ഒരു മലയാകെ പൂത്തു നില്‍ക്കും, അതാണ് പൂത്തമല. നാട്ടുകാരെല്ലാം വിളിച്ചു വിളിച്ചത് പുത്തുമലയായി മാറി. ഇപ്പോഴത് അറിയുന്നത്, പ്രകൃതിയുടെ സംഹാരതാണ്ഡവമാടിയ പുത്തുമലയെന്നാണ്. മഴക്കൊപ്പം തോരാക്കണ്ണീരും പെയ്ത ദുരന്തഭൂമിയില്‍ ഇന്നും അവശേഷിക്കുന്നത് കണ്ണീരോര്‍മ്മകള്‍ മാത്രം. ഒന്നും ഒരിടംകൊണ്ട് അഴസാനിപ്പിച്ചിട്ടില്ലെന്ന് പ്രകൃതി പിന്നെയും പിന്നെയും പറയുകയാണ്. ഇതാ കവളപ്പാറയിലൂടെ പെട്ടിമുടിയിലൂടെ ചൂരല്‍മല വരെ അതെത്തി നില്‍ക്കുന്നു. എത്ര മനോഹരമായാണ് പ്രകൃതി ചുരല്‍മലയിലെ മുണ്ടക്കൈയ്യെ കാത്തു സൂക്ഷിച്ചത്. ആരാണ് ആ പ്രകിതിയെ ഇഷ്ടപ്പെടാതെ പോയത്. എന്നാല്‍, ഒരുരാത്രി ഇരുട്ടിവെളുക്കുമ്പോള്‍ കാണുന്നത്, ശ്മശാനമാണ് ഭൂമിയാണ്.
മരങ്ങളും മലയും വെള്ളവും കല്ലും പാറയുമെല്ലാം ഒലിച്ചിറങ്ങി മനുഷ്യനെ നിഷ്‌ക്കരുണം കൊന്നുതള്ളിയ രൗദ്രതയില്‍ നില്‍ക്കുന്ന പ്രകൃതി. എത്രയോ ഉരുള്‍പൊട്ടലുകളാണ് കേരളീയര്‍ കണ്ടിരിക്കുന്നത്. ഇക്കാലമത്രയും നഷ്ടപ്പെട്ട ജീവനുകള്‍ക്ക് കണക്കില്ല. ഇനിയും കിട്ടാത്ത എത്രയോ പേരുണ്ട്. മണ്ണിനടിയില്‍ ഒരു കൈ, അതിനു മുകളില്‍ മരങ്ങള്‍ പാറകള്‍. ജീവന്റെ തുടിപ്പന്വേഷിച്ചിറങ്ങിയവര്‍ക്കു പോലും കരച്ചിലടക്കാന്‍ കഴിയാത്ത അവസ്ഥ. അങ്ങനെയാണ് ഓരോ ഉരുള്‍പൊട്ടലുകളും അവശേഷിപ്പിക്കുന്ന വലിയ മറിവുകള്‍. എന്നിട്ടും പഠിക്കാത്ത നമ്മള്‍ വീണ്ടും അടുത്ത ഉരുള്‍പൊട്ടലിനു വേണ്ടി കാത്തിരിക്കും. 2019 ഓഗസ്റ്റ് എട്ടിനായിരുന്നു നാടു മുഴുവന്‍ നടുങ്ങിയ ആ ദുരന്തമുണ്ടായത്. രണ്ടാം പ്രളയകാലമായിരുന്നു. ചുരത്തിലും മണ്ണിടിച്ചില്‍ ഉണ്ടായി വാഹനങ്ങള്‍ കടത്തി വിടാത്ത അവസ്ഥ. ചെറുകുന്നുകളും വലിയ മരങ്ങളും വീണ് വഴികള്‍ തടസ്സപ്പെട്ടിരിക്കുന്നു.
