേശ് പറയുന്നു. 2022 ഡിസംബറില്‍ ആര്‍.സി.സിയില്‍ രക്തദാനം ചെയ്തതിനു പിന്നാലെയാണ് കാഷ്വല്‍ ലീവിന് അപേക്ഷിച്ചത്. എന്നാല്‍, പിന്നീട് നടന്നത്, എ.റ്റി.ഒയുടെയും ഇന്‍സ്‌പെക്ടറിന്റെയും ദുരുദ്ദേശപരമായ പ്രവൃത്തികളാണെന്നും ജീവനക്കാരന്‍ പറയുന്നു. ഒരു ബന്ധവുമില്ലാത്ത രീതിയിലാണ് HIV ബാധയെ കുറിച്ച് ഇന്‍സ്‌പെക്ടര്‍ ബി. രാജേന്ദ്രന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത്, വ്യംഗ്യാര്‍ത്ഥത്തില്‍ വള്ളിയപ്പ ഗണേസിന് ‘എയ്ഡ്‌സ് രോഗം ഉണ്ടെന്ന് സംശയിക്കണം’ എന്ന രീതിയിലാണ് റിപ്പോര്‍ട്ട് എഴുതിയിരിക്കുന്നത്.
റിപ്പോര്‍ട്ടിലെ ആ ഭാഗം ഇങ്ങനെ
‘ രക്തദാതാവ് എന്ന നിലയില്‍ ഡോക്ടര്‍ വിശദമായി ടിയാനെ പരിശോദിച്ചു എന്നു പറയുന്നുണ്ടെങ്കിലും, എല്ലാ ബ്ലഡ്ബാങ്കുകളിലും സാധാരണ ഒരു കൊണ്‍സിലിംഗ് മാത്രമേ ഉണ്ടാകാറുള്ളൂ. കൗണ്‍സിലിംഗില്‍ രോഗ വിവരങ്ങള്‍ ടിയാന്‍ മറച്ചുവെച്ചായിരിക്കും രക്തദാനം നടത്തിയത് എന്ന് വിശ്വസിക്കുന്നു. സാധാരണ രക്തദാതാവില്‍ നിന്നും 350mlg രക്തം മാത്രമേ എടുക്കാറുള്ളൂ. ഇതില്‍ ഒരു യൂണിറ്റ് രക്തം ഹെപ്പറ്റൈറ്റിസ് ബി, സി, HIV എന്നീ രോഗാണുക്കളുടെ സാന്നിധ്യം ഇല്ല എന്ന് ബോധ്യപ്പെട്ടാണ് ബ്ലഡ്ബാങ്കില്‍ നിന്നും രോഗികള്‍ക്ക് രക്തം നല്‍കുന്നതെങ്കിലും, അസുഖങ്ങള്‍ വന്ന് ഭേദമാകുമ്പോഴും നിശ്ചിത ദിവസങ്ങള്‍ കഴിഞ്ഞു മാത്രമേ രക്തം ദാനം ചെയ്യാവൂ എന്ന് നിയമം നിലനില്‍ക്കേ സാമ്പത്തിക ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച് വരുന്ന രക്തദാതാക്കളുടെ രക്തം നല്‍കിയാവാം അടുത്തകാലത്തായി തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഒരു ശിശുവിന് HIV പോസിറ്റീവ് ആയിട്ടുള്ളത്. കൂടാതെ, ടിയാന് സ്‌പെഷ്യല്‍ കാഷ്വല്‍ ലീവിന് RCCയില്‍ നിന്നും അനുവദിച്ചു തന്നിരിക്കുന്ന സര്‍ട്ടിഫിക്കേറ്റില്‍ ടിയാന്റെ അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന രക്തം സ്വീകരിച്ചിരിക്കുന്ന രോഗിയുടെ പേരോ ചേര്‍ത്തെഴുതിയിരിക്കുന്ന നമ്പരോ, യൂണിറ്റ് നമ്പറും, ഓഫീസ് സീലും അപൂര്‍ണ്ണമാണ് ‘.
RCCയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു ?
