പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് പാലക്കാട് നെല്ലിയാമ്പതിയിലേക്ക് ഇന്ന് മുതല്‍ രാത്രിയാത്രാ നിരോധനം. ഓഗസ്ത് 2 വരെ വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ് യാത്ര നിരോധിച്ചിരിക്കുന്നത്. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ പ്രദേശവാസികള്‍ക്ക് മാത്രം യാത്ര ചെയ്യാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
മലയോര മേഖലയില്‍ ശക്തമായ മഴയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കി. ഇന്ന് പാലക്കാട് യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതിനിടെ വയനാട്ടില്‍ കനത്ത മഴ തുടരുന്നതിനിടെ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സാഹസിക വിനോദ സഞ്ചാരം ജില്ലാ കളക്ടര്‍ നിരോധിച്ചു. 900 കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലത്തെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ്ങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്. വിനോദ സഞ്ചാരികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നില്ലെന്നത് പൊലീസും, ഗ്രാമപഞ്ചായത്ത് അധികൃതരും ഉറപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. മലവെള്ള പാച്ചിലുള്ളതിനാല്‍ നാട്ടുകാരും വിനോദ സഞ്ചാരികളും വെള്ളച്ചാട്ടങ്ങളിലും പുഴയിലും ഇറങ്ങരുതെന്നും കലക്ടര്‍ പറഞ്ഞു.