പുത്തുമലയിലേക്കുള്ള വഴികളെല്ലാം തകര്‍ന്ന് തടസ്സം സ-ഷ്ടിക്കപ്പെട്ടിരിക്കുന്നു. പ്രളയകാലത്ത് കേരളത്തെ കണ്ണീരണിയിച്ച ദുരന്തമായിരുന്നു വയനാട് ജില്ലയിലെ പുത്തുമലയിലുണ്ടായ വന്‍ ഉരുള്‍പൊട്ടല്‍. ഒരുപാടു ജീവനുകളെ മണ്ണിനടിയിലാഴ്ത്തിയ ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്കു പോലും മരണത്തിന്റെ തണുപ്പുണ്ട്. ഒരുപിടി മനുഷ്യരുടെയുള്ളില്‍ പൂത്തുനിന്ന സ്വപ്നങ്ങളും ജീവനുമായിരുന്നു ആ മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ച് ഇല്ലാതായത്. ദുരന്തത്തിനു ശേഷം ജീവനുമേല്‍ മണ്ണുമൂടിയ ആ പ്രദേശത്ത് പിന്നീട് ഒരുപാടുപേര്‍ പോയെങ്കിലും, അവിടെങ്ങും നഷ്ടപ്പെട്ടു പോരയവരുടെ തേങ്ങലുകള്‍ കേട്ടില്ല.
വീണ്ടും ദുരന്തമെത്തുമോ എന്ന ആശങ്കയാണ് എല്ലാവര്‍ക്കും ഇന്നുമുള്ളത്. ഒരു ചാറ്റല്‍ മഴപോലും ഭപ്പെടുത്തുന്നുണ്ട്. ഉറങ്ങാതെ പുലരാന്‍ കാത്തിരിക്കുന്നവരുമുണ്ട്. കൂടും കുടുക്കയുമെല്ലാം വാരിപ്പിടിച്ച് ഓടാന്‍ തയ്യാറായിരിക്കുന്നവരുമുണ്ട്. അങ്ങനെ കാണാനേറെയുണ്ട് ഇന്നും അവിടെ കാഴ്ചകളായി. സമാനമായ കാഴ്കലഞ് സമ്മാനിച്ച് വേദനയോടെ ഓര്‍ക്കുന്ന മറ്റിടങ്ങളാണ് കവളപ്പാറയും, പെട്ടിമുടിയും. കേരളത്തെ നടുക്കിയ ആ ദുരന്തങ്ങളുടെ അഞ്ചാം വാര്‍ഷികത്തിനോട് അടുപ്പിച്ചാണ് ഇപ്പോഴത്തെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിരിക്കുന്നത്. അതും സംഭവിച്ചതില്‍ ഏറ്റവും വലിയ പ്രകൃതി ദുരന്തം. 2019 ഓഗസ്റ്റ് 8ന് വൈകിട്ട് തുടങ്ങി രാത്രിയിലേക്ക് നീണ്ടു പെയ്ത മഴ വയനാട് പുത്തുമലയില്‍ ഉരുള്‍ പൊട്ടല്‍ സൃഷ്ടിച്ച് 17 ജീവനുകളാണ് കവര്‍ന്നത്.
അതേ ദിവസം മലപ്പുറത്തെ കവളപ്പാറയില്‍ നഷ്ടമായത് 59 പേരുടെ ജീവനുകളാണ്. കവളപ്പാറയിലെ ദുരന്തത്തില്‍ മൊബൈല്‍ ടവറുകളും വൈദ്യുതി പോസ്റ്റുകളും ഉള്‍പ്പടെ തകര്‍ന്നതിനാല്‍ ദുരന്ത വാര്‍ത്ത പുറത്തെത്താന്‍ ഏറെ വൈകി. അതുകൊണ്ട് തന്നെ കവളപ്പാറയില്‍ ആഘാതം കൂടുതലായിരുന്നു. ഓഗസ്റ്റ് ആദ്യം മുതല്‍ തന്നെ നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയുണ്ടായിരുന്നു. എന്നാല്‍ ആഗസ്റ്റ് എട്ടിന് വൈകുന്നേരം പെയ്ത മഴക്ക് ഭയാനകമായി ശക്തി കൂടുതലായിരുന്നു. സംഹാരതാണ്ഡവമാടിയ മഴയോടൊപ്പം കവളപ്പാറയിലെ മുത്തപ്പന്‍ കുന്ന് ഇടിഞ്ഞ് ഇറങ്ങുകയായിരുന്നു. 42 വീടുകളാണ് മണ്ണിനടിയില്‍പ്പെട്ടത്.