റിപ്പോര്‍ട്ടിലെ ഈ പരാമര്‍ശം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കു കൂടി വഴിവെയ്ക്കുന്നുണ്ട്. RCCയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് പ്രധാനം. RCCയില്‍ ചികിത്സയിലിരുന്ന കുട്ടിക്ക് HIV പോസിറ്റീവ് ആയെന്ന് KSRTCയിലെ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടില്‍ എഴുതുമ്പോള്‍ അതിന്റെ വസ്തുതകള്‍ കൂടി വ്യക്തമാക്കേണ്ടതുണ്ട്. ജീവനക്കാരന് കാഷ്വല്‍ ലീവ് എങ്ങനെയും കൊടുക്കാതിരിക്കാന്‍ RCCയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തും, ജീവനക്കാരന് എയ്ഡ്‌സ് ബാധയുണ്ടെന്ന് പരോക്ഷമായി പറഞ്ഞും, RCCയില്‍ ചികിത്സതേടിയ കുട്ടിക്ക് എസ്ഡ്‌സ് ഉണ്ടായെന്നും ഔദ്യോഗിക രേഖയിലാണ് എഴുതിവെച്ചിരിക്കുന്നത്. മാത്രമല്ല, പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്രയമായ RCCയില്‍ രക്തദാനം ചെയ്യുന്നവരെയും അടച്ചാക്ഷേപിച്ചിരിക്കുകയാണ്. കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള ക്യാന്‍സ് രോഗികള്‍ എത്തുന്ന ഇടമാണ് തിരുവനന്തപുരം RCC. ഇവിടെ KSRTC പ്രത്യേക സര്‍വ്വീസ് വരെ നടത്തുന്നുണ്ടെന്ന് മറന്നു പോകരുത്. ഈ ആശുപത്രിയില്‍ നിരവധി സന്നദ്ധ സംഘടനകള്‍ രക്ദാനം ചെയ്യാറുണ്ട്. അത് രോഗത്തിന്റെ തീവ്രതയും, രോഗികളുടെ കഷ്ടപ്പാടും മനസ്സിലാക്കിയാണ്.
മേലുദ്യോഗസ്ഥന്റെ നടപടി ശരിയോ ?
ജീവനക്കാരന് ഏതു വിധേനയും കാഷ്വല്‍ ലീവ് അനുവദിക്കാതിരിക്കണം എന്ന ഒറ്റ ഉദ്ദേശത്തോടെ ഇന്‍സ്്‌പെക്ടര്‍ ബി. രാജേന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ കണ്ണുമടച്ച് വിശ്വസിച്ച മേലുദ്യോഗനായ എ.റ്റി.ഒ വരുത്തിയത് ഗുരുതര വീഴ്ച. ആ അന്വേഷണ രേഖ സത്യമാണോ എന്ന് അന്വേഷിക്കാതെ അത് ഫോര്‍വേഡ് ചെയ്തു എന്നതിലാണ് എ.റ്റി.ഒയുടെ നടപടിയിലെ പിശക്. RCCയെ കുറിച്ച് റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്ന പരാമര്‍ശം ശരിയാണോ എന്നുപോലും നോക്കാതെ, എന്തിന് അത്തരം പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയെന്ന ചോദ്യം പോലുമില്ലാതെയാണ് മേലുദ്യോഗസ്ഥന്റെ നടപടി. ഫലത്തില്‍ ഈ രണ്ട് ഉദ്യോഗസ്ഥരും തങ്ങളുടെ കൃത്യ നിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഇങ്ങനെ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ എഴുതുമ്പോള്‍ ലഭിക്കാവുന്ന ശിക്ഷയെ കുറിച്ച് നല്ല ബോധ്യമുള്ള ഉദ്യോഗസ്ഥരാണ് ഇന്‍സ്‌പെക്ടര്‍ ബി. രാജേന്ദ്രനും, എ.റ്റി.ഒയും. 2023 ജനുവരി 28നാണ് രാജേന്ദ്രന്‍ അന്വേഷണ റിപ്പോര്‍ട്ട് എ.റ്റി.ഒയ്ക്ക് സമര്‍പ്പിചട്ചിരിക്കുന്നത്. അന്നുതന്നെ ഇഡി(വിജിലന്‍സ്)ക്ക് റിപ്പോര്‍ട്ട് ഫോര്‍വേഡ് ചെയ്ത് എ.റ്റി.ഒ (ക്ലസ്റ്റര്‍ ഓഫീസര്‍, യൂണിറ്റ് ഓപീസര്‍) കൗണ്ടര്‍ സൈന്‍ ചെയ്തിട്ടുമുണ്ട്.
വള്ളിയപ്പ ഗണേശ് പറയുന്നത് ?
സംഭവം നടക്കുന്നത് 2022 ഡിസംബറിലാണ്. ആര്‍.സി.സിയില്‍ രക്തദാനം നടത്തിയ ജീവനക്കാരന്‍ കാഷ്വല്‍ ലീവിനു വേണ്ടി ഡിപ്പോ ഉദ്യോഗസ്ഥന് അപേക്ഷ നല്‍കുന്നു. എന്നാല്‍, ലീവ് അനുവദിക്കാതെ, ജീവനക്കാരന്റെ അപേക്ഷയിന്‍മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ടി.ഒ നിര്‍ദ്ദേശിക്കുന്നു. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് എ.ടി.ഒയ്ക്ക് നല്‍കുന്നു. റിപ്പോര്‍ട്ട് KSRTC വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ പരിഗണയ്ക്കായി എ.ടി.ഒ അയയ്ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ കൗണ്ടര്‍ സൈന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഇങ്ങനെയൊരു റിപ്പോര്‍ട്ട് KSRTC വിജിലന്‍സിന് ലഭിച്ചിട്ടില്ല. ഒന്നര വര്‍ഷം മുമ്പുണ്ടായ സംഭവത്തില്‍ ഇതുവരെ നടപടികളൊന്നും എടുത്തിട്ടുമില്ല.
ഇതേ തുടര്‍ന്നാണ് പരാതിയുമായി മന്ത്രി ഓഫീസിലും KSRTC എംഡിയെയും സമീപിച്ചത്. ഇതിലും ഫലംകാണാതെ വന്നതോടെ എ.ടി.ഒയ്ക്ക് ഇന്‍സ്‌പെക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് എന്താണെന്നറിയാന്‍ വിവരാവകാശം നല്‍കിയത്. അങ്ങനെയാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. റിപ്പോര്‍ട്ട് നല്‍കുന്നതിനു മുമ്പ് തന്നെ ഹിയറിംഗിനും വിളിച്ചിരുന്നു. അന്ന് കാര്യങ്ങളെല്ലാം പറഞ്ഞിരുന്നതുമാണ്. എന്നാല്‍, താന്‍ പറഞ്ഞ മൊഴിവെച്ചാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. എന്നാല്‍, അതിനോടൊപ്പം ഇന്‍സ്‌പെക്ടറുടെ ഭാവനയില്‍ വിരിഞ്ഞകാര്യങ്ങളും ഉള്‍പ്പെടുത്തി. റിപ്പോര്‍ട്ട് വായിച്ച് ഞാന്‍ ഞെട്ടിപ്പോയി. സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നു പറയുന്നതു പോലും ശരിയല്ല.
അതു പോരാഞ്ഞിട്ട് ഇങ്ങനെ നല്‍കിയ രക്തത്തിലൂടെ ആര്‍.സി.സി.യില്‍ ചിക്തയിലുണ്ടായിരുന്ന ഒരു കുട്ടി എച്ച്.ഐ.വി ബാധിച്ച് മരണപ്പെടുകയും ചെയ്തെന്നാണ് എഴുതി പിടിപ്പിച്ചത്. 2019ല്‍ രണ്ടു തവണയും, 2020 ഒരു പ്രാവശ്യവും 2021ല്‍ രണ്ടു തവണയും 2022ല്‍ രണ്ടു തവണയും, 2023ല്‍ ഒരു തവണയും, 2024ല്‍ ഒരു തവണയും രക്തദാനം ചെയ്തിട്ടുണ്ട്. ഇന്‍സ്‌പെക്ടറിന്റെ റിപ്പോര്‍ട്ട് വന്നതിനു ശേഷം കിംസിലും, പി.ആര്‍.എസിലും രക്തദാനം ചെയ്തിട്ടുമുണ്ട്. രക്തം നല്‍കിയ എനിക്കോ, രക്തം സ്വീകരിച്ച രോഗികള്‍ക്കോ ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.