അന്നത്തെ ദുരന്തത്തില്‍ മരണപ്പെട്ടത് 59 പേരാണ്. വാര്‍ത്താ വിനിമയ സംവിധാങ്ങള്‍ എല്ലാം തകര്‍ന്നപ്പോള്‍ പുറം ലോകം ഈ വാര്‍ത്ത അറിഞ്ഞത് 12 മണിക്കൂറോളം വൈകിയായിരുന്നു. 11 പേര്‍ ഇന്നും മണ്ണിനടിയിലാണ്. പുത്തുമല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം കുറവായിരുന്നു, എങ്കിലും അതിന്റെ ആഘാതം സമാനമായിരുന്നു. 12 മൃതദേഹങ്ങള്‍ പുത്തുമലയില്‍ നിന്ന് കണ്ടെത്തി. കാണാതായ ആളുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ ഇപ്പോഴും അഞ്ചുപേര്‍ പുത്തുമലയിലെ മണ്ണിനടിയിലുണ്ട്. പുത്തുമലയിലെ ഈ മണ്ണിന് ഇന്നും മനുഷ്യന്റെ മണമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സ്ഥിരീകരിക്കപ്പെട്ട കണക്കനുസരിച്ച് പുത്തുമല ഗ്രാമത്തില്‍ 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഏക്കറ് കണക്കിനു കൃഷിയിടമാണ് മണ്ണിനടിയിലായത്. കവളപ്പാറയിലെ ആരാധനാലയങ്ങള്‍, ക്വാട്ടേഴ്സുകള്‍, വാഹനങ്ങള്‍, എസ്റ്റേറ്റ് പാടി, കാന്റീന്‍, പോസ്റ്റ് ഓഫീസ് എന്നിവയെല്ലാം ഉരുള്‍ പൊട്ടലില്‍ തകര്‍ന്നടിഞ്ഞു. ദുരന്തത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവര്‍ ഇന്നും ആ ഓര്‍മകളില്‍ നിന്ന് മുക്തരായിട്ടില്ല. 2020 ആഗസ്റ്റ് ആറിനാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം ഉണ്ടാകുന്നത്. അന്ന് പ്രകൃതിയുടെ സംഹാരതാണ്ഡവത്തില്‍ പൊലിഞ്ഞത് എഴുപത് മനുഷ്യ ജീവനുകളാണ്. അതില്‍ നാല് പേര്‍ ഇന്നും കാണാമറയത്താണ്. മൂന്നാറില്‍ നിന്ന് 25 കിലോമീറ്റര്‍ ദൂരെയുള്ള കണ്ണന്‍ ദേവന്‍ കമ്പനിയുടെ ഉടമസ്ഥതയിലുളള പെട്ടിമുടി തേയില എസ്റ്റേറ്റിലേക്ക് 2020 ആഗസ്ത് ആറാം തീയതി രാത്രിയാണ് മലവെള്ളം കുത്തിയൊലിച്ച് എത്തിയത്.