മാത്രമല്ല, ഓരിടത്തു നിന്നുപോലും എന്റെ രക്തം ഉപയോഗിക്കാന്‍ കൊള്ളില്ലെന്നു കാട്ടിയോ, എനിക്ക് മാരക രോഗങ്ങള്‍ ഉണ്ടെന്നോ കാട്ടി വിളിച്ചിട്ടുമില്ല. എന്നാല്‍, KSRTCയിലെ എന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നെ വലിയ രോഗിയാക്കി മാറ്റിയിരിക്കുന്നു. ഇതേ തുടര്‍ന്ന് 2024 മേയ് മാസത്തില്‍ മെഡിക്കല്‍ കോളേജില്‍ തന്നെ രക്തപരിശോധന നടത്തുകയും ചെയ്തു. അതിന്റെ റിസള്‍ട്ടും കൈയ്യിലുണ്ട്. അതില്‍ യാതൊരു രോഗവും ഇല്ലെന്നും തെളിഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് എന്റെ ലീവ് അപേക്ഷയില്‍ ഇങ്ങനെയൊരു അന്വേഷണം നടത്തിയതും, ഇത്തരം ഒരു പരാമര്‍ശം എഴുതിവെച്ചതും എന്നതാണ് അറിയേണ്ടത്. ഇതിനെതിരേ കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എനിക്ക് ന്യായമായും ലഭിക്കേണ്ട ലീവോ തന്നില്ല, അതിനു പകരം എന്നെ രോഗിയാക്കാനും സമൂഹത്തിനു മുമ്പിലും, എന്റെ ജോലിസ്ഥലത്തും മോശക്കാരനാക്കാനുമാണ് ശ്രമിച്ചിരിക്കുന്നത്.
എന്തിനു വേണ്ടിയായിരുന്നു റിപ്പോര്‍ട്ട് ?
എന്തിനാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് മനസ്സിലാക്കാന്‍ റിപ്പോര്‍ട്ടിലെ അവസാന വരികള്‍ വായിച്ചാല്‍ മതി. അതിങ്ങനെ: ‘ ആയതിനാല്‍ നിലവില്‍ ലഭിച്ച രേഖകള്‍ അനുസരിച്ച് തിരുവനന്തപുരം സിറ്റി യൂണിറ്റിലെ രണ്ടാംശ്രേണിയില്‍ ഉള്‍പ്പെട്ട എം. വള്ളിയപ്പ ഗേണേഷിന് (pen no G37083) സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കേണ്ടതില്ല എന്നും, ടിയാന് അസുഖബാധിതനായിരുന്ന സമയത്താണ് രക്തം ദിനം ചെയ്തതെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും, വീഴ്ചയില്ല എങ്കില്‍ അസുഖമാണ് എന്ന് അപേക്ഷ നല്‍കി കോര്‍പ്പറേഷനെ തെറ്റിദ്ധരിപ്പിച്ച് പമ്പാ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ നിന്നും റിലീവ് ചെയ്യുന്നതിനുള്ള ശ്രമമായിരുന്നു എന്നും മനസ്സിലാക്കുന്നു. റിപ്പോര്‍ട്ട് മേല്‍ അറിവിലേക്കും നടപടികള്‍ക്കുമായി സമര്‍പ്പിക്കുന്നു.’ അതായത്, രോഗമുണ്ടെങ്കില്‍ രക്തം നല്‍കിയതിന് നടപടി എടുക്കണം. രോഗമില്ലെങ്കില്‍ KSRTCയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാട്ടി നടപടി എടുക്കണം. അങ്ങനെ ലീവ് ചോദിച്ചതിന് ഏതു വിധേനയും നടപടി എടുക്കുന്നതിനു വേണ്ടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന് മനസ്സിലാകും.