ഒഴുകിയെത്തിയ ഉരുള്‍ നാല് ലയങ്ങളാണ് തകര്‍ത്തത്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ രാത്രിയില്‍ നടന്ന സംഭവം പുറംലോകം അറിഞ്ഞത് പിറ്റേ ദിവസം പുലര്‍ച്ചെ മാത്രമാണ്. പെട്ടിമുടിയില്‍ നിന്ന് മാറി മറ്റൊരിടത്ത് താമസിച്ചിരുന്ന കണ്ണന്‍ ദേവന്‍ കമ്പനിയിലെ ഒരു ജീവനക്കാരന്‍ പുലര്‍ച്ചെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ദുരന്തഭൂമി കണ്ടു വിറങ്ങലിച്ചു പോയ അയാള്‍ കിലോമീറ്ററുകളോളം തിരികെ നടന്ന് രാജമലയിലെത്തി കണ്ണന്‍ ദേവന്‍ കമ്പനി അധികൃതരെ വിവരം അറിയിച്ചു. കമ്പനി അധികൃതര്‍ അഗ്‌നിരക്ഷ സേനയേയും പൊലീസിനെയും അറിയിക്കുകയായിരുന്നു. അപ്പോഴേക്കും 22 തൊഴിലാളി കുടുംബങ്ങളെയും അവര്‍ ഒരു ജീവിതകാലം കൊണ്ട് സ്വരുക്കൂട്ടിയ സര്‍വ്വതിനെയും ഉരുള്‍ തുടച്ച് നീക്കിയിരുന്നു. പെട്ടിമുടിയിലേക്കുളള പാലം തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനവും പ്രതിസന്ധിയിലായിരുന്നു. ദുരന്ത സ്ഥലത്തു നിന്നും 14 കിലോമീറ്റര്‍ ദൂരത്തു നിന്നു വരെ രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഉരുള്‍പൊട്ടല്‍ എങ്ങനെ സംഭവിക്കുന്നു ?
കഠിനമായ മഴയില്‍ ഭൂമിയില്‍ സംഭരിക്കപ്പെടുന്ന ജലം അതിമര്‍ദ്ദം മൂലം ഭൂസ്ഥിരത നഷ്ടപ്പെടുന്നതു കൊണ്ട് ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണും പാറയും ചരലും ഉരുളന്‍ കല്ലുകളും മറ്റ് ഭൂവസ്തുക്കളും വന്‍തോതില്‍ വളരെ പെട്ടെന്ന് താണ സ്ഥലങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് ഉരുള്‍പൊട്ടല്‍. മഴക്കാലത്താണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. പ്രത്യേകിച്ചും ഉയര്‍ന്ന പ്രദേശങ്ങളില്‍ സംഭവിക്കുന്ന ഈ പ്രതിഭാസത്താല്‍ ഭൂമിക്കടിയിലെ കല്ലും മണ്ണും വെള്ളത്തോടൊപ്പം ശക്തിയായി പുറന്തള്ളപ്പെടും.
കാരണങ്ങള്‍
ശിലാപാളികളുടെ ശക്തിക്ഷയവും രൂപാന്തരങ്ങളും മണ്‍പാളികളിലെ രാസ-ഭൗതിക മാറ്റങ്ങളും സസ്യലതാദികളുടെ പരിക്രമണങ്ങളും ശക്തമായ വര്‍ഷപാതവും ദ്രവീകരണവും ഉരുള്‍പൊട്ടലുണ്ടാകാനുള്ള കാരണങ്ങളാണ്. ഭൂമികുലുക്കം, മേഘസ്‌ഫോടനം, വരള്‍ച്ചയെത്തുടര്‍ന്നുണ്ടായേക്കാവുന്ന പേമാരി, മനുഷ്യഇടപെടല്‍ തുടങ്ങിയവും ഉരുള്‍പൊട്ടലിനുള്ള സ്വാഭാവിക കാരണങ്ങളാണ്. കേരളത്തിലെ ഉയര്‍ന്ന പ്രദേശമായ ഇടുക്കി ജില്ലയില്‍ മഴക്കാലത്ത് പല പ്രദേശങ്ങളിലും ഇവ സര്‍വ്വസാധാരണമാണ്. ഭൂമിയുടെ കിടപ്പ്, ചരിവ്, പാറകളുടെ സ്വഭാവം, മണ്ണിന്റെ ഘടന, മരങ്ങളുടെ പ്രത്യേകത തുടങ്ങിയവ കണക്കിലെടുക്കാതെ മലഞ്ചരുവുകളില്‍ കൃഷി, മണ്ണ്/പാറ ഖനനം, റോഡ് കെട്ടിട നിര്‍മ്മാണം എന്നിവ ചരിഞ്ഞ പ്രതലങ്ങളുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയും വന്‍തോതിലുള്ള മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും കാരണമാവുകയും ചെയ്യുന്നു.
സ്വാഭാവിക മരങ്ങള്‍ മുറിച്ചുമാറ്റുക, ഇടവിള (നാണ്യവിള) തോട്ടങ്ങള്‍ ഉണ്ടാക്കുക, മണ്ണൊലിപ്പിന് കാരണമാകുന്ന കൃഷികള്‍ ചെയ്യുക, ഫാമുകള്‍ നിര്‍മ്മിക്കുക, കെട്ടിടം പണിയുക, അമിതഭാരം ഏല്‍പ്പിക്കുക, സ്‌പോടനങ്ങള്‍, ഭാരമേറിയ വാഹനങ്ങളുടെ സഞ്ചാരം തുടങ്ങിയവയെല്ലാം ഉരുള്‍പൊട്ടലിന് കാരണമാകുന്ന ഘടകങ്ങളാണ്. മലമുകളില്‍ കനത്ത മഴ പെയ്യുമ്പോള്‍ വന്‍തോതില്‍ വെള്ളം ഭൂമിയിലേക്ക് ഇറങ്ങുകയും ആ വെള്ളക്കെട്ട് താങ്ങാന്‍ മലയടിവാരത്തെ മണ്ണിന് ഉറപ്പില്ലാതെ വരുമ്പോഴാണ് സാധരണ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്. മലഞ്ചെരുവിലെ ഭൂമിയ്ക്കടിയിലെ ജലത്തിന്റെ അളവ് കൂടുന്നതിനനുസരിച്ചു ഉപരിതലത്തിലേക്ക് സമ്മര്‍ദം വര്‍ദ്ധിക്കുകയും ഒരു പരിധി കഴിയുമ്പോള്‍ ജലം ശക്തിയായി പുറത്തേക്ക് ഒഴുകുകയും ചെയ്യും. ഇതോടൊപ്പം പാറകളും വന്‍ വൃക്ഷങ്ങളും മറ്റും ഈ കുതിര്‍ന്ന മണ്ണിനോടൊപ്പം വലിയ തോതില്‍ താഴേക്ക് പതിക്കുന്നു. 72 ഡിഗ്രിയില്‍ അധികം ചെരിവുള്ള പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടല്‍ സാധ്യത കൂടുതലാണ്.
ഉരുള്‍പൊട്ടല്‍ നാഭി
ഉരുള്‍പൊട്ടലിന്റെ ഫലമായി വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്തെ ഉരുള്‍പൊട്ടല്‍ നാഭിയെന്നാണ് വിളിക്കുക.
കേരളത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകള്‍
ദേശീയ ഭൗമശാസ്ത്ര ഗവേഷണകേന്ദ്രത്തിന്റെ 2010ലെ പഠനപ്രകാരം കേരളത്തിന്റെ 14.4 ശതമാനം മേഖലകളാണ് ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതെന്നു വിലയിരുത്തിയത്. 5607 ചതുരശ്ര കിലോമീറ്ററാണ് അപകടകരമായ മേഖല. ഇതില്‍ നെടുമങ്ങാട് (തിരുവനന്തപുരം), മീനച്ചില്‍, കാഞ്ഞിരപ്പള്ളി (കോട്ടയം), തൊടുപുഴ, ഉടുമ്പന്‍ചോല (ഇടുക്കി), ചിറ്റൂര്‍, മണ്ണാര്‍ക്കാട് (പാലക്കാട്), നിലമ്പൂര്‍, ഏറനാട് (മലപ്പുറം), തളിപ്പറമ്പ് (കണ്ണൂര്‍) താലൂക്കുകളിലാണു കൂടുതല്‍ സാധ്യത. പുറമേ 25 താലൂക്കുകളും സാധ്യതാപ്പട്ടികയിലുണ്ട്.