രക്തദാതാക്കളും ബ്ലഡ്ബാങ്കുകളും ചെയ്യുന്നത് ?
രോഗി ആരാണെന്നോ, അവര്‍ക്ക് എന്ത് അസുഖമെന്നോ നോക്കാതെ രക്തം കൃത്യമായ ഇടവേളകളില്‍ ദാനം ചെയ്യുന്ന സന്നദ്ധ സേവകരാണ് രക്തദാതാക്കള്‍. അതില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും സാധാരണക്കാരുമുണ്ട്. സര്‍ക്കാര്‍ ജീവലനക്കാരാണെങ്കില്‍ അവര്‍ക്ക് കാഷ്വല്‍ലീവ് നല്‍കാന്‍ ചട്ടം അനുവദിക്കുന്നുണ്ടെന്നാണ്(തെറ്റാണെങ്കില്‍ തിരുത്താം). ഏറ്റവും കൂടുതല്‍ സന്നദ്ധമായി രക്തദാനം ചെയ്യുന്നത് പോലീസ് വകുപ്പാണെന്ന് പറയാനാകും. അവര്‍ ഏതു സമയത്തും രക്തം നല്‍കാന്‍ സന്നദ്ധരുമാണ്. മറ്റു സന്നദ്ധ സേവകരെ കുറച്ചു കാണുന്നില്ല. അവരും രക്തദാനത്തിന് എപ്പോഴും തയ്യാറാണ്. എന്നാല്‍, പോലീസ് സേനയിലുള്ളവര്‍ തയ്യാറാകുന്നു എന്നതു തന്നെ വലിയ കാര്യമായി തോന്നിയിട്ടുണ്ട്. രക്തം നല്‍കാന്‍ എത്തുന്നവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് ഉണ്ടാകും.
കൂടാതെ, ഭാരം, രക്ത സമ്മര്‍ദ്ദം എന്നിവയും പരിശോധിക്കും. ഇതിനു ശേഷമാണ് സമ്മതപത്രം പൂരിപ്പിച്ച് ഒപ്പിട്ടു വാങ്ങുന്നത്. സമ്മതപത്രത്തില്‍ ചോദിച്ചിട്ടുള്ള രോഗങ്ങളൊന്നും ഇല്ലെന്ന് കണ്ടാണ് രക്തം എടുക്കുന്നത്. പക്ഷെ, ശേഖരിക്കുന്ന രക്തം അങ്ങനെതന്നെ രോഗിക്ക് നല്‍കില്ല. ശേഖരിച്ച രക്തത്തിന്റെ സാമ്പിളുകള്‍ വിവിധ ടെസ്റ്റുകള്‍ നടത്തിയ ശേഷം ഉപയോഗിക്കാന്‍ അനുയോജ്യമാണെങ്കില്‍ മാത്രമേ ആ രക്തം രോഗിക്കു നല്‍കൂ. ശേഖരിച്ച രക്തം ഉപയോഗിക്കാന്‍ കഴിയാത്ത തരം രോഗബാധയുണ്ടെങ്കില്‍, ആ രക്തം ഒഴുക്കി കളയുകയാണ് ചെയ്യുക. മാത്രമല്ല, രക്തദാതാവിനെ ഈ രോഗ വിവരം അറിയിക്കുകയും ചെയ്യും. അത് ബ്ലഡ്ബാങ്കുകള്‍ ആണെങ്കിലും, RCC ആണെങ്കിലും, സ്വകാര്യ ആശുപത്രികളാണെങ്കിലും അങ്ങനെയാണ് ചെയ്യുന്നത്.
റിപ്പോര്‍ട്ട് വായിച്ച KSRTCയിലെ മറ്റൊരു ഇന്‍സ്‌പെക്ടര്‍ പറയുന്നത് ഇങ്ങനെ ?
കൗണ്‍സിലിംഗ് സമയത്ത് വിവരങ്ങള്‍ മറച്ചു വെച്ചാണ് രക്തദാനം നടത്തിയത് എന്ന് വിശ്വസിക്കുന്നതായി ഇന്‍സ്‌പെക്ടര്‍ തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത് വസ്തുതകളുടെയും രേഖകളുടെയും വ്യക്തമായ മൊഴികളുടെയും അടിസ്ഥാനത്തില്‍ ആയിരിക്കെ ടിയാന്‍ തന്റെ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത് എന്നത് ഗുരുതരമായ വീഴ്ചയാണ്. വൈദ്യശാസ്ത്ര വിദഗ്ധരെ വെല്ലുവിളിക്കുന്നതും ബ്ലഡ്ബാങ്കിന്റെ വിശ്വാസത്തെ തകര്‍ക്കുന്നതും രക്തദാനം ചെയ്യുന്നവരെ സാമ്പത്തിക മോഹികള്‍ എന്ന് പരിഹസിക്കുകയും അവര്‍ HIV പോലുള്ള മാരകരോഗങ്ങള്‍ പരത്തുന്നവര്‍ ആണെന്നുമുള്ള ആക്ഷേപങ്ങള്‍ ടിയാന്റെ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നില മറന്ന് ടിയാന്‍ കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങളെ അടച്ച് അധിക്ഷേപിച്ചിരിക്കുകയാണ്. സ്‌പെഷ്യല്‍ കാഷ്വല്‍ ലീവിന് തിരുവനന്തപുരം RCC യില്‍ നിന്ന് എനിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് അപൂര്‍ണ്ണമാണെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. ഇത്തരം ഒരു സംശയം ഉണ്ടായാല്‍ ഈ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ബന്ധപ്പെട്ട ഓഫീസില്‍ പോയി അന്വേഷിച്ച് ഉറപ്പുവരുത്തേണ്ടത് ഇന്‍സ്‌പെക്ടര്‍ എന്ന നിലയില്‍ ടിയാന്റെ കടമയാണ്. ഇത്തരത്തിലുള്ള ഒരു അന്വേഷണവും നടത്താതെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന വിധം ടിയാന്‍ കണ്ടെത്തലുകള്‍ നടത്തിയത് തീര്‍ത്തും ദുരുദ്ദേശപരമാണ്.
വകുപ്പുമന്ത്രി കെ.ബി ഗണേഷിനോട് ?
മന്ത്രിക്ക് ഇത്തരം കാര്യങ്ങള്‍ അറിയാമെന്ന് വിശ്വസിക്കുന്നില്ല. പക്ഷെ, ഒരു ജീവനക്കാരനെ ഇത്രമാത്രം പീഡിപ്പിക്കാന്‍ വകുപ്പില്‍ അവസരമൊരുങ്ങുന്നു എന്നത് ന്യായീകരിക്കാനാവില്ല. മന്ത്രി ഇക്കാര്യം അറിഞ്ഞിട്ടില്ലെങ്കില്‍, ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ട്, മറ്റാരും കണ്ടില്ലെങ്കില്‍ മന്ത്രിക്കു കാണാന്‍ ഇതിന്റെ കോപ്പികള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. നടപടി എടുക്കുമോ ഇല്ലയോ എന്നതല്ല, ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കാന്‍ പാടുള്ളതല്ല. ഒരേ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്യുന്നവര്‍ തമ്മില്‍ എന്തിനാണ് ഇത്രയും വൈരാഗ്യബുദ്ധിയും, ശത്രുതയും. ഒരു ലീവ് നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നത്തെ ഇത്രയും നീചമായ റിപ്പോര്‍ട്ട് എഴുതി സമൂഹത്തെയാകെ രോഗാതുരമാക്കിയിരിക്കുന്നു. KSRTCയെ നേരേയാക്കുമ്പോള്‍ ഇത്തരം വിഷജന്തുക്കളും ഇതിനകത്തുണ്ടെന്ന് കാണണമെന്നാണ് പറയാനുള്ളത്.
CONTENT HIGHLIGHTS;KSRTC employee has AIDS?: Did the department minister see this fake report, if not? (Exclusive)