കേരളത്തില്‍ ഉരുള്‍പൊട്ടല്‍ വര്‍ധിക്കുന്നതിന്റെ പ്രധാനകാരണങ്ങള്‍
മലകളിലും കുന്നുകളിലും നടക്കുന്ന അശാസ്ത്രീയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഖനനവും മണ്ണിന്റെ ഘടനയില്‍ വരുത്തുന്ന മാറ്റങ്ങള്‍. മലകളില്‍ നിന്നു താഴേക്കുള്ള സ്വാഭാവികമായ നീര്‍ച്ചാലുകള്‍ തടസ്സപ്പെടുത്തുന്നതിലൂടെ, വെള്ളം കെട്ടിനിന്നു മണ്ണിലേക്കിറങ്ങി സ്വാഭാവിക ഘടനയിലുണ്ടാക്കുന്ന മാറ്റം. മഴയുടെ ഘടനാമാറ്റം. ചെറിയ ഇടവേളയില്‍ പെയ്യുന്ന അതിതീവ്ര മഴ. ഇത് കേരളത്തിന്റെ മലയോരങ്ങളെ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള അതീവസാധ്യതാ കേന്ദ്രങ്ങളായി മാറ്റുന്നു.
ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പാലിക്കേണ്ട കാര്യങ്ങള്‍
1. ഉരുള്‍ പൊട്ടലിനു മുന്‍പ്
* പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക
* കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.
* എമര്‍ജന്‍സി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാല്‍ കൈയില്‍ കരുതുകയും ചെയ്യുക.
* അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ടെലിഫോണ്‍ നമ്പറുകള്‍ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാല്‍ ഉപയോഗിക്കുകയും ചെയ്യുക.
* ശക്തമായ മഴയുള്ളപ്പോള്‍ ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി താമസിക്കുക.
* വീട് ഒഴിയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടുക.
* കിംവദന്തികള്‍ (rumours) പരത്താതിരിക്കുക.
2. ഉരുള്‍ പൊട്ടല്‍ സമയത്ത് പാലിക്കേണ്ട കാര്യങ്ങള്‍
* മരങ്ങളുടെ ചുവടെ അഭയം തേടരുത്.
* പ്രഥമ ശുശ്രൂഷ അറിയുന്നവര്‍ മറ്റുള്ളവരെ സഹായിക്കുകയും, പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുക.
* വയോധികര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, കിടപ്പു രോഗികള്‍ എന്നിവര്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന നല്‍കുക.
* വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക.
* ഉരുള്‍ പൊട്ടല്‍ സമയത്തു നിങ്ങള്‍ വീട്ടിനകത്താണെങ്കില്‍ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക.
* ഉരുള്‍ പൊട്ടലില്‍ പെടുകയാണെങ്കില്‍ നിങ്ങളുടെ തലയില്‍ പരിക്കേല്‍ക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.
3. ഉരുള്‍ പൊട്ടലിനു ശേഷം പാലിക്കേണ്ട കാര്യങ്ങള്‍
* ഉരുള്‍ പൊട്ടല്‍ ഉണ്ടായ സ്ഥലത്തേക്ക് സന്ദര്‍ശനത്തിന് പോകാതിരിക്കുക.
* ഉരുള്‍ പൊട്ടല്‍ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെല്‍ഫിയോ എടുക്കരുത്.
* ഉരുള്‍ പൊട്ടലിനു ശേഷം പൊട്ടിക്കിടക്കുന്ന വൈദ്യുതി ലൈനുകളുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുക.
* രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ തടസ്സപ്പെടുത്തരുത്.
* ആംബുലെന്‍സിനും മറ്റു വാഹനങ്ങള്‍ക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക.
* കെട്ടിടാവശിഷ്ടങ്ങളില്‍ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവര്‍ മാത്രം ഏര്‍പ്പെടുക.
* കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലകളിലെ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക
CONTENT HIGH LIGHTS; There is no death for the tears shed ‘Urulpotti’?: Puthumala, Kavalapara, Pettimudi; Now Churalmala too; What is a landslide?